home
Total Visiters: 
കാലിക്കടവ്: മരിച്ചവര്‍ അങ്ങനെയാണ്.... ഉറ്റവരുടെ മനസ്സില്‍ ഒരുപാടുകാലം ജീവിക്കും. പക്ഷെ, സുഹൃത്തുക്കളുടെയും, മറ്റുള്ളവരുടെയും മനസ്സില്‍ അങ്ങനെയാകണമെന്നില്ല. പോയ്മറഞ്ഞത്‌ പ്രിയപ്പെട്ടവരാണെങ്കിലും പലരുടെയും മുഖങ്ങള്‍ കാലം മായ്ച്ചുകളഞ്ഞേക്കാം.... എന്നാല്‍ പിലിക്കോട് വറക്കോട്ട് വയലിലെ എം പി ബാലകൃഷ്ണന് മരിച്ചവരെ അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല.അതുകൊണ്ട് തന്നെ മരണപ്പെട്ടവരുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഒരു ആല്‍ബം തയ്യാറാക്കിയിരിക്കുകയാണ് ഇദ്ദേഹം. പത്തു വര്‍ഷം മുന്‍പാണ് ബാലകൃഷ്ണന്റെ മനസ്സില്‍ ഇത്തരമൊരാശയം രൂപപ്പെട്ടത്. മണക്കാടന്‍ വീട്ടില്‍ ചിന്ടെട്ടന്റെ പത്രത്തില്‍ വന്ന ചരമകുറിപ്പ് മുറിച്ചെടുത്തു കൊണ്ടായിരുന്നു തുടക്കം. ഇദ്ദേഹത്തിന്റെ പെരുമാറ്റവും,തമാശ കലര്‍ന്ന സംസാരരീതിയും ഇഷ്ട്ടമായത് കൊണ്ടായിരുന്നു ഇത്. എന്നാല്‍ തുടര്‍ന്നിങ്ങോട്ട്‌ ബാലകൃഷ്ണന്‍ ഇത് ശീലമാക്കി. പിലിക്കോട് നിന്നും മരണപ്പെടുന്നവരുടെയെല്ലാം ചരമക്കുറിപ്പുകള്‍ മുറിച്ചെടുത്തു വച്ചു.എണ്ണം കൂടി വന്നപ്പോള്‍ എല്ലാം ചേര്‍ന്ന് ഒരാല്‍ബം തന്നെ തയ്യാറാക്കി.പത്തു വര്‍ഷത്തിനിടെ വിടപറഞ്ഞ പിലിക്കോട്ടുകാരില്‍ ഏതാണ്ട് എല്ലാവരുടെയും ചരമക്കുറിപ്പുകള്‍ ഈ ആല്‍ബത്തിലുണ്ട്. ഒരു പക്ഷെ ഉറ്റവരുടെ പക്കല്‍ പോലും ഇത് ഉണ്ടാകണമെന്നില്ല. ബാലകൃഷ്ണന്‍ തയ്യാറാക്കിയ ആല്‍ബത്തിന്‍റെ താളുകള്‍ ഒന്നൊന്നായി മറിക്കുമ്പോള്‍ ഇതൊരു പിലിക്കോട്ടുകാരന്റെയും മനസ്സില്‍ ഓര്‍മ്മകള്‍ നിറയും,ചിലപ്പോള്‍ വിങ്ങലുകളും.എന്നും വഴിവക്കുകളില്‍ കണ്ടു മുട്ടിയിരുന്നവര്‍,കൂടെ നടന്നിരുന്നവര്‍,സംസാരങ്ങളിലൂടെ നമ്മെരസിപ്പിച്ചിരുന്നവര്‍, ജീവിതംജീവിച്ചു തീര്‍ക്കും മുന്‍പ് മരണം തട്ടിയെടുക്കപ്പെട്ടവര്‍....... മണ്ണില്‍ നിന്നും മറഞ്ഞു പോയെങ്കിലും ഈ ആല്‍ബത്തിന്‍റെ താളുകളില്‍ ഇവര്‍ക്ക് മരണമില്ല ..എന്നെന്നും നിലനില്‍ക്കുന്ന ഓര്‍മ്മകളാകുന്നു ഈ കുറിപ്പുകള്‍ .......
