home
Total Visiters: 
ഉദിനൂര്‍ : ചരിത്ര പ്രസിദ്ധമായ ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍ പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന പാട്ട് മഹോത്സവത്തിന് ഫെബ്രുവരി 1 ന് തുടക്കമാകും. എല്ലാ ദിവസവും ഉത്തരമലബാറിലെ പ്രഗത്ഭ വാദ്യക്കാര്‍ ഒരുക്കുന്ന വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള തിരുവായുധം എഴുന്നള്ളത്ത് നടക്കും. ഒന്നാം പാട്ട് ദിവസം വൈകു.6ന് തൃക്കരിപ്പൂര്‍ നാദതരംഗിണിയുടെ ഭക്തിഗാനമേള, രണ്ടാംപാട്ടിന് വൈകു.6ന് പെരളം രമണി സുരേന്ദ്രന്റെ അഷ്ടപദി,6.30ന് കൊട്ടിയൂര്‍ പി എസ് മോഹനന്റെ ആദ്ധ്യാത്മിക പ്രഭാഷണം, മൂന്നാം പാട്ടിന് വൈകു.6ന് പാണിവാദരത്‌നം കലാമണ്ഡലം പ്രൊഫസര്‍ ഷോര്‍ണ്ണൂര്‍ ഈശ്വരനുണ്ണിയുടെ ചാക്യാര്‍കൂത്ത്, നാലാം പാട്ടിന് വൈകു.6ന് മഡിയന്‍ രാധാകൃഷ്ണന്റെ തായമ്പക, അഞ്ചാംപാട്ടിന് വൈകു. 6ന് പാലക്കാട് വള്ളുവനാട് നാടന്‍കലാ കേന്ദ്രം അവതരിപ്പിക്കുന്ന നാടന്‍ കലാരൂപം കേത്രാട്ടം, ആറാംപാട്ടിന് വൈകു.6ന് സര്‍വ്വൈശ്വര്യ വിളക്കുപൂജ,ഏഴാം പാട്ട് ദിവസം വൈകു.6ന് കേളി, തായമ്പക,പഞ്ചവാദ്യം, 7.30ന് ചലച്ചിത്ര പിന്നണി ഗായകന്‍ ഡിക്‌സണ്‍ നയിക്കുന്ന പയ്യന്നൂര്‍ സ്വരരാഗ് ഓര്‍ക്കെസ്ട്രയുടെ ഗാനമേള എന്നിവയും നടക്കും. ഫെബ്രുവരി 11 തെയ്യം ദിവസം വൈകു.6ന് പ്രതിഭാസംഗമം.രാത്രി 12ന് നിരവധി ചൂട്ടുകളുടെ അകമ്പടിയോടെയുള്ള കലശം എഴുന്നള്ളത്ത്. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും നടക്കും
ചെറുവത്തൂര്‍:; മുഴക്കോം ചാലക്കാട്ട് മാടം ചെക്കിപ്പാറ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി ജനുവരി 24 മുതല്‍ 27 വരെ നടക്കും. ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് പാറമ്മല്‍ ദുര്‍ഗാ ഭഗവതി -ഗോശാല ക്ഷേത്ര സമുച്ചയത്തില്‍ നിന്ന് ദീപവും തിരിയും എഴുന്നള്ളത്തും, കലവറ നിറയ്ക്കല്‍ ഘോഷയാത്രയും നടന്നു. കളിയാട്ട ഭാഗമായി ചെക്കിപ്പാറ ഭഗവതി, വിഷ്ണുമൂര്‍ത്തി, വൈരജാതന്‍, മുന്നായര്‍, പുള്ളൂര്‍ കാളി, പുള്ളി കരിങ്കാളി, രക്തചാമുണ്ഡി, എരോത്ത് ചാമുണ്ഡി എന്നി തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തി.