home
Total Visiters: 
ചെറുവത്തൂര്‍: ചെറുവത്തൂര്‍ കൊവ്വല്‍ അഴിവാതുക്കല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം കളിയാട്ട മഹോത്സവം ഒക്ടോബര്‍ 31 നവമ്പര്‍ 1 ,2 , 3 തീയ്യതികളില്‍ നടക്കും. കളിയാട്ടത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇഡുവിനു താഴെ വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശത്തിനുള്ള മേലേരി ഒരുങ്ങിക്കഴിഞ്ഞു. ഒന്നിന് രാവിലെ 6 .30 നാണ് വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം. ചാമുണ്ടേശ്വരിയും കളിയാട്ട ദിനങ്ങളില്‍ കെട്ടിയാടും.
കാലിക്കടവ്: ഉത്തരമലബാറില്‍ മറ്റൊരു തെയ്യക്കാലം കൂടി വന്നെത്തി. തെയ്യക്കാലത്തിനു തുടക്കമാവുന്ന പത്താമുദയ ദിനത്തില്‍ തടിയന്‍കൊവ്വല്‍ കാലിച്ചോന്‍ ദേവസ്ഥാനത്ത് കാലിച്ചോന്‍തെയ്യം കെട്ടിയാടി. നിരവധി ഭക്തജനങ്ങള്‍ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങാനെത്തി. നാട്ടിലെ കളിയാട്ട വിശേഷങ്ങള്‍ വായനക്കാരിലെത്തിക്കാന്‍ പോസ്റ്റ്പെട്ടിയും വിപുലമായ ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു. വാര്‍ത്തകള്‍ മുഖത്തെഴുത്തിലൂടെ വായിക്കാം. കളിയാട്ടസ്ഥലങ്ങളിലെ കാഴ്ചകള്‍ ക്യാമറ കണ്ണിലും നിറയും. ഫോട്ടോ :രാഹുല്‍ ഉദിനൂര്‍
കാലിക്കടവ്: വീണ്ടുമൊരു തുലാം പത്തു കൂടി വന്നെത്തി. ഈ ദിനത്തിലെ സൂര്യോദയത്തെ ഉത്തര കേരളത്തിലുള്ളവര്‍ ഐശ്വര്യത്തിന്റെ ഉദയമായിട്ടാണ് കണക്കാക്കുന്നത്. നിരതിരി തെളിയിച്ച വിളക്കിനെ സാക്ഷിയാക്കി അരിയും തുമ്പപ്പൂവും എറിഞ്ഞ് സൂര്യഭഗവാനെ എതിരേല്‍ക്കുന്ന ചടങ്ങ് ഇന്നും പല ഭവനങ്ങളിലും കാണാം. ധാന്യ സമൃദ്ധി, ധനലാഭം, ഭൂമി ലാഭം, സന്താന സൌഖ്യം, ഈശ്വരാനുഗ്രഹം, ആയുര്‍ ദേവഹിതം തുടങ്ങി പത്ത് ഐശ്വര്യങ്ങള്‍ പത്താമുദയാചാരണത്തിലൂടെ വന്നു ചേരുമെന്നാണ് വിശ്വാസം. പത്താമുദയം ഗ്രാമീണ ജനതയ്ക്ക് പത്താതയാണ്. ഈ ദിനത്തില്‍ കാലിച്ചാനൂട്ട്‌ എന്നൊരു ചടങ്ങും ചുരുക്കം ചിലയിടങ്ങളിലെങ്കിലും നടന്നു വരുന്നു. ആലയുടെ കന്നിമൂലയില്‍ അടുപ്പൊരുക്കി ഉണക്കലരിപ്പായാസം ഉണ്ടാക്കി അത് കാഞ്ഞിരയിലയില്‍ വിളമ്പി കാലികളെ ദീപം കാണിക്കുന്ന ചടങ്ങാണിത്‌. ക്ഷേത്രങ്ങളിലും, തറവാടുകളിലും പ്രത്യേക അടിയന്തിരങ്ങളും ഈ ദിനത്തില്‍ നടക്കും.
