home
Total Visiters: 
പ്രായം തളര്‍ത്താത്ത മനസ്സുമായി തമ്പിലെ "ചിരിമാമന്‍"
7 years ago ..
കാലിക്കടവ്: സര്‍ക്കസ്സിനെ പ്രണയിച്ചു കഴിഞ്ഞാല്‍ ചിലര്‍ക്ക് അതൊരു ഹരമായി മാറും. അപ്പോള്‍ നമ്പറുകള്‍ കാട്ടാന്‍ പ്രായം തടസ്സമാവുകയേയില്ല. കാലിക്കടവില്‍ നടക്കുന്ന ബോംബെ സര്‍ക്കസ്സിലെ ചിരിമാമന്‍ എന്ന തുളസിദാസിന്റെ കാര്യവും ഇങ്ങനെയാണ്. ജോക്കര്‍ സിനിമയിലെ ബഹദൂറിന്റെ കഥാപാത്രത്തെ ഓര്‍മ്മവരും ഇദ്ദേഹത്തിന്റെ സര്‍ക്കസ്സിനോടുള്ള കമ്പം കണ്ടാല്‍. ബീഹാര്‍ സ്വദേശിയായ തുളസീദാസെന്ന ഈ ചെറിയ മനുഷ്യന് പ്രായം എഴുപതു കഴിഞ്ഞു. കഴിഞ്ഞ അന്‍പത്തിയഞ്ചു വര്‍ഷക്കാലമായി ജീവിതം തമ്പിലാണ്. സര്‍ക്കസ്സിലെ കോമാളികള്‍ക്കിടയിലെ പ്രധാനതാരമായതിനാലും, പ്രായം കണക്കിലെടുത്തും തമ്പിലുള്ള സഹപ്രവര്‍ത്തകരിട്ട വിളിപ്പേരാണ് ചിരിമാമാനെന്നത്. പതിനഞ്ചാം വയസ്സിലാണ് ഇദ്ദേഹം സര്‍ക്കസ്സിലെത്തുന്നത്. അതിനു വഴിതെളിച്ചതും ബോംബെ സര്‍ക്കസ്സ് തന്നെ. തുളസിദാസ് സ്കൂളില്‍ പഠിക്കുമ്പോള്‍ ജന്മദേശമായ ചപ്രയില്‍ സര്‍ക്കസ്സെത്തി. ഈ സമയം വീട്ടുകാരറിയാതെ പലതവണ തമ്പിലെത്തി നമ്പറുകള്‍ കണ്ടു. ഇതോടെയാണ് സര്‍ക്ക്സ്സിനോടുള്ള ഇഷ്ട്ടം തുടങ്ങിയത്. ഒടുവില്‍ അവിടെ വച്ച് തന്നെ തമ്പില്‍ അംഗമാവുകയും ചെയ്തു. പിന്നീടിങ്ങോട്ട്‌ സര്‍ക്കസ്സാണ് തുളസി ദാസിന് എല്ലാമെല്ലാം. തമ്പാണ് കുടുംബം, തമ്പിലുള്ളവരാണ് കുടുംബാംഗങ്ങള്‍ എന്ന് പറയുന്നതാവും കൂടുതല്‍ ശരി. നാട്ടിലിപ്പോള്‍ ഉറ്റവരാരും ഇല്ല. സര്‍ക്കസ്സിനോടുള്ള പ്രണയത്തിനിടയില്‍ വിവാഹം പോലും മറന്നു. ആറു വര്‍ഷം മുന്‍പ് ചെറിയൊരു ഓപ്പറേഷന്‍ നടന്നിരുന്നു തുളസി ദാസിന്. വയ്യാതായപ്പോള്‍ എല്ലാം അവസാനിപ്പിച്ച് ഒരിക്കല്‍ നാട്ടിലേക്ക് മടങ്ങി .എന്നാല്‍ പോയതിന്റെ അഞ്ചാംനാള്‍ സര്‍ക്കസ്സിലേക്ക് തന്നെ മടങ്ങിയെത്തി.സര്‍ക്കസ്സില്‍ നിന്ന് വിട്ടു നിന്ന ആ നാല് ദിവസങ്ങളില്‍ താന്‍ ഉറങ്ങിയിട്ടില്ലെന്ന് തുളസിദാസ് പറയുന്നു. വയസ്സ് എഴുപതു കഴിഞ്ഞെങ്കിലും കോമാളിയിലേക്കുള്ള വേഷപ്പകര്‍ച്ച നടത്താന്‍ ഇപ്പോഴും ആരുടേയും സഹായം തേടാറില്ല. ദിവസവും എത്രയോ പേരെ ചിരിപ്പിക്കിന്നു ഈ ചിരിമാമന്‍. ചിരി ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണല്ലോ?അങ്ങനെയെങ്കില്‍ എല്ലാവരെയും ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ചിരിമാമാനും ദീര്‍ഘായുസ്സ് ലഭിക്കട്ടെ ....
   
    തയ്യാറാക്കിയത് :വിനയന്‍ പിലിക്കോട്
    ഫോട്ടോ :വിജേഷ് ചന്തേര
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..