ഇന്ന് രാത്രി പത്തുമണിക്ക് ഏഷ്യാനെറ്റ് സിനിമാല ടീം അവതരിപ്പിക്കുന്ന ചാലക്കാട്ട് മഹോത്സവം (കോമഡി ഷോ, ഗാനമേള, സിനി മാറ്റിക് ഡാന്‍സ്) അരങ്ങേറും. ഇരുപത്തിയാറിന് രാത്രി പത്തുമണിക്ക് കരിമരുന്നു പ്രയോഗം നടക്കും. കളിയാട്ട ദിനങ്ങളില്‍ അന്നദാനവും ഉണ്ടാകും.27 നാണ് കളിയാട്ട സമാപനം പടം :കളിയാട്ടഭാഗമായി അരങ്ങിലെത്തിയ പുള്ളൂര്‍ കാളി, പുള്ളിക്കരിങ്കാളി തെയ്യക്കോലങ്ങള്‍. ഫോട്ടോ:അനീഷ്‌ കാലിക്കടവ്
ചെറുവത്തൂര്‍:; മുഴക്കോം ചാലക്കാട്ട് മാടം ചെക്കിപ്പാറ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ജനുവരി 24 മുതല്‍ 27 വരെ നടക്കും. കളിയാട്ടതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഘോഷ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 24 ന് രാവിലെ പത്തു മണിക്ക് പാറമ്മല്‍ ദുര്‍ഗാ ഭഗവതി -ഗോശാല ക്ഷേത്ര സമുച്ചയത്തില്‍ നിന്ന് ദീപവും തിരിയും എഴുന്നള്ളത്തും,കലവറ നിറയ്ക്കല്‍ ഘോഷയാത്രയും ആരംഭിക്കും. കളിയാട്ട ദിനങ്ങളില്‍ ചെക്കിപ്പാറ ഭഗവതി, വിഷ്ണുമൂര്‍ത്തി, വൈരജാതന്‍, മുന്നായര്‍, പുള്ളൂര്‍ കാളി, പുള്ളി കരിങ്കാളി, രക്തചാമുണ്ഡി, എരോത്ത് ചാമുണ്ഡി എന്നി തെയ്യക്കോലങ്ങള്‍ കെട്ടിയാടും. കളിയാട്ട ഭാഗമായി ജനുവരി ഇരുപത്തിയഞ്ചിന് രാത്രി പത്തുമണിക്ക് ഏഷ്യാനെറ്റ് സിനിമാല ടീം അവതരിപ്പിക്കുന്ന ചാലക്കാട്ട് മഹോത്സവം (കോമഡി ഷോ, ഗാനമേള, സിനി മാറ്റിക് ഡാന്‍സ്) അരങ്ങേറും. ഇരുപത്തിയാറിന് രാത്രി പത്തുമണിക്ക് കരിമരുന്നു പ്രയോഗം നടക്കും. കളിയാട്ട ദിനങ്ങളില്‍ അന്നദാനവും ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ എ.കുഞ്ഞിരാമന്‍, എന്‍ വി രാമചന്ദ്രന്‍, ഇ.പി മോഹന്‍ദാസ്‌, ജയകുമാര്‍, പി. രത്നാകരന്‍, പ്രദീപ്‌ .എ എന്നിവര്‍ പങ്കെടുത്തു.
തൃക്കരിപ്പൂര്‍ : കൊയോങ്കര പുതിയടത്തട്ടിന് മീത്തല്‍ ശ്രീപൂമാല ഭഗവതിക്ഷേത്രം തട്ടിനു താഴെ കളിയാട്ടം ഫെബ്രുവരി 20,21,22 തീയ്യതികളിലായി നടത്തും. ഇതിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തില്‍ ക്ഷേത്രം പ്രസിഡണ്ട് വി. വി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞമ്പു വെളിച്ചപ്പാടന്‍, ശങ്കരന്‍ അന്തിതിരിയന്‍, ക്ഷേത്ര സമുദായികളായ എ. കുഞ്ഞിരാമന്‍, വി. രാമന്‍, കമലാക്ഷന്‍, ടി. ചന്ദ്രന്‍, കെ. വി.