home
Total Visiters: 
കാലിക്കടവ്: പങ്കെടുത്ത കല്യാണങ്ങളുടെ തീയ്യതികളെല്ലാം ഓര്‍ത്ത്‌ വച്ച് മറ്റുള്ളവരില്‍ വിസ്മയം ജനിപ്പിക്കുകയാണ് പിലിക്കോട് വയലിലെ പി .സത്യനെന്ന 36 കാരന്‍......., സ്വന്തം വിവാഹ തീയ്യതി മറന്നവരെ പോലും അത് ഓര്‍മ്മപ്പെടുത്തി സത്യന്‍ അത്ഭുതപ്പെടുത്താറുണ്ട്. നേരത്തെ തന്നെ ഇദ്ദേഹത്തിന്റെ ഈ ഓര്‍മ്മ ശക്തി പിലിക്കോട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ നടന്ന വിവാഹമായാല്‍ പോലും വിവാഹം നടന്ന ഇംഗ്ലീഷ് തീയ്യതി, മലയാള മാസവും തീയ്യതിയും ,ചിലപ്പോള്‍ വിവാഹം നടന്നസ്ഥലം വരെ ഇദ്ദേഹം ഓര്‍ത്തെടുത്ത് പറയും. പക്ഷെ ഇതൊക്കെ പറയണമെങ്കില്‍ വിവാഹത്തിന് സത്യനെ ക്ഷണിച്ചിരിക്കണമെന്ന് മാത്രം.അവധി ദിവസങ്ങളില്‍ പിലിക്കോട്ടെ വീടുകളിലൂടെയെല്ലാം സത്യനൊരു നടത്തം പതിവുണ്ട്. ഈ സമയമാണ് തന്‍റെ ഓര്‍മ്മചെപ്പ് തുറന്ന് ഇദ്ദേഹം മറ്റുള്ളവരെ വിസ്മയിപ്പിക്കുക.''നിങ്ങളെ മംഗലം കയിഞ്ഞ ദെവസല്ലേ ഇന്ന്" എന്ന് ചോദിച്ച് സത്യനെത്തുമ്പോള്‍ സ്വന്തം വിവാഹവാര്‍ഷികം ഓര്‍ത്തെടുത്ത നിരവധിപേര്‍ പിലിക്കോട് പ്രദേശത്തുണ്ട്. തെയ്യം കലാകാരന്‍ പരേതനായ കൃഷ്ണന്‍ പണിക്കരുടെ മകനാണ് സത്യന്‍.., ഒറ്റക്കോലത്തിന് കണ്ണ് പെടാതിരിക്കാന്‍ കെട്ടിയാടുന്ന പനിയന്‍ തെയ്യം മാത്രമേ സത്യന്‍ ഇതുവരെ കെട്ടിയിട്ടുള്ളൂ. പക്ഷെ അണിയറയില്‍ നര്‍മ്മ സംഭാഷണങ്ങളുമായി സത്യന്‍ സജീവമായുണ്ടാകും. അത്യാവശ്യം വാദ്യവും കൈകാര്യം ചെയ്യും.എല്ലാം കൊണ്ടും സത്യന്‍ പിലിക്കോട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്...
കാലിക്കടവ്: പെയിന്‍റിംഗ് തൊഴിലാളിയായ ചെറുവത്തൂര്‍ കൊവ്വലിലെ ഉണ്ണിരാജന് ഇംഗ്ലീഷ് അറിയില്ല. പക്ഷെ കഴിഞ്ഞ നാലുവര്‍ഷമായി സംസ്ഥാനതല സ്കൂള്‍ കലോത്സവത്തില്‍ ഉണ്ണിരാജനൊരുക്കുന്ന ഇംഗ്ലീഷ് സ്കിറ്റിന് എ ഗ്രേഡിന്റെ വിജയത്തിളക്കമാണ്. ചെര്‍ക്കളയില്‍ നടന്നു വരുന്ന കാസര്‍ഗോഡ് ജില്ലാ കലോത്സവത്തില്‍ ഇത്തവണയും ഉണ്ണിയുടെ കുട്ടികള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി കഴിഞ്ഞു. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുട്ടികളിലൂടെയാണ് ഇത്തവണത്തെ വിജയം. നല്ലൊരു നാടക സംവിധായകനും, മൈം സംവിധായകനും കൂടിയായ ഇദ്ദേഹം കുട്ടികളുടെ പൂര്‍ണ്ണ സഹകരണത്തോട് കൂടിയാണ് ഇംഗ്ലീഷ് സ്കിറ്റുകള്‍ ഒരുക്കുക. തന്‍റെ മനസ്സിലുള്ള ആശയത്തെ മലയാളത്തിലുള്ള സ്ക്രിപ്റ്റാക്കി മാറ്റുകയാണ് ഉണ്ണി ആദ്യമായി ചെയ്യുന്നത്. ഈ സ്ക്രിപ്റ്റ് കുട്ടികളുടെ സഹായത്തോടെ ഇംഗ്ലീഷിലേക്ക് മാറ്റും. വിദ്യാലയത്തിലെ അധ്യാപകരുടെ സഹായവും തേടാറുണ്ട്. ഉപഭോഗ സംസ്കാരത്തിന്റെ ദൂഷ്യ ഫലങ്ങളുമായി ബന്ധപ്പെട്ട സ്കിറ്റാണ് ഇത്തവണ വേദിയില്‍ എത്തിച്ചത്. സ്കൂള്‍ തലത്തില്‍ മാത്രമല്ല യൂണിവേഴ്സിറ്റി തലത്തിലും മൈമിലും, സ്കിറ്റിലും ഇദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ നേടിയെടുത്ത സമ്മാനങ്ങള്‍ നിരവധിയാണ്. ഇത്തവണ കേരളത്തിലെ ഏഴ് ജില്ലകളില്‍ ഇദ്ദേഹം മൈം പരിശീലിപ്പിച്ചിട്ടുണ്ട്‌. അറിയപ്പെടുന്ന നാടക നടന്‍ കൂടിയാണ് ഈ മുപ്പത്തിയെട്ടുകാരന്‍ . കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലമായി ഈ മേഖലയിലുള്ള ഉണ്ണിരാജന്‍ കലോത്സവ കാലമായാല്‍ തന്‍റെ പെയിന്റിംഗ് തൊഴിലിനു ഇടവേള നല്‍കും. പിന്നെ സ്കൂളുകളില്‍ നിന്നും സ്കൂളുകളിലേക്കുള്ള യാത്രയാണ് നിറങ്ങളുടെ ലോകത്ത് നിന്നും നിറമുള്ള കലകളുടെ ലോകത്തേക്ക് ...