കാലിക്കടവ്: നാട്ടരങ്ങില്‍ അണിയലങ്ങള്‍ കലമ്പുന്ന മറ്റൊരു തെയ്യക്കാലത്തിന്റെ വരവിളിയറിയിച്ചു കൊണ്ട് വീണ്ടുമൊരു തുലാപ്പത്ത്. ആരാധനാ മൂര്‍ത്തികളായ പരദൈവങ്ങള്‍ പഥിതന്‍റെ കണ്ണീരൊപ്പാന്‍ വ്യാഴാഴ്ച മുതല്‍ നാടിറങ്ങും.നാടും നഗരവും നിറഞ്ഞു പൊലിയാന്‍ ഇഷ്ടദേവതാ പ്രീതി ലക്ഷ്യമിട്ട് പൌരാണിക മനുഷ്യന്‍ കണ്ടെത്തിയ വേറിട്ട വഴിയാണ് തെയ്യാട്ടം. ആചാരവും, അനുഷ്ഠാനവും, വിശ്വാസവും ഇഴചേരുന്ന തെയ്യാട്ടം പഴയ കോലത്തുനാട്ടിലും അള്ളടനാട്ടിലും ഗ്രാമീണ ജീവിതത്തെ പൊലിപ്പിച്ചു നിര്‍ത്തിയ പ്രേരകഘടകങ്ങളില്‍ അഗ്രിമ സ്ഥാനത്താണ്. സംഘകാലത്തോളം പഴക്കമുള്ള തെയ്യാട്ടത്തെ പുതിയ രൂപവും, ഭാവവും നല്‍കിയാണ്‌ ദൈവതിരുവരങ്ങില്‍ അവതരിപ്പിക്കുന്നത്‌. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവില്‍ കളിയാട്ടം തുടങ്ങുന്ന തുലാം പത്തിനാണ് ഉത്തരമലബാറില്‍ തെയ്യക്കാലം തുടങ്ങുന്നത്. തടിയന്‍ കൊവ്വല്‍ കാലിച്ചോന്‍ തെയ്യം, എളമ്പച്ചി നങ്ങാട്ട് ഭൈരവന്‍, അങ്കക്കുളങ്ങര ഭഗവതി, പുത്തിലോട്ടു ആണ്ടാളില്‍ മൂവര്‍ദൈവം, രയരമംഗലം കോട്ടത്ത് ഊര്‍പ്പഴശിയും, വേട്ടക്കൊരുമകനും, കേട്ടിയാടുന്നതോടെ തെയ്യങ്ങള്‍ ഉത്തര കേരളത്തിലെ മനോഹര കാഴ്ചകളാകും. വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടാത്ത തെയ്യം സക്രിയമാകണമെങ്കില്‍ നാട്ടരങ്ങില്‍ ജീവന്‍ തുടിക്കുന ശില്പഭംഗിയോടെ കോലങ്ങള്‍ അവതരിക്കണം. ചെലവേറുമെങ്കിലും കുടുംബ വഴിയായി കിട്ടിയ ആചാരത്തെ സാധനതെറ്റാതെ കൊണ്ട് നടക്കാന്‍ തന്നെയാണ്. തെയ്യക്കാരായ എല്ലാ സമുദായങ്ങളും ശ്രമിക്കുന്നത്. അണിയലങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ അവതാര മൂര്‍ത്തികളായി ദൈവത്തറകളില്‍ തെയ്യക്കാര്‍ ഉറഞ്ഞാടും. തയ്യാറാക്കിയത് :ബാലന്‍ ഫോട്ടോ :ശരത്ത് പുത്തിലോട്ട്