മുകുന്ദന്‍, ഉദിനൂര്‍ സുകുമാരന്‍, കെ. കുഞ്ഞിരാമന്‍, കെ. അമ്പു തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്രം സെക്രട്ടറി പി.പി. ഷിബു സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: വി.വി. കൃഷ്ണന്‍ (ചെയര്‍മാന്‍), കെ. കുഞ്ഞിരാമന്‍ (വൈ.ചെയര്‍മാന്‍), പി.പി.ഷിബു കണ്‍വീനര്‍), കെ.വി. മുകുന്ദന്‍-- ജോ.കണ്‍വീനര്‍)
കാലിക്കടവ്: ചെറുവത്തൂര്‍ കാട്ടുതല കാലിച്ചാന്‍ ദേവസ്ഥാനത്ത് കാലിച്ചാന്‍ ദൈവം ഉറഞ്ഞാടി. ആര്‍പ്പു വിളികളോടെ കുട്ടികള്‍ പൂക്കള്‍ എറിഞ്ഞ് ദൈവത്തെ അരങ്ങിലേക്ക് എതിരേറ്റു. കര്‍ഷകരുടെ ദുരിതങ്ങള്‍ അകറ്റാന്‍ കന്നുകാലികള്‍ക്ക് ദൈവമായി അവതരിച്ച ശിവസുതനാണ് കാലിച്ചാന്‍ ദൈവം എന്നാണു വിശ്വാസം. കാഞ്ഞിര മര ചുവട്ടിലാണ് ഈ ദൈവത്തിന്‍റെ ആരൂഡം. അപൂര്‍വമായി മാത്രമേ ഈ തെയ്യം കെട്ടിയാടാറുള്ളൂ. ഭക്തരുടെ സങ്കടങ്ങള്‍ കേട്ട് ദൈവം പ്രസാദം നല്‍കി അവരെ അനുഗ്രഹിച്ചു. ഫോട്ടോ: പ്രകാശന്‍ കുട്ടമത്ത്
കാലിക്കടവ്: പിലിക്കോട് കരക്കാവ് ഭഗവതി ക്ഷേത്രം വടക്കേനട ഒറ്റക്കോല മഹോത്സവം ജനുവരി 8 ,9 തീയ്യതികളില്‍ നടക്കും. 8 ന് വൈകുന്നേരം 6 മണിക്ക് കരക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ദീപവും, തിരിയും എഴുന്നള്ളിക്കും. തുടര്‍ന്ന് രാത്രി ഒന്‍പതു മണിക്ക് രയരമംഗലം വടക്കേം വാതില്‍ക്കലില്‍ നിന്നും വര്‍ണ്ണ ശബളമായ കാഴ്ചവരവ് നടക്കും.കരകാട്ടം, കാവടിയാട്ടം, വാദ്യമേളങ്ങള്‍ തുടങ്ങിയവ കാഴ്ചയുടെ മാറ്റ് കൂട്ടും. തോറ്റം പാട്ടോട് കൂടി വടക്കേനടയില്‍ കാഴ്ച സമര്‍പ്പണം നടക്കും. രാത്രി 11 .30 ന് ഗാനമേളയും അരങ്ങേറും. 9 ന് രാവിലെ ഏഴുമണിക്ക് വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം നടക്കും Photo: Ajesh Kalikadavu
കാലമാറ്റത്തിലും മാറാതെ പരമ്പരാഗതരീതിയില്‍ പിലിക്കോട് കരക്കക്കാവ്‌ ഭഗവതീക്ഷേത്രത്തില്‍ 'ഉണ്ടുലിങ്ങ' അപ്പമൊരുക്കല്‍ എല്ലാവര്‍ഷവും വൃശ്ചിക സംക്രമ ദിനത്തിലാണ് ഏറെ സവിശേഷതകളുള്ള ഈ അപ്പമൊരുക്കുന്നത്. പുന്നെല്ലിന്‍ അരി ഉരലും ഉലക്കയും ഉപയോഗിച്ചാണ് പൊടിച്ചെടുക്കുന്നത്. സംക്രമദിനത്തില്‍ പുലര്‍ച്ചെ തന്നെ ഇതാരംഭിക്കുന്നു. ക്ഷേത്രത്തിന്റെ നാല് ഊരുകളായ കരക്കേരു, മല്ലക്കര, കണ്ണങ്കൈ, അരയാക്കീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വാല്യക്കാരും, സ്ത്രീകളും