കാലിക്കടവ്: വര്‍ത്തമാന പത്രങ്ങളില്‍ ഓരോ ദിവസവും പ്രസിദ്ധീകരിക്കുന്ന പ്രധാന വാര്‍ത്തകളെ വിഷയങ്ങളാക്കി സന്തോഷ്‌ ഒഴിഞ്ഞവളപ്പ് എഴുതിയ കവിതകള്‍ ശ്രദ്ധേയമാകുന്നു.ജില്ലയിലെ യുവ കവികളില്‍ ശ്രദ്ധേയനായ സന്തോഷ്‌ പുതുമയാര്‍ന്ന കാവ്യ ശൈലിയാണ് ആസ്വാദകരിലേക്ക് പകരുന്നത്. വാര്‍ത്തകളെ അടിസ്ഥാനമാക്കി സമകാലിക സംഭവങ്ങളോട് ശക്തമായി പ്രതികരിക്കുന്ന നാനൂറോളം കവിതകള്‍ ഇദ്ദേഹത്തിന്റെ കാവ്യാല്‍ബം എന്ന ഡയറിയിലാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. മലയാളത്തിലെ പ്രധാന പത്രങ്ങള്‍ക്കൊപ്പം, ഇംഗ്ലീഷ് ദിനപത്രങ്ങളിലെ വാര്‍ത്തകളും ചിത്രങ്ങളും ഇദ്ദേഹം കാവ്യ രചനയ്ക്ക് ബിംബങ്ങളാക്കുന്നുണ്ട്. അയ്യായിരം കവിതകള്‍ എന്നതാണ് ഈ രീതിയിലൂടെ സന്തോഷ്‌ സ്വപ്നം കാണുന്നത്. പ്രതികരണത്തിന് ചിന്താപരമായ വലിയ മാനങ്ങള്‍ ഉള്ള മാധ്യമമാണ് കവിത എന്നതുകൊണ്ടാണ് ഈ രീതി സന്തോഷ്‌ തിരഞ്ഞെടുത്തത്. മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട ഡാം, ഹര്‍ത്താല്‍ വിഷയമായുള്ള പാരതന്ത്ര്യം, അണ്ണാ ഹസാരെ സമരവുമായി ബന്ധപ്പെട്ട തീപ്പന്തം, സൌമ്യ വധവുമായി ബന്ധപ്പെട്ട ചാമി തുടങ്ങിയ സന്തോഷിന്‍റെ കവിതകളെല്ലാം ശ്രദ്ധേയമാണ്. കവിയരങ്ങുകളിലെ സാന്നിധ്യമായ സന്തോഷ്‌ നിരവധി കവിതാ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
കാലിക്കടവ്: ഉത്തര മലബാറിന്റെ തെയ്യത്തെ വിശ്വ വിശാലതയിലേക്ക്‌ ആനയിച്ച ദേവനര്‍ത്തകന്‍ കൊടക്കാട് കണ്ണന്‍ പെരുവണ്ണാന്റെ വേര്‍പാടിന് എഴാണ്ട്. പെരുത്ത നൂറ്റാണ്ടിനൊരിക്കല്‍ ഈശ്വരന്‍ നടുന്ന പ്രിയപ്പെട്ട വൃക്ഷം പോലെ ജന്മം കൊണ്ട കണ്ണന്‍ പെരുവണ്ണാന്റെ സ്മൃതി ചിത്രങ്ങള്‍ ഉത്തര കേരളത്തിന്റെ മനസ്സിലിപ്പോഴും ദേവനര്‍ത്തനമാടുന്നു. പിലിക്കോട് ഗ്രാമത്തിലെ ചെറുമൂലയില്‍ 1918 ലായിരുന്നു പെരുവണ്ണാന്റെ ജനനം. പിതാവ് തെയ്യം കലാകാരനും, ചികിത്സാ നിപുണനുമായ കുട്ട്യമ്പു മണക്കാടന്‍. പുത്തൂര്‍, കരിവെള്ളൂര്‍ മാന്യഗുരു സ്കൂളുകളിലായി നാലാംതരം വരെ പഠിച്ചെങ്കിലും കഷ്ടപ്പാടുകള്‍ കാരണം തുടര്‍ പഠനത്തിന് സാധിച്ചില്ല. എങ്കിലും ബ്രഹ്മശ്രീ മേക്കോട്ടു മാധവന്‍ നമ്പൂതിരിയില്‍ നിന്നും, പയ്യളിക്ക ഗോവിന്ദന്‍ നമ്പൂതിരിയില്‍ നിന്നും സംസ്കൃതം പഠിച്ചെടുത്തു. സംസ്കൃത പഠനത്തിന് ശേഷം സി.പി കൃഷ്ണന്‍ നായരുടെ കീഴില്‍ നടന്ന ആയുര്‍വേദ പഠനം മനുഷ്യ സേവനത്തിന്റെ കൈകളാണ് പെരുവണ്ണാന് നല്‍കിയത്. പെരുവണ്ണാന്റെ ബാലരോഗ ചികിത്സ പെരുമയാര്‍ന്നതായിരുന്നു. ആറാം വയസ്സില്‍ തുടങ്ങി എട്ടു പതിറ്റാണ്ട് കാലം നീണ്ടു നിന്ന കലാ സപര്യയായിരുനു പെരുവാണ്ണാന്റേത്. ആറാം വയസ്സിലാണ് മുഖത്തു ആദ്യമായി ചായില്യം പുരട്ടിയത്. ആടിവേടന്‍ കെട്ടിയായിരുന്നു തുടക്കം. തുടര്‍ന്ന് അസാമാന്യ വൈഭവം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു പെരുവണ്ണാന്റെ വളര്‍ച്ച. ഏറെ മെയ്‌ വഴക്കം ആവശ്യമുള്ള കതിവനൂര്‍ വീരന്‍ തെയ്യം കെട്ടിയാടിയത് പതിനാലാം വയസ്സിലായിരുന്നു. തെയ്യം കലയിലെ മികവിന് തളിപ്പറമ്പ് രാജരാജേശ്വര പെരുചൊല്ലൂരപ്പ സന്നിധിയില്‍ നിന്നും ഇരുപത്തിയാറാം വയസ്സില്‍ പട്ടും വളയും, ആചാര സ്ഥാനവും നേടി പെരുവണ്ണാനായതില്‍ പിന്നെ ഇദ്ദേഹത്തിന്റെ ജീവിതം ഒരു ജൈത്രയാത്രയായി മാറുകയായിരുന്നു. മുത്തപ്പന്‍, തിരുവപ്പന, അന്തിത്തിറ, വൈരജാതന്‍, വേട്ടയ്ക്കൊരുമകന്‍, പല പേരുകളിലുള്ള ഭഗവതിമാര്‍ തുടങ്ങി അത്യന്തം വൈവിധ്യം നിറഞ്ഞ തെയ്യങ്ങളെ പെരുവണ്ണാന്‍ കെട്ടിയാടിയിട്ടുണ്ട്. ധര്‍വാര്‍ യൂണിവേഴസിറ്റിയാണ് നര്‍ത്തകരത്നം പദവി നല്‍കിയത്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. തെയ്യങ്ങളിലൂടെ കാഴ്ചക്കാരുടെ മുന്നില്‍ അവിസ്മരണീയ കാഴ്ചകളും, നാട്ടു വൈദ്യത്തിന്റെ കൈപ്പുണ്യവും ബാക്കിയാക്കി നമ്മെ വിട്ടു പിരിഞ്ഞ കണ്ണന്‍ പെരുവണ്ണാന്റെ ഓര്‍മ്മകളിലൂടെ ഗ്രാമത്തിന്റെ തനിമ നിലനിര്‍ത്താന്‍ കൊടക്കാട് നാടന്‍ കലാഗ്രാമം സ്ഥാപിക്കുമെന്ന ബന്ധപ്പെട്ടവരുടെ വാക്ക് ഇതുവരെ നടപ്പിലാക്കാനായിട്ടില്ല. ഇതിനായി കണ്ടെത്തിയ കളത്തേരയിലെ സ്ഥലം ഇപ്പോഴും കാടുകയറി തന്നെ കിടക്കുന്നു. കുട്ടമത്ത് എ. ശ്രീധരന്‍ രചിച്ച ചിലമ്പിട്ട ഓര്‍മ്മകളിലൂടെയാണ് പെരുവണ്ണാന്റെ ജീവിതത്തിന്റെ ഇതളുകള്‍ കലാസ്വാദകര്‍ക്ക് ലഭിച്ചത്. രണ്ടായിരാമാണ്ടില്‍സംസ്ഥാന ചലച്ചിത്ര അക്കാദമി നിര്‍മ്മിച്ച ദേവനര്‍ത്തകന്‍ എന്ന ഡോക്യുമെന്‍ററി ദേശീയ പുരസ്കാരം നേടിയിരുന്നു. തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞിട്ടും ഉത്തകേരളത്തിന്റെ മനസ്സില്‍ മായാത്ത ഓര്‍മ്മയായി നിലനില്‍ക്കുന്ന അതുല്യ പ്രതിഭയ്ക്ക് പോസ്റ്റ്‌ പെട്ടിയുടെ സ്മരണാഞ്ജലി.....
കാലിക്കടവ്: കണ്ണൂര്‍ സര്‍വകലാശാല അത് ലറ്റിക്സ് മീറ്റിലെ സുവര്‍ണ്ണ നേട്ടവുമായെത്തി തൃക്കരിപ്പൂരിലെ ക്രോസ് കണ്‍ട്രിയിലും വിജയം നേടി യു .പി പ്രിന്‍സും,എച്ച്.സുകുമാരനും ദീര്‍ഘ ദൂര ഓട്ടത്തിലുള്ള തങ്ങളുടെ മികവ് തെളിയിച്ചു. മുന്നാട് പീപ്പ്ള്‍സ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. മാങ്ങാട്ട് പറമ്പില്‍ കഴിഞ്ഞ ദിവസം സമാപിച്ച കണ്ണൂര്‍ സര്‍വകലാശാല അത് ലറ്റിക്സ് മീറ്റില്‍ പ്രിന്‍സ് 10000 മീറ്ററിലും, സുകുമാരന്‍ 1500 മീറ്ററിലും 5000 മീറ്ററിലും സ്വര്‍ണ്ണം നേടിയിരുന്നു. ഇവിടെ നിന്നാണ് സി പി എം തൃക്കരിപ്പൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച ക്രോസ് കണ്‍ട്രി മത്സരത്തില്‍ പങ്കെടുക്കാന്‍ ഇരുവരും എത്തിയത്. കാലിക്കടവില്‍ നിന്നും, തൃക്കരിപ്പൂര്‍ ബസ്റ്റാന്റ് പരിസരത്തേക്ക് ഏഴ് കിലോമീറ്റര്‍ ദൂരത്തില്‍ നടന്ന മത്സരത്തില്‍ പ്രിന്‍സ് ഒന്നാമതെത്തി, സുകുമാരന്‍ രണ്ടാം സ്ഥാനമാണ് നേടിയത്. സ്വന്തമായി ഒരു കളിസ്ഥലം പോലും ഇല്ലാത്തിടത്ത് നിന്നും എത്തിയാണ് ഇരുവരും ഈ വിജയങ്ങള്‍ നേടിയെടുക്കുന്നത്. ഇല്ലായ്മകളോട് പടവെട്ടി കഴിഞ്ഞ ദിവസം നേടിയ അത് ലറ്റിക്സ് വിജയത്തിനൊപ്പം ഈ വിജയം കൂടി കോളേജില്‍ എത്തിക്കാനായതിന്റെ സന്തോഷത്തിലാണ് ഇരുവരും. കെ രാധാകൃഷ്ണന്‍ നായരുടെയും, കായികാധ്യാപിക എന്‍.ആര്‍ ധന്യയുടെയും കീഴിലാണ് ഇരുവരും കോളേജില്‍ കായിക പരിശീലനം നടത്തുന്നത്
