home
Total Visiters: 
ചെറുവത്തൂര്‍:;ചെറുവത്തൂര്‍ കുട്ടമത്ത് പൊന്‍മാലം വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തില്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ വിഷ്ണുമൂര്‍ത്തിയുടെ അഗ്നി പ്രവേശം. ബുധനാഴ്ച പുലര്‍ച്ചെ നടന്ന വിഷ്ണു മൂര്‍ത്തിയുടെ അഗ്നി പ്രവേശം ദര്‍ശിക്കാന്‍ നിരവധി ഭക്തര്‍ എത്തി. ക്ഷേത്രത്തില്‍ കളിയാട്ടം വ്യാഴാഴ്ച സമാപിക്കും. സമാപന ദിവസം വിഷ്ണു മൂര്‍ത്തി, ചാമുണ്ഡി ,ഭഗവതി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. ഫോട്ടോ; കുഞ്ഞിക്കൃഷ്ണന്‍ ഷീബ സ്റ്റുഡിയോ
കാലിക്കടവ് : ദൈവം വാഴുന്ന കുന്നാണ്‌ പിലിക്കോട്ടെ വീത്കുന്ന്. കൈകൂപ്പി തൊഴുതുനില്‍ക്കാന്‍ ഈശ്വരചൈതന്യവും, കണ്ണെടുക്കാതെ നോക്കി നില്‍ക്കാന്‍ പ്രകൃതി സൌന്ദര്യവും നിറഞ്ഞു നില്‍ക്കുന്ന ദേവസ്ഥാനമാണ് ഇവിടം. ദേശാധിപത്യം വഹിക്കുന്ന രയരമംഗലം ഭഗവതി ക്ഷേത്രത്തിനു കീഴിലാണ് വീത്കുന്ന് വിഷ്ണു മൂര്‍ത്തി ക്ഷേത്രം. പിലിക്കോട്ടെ കാവല്‍ക്കാര്‍ അടിയന്തിരാദി കര്‍മ്മങ്ങള്‍ നടത്തുന്ന ഈ ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളാല്‍ സമ്പന്നമാണ്.കാലിക്കടവില്‍ നിന്നും അല്‍പം പടിഞ്ഞാറ് മാറി വറക്കോട്ട് വയലോട് ചേര്‍ന്നാണ് ഈ ദേവസ്ഥാനം സ്ഥിതിചെയ്യുന്നത്. കുന്നുമ്മല്‍ തെയ്യം: എല്ലാവര്‍ഷവും തുലാമാസം 22 നാണ് വീതുകുന്നില്‍ തെയ്യമെത്തുക. പിലിക്കോട്ടുകാര്‍ക്ക് ഇത് കുന്നുമ്മല്‍ തെയ്യമാണ്‌...,പിലിക്കോട് രയരമംഗലം ക്ഷേത്രത്തിന് സമീപത്തുള്ള വടക്കേന്‍ വാതിലില്‍ നിന്നും ദൂരങ്ങള്‍ താണ്ടിയെത്തി വിഷ്ണുമൂര്‍ത്തിയുടെ തെയ്യക്കോലം വീത്കുന്ന് കയറുന്ന ദിനത്തില്‍ ഇവിടുത്തെ ഗ്രാമീണ ജനതയും കുന്നിന്‍ മുകളിലെത്തും. നടപ്പന്തലിലെത്തി വിഷ്ണുമൂര്‍ത്തിയില്‍ നിന്നും വരപ്രസാദമായ മഞ്ഞള്‍കുറിയും, സര്‍വൈശ്വര്യങ്ങളും ഏറ്റുവാങ്ങാന്‍.........,....