പടുവളം: പരിസ്ഥിതി സ്നേഹം വാക്കുകളിലൂടെയല്ല പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയാണ് പിലിക്കോട് എക്കച്ചിയിലെ 'പടോളി രവി '.പാതയോരത്ത് മരങ്ങള്‍ നട്ട് വളര്‍ത്തുക എന്നത് ജീവിത ദൌത്യമാക്കി മാറ്റിയിരിക്കുകയാണ് ഈ 42 കാരന്‍. ദേശീയ പാതയോരത്ത് പടുവളത്തിലാണ് രവി നട്ടുവളര്‍ത്തിയ മരങ്ങള്‍ പച്ചപ്പ്‌ നിറച്ചു നില്‍ക്കുന്നത്. നമ്മുടെ ജീവന്റെയും പ്രകൃതിയുടെയും നിലനില്‍പ്പിനാധാരമായ സസ്യസമ്പത്ത് കാത്ത് സൂക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണെന്ന് തിരിച്ചറിഞ്ഞാണ്‌ ഈ പരിസ്ഥിതി സ്നേഹി മരങ്ങള്‍ നട്ട് തുടങ്ങിയത്. ചെറുപ്പം മുതല്‍ തന്നെ പ്രകൃതിയെ സ്നേഹിച്ചു തുടങ്ങിയ ഇദ്ദേഹം 12 വര്‍ഷം മുന്‍പാണ് തന്റെ 'വഴിയോര തണല്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്.മരത്തൈകള്‍ നടുകയും അവയ്ക്ക് പതിവായി വെള്ളം നനയ്ക്കാന്‍ എത്തുകയും ചെയ്യുന്ന രവിയെ തുടക്കത്തില്‍ പലരും പരിഹസിച്ചു. എന്നാല്‍ ഇതിലൊന്നും തളരാതെ രവി ,നട്ടമരങ്ങളെ കാത്തുപോന്നു.ഇന്ന് ആദ്യം നട്ട തൈകളെല്ലാം വലിയ മരങ്ങളായി കഴിഞ്ഞു. ബദാം,മാവ്,പേര ,വേപ്പ് എന്നിവയെല്ലാം മനം കുളിര്‍പ്പിക്കുന്ന കാഴ്ചയായി പടുവളത്തില്‍ ഹരിതകാന്തി നിറച്ചുനില്‍ക്കുന്നു. ഈ മരങ്ങളിലെല്ലാം രവി സംരക്ഷണ സന്ദേശം തൂക്കിയിട്ടിട്ടുണ്ട്. പടുവളത്തില്‍ തന്നെ സി .ആര്‍.സി ക്ലബ്ബു പരിസരത്ത് ഔഷധ സസ്യങ്ങള്‍ നട്ട് വളര്‍ത്താനുള്ള ശ്രമത്തിലാണ് രവിയിപ്പോള്‍.കോണ്‍ക്രീറ്റ് തൊഴിലാളിയായ ഇദ്ദേഹം എല്ലാ ദിവസവും താന്‍ നട്ട മരങ്ങള്‍ക്ക് അരികിലെത്തും. അവയ്ക്കരികില്‍ നില്‍ക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണെന്ന് രവി പറയുന്നു.ഇപ്പോള്‍ ആരും ഈ പരിസ്ഥിതി സ്നേഹിയെ പരിഹസിക്കാറില്ല മാത്രമല്ല പലരും ആദരിക്കാനും തുടങ്ങിയിരിക്കുന്നു.നല്ലൊരു കവിതാസ്വാദകന്‍ കൂടിയാണ് രവി.നന്നായി കവിതകള്‍ ആലപിക്കുകയും ചെയ്യും. ഇവിടെ മരത്തൈകള്‍ നടുന്നതും.വെള്ളവും,വളവും നല്‍കി അവയെ വളര്‍ത്തിയെടുക്കുന്നതും രവിക്ക് മാത്രം വേണ്ടിയല്ല നമ്മള്‍ക്ക് ഓരോര്‍ത്തര്‍ക്കും,വരും തലമുറയ്ക്കും കൂടി വേണ്ടിയാണ്.ഇദ്ദേഹം നടത്തുന്ന ഈ മഹത്തായ കര്‍മം കണ്‍ കുളിര്‍ക്കെ കാണുക ....മാതൃകയാക്കുക...നമ്മുടെ നാട് പച്ചപിടിക്കട്ടെ ...രവി മരത്തിനു മുകളില്‍ തൂക്കിയിട്ട ഈ സന്ദേശം കൂടി ഓര്‍മ്മപ്പെടുത്തുന്നു ..''മരമില്ലെങ്കില്‍ നാമില്ല ' തയ്യാറാക്കിയത് :വിനയന്‍ പിലിക്കോട് ഫോട്ടോ :ഫോക്കസ് കാലിക്കടവ്
