home
Total Visiters: 
'ജീവന്റെ' ജീവനായ ചിത്രങ്ങള്‍ ..
6 years ago ..

    കാലിക്കടവ് : ചിത്രകാരന്‍ അടുത്തതായി ക്യാന്‍വാസിലേക്ക് പകര്‍ത്തിയത് തന്‍റെ തന്നെ ചിത്രമാണ്. അവസാന മിനുക്ക്‌ പണികള്‍ക്ക് ശേഷം അദ്ദേഹം ചിത്രത്തിന്‍റെ തിരശീല നീക്കി. പിന്നീട് അതിനോട് ചേര്‍ന്നിരുന്നു. ചിത്രത്തിന്‍റെ മികവും, മിഴിവും കണ്ട് കാഴ്ചക്കാര്‍ വിസ്മയത്തോടെ പറഞ്ഞു. ''ഇത് ജീവനുള്ള ചിത്രം''. ഓരോ ചിത്രത്തിന്റെയും തിരശീല നീക്കുമ്പോള്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഈ ചിത്രകാരന്‍ പിലിക്കോട് വയല്‍ സ്വദേശി ജീവന്‍ നാരായണനാണ്. ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഓഫീസിനരികിലെ ഇദ്ദേഹത്തിന്റെ ചിത്രശാലയില്‍ ആരെയും അതിശയിപ്പിക്കുന്ന നിറക്കൂട്ടുകളുടെ വിസ്മയങ്ങള്‍ കാണാം. ചിത്രകലാരംഗത്ത് അരനൂറ്റാണ്ട് പിന്നിടുകയാണ് അറുപത്തിനാലുകാരനായ ഈ അനുഗ്രഹീത കലാകാരന്‍.
    ലാന്‍സ് സ്‌കെയിപ്പ് ചിത്രങ്ങളില്‍ മികവു തെളിയിച്ച ഇദ്ദേഹമിപ്പോള്‍ ഇപ്പോള്‍ പോര്‍ട്രെയിറ്റ് വിഭാഗത്തില്‍ തന്റെ രചനാ പാടവം അനുഭവമാക്കുകയാണ്. നാട്ടിന്‍പുറത്തിന്റെ നന്മയും തെയ്യത്തിന്റെ സ്വാധീനവും നിറഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളിലൂടെയായിരുന്നു നാരായണന്റെ തുടക്കം. ഔപചാരികമായി ചിത്രകല അഭ്യസിക്കാതെ പാരമ്പര്യത്തിന്റെ കരുത്തിലൂടെ ലഭിച്ച സിദ്ധിയില്‍ ഇദ്ദേഹം വരച്ചുതീര്‍ത്തത് എണ്ണമറ്റ ചിത്രങ്ങളാണ്. ഇന്ന് തങ്ങളുടെ ഇഷ്ട
    ജനങ്ങളുടെ ചിത്രം വരയ്ക്കാന്‍ നാരായണനെ തേടിയെത്തുന്നവര്‍ നിരവധിയാണ്. ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇദ്ദേഹത്തിന്റെ ചായക്കൂട്ടുകളുടെ ഭംഗിതേടി എത്താറുണ്ട്.മണ്‍മറഞ്ഞ ദേശീയ സ്വാതന്ത്ര്യസമര സേനാനികളുടെയും കമ്യൂണിസ്റ്റ് നേതാക്കളുടെയും ജീവന്‍തുടിക്കുന്ന ചിത്രങ്ങളാണ് വരച്ചുനല്‍കിയത്.ഗാന്ധിജി,ജവഹര്‍ലാല്‍ നെഹ്‌റു,ഇ.എം.എസ്,എ.കെ.ജി,പി.കുഞ്ഞിരാമന്‍ നായര്‍,മഹാകവി കുട്ടമ്മത്ത്,വിദ്വാന്‍ പി കേളുനായര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഒട്ടേറെപ്പേര്‍ക്ക് വരച്ചുനല്‍കി.
    നാരായണന്റെ ബാല്യം കഷ്ടപ്പാടിന്റെതായിരുന്നു. ദാരു ശില്‍പ നിമ്മാണത്തില്‍ അച്ഛന്റെ സഹായിയായണ് തുടക്കം.