കാലിക്കടവ്: പിലിക്കോട് ഗവ;ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുട്ടികളുടെ ദൈവസൂത്രവും, കിനാനൂര്‍- കരിന്തളം ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ച നിധിയും സംസ്ഥാന ചലച്ചിത്രമേളയില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍ സന്തോഷത്തിന്റെ നെറുകയിലാണ് കുട്ടികളുടെ പ്രിയപ്പെട്ട അനിമാഷ് എന്ന അനില്‍നടക്കാവ്. ഈ രണ്ടു ചിത്രങ്ങളും മികവുറ്റതാക്കാന്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി അനിമാഷ്‌ കുട്ടികള്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു. പുസ്തകങ്ങളുടെ ലോകത്ത് നിന്നും സിനിമയുടെ ലോകത്തേക്ക് ഇറങ്ങിച്ചെന്ന പിലിക്കോട് ഹയര്‍ സെക്കണ്ടറിയിലെ കുട്ടികള്‍ക്ക് സിനിമയുടെ പുതിയ കാഴ്ചപ്പാടുകള്‍ പകര്‍ന്നു നല്‍കിയത് ഇദ്ദേഹമാണ്. ആശയങ്ങളെ സമ്പുഷ്ടമാക്കിയും, തെറ്റ് പറ്റുമ്പോള്‍ തിരുത്തിയുമെല്ലാം കുട്ടികള്‍ക്കൊപ്പം തന്നെ ഇദ്ദേഹവും സഞ്ചരിച്ചു. സംവിധാനരംഗത്തും,അഭിനയരംഗത്തുമെല്ലാം കഴിവുകള്‍ ഏറെയുള്ള കുട്ടികള്‍ക്കൊപ്പം അവാര്‍ഡ് നേടിയ ചിത്രത്തിന്റെ ഭാഗമാവാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ചേശ്വരം ബി. ആര്‍. സി യിലെ പരിശീലകന്‍ കൂടിയായ ഈ കലാകാരന്‍. കിനാനൂര്‍- കരിന്തളം പഞ്ചായത്ത് കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച നിധി എന്ന ചിത്രത്തിന്‍റെ കഥയും, തിരക്കഥയും അനിമാഷിന്റെതാണ്. ഈ ചിത്രം ചലച്ചിത്ര മേളയില്‍ നാല് അവാര്‍ഡുകളാണ് സ്വന്തമാക്കിയത്. നാടക രംഗത്തും അനില്‍ നടക്കാവ് ശ്രദ്ധേയനാണ്.തെരുവ് നാടകത്തെ ജനകീയമാക്കുന്നതില്‍ ഈ അധ്യാപകന്റെ രചനകള്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ നാടകത്തിന്റെ സങ്കേതങ്ങള്‍ തെരുനാടകത്തില്‍ എത്തിച്ച് അനിമാഷ് നടത്തിയ പരീക്ഷണങ്ങള്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കുട്ടികളെയും,അഭിനയത്തെയും ഒരുപോലെ സ്നേഹിക്കുന്ന അനിമാഷ് തന്‍റെ യാത്ര തുടരുകയാണ്. അഭിനയരംഗത്തെ ഭാവി വാഗ്ദാനങ്ങളെ തേടി . അതിനിടയില്‍ കുട്ടികള്‍ കൊണ്ട് വരുന്ന ഇതുപോലുള്ള സന്തോഷങ്ങളാണ് ഈ മാഷിന്‍റെ മനസ്സ് നിറയ്ക്കുന്നത് ....
കാലിക്കടവ്: സംസ്ഥാന ബാല ചലച്ചിത്രോത്സവത്തിലെ മികച്ച നടനെന്ന അവാര്‍ഡ് നേട്ടത്തിനൊപ്പം ജില്ലാ ശാസ്ത്രോത്സവത്തിലും കരവിരുതിന്‍റെ വിജയം കൂടി നേടി ദിന്‍കര്‍ ലാല്‍ തിളങ്ങി. പ്രവൃത്തി പരിചയ മേളയില്‍ മെറ്റല്‍ എന്‍ഗാര്‍വിംഗ് എന്ന ഇനത്തിലാണ് ദിന്‍കര്‍ ഒന്നാമതെത്തിയത്. വ്യാഴാഴ്ച ഈ വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ ആകാംക്ഷയുടെ ദിനമായിരുന്നു. കോഴിക്കോട് നടക്കുന്ന ചലച്ചിത്രോത്സവ അവാര്‍ഡ് ദാന ചടങ്ങിലേക്ക് നേരത്തെ തന്നെ ദിന്‍കറിന് പ്രത്യേകക്ഷണം ലഭിച്ചിരുന്നു. പക്ഷെ അവാര്‍ഡ് വിവരം അറിയിച്ചിരുന്നില്ല. കൂട്ടുകാരെല്ലാം കോഴിക്കോടെക്ക്‌ തിരിച്ചപ്പോള്‍ ജില്ലാ ശാസ്ത്ര മേളയില്‍ പങ്കെടുക്കാനായി കാഞ്ഞങ്ങാട്ടെക്കാണ് ദിന്‍കര്‍ യാത്ര തിരിച്ചത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ഇനമായതിനാലാണ് മത്സരത്തില്‍ നിന്നും പിന്‍മാറേണ്ട എന്ന് തീരുമാനിച്ചത്. ആകാംക്ഷയുടെ മനസ്സുമായി മെറ്റലില്‍ മനോഹര രൂപങ്ങള്‍ ഒരുക്കി പുറത്തെത്തിയപ്പോള്‍ തന്നെ അവാര്‍ഡ് ലഭിച്ച സന്തോഷ വാര്‍ത്തയെത്തി. പിന്നാലെ തന്നെ വിജയത്തിന്‍റെ ഇരട്ടി മധുരമായി ശാസ്ത്രോത്സവത്തിലെ വിജയ വാര്‍ത്തയുമെത്തി.സ്കൂള്‍ നാടക വേദികളില്‍ നേരത്തെ തന്നെ ദിന്‍കര്‍ കഴിവ് തെളിയിച്ചിരുന്നു. ദിന്‍കറിന്റെ അച്ഛന്‍ രവി മാസ്റ്റര്‍ അറിയപ്പെടുന്ന ചിത്രകലാകാരനാണ്. അവാര്‍ഡ് തിളക്കവുമായി നാട്ടിലും, കുട്ടികള്‍ക്കും ഇടയില്‍ താരമായിരിക്കുകയാണ് ഈ മിടുക്കന്‍. തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട്
കാലിക്കടവ്: ചെണ്ടയുടെ ദ്രുത താളത്തിനൊത്ത് നൃത്തം ചവിട്ടാന്‍ കാലില്ലാതായിട്ടും കുഞ്ഞാരപ്പെരുവണ്ണാന്‍ കളിയാട്ടക്കാവുകളില്‍ സജീവം തന്നെ. അണിയലങ്ങള്‍ ഒരുക്കിയും, തോറ്റം പാട്ടുകള്‍ പാടിയും സജീവമായ ശേഷം ഊന്നുവടിയിലൂന്നി നടന്നു നീങ്ങുന്ന ഇദ്ദേഹം ഒരു കാലത്ത് അവതാര മൂര്‍ത്തികളുടെ കോലങ്ങള്‍ കെട്ടിയാടിയ പേരെടുത്ത തെയ്യക്കാരനായിരുന്നു. നീലേശ്വരം അങ്കക്കളരിയില്‍ തീ ചാമുണ്ഡി കെട്ടി അഗ്നി പ്രവേശം നടത്തിയപ്പോള്‍ വലതുകാല്‍ വെന്തുപോയ ദുര്‍വിധിയാണ് കരിവെള്ളൂര്‍ കുണിയനിലെ ഈ അറുപതുകാരനുണ്ടായത്. ആദ്യം വിരലുകളും പിന്നീടു വലതുകാലും മുറിച്ചു മാറ്റേണ്ടി വന്നിട്ടും തളരാത്ത മനസ്സുമായി വിധിയെ അതിജീവിച്ച ഈ കലാകാരന്‍ ഈ കളിയാട്ടക്കാലത്തും അണിയറയില്‍ സജീവമാണ്. ആറാം വയസ്സില്‍ ഓണത്താര്‍ കെട്ടി തെയ്യം കലാ രംഗത്തെത്തിയ ഇദ്ദേഹം പൌരുഷഭാവം നിറഞ്ഞ തെയ്യങ്ങള്‍ കെട്ടിയാടാന്‍ കളരിയില്‍ ചേര്‍ന്നു. കതിവനൂര്‍ വീരന്‍, തീ ചാമുണ്ഡി, കണ്ടനാര്‍ കേളന്‍, മുത്തപ്പന്‍, തിരുവപ്പന്‍ എന്നി തെയ്യങ്ങളെല്ലാം ഇദ്ദേഹം കെട്ടിയാടിയിട്ടുണ്ട്. തെയ്യം കലയിലെ മികവിന് കുണിയന്‍ ചേരിക്കല്ല് പൊടിക്കളം ദേവസ്ഥാനത്ത് നിന്നും പട്ടും വളയും ഏറ്റു വാങ്ങി. കളിയാട്ടക്കാവുകളില്‍ ചെണ്ടയുടെ മേള മുയരുമ്പോള്‍ വെറുതെ ഇരിക്കാനാവില്ല ഇദ്ദേഹത്തിന്. അത് കൊണ്ട് തന്നെ വയ്യായ്കകള്‍ മാറ്റിവച്ചു കുഞ്ഞാരപ്പെരുവണ്ണാന്‍ തെയ്യാട്ട സ്ഥാനങ്ങളില്‍ സജീവമാകുന്നു. തയ്യാറാക്കിയത്:ബാലന്‍
കാലിക്കടവ്: സാധാരണയായി ബസ്സുകളുടെ ഡ്രൈവര്‍ സീറ്റില്‍ പുരുഷന്‍മാരെ കണ്ടാണ്‌ നമുക്ക് പരിചയം. എന്നാല്‍ പുരുഷന്മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും വളയം നന്നായി തിരിക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് നീലേശ്വരം കരുവാച്ചേരിയിലെ പി .റീന എന്ന മുപ്പതുകാരി. ചെറുവത്തൂരില്‍ നിന്നും തൃക്കരിപ്പൂര്‍ വഴി പയ്യന്നൂരിലേക്ക് സര്‍വീസ് നടത്തുന്ന കരിപ്പാല്‍ ബസ്സിലാണ് റീന ഡ്രൈവറായി എത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ബസ്സിന്‍റെ ഡ്രൈവര്‍ സീറ്റില്‍ യുവതിയെ കണ്ട യാത്രക്കാര്‍ ആദ്യമൊന്നു അമ്പരന്നു. ബസ്സോടിത്തുടങ്ങിയപ്പോള്‍ അമ്പരപ്പ് അത്ഭുതത്തിന് വഴിമാറി. ബസ് യാത്ര തുടര്‍ന്നപ്പോള്‍ വളയിട്ട കൈകളില്‍ വളയവും,യാത്രക്കാരു ഭദ്രമായി. പല വേഷങ്ങളിലൂടെയാണ് റീനയുടെ ജീവിതയാത്ര. ഡ്രൈവിംഗ് അധ്യാപികയായും. ഇളനീര്‍ വില്പനക്കാരിയായും, ഒപ്പം തെങ്ങുകയറ്റക്കാരിയായും ഈ യുവതിയെ കാണാം. പള്ളിക്കര റെയില്‍വെ ഗേറ്റിനരികില്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷമായി റീന ഇളനീര്‍ വില്‍പ്പന നടത്തുന്നു. കാസര്‍ഗോഡ്‌ സി. പി. സി.ആര്‍. ഐ യില്‍ നിന്നാണ് തെങ്ങുകയറ്റം പരിശീലിച്ചത്. ബസ് ഡ്രൈവിംഗ് സീറ്റില്‍ അധ്യാപികയായി ഇരുന്നിട്ടുണ്ടെങ്കിലും യാത്രക്കാരുമായുള്ള യാത്ര ഇന്ന് ആദ്യമായിരുന്നു. എല്ലാം കൊണ്ടും പെണ്‍ കരുത്തിന്‍റെ പ്രതീകമാവുകയാണ് ഈ യുവതി തയ്യാറാക്കിയത്:വിനയന്‍ പിലിക്കോട്