കുന്നിന്‍ മുകളില്‍ തെയ്യങ്ങള്‍ കെട്ടാറില്ല. രയരമംഗലം ഭഗവതി ക്ഷേത്രത്തിന്‍റെ വടക്കെനടയായ വടക്കേന്‍ വാതില്‍ക്കലില്‍ അഗ്നി പ്രവേശം നടത്തിയ തെയ്യക്കോലമാണ് കുന്നിന്‍ മുകളിലേക്ക് വന്നെത്തുന്നത്. ആ ചടങ്ങുകള്‍ ഇങ്ങനെ.... തുലാം 22 ന് രാവിലെ വടക്കേംവാതിലില്‍ വിഷ്ണുമൂര്‍ത്തി അഗ്നി പ്രവേശം നടത്തും. അതിനു ശേഷം വാദ്യമേളങ്ങളുടെയും, ആര്‍പ്പു വിളികളുടെയും അകമ്പടിയോടെ ദൂരങ്ങള്‍ക്കിപ്പുറമുള്ള വീതുകുന്നിലേക്ക് വന്നെത്തും. അപ്പോഴേക്കും തെയ്യത്തിന്‍റെ വീതുകുന്നു കയറ്റം കാണാന്‍ ഭക്തര്‍ കാത്തിരിപ്പുണ്ടാകും... ഈ തെയ്യം രാത്രി എട്ടു മണിയോട് കൂടി മാത്രമേ കുന്നിറങ്ങുകയുള്ളൂ. രാവിലെ അഗ്നി പ്രവേശം നടത്തിയ വിഷ്ണുമൂര്‍ത്തി രാത്രിവരെ ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കുന്ന ദേവസ്ഥാനം മറ്റെവിടെയും ഇല്ലതാനും. വരപ്രസാദം ഏറ്റുവാങ്ങി പ്രകൃതിയുടെ സൌന്ദര്യം കണ്ട്:- തെയ്യം കാണാന്‍ കുന്നുകയറിയാല്‍ അത്ര പെട്ടെന്നൊന്നും ആരും തിരിച്ചിറങ്ങാറില്ല.'' തണല്‍ വിരിച്ചു നില്‍ക്കുന്ന ആല്‍മരങ്ങള്‍, അതിനിടയില്‍ കെട്ടിയൊരുക്കി വച്ചിരിക്കുന്ന കളിച്ചന്തകള്‍, കുന്നിന്‍ പള്ളകളില്‍ ഇളം കാറ്റേറ്റിരിക്കാന്‍ വളര്‍ന്നു വരുന്ന തണല്‍ മരങ്ങള്‍.......'',... ആരെയും പിടിച്ചിരുത്തും ഈ കാഴ്ചകളെല്ലാം. കുന്നിന്‍ മുകളില്‍ നിന്ന് നോക്കിയാല്‍ നാലുപാടു നിന്നും ഹരിത ഭംഗി കണ്ണുകളില്‍ നിറയും. നോക്കെത്താ ദൂരത്തോളം നീണ്ടു പരന്നു കിടക്കുന്ന നെല്‍വയലുകള്‍, തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍, തിങ്ങി നില്‍ക്കുന്ന കേരഭംഗി, പടിഞ്ഞാറ് മാനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അറബിക്കടല്‍ വാക്കുകള്‍ക്കതീതമാണ് വീത്കുന്നില്‍ നിന്നുള്ള ഈ കാഴ്ചകളെല്ലാം...നാട്ടിലെ പരിസ്ഥിതി സ്നേഹികളും, പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളുമൊക്കെ ചേര്‍ന്നാണ് വീത് കുന്നില്‍ വനവത്കരണം നടപ്പിലാക്കിയത്. നട്ടതില്‍ തൊണ്ണൂറ് ശതമാനം മരങ്ങളും വളര്‍ന്ന് വലുതായിരിക്കുന്നു. നെല്ലിമരങ്ങളാണ് കൂടുതല്‍.., ഇതില്‍ ഒട്ടു മിക്കതും കായ്ച്ച്‌ നില്‍ക്കുന്നു. മരങ്ങള്‍ വളര്‍ന്നതോടെ നിരവധി പക്ഷികളും ഇവിടേക്ക് ചേക്കേറിയിരിക്കുന്നു.