home
Total Visiters: 
വോളിബോള്‍ കോര്‍ട്ടുകളില്‍ വികാസിന്റെ സൌണ്ട് 'സ്മാഷ്'
6 years ago ..

    കാലിക്കടവ്: കളിപറഞ്ഞ് വോളിബോള്‍ ടൂര്‍ണ്ണമെന്റുകളില്‍ കായിക പ്രേമികളുടെ കയ്യടി നേടുകയാണ്‌ കൊടക്കാട് സ്വദേശി പി വികാസ് (30). വോളിബോള്‍ കമന്റേറ്റര്‍ എന്ന നിലയില്‍ ശ്രദ്ധേയ സാന്നിധ്യമായിക്കഴിഞ്ഞു ഈ യുവാവ്. 15 വര്‍ഷമായി ഈ രംഗത്തുള്ള വികാസ് ദേശീയ മത്സരങ്ങള്‍ ഉള്‍പ്പെടെ നൂറില്പരം മത്സരങ്ങള്‍ക്ക് കമന്റേറ്ററായിട്ടുണ്ട്. മറ്റേതൊരു കായികഇനത്തിനുമപ്പുറം വോളിബോളിനെ ഹൃദയത്തിലേറ്റുന്നവരാണ് കൊടക്കാട്ടുകാര്‍.രാപ്പകല്‍ ഭേദമില്ലാതെ വോളിബോളിന്റെ ആരവങ്ങള്‍ ഇവിടെ മുഴങ്ങിക്കേള്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നന്നേ ചെറുപ്പത്തിലെ വോളിയുടെ നിയമങ്ങളും, രീതികളും വികാസ് മന:പാഠമാക്കുകയും ചെയ്തു. മൂന്നുവര്‍ഷമായി മെക്കാനിക്കല്‍ അധ്യാപകനായ വികാസ് കൊടക്കാട് നാരായണ സ്മാരക സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് വോളി രംഗത്ത് ശ്രദ്ധപതിപ്പിച്ചത്.പതിനഞ്ചാം വയസ്സ് മുതല്‍ തന്നെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വോളിബോള്‍ മൈതാനങ്ങളില്‍ വികാസിന്റെ ശബ്ദം മുഴങ്ങിത്തുടങ്ങി. 1995ല്‍ സംസ്ഥാന ജൂനിയര്‍ പുരുഷ-വനിതാ വോളിയോടെ ഈ മത്സരയിനത്തോട് താത്പര്യമേറി. വോളിബോള്‍ കളിക്കാരനായില്ലെങ്കിലും കമന്റേറ്ററായി തിളങ്ങി. കയ്യൂരില്‍ നടന്ന സംസ്ഥാന യൂത്ത് വോളി, പാടിയോട്ടുചാലില്‍ നടന്ന സംസ്ഥാന ഇന്റര്‍ ക്ലബ് പുരുഷ-വനിതാ വോളി, പയ്യന്നൂരില്‍ നടന്ന ദേശീയ വോളി(2007), പയ്യന്നൂരില്‍ നടന്ന സംസ്ഥാന ഇന്റര്‍ ക്ലബ് വോളി (2013), തലശ്ശേരിയില്‍ നടന്ന എന്‍.ഇ.ബാലറാം സ്മാരക വോളി (2013), സി.ഐ.ടി.യു. അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന ഉത്തര കേരള വോളി (2013) തുടങ്ങിയ ടൂര്‍ണമെന്റുകളിലെല്ലാം വികാസിന്റെ ശബ്ദമുണ്ടായിരുന്നു.
    കളിക്കാരുടെ പേരും ടീമിന്റെ പേരും ഹൃദിസ്ഥമാക്കുകയെന്നതാണ് കമന്റേറ്ററുടെ ആദ്യപടിയെന്ന് ഇദ്ദേഹം പറയുന്നു. ഒറ്റനിമിഷത്തില്‍ നാവിന്‍തുമ്പില്‍ കളിക്കാരുടെ പേരെത്തണം.
    ഒപ്പം 'ബോള്‍ബോയിസി'നെയും കാണികളില്‍ ചിലരെയും റഫറിമാരെയും പേരെടുത്തുവിളിക്കും. ഇന്ത്യന്‍ താരങ്ങളായ ടോം ജോസഫ്, ജോബി ജോസഫ്, കിഷോര്‍കുമാര്‍ തുടങ്ങി നിരവധിപേരുമായും സൗഹൃദം പുലര്‍ത്തുന്ന വികാസ് നേരത്തേ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടറായി ഗവ. ഫിഷറീസ് ചെറുവത്തൂരിലും ഗവ. ഫിഷറീസ് അഴീക്കലിലും ജോലിചെയ്തിട്ടുണ്ട്.
    പ്രമുഖ കമന്റേറ്ററായ തൃശ്ശൂര്‍ സ്വദേശി ജോസ് പി.യോടൊപ്പം പയ്യന്നൂരില്‍ പ്രവര്‍ത്തിക്കാനായതും തലശ്ശേരിയില്‍ വോളിബോള്‍ ആരാധകര്‍ നോട്ടുമാല അണിയിച്ചതും മറക്കാനാവാത്ത ഓര്‍മയാണ്. പലേരി ഹൗസില്‍ വി.വി.ബാലകൃഷ്ണന്റെയും പ്രഭാവതിയുടെയും മകനാണ്. നീനയും സോനയും സഹോദരിമാര്‍. തന്റെ ശബ്ദമികവിനു പിറകില്‍ അമ്മയുടെ അച്ഛനും ആദ്യകാല റേഡിയോ നാടക നടനുമായ കോട്ടയം കുഞ്ഞിരാമന്‍ മാസ്റ്ററാണെന്ന് വിശ്വസിക്കാനാണ് വികാസിനിഷ്ടം.നീലേശ്വരം സി നെറ്റ് ചാനല്‍ വാര്‍ത്താ അവതാരകന്‍ കൂടിയായിരുന്നു വികാസ്.
    ഫോട്ടോ ;സംസ്ഥാന പൈക്ക കായികമേള വോളി ബോള്‍ മത്സരം വിവരിക്കുന്ന വികാസ്
    ക്ലിക്ക് ;അനീഷ്‌
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..