കാലിക്കടവ്: സഹോദരങ്ങളായ മനേഷ് ലാലിനും, നിതീഷ് ലാലിനും പഠനവും, അനുഷ്ഠാന കലാരൂപമായ തെയ്യവും ഒരുപോലെയാണ്. തെയ്യക്കാലമായാല്‍ പിലിക്കോട്ടെയും പരിസര പ്രദേശങ്ങളിലെയും തെയ്യാട്ട സ്ഥാനങ്ങളിലെ അരങ്ങിലും അണിയറയിലും നിറസാനിധ്യമായി പുത്തിലോട്ട് സ്വദേശികളായ ഈ സഹോദരങ്ങളെ കാണാം. ഉറക്കമൊഴിഞ്ഞ് തെയ്യക്കോപ്പുകള്‍ ഒരുക്കുമ്പോഴും, അവതാരമൂര്‍ത്തികളായി ഉറഞ്ഞാടുമ്പോഴും പഠനത്തെ കൈയൊഴിയാന്‍ രണ്ടു പേരും തയ്യാറല്ല. പ്രശസ്ത തെയ്യം കലാകാരനായ പുത്തിലോട്ട് കൃഷ്ണന്‍ പണിക്കരുടെ മക്കളാണ് ഈ അനുഗ്രഹീത തെയ്യം കലാകാരന്മാര്‍. ഇരുപത്തിയഞ്ച് കാരനായ മനേഷ് ലാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തെയ്യം കലയിലെ മികവിന് പണിക്കര്‍ പദവി ഏറ്റുവാങ്ങിയിരുന്നു. വിഷ്ണുമൂര്‍ത്തിയുടെ തീക്കോലം ഉള്‍പ്പെടെ നിരവധി തെയ്യക്കോലങ്ങള്‍ കെട്ടിയാടിയിട്ടുള്ള മനേഷ് എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. പിലിക്കോട് തെരുവില്‍ മൂവാളംകുഴി ചാമുണ്ഡിയുടെ കോലം കെട്ടിയാടാനുള്ള തയ്യാറെടുപ്പിലാണ് മനേഷ് ലാല്‍ പണിക്കര്‍. ഏറെ അനുഷ്ഠാന തികവോടെ കെട്ടിയാടേണ്ട തെയ്യമാണ്‌ ഇത്. അനുജനായ നിതീഷ് പുത്തിലോട്ട് ആണ്ടാളിലാണ് ആദ്യമായി വിഷ്ണുമൂര്‍ത്തിയുടെ തീക്കോലം കെട്ടിയിരിക്കുന്നത്. പടന്നക്കാട് നെഹ്‌റു കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് നിതീഷ്. പാരമ്പര്യമായി കിട്ടിയ തെയ്യം കലയെ കൈവിടാതെ പഠിച്ചു നല്ലൊരു ജോലി നേടാനുള്ള ശ്രമത്തിലാണ് രണ്ടു പേരും.
കരപ്പാത്ത്: വരകളും ,വര്‍ണ്ണങ്ങളും കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത്‌ ചിത്രകലാ രംഗത്ത് ശ്രദ്ധേയനാവുകയാണ് പിലിക്കോട് അരയാക്കീല്‍ സ്വദേശിയായ പ്രശാന്ത് കുമാര്‍ യു. കെ. ശാസ്ത്രീയമായി ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും ഈ യുവകലാകാരന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ ജീവന്‍ തുടിക്കുന്നവയാണ്. കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്സില്‍ ബി. ബി. എ വിദ്യാര്‍തഥിയായ പ്രശാന്ത് ചിത്രരചനാ മത്സരങ്ങളില്‍ ഇതിനോടകം നിരവധി സമ്മാനങ്ങള്‍ നേടിക്കഴിഞ്ഞു. രണ്ടുവര്‍ഷം മുന്‍പ് പാലക്കാട് നടന്ന സംസ്ഥാന പാരലല്‍ കോളേജ് കലോത്സവത്തില്‍ പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍ എന്നിവയില്‍ ഒന്നാസ്ഥാനം പ്രശാന്തിനായിരുന്നു. കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന സംസ്ഥാന പാരലല്‍ കോളേജ് കലോത്സവത്തിലും വാട്ടര്‍കളറില്‍ ഈ കലാകാരന്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. ക്ലേമോഡലിങ്ങിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഓണക്കാലമായാല്‍ പൂക്കളങ്ങള്‍ ഒരുക്കുന്ന തിരക്കിലായിരിക്കും ഈ കലാകാരന്‍. ഈ വര്‍ഷം പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ ഒരുക്കിയ മനോഹര പൂക്കളത്തിലൂടെ പ്രശാന്തിന്‍റെ കലാമികവ് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. പി. സി. ബാബുവിന്‍റെയും, യു. കെ. ഗിരിജയുടെയും മകനാണ്.