ചന്തേര : മനക്കരുത്തുമായി രോഗത്തെ മറികടന്ന് ട്രാക്കില്‍ വിജയങ്ങള്‍ കൊയ്യുകയാണ് ചന്തേരയിലെ പാലായി ബാലകൃഷ്ണന്‍ . അന്നാഹാരമില്ലാതെ ജീവിതത്തിലും,ഓട്ടത്തിലും നടത്തത്തിലുമെല്ലാം വിജയങ്ങള്‍ കൊയ്യുകയാണ് ഇദ്ദേഹം. നിശ്ചയദാര്‍ഡ്യം കൊണ്ട് രോഗത്തെ കീഴ്പ്പെടുത്തി മുന്നേറുന്ന ബാലകൃഷ്ണന്റെ ജീവിത കഥ ഇങ്ങനെ ....... തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ ആലുംവളപ്പിലാണ് ബാലകൃഷ്ണന്‍ കളിച്ചു വളര്‍ന്നത്‌. ചെറുപ്പത്തില്‍ ഫുട്ബോള്‍ കളിയോടായിരുന്നു കമ്പം. എടാട്ടുമ്മല്‍ സുഭാഷ് ക്ലബ്ബിന്റെ കളിക്കാരനായി സെവന്‍സില്‍ തിളങ്ങുമ്പോഴാണ് ഇദ്ദേഹം രോഗ വിവരം അറിഞ്ഞത്. ഗ്യാസ്ട്രോ ഇസോഫാഗിയന്‍ റിഫ്ലെക്സ് ഡിസീസ് എന്ന അപൂര്‍വ രോഗമാണ് ബാലകൃഷ്ണന് പിടിപെട്ടത്‌ . കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല. പിന്നീട് പ്രകൃതി ചികിത്സയിലേക്ക് നീങ്ങി. ഇതോടെ ഭക്ഷണ ക്രമത്തിലും മാറ്റം വന്നു. അരിയാഹാരം ഘട്ടം ഘട്ടമായി പൂര്‍ണ്ണമായി ഉപേക്ഷിച്ചു. ദിവസവും നാല് ഇളനീരും, അല്‍പ്പം പച്ചക്കറിയും, മൂന്നു ലിറ്റര്‍ വെള്ളവുമാണ് ഇന്ന് ബാലകൃഷ്ണന്റെ ഭക്ഷണം. പ്രഭാത വ്യായാമവും, യോഗയും, ഓട്ടവും, നടത്തവുമായി ദിവസവും രണ്ടുമണിക്കൂര്‍ ചിലവഴിക്കും. കണ്ണൂര്‍ കളക്ട്രേറ്റില്‍ റവന്യൂ വിഭാഗത്തില്‍ സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റായ ഇദ്ദേഹം രോഗത്തില്‍ തളര്‍ന്നിരിക്കാന്‍ തയ്യാറായിരുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് കാസര്‍ഗോഡ്‌ നിന്നും സ്ഥലം മാറി കണ്ണൂരില്‍ എത്തിയതോടെയാണ് ഇദ്ദേഹം ട്രാക്കിന മത്സരങ്ങളിലേക്ക് ഇറങ്ങിയത്‌. സഹപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണയില്‍ ബാലകൃഷ്ണന്‍ മത്സര രംഗത്തേക്കിറങ്ങി. ഇതിനോടകം ഈ കായികതാരം വാരിക്കൂട്ടിയത് നിരവധി മെഡലുകലാണ്. മലേഷ്യയില്‍ നടന്ന വെറ്ററന്‍സ് ഏഷ്യാഡില്‍ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ നാലാം സ്ഥാനവും, പത്തു കിലോമീറ്റര്‍ റോഡ്‌റെയ്സില്‍ മെഡലും നേടി. തുടര്‍ന്നിങ്ങോട്ട്‌ ബാലകൃഷ്ണന്‍ ജൈത്ര യാത്ര തുടരുകയാണ് രോഗത്തെ തോല്‍പ്പിച്ച മനസ്സും ഇളനീരിന്റെ കരുത്തുമായി........ തയ്യാറാക്കിയത് : വിനയന്‍ പിലിക്കോട് ഫോട്ടോ : വിജേഷ് ചന്തേര