ചെറുവത്തൂര്‍: ചെണ്ടയുടെ ദ്രുത താളത്തിനൊത്ത് കാല്‍ചിലമ്പ് കിലുക്കി കൈവിളക്കിന്റെയും വാല്യക്കാരുടെയും, അകമ്പടിയോടെ എത്തിയ വലിയവളപ്പില്‍ ചാമുണ്ഡി ചെറുവത്തൂര്‍ തിമിരി വയലില്‍ വിത്തിട്ടു. വയലിന് നടുവില്‍ പ്രത്യേകം തയ്യാറാക്കിയ വെള്ളക്കെട്ടില്‍ വിത്തിട്ട തെയ്യം മണ്ണും, കൃഷിയും നിറഞ്ഞു പൊലിയാന്‍ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു. തെയ്യം വിത്തെറിഞ്ഞതോടെ വയലുകളില്‍ ഇനി കൃഷിയുടെ താളം. കാര്‍ഷിക ജീവിതത്തിന്റെയും ഉര്‍വരതയുടെയും പ്രതീകമായ കാട്ടുമൂര്‍ത്തിയെന്നറിയപ്പെടുന്ന തെയ്യമാണിത്. പുലയസമുദായത്തില്‍ പ്പെട്ടവര്‍ കെട്ടിയാടുന്ന ഈ തെയ്യത്തിന്‍റെ ചടങ്ങുകളെല്ലാം ഏറെ സവിശേഷതയാര്‍ന്നതാണ്. വിത്ത്‌ വിതച്ച് വയലില്‍ നൃത്തം വെച്ചശേഷം തെയ്യം ദേശസഞ്ചാരം നടത്തി. കുരുത്തോല കൊണ്ടുള്ള തിരുമുടിയും,വെള്ളികൊണ്ടുള്ള മുഖാവരണവും ,ചെമ്പട്ടുമാണ് ചാമുണ്ഡിയുടെ വേഷം. കാര്‍ഷിക തെയ്യങ്ങള്‍ അരങ്ങിലെത്തിയെങ്കിലും ഉത്തരകേരളത്തിലെ കളിയാട്ടക്കാലത്തിന് തുടക്കം കുറിക്കുക തുലാം പത്തിനാണ്.
തിടങ്ങല്‍(തുടങ്ങല്‍ ), തോറ്റം, തെയ്യം എന്നിങ്ങനെ മൂന്ന് രൂപങ്ങളിലാണ് തെയ്യം പരിപൂര്‍ത്തി പ്രാപിക്കുന്നത്. ഇതില്‍ തെയ്യത്തിന്‍റെ പുരാവൃത്തം പാടുകയാണ് തോറ്റംപാട്ടിലൂടെ. തോറ്റുക എന്നാല്‍ പാടിയുണര്‍ത്തുക എന്നര്‍ത്ഥം. തെയ്യക്കോലം കെട്ടിയാടുന്നതിനു മുന്നോടിയായി തോറ്റമോ, വെള്ളാട്ടമോ കെട്ടിയാടും. കോലക്കാരന്‍ (തെയ്യം കെട്ടുന്നയാള്‍)തന്നെയാണ് തോറ്റമോ, വെള്ളാട്ടമോ കെട്ടുക. മിക്കവാറും തെയ്യത്തിന് തലേദിവസമായിരിക്കും ഇത്. തോറ്റത്തില്‍ തെയ്യക്കാരന്‍ ലഘുവായതോതില്‍ വേഷങ്ങള്‍ അണിയുകയും. ചെണ്ടകൊട്ടിപാടുകയും ചെയ്യും. തോറ്റം പാട്ടിന്‍റെ അവസാനം ഉറഞ്ഞാട്ടവും നടക്കും. കോലക്കാരനോപ്പം മറ്റു തെയ്യക്കാരും തോറ്റംപാട്ട് പാടും. അമ്മദൈവങ്ങള്‍ക്കെല്ലാം തോറ്റങ്ങളുണ്ട്‌. പ്രാദേശീകഭേദമുള്ള തോറ്റംപാട്ടുകള്‍ കേരള ഭാഷാഗാനങ്ങളാകുന്നു. ഓരോ തെയ്യത്തിന്റെ തോറ്റം പാട്ടും അതാതിന്‍റെ പുരാവൃത്തവുമായി ബന്ധപ്പെട്ടതായിരികും. എല്ലാ തെയ്യങ്ങള്‍ക്കും തോറ്റം പതിവില്ല. ഇത്തരം തെയ്യങ്ങള്‍ക്ക് വെള്ളാട്ടമുണ്ടാകും. തോറ്റത്തില്‍ നിന്നും വ്യത്യസ്തമായി മുഖത്തെഴുതി അണിയലങ്ങള്‍ അണിഞ്ഞാണ് വെള്ളാട്ടമെത്തുക. ശിരസ്സില്‍ തൊപ്പിമുടി ധരിച്ചിരിക്കും. മുഖത്തെഴുതി