home
Total Visiters: 
കണ്ണന്‍ പെരുവണ്ണാന്‍ - ഓര്‍മ്മയിലെ കോലസ്വരൂപം
7 years ago ..
കാലിക്കടവ്: ഉത്തര മലബാറിന്റെ തെയ്യത്തെ വിശ്വ വിശാലതയിലേക്ക്‌ ആനയിച്ച ദേവനര്‍ത്തകന്‍ കൊടക്കാട് കണ്ണന്‍ പെരുവണ്ണാന്റെ വേര്‍പാടിന് എഴാണ്ട്. പെരുത്ത നൂറ്റാണ്ടിനൊരിക്കല്‍ ഈശ്വരന്‍ നടുന്ന പ്രിയപ്പെട്ട വൃക്ഷം പോലെ ജന്മം കൊണ്ട കണ്ണന്‍ പെരുവണ്ണാന്റെ സ്മൃതി ചിത്രങ്ങള്‍ ഉത്തര കേരളത്തിന്റെ മനസ്സിലിപ്പോഴും ദേവനര്‍ത്തനമാടുന്നു.
   
    പിലിക്കോട് ഗ്രാമത്തിലെ ചെറുമൂലയില്‍ 1918 ലായിരുന്നു പെരുവണ്ണാന്റെ ജനനം. പിതാവ് തെയ്യം കലാകാരനും, ചികിത്സാ നിപുണനുമായ കുട്ട്യമ്പു മണക്കാടന്‍. പുത്തൂര്‍, കരിവെള്ളൂര്‍ മാന്യഗുരു സ്കൂളുകളിലായി നാലാംതരം വരെ പഠിച്ചെങ്കിലും കഷ്ടപ്പാടുകള്‍ കാരണം തുടര്‍ പഠനത്തിന് സാധിച്ചില്ല. എങ്കിലും ബ്രഹ്മശ്രീ മേക്കോട്ടു മാധവന്‍ നമ്പൂതിരിയില്‍ നിന്നും, പയ്യളിക്ക ഗോവിന്ദന്‍ നമ്പൂതിരിയില്‍ നിന്നും സംസ്കൃതം പഠിച്ചെടുത്തു. സംസ്കൃത പഠനത്തിന് ശേഷം സി.പി കൃഷ്ണന്‍ നായരുടെ കീഴില്‍ നടന്ന ആയുര്‍വേദ പഠനം മനുഷ്യ സേവനത്തിന്റെ കൈകളാണ് പെരുവണ്ണാന് നല്‍കിയത്. പെരുവണ്ണാന്റെ ബാലരോഗ ചികിത്സ പെരുമയാര്‍ന്നതായിരുന്നു. ആറാം വയസ്സില്‍ തുടങ്ങി എട്ടു പതിറ്റാണ്ട് കാലം നീണ്ടു നിന്ന കലാ സപര്യയായിരുനു പെരുവാണ്ണാന്റേത്. ആറാം വയസ്സിലാണ് മുഖത്തു ആദ്യമായി ചായില്യം പുരട്ടിയത്. ആടിവേടന്‍ കെട്ടിയായിരുന്നു തുടക്കം. തുടര്‍ന്ന് അസാമാന്യ വൈഭവം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു പെരുവണ്ണാന്റെ വളര്‍ച്ച. ഏറെ മെയ്‌ വഴക്കം ആവശ്യമുള്ള കതിവനൂര്‍ വീരന്‍ തെയ്യം കെട്ടിയാടിയത് പതിനാലാം വയസ്സിലായിരുന്നു. തെയ്യം കലയിലെ മികവിന് തളിപ്പറമ്പ് രാജരാജേശ്വര പെരുചൊല്ലൂരപ്പ സന്നിധിയില്‍ നിന്നും ഇരുപത്തിയാറാം വയസ്സില്‍ പട്ടും വളയും, ആചാര സ്ഥാനവും നേടി പെരുവണ്ണാനായതില്‍ പിന്നെ ഇദ്ദേഹത്തിന്റെ ജീവിതം ഒരു ജൈത്രയാത്രയായി മാറുകയായിരുന്നു. മുത്തപ്പന്‍, തിരുവപ്പന, അന്തിത്തിറ, വൈരജാതന്‍, വേട്ടയ്ക്കൊരുമകന്‍, പല പേരുകളിലുള്ള ഭഗവതിമാര്‍ തുടങ്ങി അത്യന്തം വൈവിധ്യം നിറഞ്ഞ തെയ്യങ്ങളെ പെരുവണ്ണാന്‍ കെട്ടിയാടിയിട്ടുണ്ട്. ധര്‍വാര്‍ യൂണിവേഴസിറ്റിയാണ് നര്‍ത്തകരത്നം പദവി നല്‍കിയത്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. തെയ്യങ്ങളിലൂടെ കാഴ്ചക്കാരുടെ മുന്നില്‍ അവിസ്മരണീയ കാഴ്ചകളും, നാട്ടു വൈദ്യത്തിന്റെ കൈപ്പുണ്യവും ബാക്കിയാക്കി നമ്മെ വിട്ടു പിരിഞ്ഞ കണ്ണന്‍ പെരുവണ്ണാന്റെ ഓര്‍മ്മകളിലൂടെ ഗ്രാമത്തിന്റെ തനിമ നിലനിര്‍ത്താന്‍ കൊടക്കാട് നാടന്‍ കലാഗ്രാമം സ്ഥാപിക്കുമെന്ന ബന്ധപ്പെട്ടവരുടെ വാക്ക് ഇതുവരെ നടപ്പിലാക്കാനായിട്ടില്ല. ഇതിനായി കണ്ടെത്തിയ കളത്തേരയിലെ സ്ഥലം ഇപ്പോഴും കാടുകയറി തന്നെ കിടക്കുന്നു. കുട്ടമത്ത് എ. ശ്രീധരന്‍ രചിച്ച ചിലമ്പിട്ട ഓര്‍മ്മകളിലൂടെയാണ് പെരുവണ്ണാന്റെ ജീവിതത്തിന്റെ ഇതളുകള്‍ കലാസ്വാദകര്‍ക്ക് ലഭിച്ചത്. രണ്ടായിരാമാണ്ടില്‍സംസ്ഥാന ചലച്ചിത്ര അക്കാദമി നിര്‍മ്മിച്ച ദേവനര്‍ത്തകന്‍ എന്ന ഡോക്യുമെന്‍ററി ദേശീയ പുരസ്കാരം നേടിയിരുന്നു. തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞിട്ടും ഉത്തകേരളത്തിന്റെ മനസ്സില്‍ മായാത്ത ഓര്‍മ്മയായി നിലനില്‍ക്കുന്ന അതുല്യ പ്രതിഭയ്ക്ക് പോസ്റ്റ്‌ പെട്ടിയുടെ സ്മരണാഞ്ജലി.....
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..