കാലിക്കടവ്: എച്ചിക്കൊവ്വല്‍ സ്വദേശിയായ പി പി ബാബുവിന്റെ അലങ്കാര്‍ അക്വേറിയം അപൂര്‍വങ്ങളായ അലങ്കാര മത്സ്യങ്ങള്‍ നിറഞ്ഞതാണ്‌. ചന്തേര ഗവ :യു പി സ്കൂള്‍ പരിസരത്തു പ്രവര്‍ത്തിക്കുന്ന ഈ അക്വേറിയത്തിലേക്ക് കഴിഞ്ഞ ദിവസം രണ്ടു രണ്ടു ഭീമന്‍ 'കൊഞ്ചുകളെത്തി. കവ്വായിക്കായലില്‍ നിന്ന് പിടികൂടിയ പേരും കയ്യന്‍ കൊഞ്ചുകളാണ് ഇവ. കായലുകളില്‍ അപൂര്‍വമായി മാത്രം കാണുന്ന ഇവ കാഴ്ചക്കാരില്‍ കൌതുകം നിറയ്ക്കുന്നു. 36 ഇഞ്ച് നീളമുണ്ട് ഈ കൊഞ്ചിന്. ഇതില്‍ 26 ഇഞ്ച് ഇതിന്റെ കയ്യിന്റെ നീളമാണ്. ഒരുകിലോയാണ് ഒന്നിന്റെ ഭാരം. പ്രവാസിയായ ബാബു ഒന്നര വര്‍ഷം മുന്‍പാണ് അലങ്കാര്‍ അക്വേറിയം ആരംഭിച്ചത്. മത്സ്യങ്ങള്‍ മാത്രമല്ല അക്വേറിയത്തിനാവശ്യമായ എല്ലാവിധ സാധനങ്ങളും ഇദ്ദേഹത്തിന്റെ കടയിലുണ്ട്. പ്രദര്‍ശനങ്ങളിലും അലങ്കാര മത്സ്യങ്ങളുമായി ബാബു എത്താറുണ്ട്. വിവിധതരം അലങ്കാര കോഴികളും, പക്ഷികളും ബാബുവിന്റെ പക്കലുണ്ട്. റിപ്പോര്‍ട്ട്: വിനയന്‍ പിലിക്കോട്‌ ഫോട്ടോ: അനീഷ്‌ ഫോക്കസ്‌
കാലിക്കടവ്: രാജേഷിന്‍റെ കരവിരുതില്‍ പിറന്ന കണ്ണാടികള്‍ കണ്ടാല്‍ ആരുമൊന്നും നോക്കിപ്പോവും. കണ്ണാടിക്കുള്ളിലേക്ക്മാത്രമല്ല, അതിന്‍റെ രൂപ ഭംഗിയിലേക്കും.... എച്ചിക്കൊവ്വല്‍ സ്വദേശിയും, കാഞ്ഞങ്ങാട് സി ആര്‍. എസ് ഫാര്‍മയിലെ ഉദ്യോഗസ്ഥനുമായ ടി .വി രാജേഷാണ് കരവിരുതില്‍ കമനീയമായ കണ്ണാടികള്‍ ഉണ്ടാക്കുന്നത്‌. ഇദ്ദേഹത്തിന്റെ ഒഴിവു സമയ വിനോദമാണ്‌ ഇത്. പ്ലൈവുഡിന്‍റെ പാഴായി കളയുന്ന ചീളുകളാണ് കണ്ണാടികളുടെ ഫ്രെയിം. ഈ ഷീറ്റില്‍ പെന്‍സില്‍ കൊണ്ട് ചിത്രങ്ങള്‍ വരച്ചാണ് രൂപങ്ങള്‍ ഉണ്ടാക്കുക. ഇതിനുള്ളില്‍ വിവിധ ആകൃതികളില്‍ മുറിച്ചെടുക്കുന്ന കണ്ണാടികള്‍ ഉറപ്പിക്കുന്നു. വാല്‍ക്കണ്ണാടികളും, പിറകില്‍ സ്റ്റാന്റ് ഉള്ളവയും, പേഴ്സില്‍ വയ്ക്കാവുന്നവയുമെല്ലാം കണ്ണാടികളുടെ കൂട്ടത്തിലുണ്ട്. പക്ഷെ കണ്ണാടികള്‍ ഇദ്ദേഹം വില്‍ക്കാറില്ല. സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടാല്‍നിര്‍മ്മിച്ച്‌ നല്‍കുമെന്ന് മാത്രം. തുണികൊണ്ടുള്ള പാവകള്‍, വൈക്കോല്‍ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍,ഈയ്യാം പാറ്റകളുടെ ചിറകുകള്‍ കൊണ്ടുള്ള ചിത്ര രൂപങ്ങള്‍ എന്നിവയിലൂടെയെല്ലാം ഈ മുപ്പത്തിയേഴുകാരന്‍ കരവിരുതിന്റെ വൈവിധ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട്: വിനയന്‍ പിലിക്കോട്‌