    ആദ്യ കാലങ്ങളില്‍ ക്ഷേത്രനിര്‍മാണ കലയിലായിരുന്നു സജീവം .ക്ഷേത്രത്തിന്റെ നിര്‍മാണത്തിലെ പ്രധാന ഭാഗമായ കിംപുരുഷന്റെ നിര്‍മാണത്തിലും പെയിന്റിംഗിലും തെയ്യപ്പാവ നിര്‍മാണത്തിലും ഏര്‍പ്പെട്ടു.ഗുരുനാഥന്‍ പിതാവ് തന്നെയായിരുന്നു. പിന്നീട് സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ശക്തമായ സൃഷ്ടികള്‍ രൂപം നല്‍കി. പല ചിത്രങ്ങളും നല്ല വിലയ്ക്ക വിറ്റുപോയി. പലരും അവ ഇന്നും നിധിപോലെ സൂക്ഷിക്കുന്നതില്‍ നാരായണന്‍ അഭിമാനം കൊള്ളുന്നു.എന്‍ഡോസള്‍ഫാന്റെ ദുരിത കാഴ്ചകള്‍ ജീവന്റെ ചിത്രങ്ങളില്‍ നിറഞ്ഞുനിന്നു.പ്രദര്‍ശനങ്ങളില്‍ ഈ ചിത്രങ്ങള്‍ ആകര്‍ഷകമായി.ഇദ്ദേഹത്തിന്റെ ആധുനിക ചിത്രങ്ങളായ അമ്മ,ശിവതാണ്ഡവം,ഭദ്രകാളി,അകലങ്ങളിലെ ഗാന്ധി എന്നിവ മികച്ച ചിത്രങ്ങളാണ്.
    മരണപ്പെട്ടുപോയവരുടെ നിറം മങ്ങിയതും ഭാഗികമായി നശിച്ചുപോയതുമായ ചെറിയ ചിത്രങ്ങളില്‍നിന്നാണ് ദിവസങ്ങള്‍ നീണ്ട രചനയിലൂടെ മികവാര്‍ന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.വലിയൊരു ചിത്രം പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം വരെ പിടിക്കും.ജീവന്റെ ചിത്രങ്ങള്‍ക്ക് ഒമ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ നല്‍കിയാണ് പലരും സ്വന്തമാക്കുന്നത്.
    പ്രശസ്ത ദാരു ശില്പകലാകാരനായിരുന്ന പരേതനായ പിലിക്കോട് കണ്ണന്‍ കേരളവര്‍മന്റെ ഇളയ മകനാണ് ജീവന്‍ നാരായണന്‍.മകന്റെ ചിത്ര രചനയിലെ വൈദഗ്ദ്യം ബോധ്യപ്പെട്ട കണ്ണന്‍ കേരള വര്‍മ്മന്‍ തന്നെയാണ് നാരായണനെന്ന പേരിന് മുന്നില്‍ ജീവന്‍ എന്ന പേരുകൂടി നല്‍കി പുനര്‍ നാമകരണം ചെയ്തത്.അച്ഛന്‍ പതിനെട്ടാം വയസ്സില്‍ നല്‍കിയ പേരിലാണ് ഇപ്പോള്‍ ഇദ്ദേഹം അറിയപ്പെടുന്നത്.
    അരനൂറ്റാണ്ട് കാലമായി ചിത്രകലയില്‍ ജീവിക്കുന്ന ജീവന്‍ നാരായണന് നാളിതുവരെയായി അധികൃതരില്‍നിന്നും ഒരംഗീകാരവും ലഭിച്ചിട്ടില്ല.നാട്ടിലെ ക്ലബുകളുടെയും കലാസമിതികളുടെയും നേതൃത്വത്തില്‍ ആദരിച്ചിട്ടുണ്ട്.നിരവധി സ്ഥലങ്ങള്‍ ജീവന്‍ നാരായണന്റെ ചിത്ര പ്രദര്‍ശനത്തിന് വേദിയായിട്ടുണ്ട്.യശോദയാണ് ഭാര്യ. അനിത,രവിശങ്കര്‍ എന്നിവര്‍ മക്കളാണ്.രവിശങ്കറും അച്ഛന്റെ പാതയില്‍ കലാരംഗത്തുണ്ട്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..