ദേഹത്ത് അരിച്ചാന്തണിയും. എന്നാല്‍ ദേഹത്ത് ഉന്നം ഒട്ടിച്ചു വയ്ക്കുന്ന വെള്ളാട്ടങ്ങളുമുണ്ട്. പുലി ദൈവങ്ങളുടെ വെള്ളാട്ടം ഈ ഉന്നം വെള്ളാട്ടമാണ്. പിലിക്കോട് പ്രദേശത്ത്‌ ചന്തേര കുനുത്തൂര്‍മാടം പുലിയൂര്‍ കാളിക്ഷേത്രം ,കരക്കക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ മൂവാണ്ട് കളിയാട്ടത്തിന് ഉന്നം വെള്ളാട്ടങ്ങള്‍ കാണാം. പുരുഷതെയ്യങ്ങള്‍ക്കേറെയും വെള്ളാട്ടമാണ്. ചടുലനടനമാണ് വെള്ളാട്ടങ്ങളുടെത്‌. (തുടരും )
ആണ്ടി വേഷം കെട്ടി ഭിക്ഷാടനം നടത്തിയ സുബ്രഹ്മണ്യ സ്മരണയില്‍ കാവടി സംഘങ്ങള്‍ ദേശസഞ്ചാരം തുടങ്ങി. അനുഷ്ഠാനത്തികവോടെയാണ് പഴനി വേലായുധന്‍റെ മുദ്രയണിഞ്ഞ് കാവടിയെടുക്കുന്നത്. ഒറ്റക്കാവടി, വട്ടക്കാവടി, പാല്‍ക്കാവടി എന്നിങ്ങനെ വ്യത്യസ്തതരം കാവടികളുണ്ട്. കാവി വസ്ത്രവും രുദ്രാക്ഷ മാലയുമണിഞ്ഞ്, വേലും പീലിത്തണ്ടും, ഭസ്മത്താലവുമേന്തി ശംഖുനാദവും മുഴക്കിയാണ് ഒറ്റക്കാവടിയും, വട്ടക്കാവടിയും എത്തുക. പാല്‍ക്കാവടി ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഇരു വശങ്ങളിലും ചങ്ങലയില്‍ തൂക്കിയിട്ട ഓട്ടുമുരുടകളുള്ള കാവടിത്തണ്ടും ചുമലിലേന്തി വാദ്യമേളങ്ങളോടെയാണ് പാല്‍ക്കാവടി എത്തുന്നത്. യാത്രയ്ക്കിടയില്‍ ചില വീടുകളില്‍ കാവടിപൂജയും നടത്താറുണ്ട്‌. രാത്രി സമയത്താണ് പൂജ നടക്കുക. സുബ്രഹ്മണ്യന്‍ കോവിലുകളില്‍ നടക്കുന്ന ആണ്ടിയൂട്ട്‌ ഉത്സവത്തിന് ശേഷമാണ് കാവടി സംഘങ്ങള്‍ പഴനിയിലേക്ക് യാത്ര തിരിക്കുക. ഫോട്ടോ: ജിജോ പിലിക്കോട്
കാലത്തിന്‍റെ കുത്തൊഴുക്കിലും വടക്കന്‍ കേരളത്തിലുള്ളവര്‍ നെഞ്ചോട്‌ ചേര്‍ത്ത്പിടിക്കുന്ന അനുഷ്ഠാനകലാരൂപമാണ് തെയ്യം. രൂപത്തിലും, സങ്കല്‍പ്പത്തിലും വ്യത്യസ്തമാണ് തെയ്യങ്ങള്‍ ഓരോന്നും. ഓരോ തെയ്യവും അരങ്ങില്‍ എത്തുമ്പോള്‍ നിറയുന്നത് വ്യത്യസ്തങ്ങളായ കലകളുടെ സമ്മേളനമാണ്‌. നൃത്തവും, വാദ്യവും, ഗീതവും, ചിത്രകലയും, ശില്പകലയും എല്ലാം തെയ്യത്തില്‍ സമ്മേളിക്കുന്നു. ചമയങ്ങളാണ് തെയ്യത്തിന് രൂപ ഭംഗി പകരുന്നത്. "മുക്കാല്‍ ചമയവും കാല്‍ കോലവും" എന്നൊരു ചൊല്ലുതന്നെയുണ്ട്. തെയ്യത്തെ ആകര്‍ഷകമാക്കുന്ന ചമയങ്ങളെ അണിയലങ്ങള്‍ എന്നാണ് വിളിക്കുക. മരം, ലോഹം, കവിടി, തുണി, പീലിത്തുണ്ട്, കുരുത്തോല, വാഴപ്പോള, പൂവ്, മുള തുടങ്ങിയവ കൊണ്ടാണ് അണിയലങ്ങള്‍ നിര്‍മ്മിക്കുക. കവുങ്ങിന്‍ പാള, ലോഹങ്ങള്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ച്, ചിത്ര പണികള്‍ ചെയ്ത പൊയ്മുഖങ്ങളും ചില തെയ്യങ്ങള്‍ ധരിക്കാറുണ്ട്. വൈവിധ്യമാര്‍ന്ന ഒടകളും, മുടികളും വ്യത്യസ്തങ്ങളായ ആകൃതിയിലും, നിറത്തിലുമുള്ള അണിയലങ്ങളും തെയ്യത്തിനുണ്ട്. തിരിയോല (കുരുത്തോല )കൊണ്ടുള്ള അണിയലങ്ങലാണ് ഒലി, അരയോട എന്നിവ. വാഴത്തട കൊണ്ട് അരയോടത്തട്ട് കെട്ടി കുരുത്തോലയും, തെങ്ങിന്‍പാന്തവും, ഈര്‍ക്കിലും കൊണ്ടാണ് അരയോടയുണ്ടാക്കുക. ഇത് ഏറെ ശ്രമകരമായ ജോലിയാണ്. കൈകള്‍ക്ക് പലതരം കൈക്കരു, കാലുകള്‍ക്ക് കാക്കരു, ശിരോലങ്കാരമായി തലച്ചമയങ്ങളും, മുടിയും... ഇങ്ങനെപോകുന്നു അണിയലങ്ങള്‍. ഇതില്‍ പലതും മുന്‍കൂട്ടി തയ്യാറാക്കുന്നവയാണ്. ഓലച്ചമയങ്ങള്‍ ഓരോ തെയ്യത്തിനും അനുസരിച്ച് അതാത് കളിയാട്ട സ്ഥലങ്ങളില്‍ നിന്നും നിര്‍മ്മിച്ചെടുക്കും. തെയ്യങ്ങള്‍ ഭംഗിയുള്ള അണിയലങ്ങള്‍ അണിയണമെന്നത് കളിയാട്ടം നടത്തുന്നവരുടെ ആവശ്യമാണ്‌. അതുകൊണ്ട് തന്നെ ഓരോ വര്‍ഷത്തേക്കും ആവശ്യമായ അണിയലങ്ങള്‍ തെയ്യക്കാലമാല്ലാത്ത കന്നിമാസത്തില്‍ ഒരുക്കിയെടുക്കും. ഇതിനായി വൈദഗ്ധ്യം നേടിയ കലാകാരന്മാര്‍ തെയ്യക്കാര്‍ക്കിടയിലുണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമായി മറ്റു വിഭാഗക്കാര്‍ നിര്‍മ്മിച്ച്‌ നല്‍കുന്ന അണിയലങ്ങലുമുണ്ട്. തെയ്യച്ചമയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഓട്ടുകരുക്കള്‍, ചിലമ്പ്, പറ്റും പാടകം, തലപ്പാളി, വെള്ളോട്ട് പട്ടം, വിവിധതരം മിന്നുകള്‍ എന്നിവ തെയ്യക്കാര്‍ക്ക് നിര്‍മ്മിച്ച്‌ നല്‍കുന്നത് മൂശാരിമാരാണ്. വെള്ളിത്തലപ്പാളിയും, വെള്ളിപ്പൂവും നിര്‍മ്മിച്ച്‌ നല്‍കുന്നത് തട്ടാന്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. തെയ്യച്ചമയങ്ങളിലൂടെയുള്ള ചെറിയൊരു കടന്നുപോക്കുമാത്രമാണ് ഇവിടെ നടത്തിയത്..... (തുടരും )