കാലിക്കടവ്: ജാഥ ആരുടേതായാലും കാസര്‍ഗോട് ജില്ലയില്‍ നിന്നും പുറപ്പെടുന്ന ഒട്ടുമിക്ക ജാഥകളിലും പുത്തിലോട്ടു സ്വദേശിയായ പ്രകാശന്‍റെ സാന്നിധ്യമുണ്ടാകും. ഇത് കേട്ട് പ്രകാശനൊരു ജാഥാതൊഴിലാളിയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ജാഥകളുടെ മുന്നില്‍ വരവറിയിക്കുന്ന അനൌണ്‍സ്മെന്റ് വാഹനത്തിലെ മൈക്ക് ഓപ്പറേറ്ററാണ് ഈ നാല്പ്പതുകാരന്‍. കഴിഞ്ഞ പതിനേഴുവര്‍ഷമായി പ്രകാശന്‍ ഈ മേഖലയില്‍ സജീവ സാന്നിധ്യമായിട്ട്. ഏതു രാഷ്ട്രീയ പാര്‍ട്ടികളുടെയും, സംഘടനകളുടെയും ജാഥയായാലും മാണിയാട്ടെ ശോഭ ലൈറ്റ് ആന്‍റ് സൌണ്ട്സിനെയാണ് എല്പിക്കുന്നതെങ്കില്‍ പ്രകാശനായിരിക്കും അതിന്‍റെ ഓപ്പറേറ്റര്‍. വാഹന പ്രചരണജാഥ, കാല്‍നടജാഥ, ദേശീയ-സംസ്ഥാനതല ജാഥകള്‍ തുടങ്ങി നൂറുകണക്കിനു ജാഥകളുടെ അകമ്പടി വാഹനത്തില്‍ പ്രകാശന്‍ മൈക്ക് ഓപ്പറേറ്ററായിട്ടുണ്ട്. മാണിയാട്ടെ ശോഭ ലൈറ്റ് ആന്‍റ് സൌണ്ട്സില്‍ പതിനേഴു വര്‍ഷം മുന്‍പാണ് ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്‌. മികച്ച പന്തല്‍ പണിക്കാരനായിട്ടും പ്രകാശന്‍റെ മിടുക്ക് കണ്ട് ഉടമ ബാലന്‍ ഇദ്ദേഹത്തെ ഓപ്പറേറ്റിംഗ് ജോലി ഏല്‍പ്പിച്ച് നല്‍കുകയായിരുന്നു. പ്രകാശനാണ് ഓപ്പറേറ്ററെങ്കില്‍ എത്ര ദിവസം നീണ്ടു നില്‍ക്കുന്ന ജാഥയിലും വിളംബരം മുടങ്ങില്ലെന്ന് സംഘാടകര്‍ക്ക് ഉറപ്പാണ്. പിലിക്കോട് പഞ്ചായത്തംഗം ലതയാണ് ഭാര്യ. ഒരു പൊന്നോണക്കാലം കൂടി സമാഗതമാകുമ്പോള്‍ ക്ലബ്ബുകളുടെ ആഘോഷങ്ങളില്‍ ശബ്ദവും, വെളിച്ചവും നല്‍കി പൊലിമ കൂട്ടാന്‍ പ്രകാശന്‍ തയ്യാറായിക്കഴിഞ്ഞു. തയ്യാറാക്കിയത് : ബാലന്‍