കാലിക്കടവ്: സര്‍ക്കസ്സിനെ പ്രണയിച്ചു കഴിഞ്ഞാല്‍ ചിലര്‍ക്ക് അതൊരു ഹരമായി മാറും. അപ്പോള്‍ നമ്പറുകള്‍ കാട്ടാന്‍ പ്രായം തടസ്സമാവുകയേയില്ല. കാലിക്കടവില്‍ നടക്കുന്ന ബോംബെ സര്‍ക്കസ്സിലെ ചിരിമാമന്‍ എന്ന തുളസിദാസിന്റെ കാര്യവും ഇങ്ങനെയാണ്. ജോക്കര്‍ സിനിമയിലെ ബഹദൂറിന്റെ കഥാപാത്രത്തെ ഓര്‍മ്മവരും ഇദ്ദേഹത്തിന്റെ സര്‍ക്കസ്സിനോടുള്ള കമ്പം കണ്ടാല്‍. ബീഹാര്‍ സ്വദേശിയായ തുളസീദാസെന്ന ഈ ചെറിയ മനുഷ്യന് പ്രായം എഴുപതു കഴിഞ്ഞു. കഴിഞ്ഞ അന്‍പത്തിയഞ്ചു വര്‍ഷക്കാലമായി ജീവിതം തമ്പിലാണ്. സര്‍ക്കസ്സിലെ കോമാളികള്‍ക്കിടയിലെ പ്രധാനതാരമായതിനാലും, പ്രായം കണക്കിലെടുത്തും തമ്പിലുള്ള സഹപ്രവര്‍ത്തകരിട്ട വിളിപ്പേരാണ് ചിരിമാമാനെന്നത്. പതിനഞ്ചാം വയസ്സിലാണ് ഇദ്ദേഹം സര്‍ക്കസ്സിലെത്തുന്നത്. അതിനു വഴിതെളിച്ചതും ബോംബെ സര്‍ക്കസ്സ് തന്നെ. തുളസിദാസ് സ്കൂളില്‍ പഠിക്കുമ്പോള്‍ ജന്മദേശമായ ചപ്രയില്‍ സര്‍ക്കസ്സെത്തി. ഈ സമയം വീട്ടുകാരറിയാതെ പലതവണ തമ്പിലെത്തി നമ്പറുകള്‍ കണ്ടു. ഇതോടെയാണ് സര്‍ക്ക്സ്സിനോടുള്ള ഇഷ്ട്ടം തുടങ്ങിയത്. ഒടുവില്‍ അവിടെ വച്ച് തന്നെ തമ്പില്‍ അംഗമാവുകയും ചെയ്തു. പിന്നീടിങ്ങോട്ട്‌ സര്‍ക്കസ്സാണ് തുളസി ദാസിന് എല്ലാമെല്ലാം. തമ്പാണ് കുടുംബം, തമ്പിലുള്ളവരാണ് കുടുംബാംഗങ്ങള്‍ എന്ന് പറയുന്നതാവും കൂടുതല്‍ ശരി. നാട്ടിലിപ്പോള്‍ ഉറ്റവരാരും ഇല്ല. സര്‍ക്കസ്സിനോടുള്ള പ്രണയത്തിനിടയില്‍ വിവാഹം പോലും മറന്നു. ആറു വര്‍ഷം മുന്‍പ് ചെറിയൊരു ഓപ്പറേഷന്‍ നടന്നിരുന്നു തുളസി ദാസിന്. വയ്യാതായപ്പോള്‍ എല്ലാം അവസാനിപ്പിച്ച് ഒരിക്കല്‍ നാട്ടിലേക്ക് മടങ്ങി .എന്നാല്‍ പോയതിന്റെ അഞ്ചാംനാള്‍ സര്‍ക്കസ്സിലേക്ക് തന്നെ മടങ്ങിയെത്തി.സര്‍ക്കസ്സില്‍ നിന്ന് വിട്ടു നിന്ന ആ നാല് ദിവസങ്ങളില്‍ താന്‍ ഉറങ്ങിയിട്ടില്ലെന്ന് തുളസിദാസ് പറയുന്നു. വയസ്സ് എഴുപതു കഴിഞ്ഞെങ്കിലും കോമാളിയിലേക്കുള്ള വേഷപ്പകര്‍ച്ച നടത്താന്‍ ഇപ്പോഴും ആരുടേയും സഹായം തേടാറില്ല. ദിവസവും എത്രയോ പേരെ ചിരിപ്പിക്കിന്നു ഈ ചിരിമാമന്‍. ചിരി ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണല്ലോ?അങ്ങനെയെങ്കില്‍ എല്ലാവരെയും ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ചിരിമാമാനും ദീര്‍ഘായുസ്സ് ലഭിക്കട്ടെ .... തയ്യാറാക്കിയത് :വിനയന്‍ പിലിക്കോട് ഫോട്ടോ :വിജേഷ് ചന്തേര
കാലിക്കടവ്: ആയിരത്തിലധികം നാണയങ്ങളുള്ള വലിയൊരു നാണയശേഖരത്തിന് ഉടമയാണ് കാലിക്കടവിലെ എം .വി പവിത്രന്‍. ഈ യുവാവിനിത് കേവലമൊരു വിനോദം മാത്രമല്ല. വിജ്ഞാനത്തിനുള്ള വഴി കൂടിയാണ്. താന്‍ ശേഖരിക്കുന്ന ഓരോ നാണയത്തെ കുറിച്ചും കൃത്യമായി പഠിക്കുന്നു എന്നതാണ് പവിത്രന്‍റെ പ്രത്യേകത. ഇതിനായി നുമിസ് മാറ്റിക്സിന്റെ പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ട് കാലിക്കടവ് ഇലക്ട്രിസിറ്റി ഓഫീസിന് സമീപം ദേവിവിലാസം ഹോട്ടല്‍ നടത്തുന്ന ഇദ്ദേഹം പതിനഞ്ച് വര്ഷം മുന്‍പാണ് ഇത്തരമൊരു വിനോദത്തിന് തുടക്കം കുറിച്ചത്. തുടക്കത്തില്‍ ഇതൊരു കൌതുകം മാത്രമായിരുന്നു. മാസിഡോണിയന്‍ രാജാവായിരുന്ന അലക്സാണ്ടര്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ ഇറക്കിയ അപൂര്‍വ്വമായ നാണയമായിരുന്നു പവിത്രന്‍റെ കയ്യില്‍ ആദ്യമെത്തിയത്‌. ഇന്ന് അപൂര്‍വ്വങ്ങളായ നാണയങ്ങള്‍ ഉള്‍പ്പടെ ഇരുന്നൂറോളം രാജ്യങ്ങളുടെ നാണയങ്ങള്‍ ശേഖരത്തില്‍ ഇടം പിടിച്ചു കഴിഞ്ഞു. മുപ്പത്തിയന്ച് തരം ഒരു രൂപ നാണയങ്ങള്‍, വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ എന്നിവയും പവിത്രന്‍റെ പക്കലുണ്ട്. എത്ര വിലതരാമെന്ന് പറഞ്ഞാലും കയ്യിലുള്ള നാണയങ്ങള്‍ വില്‍ക്കാന്‍ ഇദ്ദേഹം തയ്യാറല്ല. കഴിയാവുന്നിടത്തോളം കാലത്തിന്‍റെ ഈ അടയാളങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ തന്നെയാണ് പവിത്രന്‍റെ തീരുമാനം.