എല്ലാം കൊണ്ടും മനം നിറയ്ക്കുന്ന കാഴ്ചകള്‍ ഇവിടെ നിറയുന്നു. വിസ്മയമായി കുന്നിന്‍ മുകളിലെ കിണര്‍ കുന്നിന്‍ മുകളില്‍ കുന്നോളം ആഴമുള്ള ഒരു കിണറുണ്ട്. ഏത് വേനലിലും വറ്റാത്ത ശുദ്ധജലം ലഭിക്കുന്ന ഈ കിണര്‍ എന്നും എല്ലാവര്‍ക്കും ഒരു വിസ്മയമാണ്.ക്ഷേത്രത്തില്‍ അടിയന്തിരാദി കര്‍മ്മങ്ങള്‍ക്കുള്ള വെള്ളം ഈ കിണറില്‍ നിന്നാണെടുക്കുന്നത്. കുന്നിന്‍ താഴ്വരയിലെ കിണറുകളില്‍ വെള്ളം വറ്റിയാലും ഈ കിണറില്‍ ജലം സമൃദ്ധമായിരിക്കും. ഈവര്‍ഷത്തെ കളിയാട്ടം നവംബര്‍ 6,7 തീയ്യതികളില്‍ പിലിക്കോട് രയരമംഗലം വടക്കേന്‍ വാതില്‍ വീത്കുന്ന് വിഷ്ണു മൂര്‍ത്തി ക്ഷേത്ര കളിയാട്ട മഹോത്സവം നവമ്പര്‍686,7 6,7 തിയ്യതികളില്‍ നടക്കും. 6 ന് വൈകുന്നേരം വടക്കെന്‍വാതിലില്‍ കളിയാട്ടം കൂടും. രാത്രിയില്‍ പടുവളത്തില്‍ പരദേവത മൂവരായ വിഷ്ണുമൂര്‍ത്തി, അങ്കക്കുളങ്ങര ഭഗവതി, രക്ത ചാമുണ്ഡി എന്നി തെയ്യങ്ങളുടെ തോറ്റങ്ങളും, പനിയന്‍ തെയ്യവും നടക്കും. 7 നു രാവിലെ 8 .30 ന് വടക്കേന്‍ വാതില്‍ക്കല്‍ വിഷ്ണുമൂര്‍ത്തിയുടെ അഗ്നി പ്രവേശം. അങ്കക്കുളങ്ങര ഭഗവതി, രക്ത ചാമുണ്ഡി എന്നി തെയ്യങ്ങളും അരങ്ങിലെത്തും. തുടര്‍ന്ന്11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ വീത്കുന്ന് കയറ്റം. പ്രസാദമായി ഇത്തവണ അന്നദാനവും തെയ്യം കുന്നു കയറിയാല്‍ പിന്നെ വീത്കുന്നിലേക്ക് ഭക്തരുടെ ഒഴുക്കാണ്. വിഷ്ണുമൂര്‍ത്തിയുടെ ദര്‍ശനം തേടിയെത്തുന്ന ഭക്തര്‍ക്ക്‌ ഇതാദ്യമായി ഇത്തവണ അന്നദാനവും നടക്കും.കുന്നിന് താഴെ ഇതിനായുള്ള സൗകര്യം ഒരുക്കിക്കഴിഞ്ഞു. 6 ന് രാവിലെ പത്തുമണിക്ക് പടുവളം പടക്കളത്തില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്രയും നടക്കും.