കാലിക്കടവ്: കാലിക്കടവിലെ ലോട്ടറി വില്പനക്കാരനാണ്കാഞ്ഞിരിക്കീല്‍ രാജീവന്‍. കഴിഞ്ഞ ഇരുപത്തിയൊന്നു വര്‍ഷക്കാലമായി കാലിക്കടവിലെ നിത്യസാന്നിധ്യമാണ് ഇദ്ദേഹം. വിധിയെ തോല്‍പ്പിച്ച മനക്കരുത്തുമായാണ് രാജീവന്റെ ജീവിതം. നന്നേ ചെറുപ്പത്തിലെ പോളിയോ ബാധിച്ച് കൈകാലുകള്‍ തളര്‍ന്നു. കൈകള്‍ക്ക് ശേഷി അല്പം കുറവാണ്. പക്ഷെ വിധിയെ പഴിച്ച് ജീവിതം ജീവിച്ചു തീര്‍ക്കാന്‍ രാജീവന്‍ തയ്യാറായിരുന്നില്ല. എങ്ങനെയെങ്കിലും ഒരു വരുമാന മാര്‍ഗം കണ്ടെത്തണമെന്ന ചിന്തയിലാണ് ലോട്ടറി കച്ചവടം ആരംഭിച്ചത്. കൊണ്ട് നടന്നു വില്പന നടത്താന്‍ സാധിക്കാത്തത് കാരണം വില്പന മുച്ചക്രവണ്ടിയിലാക്കി. എല്ലാദിവസവും രാവിലെ തന്നെ ഇദ്ദേഹം കാലിക്കടവിലെത്തും. പഞ്ചായത്ത് കെട്ടിടത്തിന്റെ വടക്കുവശം ചേര്‍ത്ത് വണ്ടി ഒതുക്കി വച്ചാണ് ലോട്ടറി വില്പ്പന. പിലിക്കോട്ടുകാര്‍ക്ക് രാജീവന്‍ വെറുമൊരു ലോട്ടറിവില്‍പ്പനക്കാരന്‍ മാത്രമല്ല. വിശ്വസ്തതയോടെ എല്ലാകാര്യങ്ങളും എല്പ്പിക്കുവാന്‍ പറ്റുന്ന ആളുകൂടിയാണ്. പത്രക്കാര്‍ക്കുള്ള വാര്‍ത്തകളും, മറ്റുള്ളവര്‍ക്കുള്ള എഴുത്തുകളും എന്തിനധികം പണം വരെ പലരും ഇദ്ദേഹത്തെ ഏല്‍പ്പിച്ചു പോകുന്നു. ഇന്നുവരെ ഇതെല്ലാം കൈമാറുന്ന കാര്യത്തില്‍ ഒരു പരാതിക്കും രാജീവന്‍ ഇടയാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ കാലിക്കടവിലെത്തുന്നവര്‍ക്കെല്ലാം രാജീവന്‍ പ്രിയപ്പെട്ടയാളാകുന്നു. രജനിയാണ് രാജീവന്റെ ഭാര്യ. രതിന്‍രാജ്, രജിന എന്നിവര്‍ മക്കളും. എല്ലാം വിധിയെന്ന് പറഞ്ഞ് തളര്‍ന്നിരിക്കുന്നവര്‍ രാജീവന്റെ ജീവിതം കാണണം. ഇദ്ദേഹത്തിന്റെ മനക്കരുത്തിന്റെ വിജയം മാതൃകയാക്കണം. തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട് ഫോട്ടോ: വിജേഷ് ചന്തേര
കൊടക്കാട്: ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെട്ട് പരിഹാരം കണ്ടെത്തുമ്പോഴും, നീതി നിഷേധങ്ങള്‍ക്കെതിരെ തൂലികകൊണ്ട് വിപ്ലവം കുറിച്ച കൊടക്കാട് രാഘവന്റെ കവിതാസമാഹാരം പുറത്തിറങ്ങി. റെഡ് സല്യൂട്ട് എന്നാണു കവിതാ സമാഹാരത്തിന്റെ പേര്. ഇരുപതോളം കവിതകളാണ് ഇതിലുള്ളത്. സമൂഹത്തെ നന്മയുടെ വഴികളിലേക്ക് നയിക്കാനുള്ള ശ്രമങ്ങള്‍ ഇതിലെ ഓരോ കവിതയിലും കാണാം. സംഘാടകന്‍, പ്രഭാഷകന്‍, ജനപ്രധിനിധി എന്നീ നിലകളില്‍ ശോഭിച്ച രാഘവേട്ടന്‍ കവിതകളിലൂടെയും തന്റെ കഴിവ് തെളിയിക്കുകയാണ് ഈ പുസ്തകത്തിലൂടെ. പുസ്തക പ്രകാശനം വെള്ളച്ചാലില്‍ കരിവെള്ളൂര്‍ മുരളി നിര്‍വഹിച്ചു. ടി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. വി പി പി മുസ്തഫ പുസ്തകത്തെ പരിചയപ്പെടുത്തി.