അപ്പനിര്‍മ്മാണത്തിനായി ക്ഷേത്രത്തിലെത്തും. ക്ഷേത്രത്തിലെ കൂട്ടായ്ക്കാര്‍ വീടുകളില്‍ നിന്നും ശേഖരിച്ച നെല്ലാണ് അരിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഏറെ ശ്രമകരമായ ജോലിയാണ് ഉരലില്‍ അരി പൊടിച്ചെടുക്കുകയെന്നത്. ഇങ്ങനെ പൊടിച്ച്‌ എടുക്കുന്ന അരി കുഴച്ചെടുത്ത് അതില്‍ പഴം ശര്‍ക്കര എന്നിവ ചേര്‍ത്താണ് ചെരുവയുണ്ടാക്കുന്നത്. വലിയ വട്ടലങ്ങളില്‍ ചെറിയ ഉരുളകളാക്കിയ മാവ്‌ ചുട്ടെടുക്കുന്നു. ഉറപ്പേറിയ അപ്പമായതിനാല്‍ ഇത് കടിച്ചുപൊട്ടിക്കാന്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ കടിച്ചാല്‍ പൊട്ടാത്ത അപ്പമെന്നും ഇതറിയപ്പെടുന്നു. രാത്രിയില്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കെല്ലാം അപ്പം വിതരണം ചെയ്യും. ക്ഷേത്ര നടത്തിപ്പുകാരായ കൂട്ടായ്ക്കാരുടെ മാറ്റവും വൃശ്ചിക സംക്രമദിനത്തിലാണ് നടക്കുക. ഫോട്ടോ: അജേഷ്‌ കരക്കേരു
മാവിലാക്കടപ്പുറം: കടലിലേക്കോടിയ തെയ്യത്തെ തടുത്തുനിര്‍ത്തി തൊഴുതു വണങ്ങി ഭക്തര്‍ കാവിലേക്കു തിരികെയെത്തിച്ചു. മാവിലാക്കടപ്പുറം ഒരിയരക്കാവ് വിഷ്ണു മൂര്‍ത്തി ക്ഷേത്ര കളിയാട്ടത്തിലാണ് ഭക്തിസാന്ദ്രമായ ഈ ചടങ്ങ് നടന്നത്. കടല്‍ കടന്നെത്തിയ ദൈവം തിരികെ പോകാന്‍ ഒരുങ്ങുമ്പോള്‍ ഭക്തര്‍ ആ യാത്രയെ തടയുന്നു. നാടിനും, നാട്ടാര്‍ക്കും കാവലായി എന്നും ഇവിടെത്തന്നെ കുടികൊള്ളണമെന്ന ഭക്തരുടെ അപേക്ഷയെ തുടര്‍ന്ന് തെയ്യം തിരികെയെത്തുന്നതാണ് അനുഷ്ഠാന തികവോടെ നടക്കുന്ന ഈ ചടങ്ങ്. ഇതിനു മുന്നോടിയായി വിഷ്ണുമൂര്‍ത്തിയുടെ അഗ്നി പ്രവേശവും നടന്നു. നൂറു കണക്കിന് ഭക്തര്‍ ക്ഷേത്രത്തിലെത്തി.
കരപ്പാത്ത്: ഭക്തിയുടെ നിറവാര്‍ന്ന അന്തരീക്ഷത്തില്‍ പിലിക്കോട് രയരമംഗലം വടക്കേന്‍ വാതില്‍ക്കലില്‍ വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അഗ്നി പ്രവേശം നടന്നത്. നൂറു കണക്കിന് ഭക്തജനങ്ങള്‍ ദര്‍ശന സൌഭാഗ്യം തേടിയെത്തി. രക്ത ചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടി. തുടര്‍ന്ന് വീതുകുന്നിലെത്തി. ഇവിടേക്ക് നിരവധി ഭക്തജനങ്ങള്‍ ഒഴുകിയെത്തും. ഫോട്ടോ: സന്തീപ്‌ പിലിക്കോട് കൂടുതല്‍ ദൃശ്യങ്ങള്‍ക്ക്‌ ക്യാമറ കണ്ണിലൂടെ ക്ലിക്ക്‌ ചെയ്യുക.....
