home
Total Visiters: 
വിസ്മയം;ഉമേഷിന്റെ മാജിക്കും,ജീവിതവും
3 years ago ..

    ചെറുവത്തൂര്‍: 'വലിയ കട്ടിലില്‍ കൈകാലുകള്‍ ചങ്ങലയാല്‍ ബന്ധിച്ച് കിടക്കുന്ന യുവാവ്. തലയ്ക്കുമീതെ കൂര്‍ത്ത ഇരുമ്പ് കുന്തങ്ങള്‍. കയര്‍ മുറിച്ചപ്പോള്‍ അവ താഴേക്ക് പതിച്ചു
    കണ്ടിരുന്ന ജനങ്ങള്‍ ശ്വാസമടക്കി. എന്നാല്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ ആള്‍ക്കൂട്ടത്തിന്റെ കൈകളില്‍ ആ യുവാവ് പുഞ്ചിരിയോടെ വായുവിലേക്കുയര്‍ന്നു. സ്പൈക് എസ്കേപ്പ് എന്ന അപകടകരമായ ഈ പ്രകടനം കാഴ്ചവെച്ചത് കാലുകള്‍ക്ക് ചലനശേഷിയില്ലാത്ത യുവാവാണെന്ന് അറിയുമ്പോള്‍ വിസ്മയം ഇരട്ടിക്കും. ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ ഉമേഷെന്ന മുപ്പത്തിയെട്ടുകാരനാണ് വിധിക്ക് കീഴടങ്ങാന്‍ തയ്യാറാകാതെ, ഇച്ഛാശക്തിയോടെ വിസ്മയതുല്യമായ ജീവിതയാത്ര തുടരുന്നത്. ഒന്നാംവയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്കുതാഴെ പൂര്‍ണ്ണമായും തളര്‍ന്നെങ്കിലും ഉമേഷിന്റെ മനസ്സുതളര്‍ന്നില്ല. വായനയിലൂടെയാണ് മാജിക്കിനോടുള്ള ഇഷ്ടം തുടങ്ങുന്നത്. വായിച്ചറിഞ്ഞ മാജിക് പാഠങ്ങള്‍ കണ്ണാടിക്കുമുന്നില്‍ അവതരിപ്പിച്ച് ആത്മധൈര്യം നേടി. എല്ലാം വിജയകരമായപ്പോള്‍ വീടിനടുത്തുള്ള ചെറിയ വേദികളില്‍ ഉമേഷ്‌ മാജിക്കുമായെത്തി. കണ്ടുനിന്നവര്‍ ഈ കലാകാരന് നിറഞ്ഞ പ്രോത്സാഹനം നല്‍കി. അതോടെ ജീവിതവഴിയായി ഉമേഷ്‌ മാജിക് തിരഞ്ഞെടുത്തു. അങ്ങനെ കേരളത്തിലെ ആദ്യവികലാംഗ മജീഷ്യനായിമാറി ഉമേഷ്‌. തെയ്യം ഇല്യൂഷന്‍, ഫയര്‍ ഈറ്റിംഗ്, ക്യാപ് ട്രിക്ക് തുടങ്ങി നിരവധി ഇനങ്ങളുമായി വേദികളില്‍ നിന്നും വേദികളിലേക്കുള്ള യാത്രയിലാണ് ഈ കലാകാരന്‍. പ്രത്യേകം തയ്യാറാക്കിയ കസേരയില്‍ ഇരുന്നാണ് മാജിക് അവതരണം. പ്രശസ്ത മാന്ത്രികരായ മുതുകാട്, സാമ്രാജ് എന്നിവര്‍ക്ക് മുന്നില്‍ മാജിക് അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് ഉമേഷിന്റെ ഏറ്റവും വലിയ സന്തോഷം. നല്ലൊരു മാജിക് ഉപകരണ നിര്‍മ്മാതാവ് കൂടിയാണ് കാട്ടാമ്പള്ളി അമ്പുവിന്റെയും, നാരായണിയുടെയും മകനായ ഉമേഷ്‌.
    ഫോട്ടോ ;അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..