ഏഴിന് വിഷ്ണുമൂര്‍ത്തി വീത് കുന്ന് കയറുന്നതോടെ അന്നദാനം ആരംഭിക്കും. ക്ഷേത്രങ്ങളിലേക്കുള്ള വഴി രയരമംഗലം വടക്കേന്‍ വാതില്‍-....,,,പിലിക്കോട് തോട്ടം ഗേറ്റ് ബസ്റ്റോപ്പില്‍ നിന്നും പടന്ന റോഡിലൂടെ നടന്നെത്താവുന്ന ദൂരം വീത്കുന്ന്; കാലിക്കടവില്‍ നിന്നും പടുവളത്തില്‍ നിന്നും പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിന് അരികിലൂടെ നടന്നെത്താവുന്ന ദൂരം. തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട് ഫോട്ടോ: അനീഷ്‌ ഫോക്കസ്
ചെറുവത്തൂര്‍:; ചെറുവത്തൂര്‍ കൊവ്വല്‍ അഴിവാതുക്കല്‍ വിഷ്ണു മൂര്‍ത്തിയുടെ അഗ്നി പ്രവേശം കാണാന്‍ നിരവധി ഭക്തരെത്തി. ക്ഷേത്രത്തിന് മുന്നിലെ വലിയ ഇഡുവിനരികിലൊരുക്കിയ മേലേരിയില്‍ വിഷ്ണുമൂര്‍ത്തി അഗ്നി പ്രവേശം നടത്തി . നവംബര്‍ രണ്ട് വരെ ഇവിടെ കളിയാട്ടം നീണ്ട്‌ നില്‍ക്കും. കളിയാട്ട ദിവസങ്ങളില്‍ ചാമുണ്ഡി ,വിഷ്ണു മൂര്‍ത്തി തെയ്യക്കോലങ്ങള്‍ കെട്ടിയാടും. രണ്ടിന് രാത്രി 7.30 ന് കൂടിപ്പിരിയല്‍ ചടങ്ങോടെ കളിയാട്ടം സമാപിക്കും.
കാലിക്കടവ്: പിലിക്കോട് രയരമംഗലം കോട്ടം വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന കളിയാട്ടത്തോടെ പിലിക്കോടും പരിസരപ്രദേശങ്ങളിലും കളിയാട്ടക്കാലത്തിന് തുടക്കമായി. താഴത്തെ പാലാട്ട് തറവാട് വക നടന്ന പ്രാര്‍ത്ഥന കളിയാട്ടത്തില്‍ ഊര്‍പ്പഴശ്ശിയുടെ വെള്ളാട്ടവും,വേട്ടയ്ക്കൊരുമകന്‍റെ തിറയും കെട്ടിയാടി. ഈ പ്രദേശത്ത്‌ ഒറ്റക്കോല മഹോത്സവത്തിന് ഇന്ന് ആണ്ടാള്‍ ഒറ്റക്കൊലത്തോടെ തുടക്കമാവും.ചൊവ്വാഴ്ച രാവിലെയാണ് ഇവിടെ വിഷ്ണു മൂര്‍ത്തിയുടെ അഗ്നി പ്രവേശം. തുടര്‍ന്ന് 6,7 തീയ്യതികളില്‍ പിലിക്കോട് വടക്കേന്‍ വാതില്‍ വീത്കുന്ന് ഒറ്റക്കോലവും, 8,9 തീയ്യതികളില്‍ തെരു സോമേശ്വരി ക്ഷേത്രകളിയാട്ട മഹോത്സവവും നടക്കും
ചെറുവത്തൂര്‍:; ചെറുവത്തൂര്‍ കൊവ്വല്‍ അഴിവാതുക്കല്‍ കളിയാട്ട മഹോത്സവം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെ നടക്കും. കളിയാട്ട ദിവസങ്ങളില്‍ ചാമുണ്ഡി ,വിഷ്ണു മൂര്‍ത്തി തെയ്യക്കോലങ്ങള്‍ കെട്ടിയാടും.ഒക്ടോബര്‍ 31 ന് രാവിലെയാണ് വിഷ്ണുമൂര്‍ത്തിയുടെ അഗ്നി പ്രവേശം. രണ്ടിന് രാത്രി 7.30 ന് കൂടിപ്പിരിയല്‍ ചടങ്ങോടെ കളിയാട്ടം സമാപിക്കും.