കാലിക്കടവ്: ദൈവം വാഴുന്ന കുന്നാണ്‌ പിലിക്കോട്ടെ വീത്കുന്ന്. കൈകൂപ്പി തൊഴുതുനില്‍ക്കാന്‍ ഈശ്വരചൈതന്യവും, കണ്ണെടുക്കാതെ നോക്കി നില്‍ക്കാന്‍ പ്രകൃതി സൌന്ദര്യവും നിറഞ്ഞു നില്‍ക്കുന്ന ദേവസ്ഥാനമാണ് ഇവിടം. ദേശാധിപത്യം വഹിക്കുന്ന രയരമംഗലം ഭഗവതി ക്ഷേത്രത്തിനു കീഴിലാണ് വീത്കുന്ന് വിഷ്ണു മൂര്‍ത്തി ക്ഷേത്രം. പിലിക്കോട്ടെ കാവല്‍ക്കാര്‍ അടിയന്തിരാദി കര്‍മ്മങ്ങള്‍ നടത്തുന്ന ഈ ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളാല്‍ സമ്പന്നമാണ്. കുന്നുമ്മല്‍ തെയ്യം: എല്ലാവര്‍ഷവും തുലാമാസം 22 നാണ് വീതുകുന്നില്‍ ഉത്സവം. പിലിക്കോട്ടുകാര്‍ക്ക് ഇത് കുന്നുമ്മല്‍ തെയ്യമാണ്‌. ദൂരങ്ങള്‍ താണ്ടിയെത്തി വിഷ്ണുമൂര്‍ത്തിയുടെ തെയ്യക്കോലം വീത്കുന്ന് കയറുന്ന ദിനത്തില്‍ ഇവിടുത്തെ ഗ്രാമീണ ജനതയും കുന്നിന്‍ മുകളിലെത്തും. നടപ്പന്തലിലെത്തി വിഷ്ണുമൂര്‍ത്തിയില്‍ നിന്നും വരപ്രസാദമായ മഞ്ഞള്‍കുറിയും, സര്‍വൈശ്വര്യങ്ങളും ഏറ്റുവാങ്ങാന്‍.... കുന്നിന്‍ മുകളില്‍ തെയ്യങ്ങള്‍ കെട്ടാറില്ല. രയരമംഗലം ഭഗവതി ക്ഷേത്രത്തിന്‍റെ വടക്കെനടയായ വടക്കേന്‍ വാതില്‍ക്കലില്‍ അഗ്നി പ്രവേശം നടത്തിയ തെയ്യക്കോലമാണ് കുന്നിന്‍ മുകളിലേക്ക് വന്നെത്തുന്നത്. ആ ചടങ്ങുകള്‍ ഇങ്ങനെ.... തുലാം 22 ന് രാവിലെ വടക്കേംവാതിലില്‍ വിഷ്ണുമൂര്‍ത്തി അഗ്നി പ്രവേശം നടത്തും. അതിനു ശേഷം വാദ്യമേളങ്ങളുടെയും, ആര്‍പ്പു വിളികളുടെയും അകമ്പടിയോടെ ദൂരങ്ങള്‍ക്കിപ്പുറമുള്ള വീതുകുന്നിലേക്ക് വന്നെത്തും. അപ്പോഴേക്കും തെയ്യത്തിന്‍റെ വീതുകുന്നു കയറ്റം കാണാന്‍ ഭക്തര്‍ കാത്തിരിപ്പുണ്ടാകും... ഈ തെയ്യം രാത്രി എട്ടു മണിയോട് കൂടി മാത്രമേ കുന്നിറങ്ങുകയുള്ളൂ. രാവിലെ അഗ്നി പ്രവേശം നടത്തിയ വിഷ്ണുമൂര്‍ത്തി രാത്രിവരെ ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കുന്ന ദേവസ്ഥാനം മറ്റെവിടെയും ഇല്ല... വരപ്രസാദം ഏറ്റുവാങ്ങി പ്രകൃതിയുടെ സൌന്ദര്യം കണ്ട്:- തെയ്യം കാണാന്‍ കുന്നുകയറിയാല്‍ അത്ര പെട്ടെന്നൊന്നും ആരും തിരിച്ചിറങ്ങാറില്ല. തണല്‍ വിരിച്ചു നില്‍ക്കുന്ന ആല്‍മരങ്ങള്‍, അതിനിടയില്‍ കെട്ടിയൊരുക്കി വച്ചിരിക്കുന്ന കളിച്ചന്തകള്‍, കുന്നിന്‍ പള്ളകളില്‍ ഇളം കാറ്റേറ്റിരിക്കാന്‍ വളര്‍ന്നു വരുന്ന തണല്‍ മരങ്ങള്‍.... ആരെയും അല്‍പനേരം