കാലിക്കടവ്: അറുപത്തിയെട്ടുകാരനായ പിലിക്കോട് വയലിലെ വി. കുഞ്ഞിരാമന്‍വൈദ്യര്‍ കഴിഞ്ഞ അന്‍പത്തിമൂന്ന് വര്‍ഷക്കാലമായി തെയ്യാട്ട സ്ഥലങ്ങളിലെ സജീവസാന്നിധ്യമാണ്. തെയ്യച്ചമയങ്ങള്‍ ഒരുക്കുന്നതില്‍ വൈദ്യര്‍ക്ക്‌ പ്രത്യേകം കരവിരുതുണ്ട്. മറ്റൊരു തെയ്യക്കാലം കൂടി പടിവാതില്‍ക്കല്‍ എത്തിയതോടെ പലര്‍ക്കും എത്തിച്ചു നല്‍കേണ്ട അണിയലങ്ങളുടെ അവസാനവട്ട മിനുക്ക്‌ പണിയിലാണ് ഇദ്ദേഹം. തെയ്യച്ചമയങ്ങള്‍ മാത്രമല്ല നിരവധി തെയ്യക്കോലങ്ങളുടെ കമനീയമായ രൂപങ്ങളും ഇദ്ദേഹം നിര്‍മ്മിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ പലതവണ വൈദ്യരുടെ കരവിരുത് കടല്‍കടക്കുകയും ചെയ്തു. കരവിരുത് മാത്രമല്ല എല്ലാ തെയ്യക്കോലങ്ങളുടെയും തോറ്റം പാട്ടുകളും വൈദ്യര്‍ക്ക്‌ മന:പാഠമാണ്. അതുകൊണ്ട് തന്നെ ഒളവറമുതല്‍ മുനയന്‍കുന്ന് വരെയുള്ള കളിയാട്ടസ്ഥലങ്ങളിലെല്ലാം തെയ്യങ്ങളെ തോറ്റിയുണര്‍ത്താന്‍ ഇദ്ദേഹം ഉണ്ടാകും. മുഖത്തെഴുത്തിന്റെ കാര്യത്തിലും വൈദ്യരുടെ കൈവഴക്കത്തിനോപ്പം എത്തുന്നവര്‍ ചുരുക്കമാണ്. നിരവധി പെരുങ്കളിയാട്ടങ്ങളില്‍ പ്രധാന തെയ്യക്കോലത്തിന് ഇദ്ദേഹം മുഖത്തെഴുതിയിട്ടുണ്ട്. വിദേശങ്ങളില്‍ നിന്നും എത്തിയ നിരവധിപേര്‍ തെയ്യങ്ങളെകുറിച്ച് പഠിക്കാന്‍ വൈദ്യരെ തേടിയെത്തിയിട്ടുണ്ട്. അമേരിക്കക്കാരായ ആഷ്ലി, ഫ്രീമാന്‍, ജപ്പാന്‍ കാരിയായ മയൂരികോക്ക എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രം. കാലിക്കടവിലാണ് ഇദ്ദേഹത്തിന്റെ വൈദ്യശാല. വൈദ്യം പാരമ്പര്യമായി കിട്ടിയതാണ്. അമ്മാവനായ പ്രശസ്തതെയ്യം തെയ്യംകലാകാരന്‍ നര്‍ത്തകരത്നം കൊടക്കാട് കണ്ണന്‍പെരുവണ്ണാന്‍. കരിവെള്ളൂരിലെ കുട്ട്യമ്പു മണക്കാടന്‍ എന്നിവരില്‍ നിന്നാണ് ഇദ്ദേഹം വൈദ്യം പഠിച്ചത്. ഇരുവരുടെയും മരണശേഷം സമ്പന്നമായ ആ വൈദ്യപാരമ്പര്യം വൈദ്യരില്‍ കൂടിയും നിലനില്‍ക്കുന്നു. ഓര്‍മ്മയുടെ പേളിക തുറന്നു ആഹ്ലാദത്തിന്റെ അണിയലങ്ങള്‍ പൊടിതട്ടി മിനുക്കുന്ന ഗ്രാമോത്സവക്കാലമായി മറ്റൊരു കളിയാട്ടക്കാലം കൂടിയെത്തിയതോടെ കുഞ്ഞിരാമന്‍വൈദ്യര്‍ക്ക്‌ ഇനി തിരക്കിന്റെ നാളുകളാണ്. കളിയാട്ട സ്ഥലങ്ങളില്‍ നിന്നും കളിയാട്ട സ്ഥലങ്ങളിലേക്കുള്ള യാത്ര..... പുരാവൃത്തം പാടി തെയ്യങ്ങളെ തോറ്റിയുണര്‍ത്താന്‍...... തിരുനൃത്തം ചെയ്യുന്ന ദേവചൈതന്യങ്ങളെ അണിയിച്ചൊരുക്കാന്‍
കാലിക്കടവ്: ഓട്ടമുക്കാലും, ഒരു പൈസയും, രണ്ടു പൈസയും എല്ലാം കണ്ടിട്ടില്ലാത്ത പുതുതലമുറയില്‍ പെട്ട കുട്ടികള്‍ക്ക് മുന്നില്‍ ഇത്തരം നാണയങ്ങളുടെ നിറക്കാഴ്ച ഒരുക്കുകയാണ് അജേഷ് കരക്കേരു. ഇന്ത്യയിലെ പഴയകാല നാണയങ്ങളും, വിദേശ നാണയങ്ങളും ഒക്കെയായി നൂറുകണക്കിന് അപൂര്‍വ നാണയങ്ങള്‍ ഉണ്ട് അജേഷിന്റെ കയ്യില്‍ .നാണയങ്ങള്‍ മാത്രമല്ല ആയിരത്തോളം സ്റ്റാമ്പുകളും ഈ യുവാവിന്റെ പക്കലുണ്ട്. ചെറുപ്പത്തില്‍ തുടങ്ങിയതാണ്‌ അജേഷിന്റെ ഈ വിനോദം. വിദേശത്ത്‌ നിന്നുമെത്തുന്നവരില്‍ നിന്നാണ് നാണയങ്ങളും, സ്റ്റാമ്പുകളും അജേഷ് കൂടുതലായും ശേഖരിക്കുന്നത്. സാമൂഹ്യ ശാസ്ത്രത്തില്‍ നാണയങ്ങളെ കുറിച്ചുള്ള പാഠഭാഗം പഠിപ്പിച്ചു തുടങ്ങുമ്പോള്‍ പ്രദേശത്തെ വിദ്യാലയങ്ങളിലെ അധ്യാപകരില്‍ പലരും അജേഷിനെ തേടിയെത്തും. ഇങ്ങനെ നൂറോളം നാണയ പ്രദര്‍ശനം അജേഷ് നടത്തിയിട്ടുണ്ട്.
First <<  1 2 3   >> Last

.. ..