ചൂരിക്കൊവ്വല്‍: മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഓര്‍മയായിട്ട് വര്‍ഷങ്ങളായെങ്കിലും അദ്ദേഹത്തിന്റെ മരിക്കാത്ത ഓര്‍മകളുമായി ജീവിക്കുകയാണ് പിലിക്കോട് ചൂരിക്കൊവ്വലിലെ രാജന്‍. നസീറിനെ പോലെ ജീവിക്കുകയും, നസീറിന്റെ സിനിമകള്‍ കാണാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന രാജന്‍ നാട്ടുകാര്‍ക്ക് 'നസീര്‍ രാജനാണ്'. കുട്ടിക്കാലത്ത് നസീര്‍ സിനിമകള്‍ കണ്ട് അദേഹത്തിന്റെ ആരാധകനായി മാറിയ രാജന്‍ ഒരു കാലത്ത് നസീറിനെ പോലെ മുടി ചീകിയും, വസ്ത്രങ്ങള്‍ ധരിച്ചും നടന്നിരുന്നു. നസീര്‍ സിനിമകളല്ലാതെ മറ്റൊരു സിനിമയും ഈ നാട്ടുംപുറത്തുകാരന്‍ കാണാറില്ല.പഴുതാര മീശയും, സഫാരി സ്യൂട്ടും അണിഞ്ഞ്, നസീറിനെ പോലെ സംസാരിച്ചു നടന്നിരുന്ന രാജന്‍ ആദ്യം നാട്ടുകാര്‍ക്ക് കളി കഥാപാത്രമായിരുന്നു. എന്നാല്‍ രാജന്റെ ആരാധന തിരിച്ചറിഞ്ഞ നാട്ടുകാര്‍ പിന്നീട് ഇദ്ദേഹത്തെ അംഗീകരിച്ചു. നസീര്‍ അഭിനയിച്ച മുഴുവന്‍ സിനിമകളും കണ്ടിട്ടുള്ള രാജന്‍, നസീറിന്റെ ചിത്രങ്ങളും, സിനിമാ നോട്ടിസുകളും കൊണ്ട് മനോഹരമായ ഒരു ആല്‍ബവും ഒരുക്കിയിട്ടുണ്ട്. എല്ലാവര്‍ഷവും നസീര്‍ ചരമദിനത്തില്‍ രാജന്‍ ചിറഴിന്‍കീഴില്‍ എത്തും. നസീറിന്റെ കുടുംബാംഗങ്ങള്‍ക്ക് സ്വന്തം ഭാവനയില്‍ രൂപകല്പന ചെയ്ത ശില്‍പ്പങ്ങള്‍ സമ്മാനിക്കുകയും സൌഹൃദം പങ്കിടുകയും ചെയ്യും. നസീറിനെ അത്രയേറെ സ്നേഹിക്കുന്ന രാജന് തന്റെ ഇഷ്ട്ട കഥാപാത്രത്തെ മറ്റുള്ളവര്‍ ടി വി ചാനലുകളിലൂടെ കളിയാക്കുന്നത് കാണുമ്പോള്‍ ഏറെ വിഷമം തോന്നും. ഈ വര്‍ഷം ചിറഴിന്‍ കീഴില്‍ പോയപ്പോള്‍ തന്റെ അനുജന്‍ വരച്ച നസീര്‍ ചിത്രമാണ് രാജന്‍ കൊണ്ട് പോയത്. വരും വര്‍ഷം കൊണ്ട് പോകാന്‍ നാല്ലൊരു സമ്മാനം നിര്‍മ്മിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ആരാധകന്‍. റിപ്പോര്‍ട്ട്: ബാലന്‍
കാലിക്കടവ്:കാലിക്കടവിലുള്ള പിലിക്കോട് പഞ്ചായത്ത് ഓഫീസിന് വടക്കുവശത്തെ ഉന്തുവണ്ടിക്ക് മുന്നില്‍ വൈകുന്നേരമായാല്‍ തിരക്കൊഴിഞ്ഞ നേരമുണ്ടാവില്ല .ഈ ഉന്തുവണ്ടിയാണ് തമ്പാനേട്ടന്റെ ചായക്കട .ഒരിക്കല്‍ ഇവിടെയെത്തി ചായകുടിച്ചവര്‍ പിന്നീടെപ്പോള്‍ കാലിക്കടവിലെത്തിയാലും ഇവിടെയെത്തും .അതാണ്‌ ഈ അമ്പത്തിമൂന്നുകാരന്റെ കൈപുന്ന്യത്തിന്റെ മഹിമ .കൊടക്കാട് ഒലാട്ട് സ്വദേശിയായ യു .തമ്പാന്‍ ഇരുപത് വര്ഷം മുന്‍പാണ് കാലിക്കടവില്‍ ചായക്കച്ചവടം തുടങ്ങുന്നത്.ഇത്രയും കാലത്തിനിടയില്‍ പലരുടെയും മാറാത്ത ശീലങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു ഇവിടുത്തെ ചായകുടി .