പിടിച്ചിരുത്തും ഈ കാഴ്ചകളെല്ലാം. കുന്നിന്‍ മുകളില്‍ നിന്ന് നോക്കിയാല്‍ നാലുപാടു നിന്നും ഹരിത ഭംഗി കണ്ണുകളില്‍ നിറയും. നോക്കെത്താ ദൂരത്തോളം നീണ്ടു പരന്നു കിടക്കുന്ന നെല്‍വയലുകള്‍,തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍,തിങ്ങി നില്‍ക്കുന്ന കേരഭംഗി, പടിഞ്ഞാറ് മാനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അറബിക്കടല്‍ വാക്കുകള്‍ക്കതീതമാണ് ഈ കാഴ്ചകളെല്ലാം... ഈവര്‍ഷത്തെ കളിയാട്ടം 7 ,8 തീയ്യതികളില്‍ പിലിക്കോട് രയരമംഗലം വടക്കേന്‍ വാതില്‍ക്കല്‍ വീത്കുന്ന് കളിയാട്ട മഹോത്സവം നവമ്പര്‍ 7, 8 തിയ്യതികളില്‍ നടക്കും. 8 നു രാവിലെ 8 .30 നു വടക്കേന്‍ വാതില്‍ക്കല്‍ വിഷ്ണുമൂര്‍ത്തിയുടെ അഗ്നി പ്രവേശം. 11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ വീത്കുന്ന് കയറ്റം. തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട് ഫോട്ടോ: അനീഷ്‌ ഫോക്കസ്
ചെറുവത്തൂര്‍: ചെറുവത്തൂര്‍ കൊവ്വല്‍ അഴിവാതുക്കല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം ദര്‍ശിക്കാന്‍ ഭക്തജനങ്ങള്‍ ഒഴുകിയെത്തി. കളിയാട്ടത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ എഴുമണിയോടെയായിരുന്നു അഗ്നിപ്രവേശം. കളിയാട്ടം മൂന്നിന് സമാപിക്കും. കടപ്പാട് :പ്രശാന്ത് മനിയേരി
കാലിക്കടവ്: പിലിക്കോട് തെരു സോമേശ്വരി ക്ഷേത്ര കളിയാട്ട മഹോത്സവം നവംബര്‍ ഒന്‍പത്, പത്ത് തീയ്യതികളില്‍ നടക്കും. ഒന്‍പതിന് വൈകുന്നേരം 6 മണിക്ക് അടയാളം കൊടുക്കല്‍, രാത്രി ഒരു മണിക്ക് ശേഷം വിഷ്ണുമൂര്‍ത്തി, ചൂളിയാര്‍ ഭഗവതി, മൂവാളം കുഴിചാമുണ്ഡി തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്. പത്തിന് രാവിലെ മുതല്‍ പടവീരന്‍, വിഷ്ണുമൂര്‍ത്തി, ചൂളിയാര്‍ ഭഗവതി എന്നി തെയ്യക്കോലങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് 2 .30നാണ് പ്രധാന ആരാധനമൂര്‍ത്തിയായ മൂവാളംകുഴി ചാമുണ്ഡിയുടെ പുറപ്പാട്, തുടര്‍ന്ന് ഗുളികന്‍ ദൈവവും കെട്ടിയാടും. കളിയാട്ട ഭാഗമായി ഒന്‍പതിന് രാത്രി ഏഴുമണിക്ക് കുട്ടികളുടെ കലാപരിപാടികളും, പതിനൊന്നു മണിക്ക് പയ്യന്നൂര്‍ എസ് എസ് ഓര്‍ക്കെസ്ട്രയുടെ ഗാനമേളയും അരങ്ങേറും. പത്തിന് 12 മണി മുതല്‍ അന്നദാനവും ഉണ്ടാകും.
First <<  1 2 3 4 5 6 7   >> Last