ഉത്തരകേരളത്തിലെ അനുഷ്ഠാന കലാരൂപമാണ്‌ തെയ്യം. ഓരോ വര്‍ഷവും തെയ്യക്കാലം തുടങ്ങുക തുലാമാസം പത്തിനാണ്. ഇതിനുമുന്‍പ് ചിലസ്ഥലങ്ങളില്‍ കാര്‍ഷിക തെയ്യങ്ങള്‍ അരങ്ങിലെത്തും. ഈ വര്‍ഷവും കളിയാട്ടക്കാലം ഇങ്ങടുത്തെത്താറായി. തുലാമാസത്തില്‍ ഒറ്റക്കോലമഹോത്സവം നടക്കുന്ന സ്ഥലങ്ങളില്‍ നാള്‍മരം മുറിച്ചു തുടങ്ങി. മഞ്ഞള്‍ക്കുറി വരപ്രസാദമായി നല്‍കി ഭക്തരുടെ സങ്കടങ്ങള്‍ക്ക് അറുതിയേകുന്ന ശക്തിചൈതന്യമാണ് ഓരോതെയ്യവും. ദൈവം എന്ന പദത്തിന്റെ തത്ഭവ രൂപമാണ് തെയ്യം. വിശ്വാസത്തിലപ്പുറം ഗ്രാമീണ ജനതയുടെ ഒത്തുചേരലിന്റെ ഇടം കൂടിയാണ് ഓരോ കളിയാട്ടസ്ഥലവും. തുലാം പിറന്നാല്‍ പിന്നെ തെയ്യാട്ടക്കാര്‍ക്ക് തിരക്കിന്‍റെ ദിനങ്ങളാണ്. കളിയാട്ട സ്ഥാനങ്ങളില്‍ നിന്നും കളിയാട്ടസ്ഥാനങ്ങളിലെക്കുള്ള യാത്ര. ഇത് ഇടവം പാതിയില്‍ നീലേശ്വരം മന്ദന്‍പുറത്ത് കാവില്‍ നടക്കുന്ന കലശോത്സവം വരെ നീളും. പിന്നെ അടുത്ത തുലാമാസം വരെ തെയ്യാട്ടക്കാര്‍ക്ക് വിശ്രമകാലമാണ്.പണ്ടൊക്കെ കടുത്ത വറുതിയുടെ കാലമായിരുന്നു ഇവര്‍ക്കിത്. ഇന്നാസ്ഥിതിക്ക് അല്‍പ്പം മാറ്റം വന്നുകഴിഞ്ഞു.കന്നിമാസം പകുതികഴിഞ്ഞാല്‍ തെയ്യക്കാര്‍ അണിയലങ്ങള്‍ ഒരുക്കി തുടങ്ങും. വരുന്ന തെയ്യാട്ടക്കാലത്തിനായി തെയ്യക്കോപ്പുകള്‍ ഒരുക്കി എടുക്കല്‍ ... ഈ വരുന്ന തെയ്യക്കാലത്തിനായി അണിയലങ്ങള്‍ ഒരുക്കിതുടങ്ങിയിരിക്കുന്നു. (തുടരും ...) തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട്
കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ പ്രഥപ മുതല്‍ നവമി വരെയുള്ള നവരാത്രി ആഘോഷങ്ങള്‍ക്ക് സെപ്തംബര്‍ 28 ബുധനാഴ്ച തുടക്കമാവും. നവരാത്രി എന്നാല്‍ ഒന്‍പതു രാത്രികള്‍. ഉള്ളിലെ ഇരുട്ടിനെ അകറ്റി ജ്ഞാനത്തിന്‍റെ വെളിച്ചം തെളിയിക്കാനുള്ളതാണ് ഈ ഒന്‍പതു രാത്രികള്‍. നവരാത്രിദിനങ്ങള്‍ പിന്നിട്ടെത്തുന്ന പത്താംദിനമാണ് വിജയദശമി. അറിവിന്റെ അടിസ്ഥാനമായ അക്ഷരങ്ങള്‍ ഹരിശ്രീ കുറിക്കുന്ന പുണ്യദിനം. നവരാത്രിയുടെ ആദ്യ മൂന്നുദിനങ്ങള്‍ ദുര്‍ഗാ പൂജയ്ക്കുള്ളതാണ്. ശക്തിയുടെ ദേവതയാണ് ദുര്‍ഗ. ആത്മശാന്തി