കാലിക്കടവ്: തടിയന്‍ കൊവ്വല്‍ കാലിച്ചാന്‍ ദേവസ്ഥാനത്ത് പത്താമുദയ നാളില്‍ കാലിച്ചാന്‍ തെയ്യം ഭക്തര്‍ക്ക്‌ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു. കൃഷിയുടെ അഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനുമാണ് പൊതുവേ കാലിച്ചാൻ ദൈവത്തെ ആരാധിച്ചു പോരുന്നത്. പൊയ്ക്കണ്ണ്‍ അണിഞ്ഞ് കന്നക്കത്തിയെന്തി അമ്പും വില്ലുമായി നടക്കുന്ന കാലിച്ചാൻ‌ തെയ്യത്തിന്‍റെ രൂപം വയനാട്ടുകുലവനെ ഓർ‌മ്മിപ്പിക്കുന്നതാണ്. കാഞ്ഞിര മരച്ചുവട്ടില്‍ തെയ്യം‌ ഉറഞ്ഞാടിയപ്പോള്‍ ചെറുപ്പക്കാർ‌ ആർ‌പ്പുവിളികളുമായി തെയ്യത്തിന് അകമ്പടി സേവിച്ചു .എല്ലാവര്‍ഷവും തുലാം പത്തിനാണ് ഇവിടെ കൃഷിയുടെ സംരക്ഷകനായി കണക്കാക്കുന്ന ഈ തെയ്യം കെട്ടിയാടുന്നത്‌. ., വണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണ് കാലിച്ചാന്‍ തെയ്യത്തിന്‍റെ കോലമണിയുന്നത്
കാലിക്കടവ് : പിലിക്കോട് തെരു സോമേശ്വരി ക്ഷേത്രം കളിയാട്ട മഹോത്സവം നവംബര്‍ 8,9 തീയ്യതികളില്‍ നടക്കും. 8 ന് വൈകുന്നേരം 6 മണിക്ക് അടയാളം കൊടുക്കല്‍., രാത്രി 10 മണിക്ക് വെള്ളാട്ടം. രാത്രി ഒരു മണിക്ക് ശേഷം വിഷ്ണു മൂര്‍ത്തി, ചൂളിയാര്‍ ഭഗവതി, മൂവാളംകുഴി ചാമുണ്ഡി തെയ്യക്കോലങ്ങളുടെ തോറ്റം. 9 ന് രാവിലെ മുതല്‍ പടവീരന്‍, വിഷ്ണു മൂര്‍ത്തി, ചൂളിയാര്‍ ഭഗവതി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് 2.30 ന് പ്രധാന ആരാധനാമൂര്‍ത്തിയായ മൂവാളംകുഴി ചാമുണ്ഡി അരങ്ങിലെത്തും. തുടര്‍ന്ന് ഗുളികന്‍ തെയ്യവും കെട്ടിയാടും. ഉച്ചയ്ക്ക് 12 മണിമുതല്‍ അന്നദാനവും ഉണ്ടാകും. 8 ന് രാത്രി 8 മണിക്ക് അനുമോദന യോഗവും, നൃത്ത സന്ധ്യയും നടക്കും. തുടര്‍ന്ന് രാത്രി 11 മണിക്ക് പയ്യന്നൂര്‍ ജ്വാല തീയ്യറ്റെഴ്സ് അവതരിപ്പിക്കുന്ന വില്‍ക്കലാമേള വയനാട്ട് കുലവന്‍.