രാവിലെ മുതല്‍ ഉച്ചവരെ വീട്ടില്‍ നിന്നും പലഹാരങ്ങള്‍ ഉണ്ടാക്കിയെടുക്കും.അതിനുശേഷം പലഹാരപ്പെട്ടിയുമായി സൈക്കിളില്‍ കാലിക്കടവിലേക്ക്.മൂന്ന് മണിയോടെ തുടങ്ങുന്ന കച്ചവടം പലഹാരങ്ങള്‍ തീരുന്നത് വരെയാണ് . ഇത് ആറു മണിക്കപ്പുറം നീളാറില്ല .അന്നും ഇന്നും വില്‍പ്പന നടത്തുന്ന പലഹാരങ്ങളുടെ എണ്ണത്തിലോ,രുചിയിലോ യാതൊരു വ്യത്യാസവും ഇല്ല .പരിപ്പുവട , നെയ്യപ്പം ,ഉള്ളിവജ, ബോണ്ട ,സുഗിയന്‍ ,ബെന്‍സ്,തേങ്ങാബന്ന്,എന്നിങ്ങനെ എഴുതരംപലഹാരങ്ങള്‍ .നിരത്തിവച്ചിരിക്കുന്ന ഭരണികളില്‍ നിന്നും ഇഷ്ടമുള്ള പലഹാരങ്ങള്‍ തിരഞ്ഞെടുക്കാം .അനുഭവത്തിന്റെ കയ്യടക്കത്തില്‍ ആരെയും മുഷിപ്പിക്കാതെ അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള ചായ പെട്ടെന്ന് തന്നെ കൈകളില്‍ എത്തുകയും ചെയ്യും .ഇവിടെയെത്തുന്നവരില്‍ ഭൂരിപക്ഷവും പതിവായെത്തുന്നവരാണ്.ചായകുടി മാത്രമല്ല സൌഹൃദ കൂട്ടായ്മയുടെ വേദി കൂടിയാണ് ഇവിടം .അതുകൊണ്ട് തന്നെ എന്നും ഒരുപാടുപേര്‍ കാത്തിരിക്കുന്നു തമ്പാനേട്ടന്റെ സൈക്കിള്‍ മണിയൊച്ച കേള്‍ക്കാന്‍ ..പിന്നെ ഇഷ്ടത്തോടെ ഒരു ചായ കുടിക്കാന്‍ .....
കരപ്പാത്ത്:ഹൃദയ വാള്‍വില്‍ രൂപപ്പെട്ട മൂന്ന് ബ്ലോക്കുകള്‍ ബൈപാസ് സര്‍ജറി വഴി നീക്കി ആശുപത്രിക്കിടക്കയില്‍ നിന്നും അശോകന്‍ എത്തിയത് ഗണിത ക്ലാസ് മുറിയില്‍ .പിലിക്കോട് ജി . യു .പി സ്കൂളില്‍, ചെറുവത്തൂര്‍ ഉപജില്ലയിലെ അധ്യാപകര്‍ക്കായി ഗണിതശാസ്ത്ര അസോസിയേഷന്‍ സംഘടിപ്പിച്ച ഏകദിന പരിശീലനപരിപാടിയിലാണ് രോഗ വിഷമതകള്‍ മറന്ന് അശോകന്‍ എത്തിയത് . എടാച്ചേരി ലക്ഷംവീട് കോളനിയില്‍ താമസക്കാരനായ ഇദ്ദേഹം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണക്കിന്റെ വഴികളിലാണ് ഓട്ടോഡ്രൈവര്‍ ആയിരുന്ന അശോകന്‍ നാല് വര്‍ഷം മുന്‍പാണ് ആ തൊഴില്‍ ഉപേക്ഷിച്ച് കാലിക്കടവില്‍ ഗണിത ലാബുതുടങ്ങിയത് .കുട്ടികളും അധ്യാപകരുമെല്ലാം പഠിതാക്കളായി എത്തുന്ന ഈ ഗണിതലാബാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയസമ്പാദ്യം പസില്‍ ,ജ്യാമിതീയ രൂപങ്ങള്‍ ,തുടങ്ങി .ഗണിത പഠന ഉപകരങ്ങളുടെ വലിയശേഖരം തന്നെ അശോകന്റെ പക്കലുണ്ട് .നിരവധി അധ്യാപക പരിശീലനപരിപാടികളിലും ,കുട്ടിക്യാപുകളിലും ഗണിത വിശേഷങ്ങളുമായി . അശോകന്‍ എത്തിയിട്ടുണ്ട് .അടുത്തകാലത്താണ് രോഗവിവരംഅറിഞ്ഞത് .നാട്ടുകാരുടെയും ,ഗണിത സ്നേഹികളുടെയും സഹായത്താലാണ് ശസ്ത്രക്രിയ നടന്നത് . ഇനിയുള്ള കാലവും കണക്കിനോപ്പം കഴിയാനാണ് അശോകന്റെ തീരുമാനം അതുകൊണ്ട് തന്നെയാണ് ആശുപത്രിക്കിടക്കയില്‍ നിന്നും ഇദ്ദേഹം വീണ്ടും അധ്യാപകര്‍ക്ക് മുന്നിലെത്തിയത് .
First <<  1 2 3   >> Last