ചീമേനി: ഉത്തര കേരളത്തിലെ ഏറ്റവും വലിയ കളിയാട്ട സ്ഥലങ്ങളില്‍ ഒന്നായ ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ രണ്ടാഴ്ചക്കാലമായി നടന്നു വന്ന കളിയാട്ട മഹോത്സവത്തിന് ഇന്ന് അര്‍ദ്ധരാത്രിയോടെ സമാപനമാകും. സമാപന ദിവസമായ ഇന്ന് രാവിലെ രക്ത ചാമുണ്ഡി അരങ്ങിലെത്തി ഭക്തര്‍ക്ക്‌ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു. ഉച്ചയോടെയാണ് പ്രധാന ആരാധനാ മൂര്‍ത്തിയായ വിഷ്ണുമൂര്‍ത്തി അരങ്ങിലെത്തിയത്. അപ്പോഴേക്കും ക്ഷേത്രവും പരിസരവും ഭക്തരെ കൊണ്ട് നിറഞ്ഞിരുന്നു.മണിക്കൂറുകള്‍ കാത്തുനിന്നാണ് പലരും വിഷ്ണു മൂര്‍ത്തിയില്‍ നിന്നും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങിയത്. ക്ഷേത്രത്തിലെത്തിയ ആയിരങ്ങള്‍ക്ക് അന്നദാനവും ഉണ്ടായിരുന്നു.
കാലിക്കടവ്: പിലിക്കോട് മല്ലക്കര വിഷ്ണുമൂര്‍ത്തി ക്ഷേത്രം ദ്വിദിന കളിയാട്ടം സമാപിച്ചു. സമാപന ദിവസമായ ഇന്ന് രക്ത ചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി, പടവീരന്‍ എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടി. രാവിലെ ക്ഷേത്രത്തില്‍ നിന്നും യാത്ര ആരംഭിച്ച പടവീരന്‍ രയരമംഗലത്ത് എത്തിയ ശേഷം സമീപ പ്രദേശങ്ങളിലെ വീടുകളില്‍ എത്തി. അരിയും, ധനവും നല്‍കി ഭക്തര്‍ പടവീരന്‍ ദൈവത്തെ എതിരേറ്റു. അരി തന്നെയാണ് ഈ തെയ്യം നല്‍കുന്ന പ്രസാദവും.ഭഗവതിയുടെ പുറപ്പാടിന് മുന്നേ പടവീരന്‍ തെയ്യം ക്ഷേത്രത്തില്‍ തിരിച്ചെത്തി. കളിയാട്ട ഭാഗമായി വെള്ളിയാഴ്ച രാത്രി കലാപരിപാടികളും, നാടന്‍ പാട്ടരങ്ങും അരങ്ങേറി
കാലിക്കടവ്: പിലിക്കോട് രയരമംഗലം കോട്ടം വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം കളിയാട്ടം സമാപാന ദിവസമായ ഇന്ന് ഊര്‍പ്പഴശ്ശിയും, വേട്ടയ്ക്കൊരുമകനും ഭക്തര്‍ക്ക്‌ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു. രാവിലെ പതിനൊന്ന് മണിയോടെ ഊര്‍പ്പഴശ്ശി അരങ്ങിലെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വേട്ടയ്ക്കൊരുമകന്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയത്. തുലാഭാരവും,തേങ്ങയേറും നടന്നു.
കാലിക്കടവ്: കാലിക്കടവ് കരക്കേരു അരങ്ങത്ത്‌ ഭഗവതി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് തുടക്കമായി. കേണോത്ത് തറവാട്ടില്‍ നിന്നും ദീപവും തിരിയും കൊണ്ടുവന്നു. തുടര്‍ന്ന് ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. നിരവധിപേര്‍ ഘോഷയാത്രയില്‍ അണിനിരന്നു. ഇന്ന് രാത്രി എട്ടുമണിക്ക് ധര്‍മ്മദൈവത്തിന്‍റെ പുറപ്പാട് നടക്കും.നാളെ പുലര്‍ച്ചെ നാല് മണിമുതല്‍ ചിരുകണ്ടന്‍ ദൈവം,മന്ത്രമൂര്‍ത്തി, ഗുളികന്‍, കാലിചാന്‍, പുള്ളിചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രധാന ആരാധനാ മൂര്‍ത്തിയായ അരങ്ങില്‍ ഭഗവതി ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കും
കാലിക്കടവ്; കുരുത്തോല കൊണ്ടുള്ള തിരുമുടിയണിഞ്ഞ്, കയ്യില്‍ ശൂലമേന്തി കൈമണിയും കിലുക്കി മാരണ ഗുളികന്‍ പിലിക്കോട് ദേവ സങ്കേതത്തിനകത്ത് സഞ്ചാരം തുടങ്ങി. കോതോളി മാരണ ഗുളികന്‍ ദേവസ്ഥാനത്ത് അരങ്ങിലെത്തിയ ഗുളികന്‍ രയരമംഗലം ക്ഷേത്ര നടയിലെത്തി ഭഗവതിയെ കണ്ട് വണങ്ങിയ ശേഷമാണ് ഭക്തര്‍ക്ക്‌ അനുഗ്രഹം ചൊരിഞ്ഞത്. എല്ലാ വര്‍ഷവും മേട മാസം എട്ടാം തീയ്യതിയാണ് ഗുളികന്‍ കെട്ടിയാടുന്നത്‌.രൌദ്ര ഭാവമാണ് ഗുളികന്. കോപ്പാള സമുദായത്തില്‍ പെട്ടവരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. കോതോളി ദേവസ്ഥാനത്ത് ഉച്ചഗുളികനും കെട്ടിയാടി.വരുന്ന പന്ത്രണ്ട് ദിവസങ്ങളില്‍ കൂടി ഭക്തരുടെ പ്രാര്‍ത്ഥനയായി ഉച്ച ഗുളികനും, മാരണ ഗുളികനും കെട്ടിയാടും
കാലിക്കടവ്: അപൂര്‍വമായി മാത്രം കെട്ടിയാടാറുള്ള ശ്രീഭൂതം പിലിക്കോട്‌ കെട്ടിയാടി. പിലിക്കോട്‌ തെക്കറെത്ത് തറവാട്‌ നാടുണര്‍ത്തല്‍ കളിയാട്ടത്തിലാണ് ശിവാംശ ചൈതന്യവുമായി ശ്രീഭൂതം അനുഗ്രഹങ്ങള്‍ ചൊരിഞ്ഞത്. കൈലാസത്തില്‍ നിന്നും ഭൂതം കളിയാട്ടത്തിനെത്തുന്നു എന്നാണ് വിശ്വാസം. ഭൂതവും പരികര്‍മ്മിയും തമ്മിലുള്ള സംഭാഷണം ഭക്തരെ രസിപ്പിക്കുന്നതരത്തിലാണ്. ചുവപ്പ് പട്ടുടുത്തു മുഖപ്പാള വച്ച് ലളിതമായ വേഷമാണ് ശ്രീഭൂതത്തിന്‍റെത്.നിരവധിപേര്‍ തെയ്യത്തെ ദര്‍ശിക്കാനും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങാനും എത്തി
കാലിക്കടവ്: ഉത്തര കേരളത്തിലെ പൂരോത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രങ്ങളിലും,കാവുകളിലും ഇന്ന് പൂരംകുളി. ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രത്തില്‍ രാവിലെ തന്നെ പൂരം കുളിച്ചു. വാദ്യമേളങ്ങളോടെ വിഗ്രഹവും തിരുവായുധങ്ങളും കുളക്കടവിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഇവയെല്ലാം കുളിപ്പിച്ച് ശുദ്ധിവരുത്തി നൂറുകണക്കിനാളുകള്‍ ക്ഷേത്രത്തിലെത്തി. കാലിക്കടവ് കരക്കകാവ് ഭഗവതി ക്ഷേത്രത്തില്‍ നിരവധി ഭക്തര്‍ പൂരകുളി കാണാന്‍ എത്തി. ഫോട്ടോ:രചനബാബു
First <<  1 2 3 4 5 6 7   >> Last