നിറയ്ക്കുകയാണ് ദുര്ഗാപൂജയിലൂടെ ചെയ്യുന്നത്. അടുത്ത മൂന്നു ദിനങ്ങള്‍ ലക്ഷ്മി പൂജയാണ്. ഐശ്വര്യത്തിന്റെ പ്രതീകമാണ് ലക്ഷ്മിദേവി. ദുര്‍ഗാഷ്ട്ടമി, മഹാനവമി ദിനങ്ങളെത്തുമ്പോഴേക്കും മനസ്സില്‍ സത്ചിന്തകള്‍ നിറഞ്ഞിരിക്കും. വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങളും, തൊഴിലാളികളുടെ പണിയായുധങ്ങളും, വാഹനങ്ങളുമെല്ലാം പൂജയ്ക്ക് വയ്ക്കുന്നതും നവരാത്രിയുടെ അവസാനദിനങ്ങളിലാണ്. നവരാത്രി കഴിഞ്ഞ് പത്താം ദിനം എത്തുന്ന വിജയദശമി നാളില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും. പിലിക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും ക്ഷേത്രങ്ങള്‍ നവരാത്രി പൂജയ്ക്ക് ഒരുങ്ങിക്കഴിഞ്ഞു
പിലിക്കോട്: കാര്‍ഷിക സമൃദ്ധി കാംക്ഷിച്ച് പിലിക്കോട് രയരമംഗലം ഭഗവതീ ക്ഷേത്രത്തില്‍ 'കങ്കാണി' വച്ചു. നെല്‍വയലുകളുടെ സംരക്ഷകരായ കാവല്‍ക്കാര്‍ വിത്തിട്ടതു മുതല്‍ കാത്തുവന്ന വയലുകള്‍ കൊയ്യാനായി കര്‍ഷകര്‍ക്ക് കൈമാറി. എല്ലാവര്‍ഷവും കന്നിമാസം ഒന്നാം തീയതിയാണു ഈ കാര്ഷികാനുഷ്ഠാനം നടക്കുന്നത്. കാവല്ക്കാരെന്ന ആചാരക്കാരും, ക്ഷേത്രം നാല്പാടിയുമാണ് കങ്കാണി സാധനങ്ങള്‍ ഒരുക്കുന്നത്. കങ്കാണിക്കാവശ്യമായ നെല്ല്, വെറ്റില, നെയ്യ് എന്നിവ ഒരുക്കേണ്ട ചുമതല കാവല്ക്കാര്‍ക്കും കുരുത്തോല, പച്ചടക്ക എന്നിവ എത്തിക്കേണ്ടത്‌ നാല്പാടിയുമാണ്. കര്‍ഷകരില്‍ നിന്നും കാവല്ക്കാര്‍ പിരിച്ചെടുക്കുന്ന നെല്ല് പുല്ലുകൊണ്ട് പൊതികെട്ടിയാണ് ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്നത്. 'തൊള്ളു' കെട്ടുക എന്നാണു ഇതറിയപ്പെടുന്നത്. മൂന്നു തൊള്ളുകളില്‍ വ്യത്യസ്ത അളവുകളിലാണ് നെല്ല് നിറയ്ക്കുക. മുറുക്കാനുപയോഗിക്കാത്ത 'പഞ്ചകവിളി' വെറ്റിലയാണ് കങ്കാണിക്ക് ഉപയോഗിക്കുന്നത് 1 /2 കുറ്റി നെയ്യ് കിണ്ടിയിലും നിറയ്ക്കുന്നു ഇവയെല്ലാം രയരമംഗലത്ത് സമര്‍പ്പിക്കുന്നു. ഇതില്‍ അടക്ക, വെറ്റില എന്നിവ പ്രത്യേകം കുരുത്തോല കൊണ്ട് മടഞ്ഞുണ്ടാക്കിയ ' പൂക്കൊട്ടയില്‍ കെട്ടിയും നെയ്യ് കിണ്ടിയിലാക്കിയും കരിവെള്ളൂര്‍ ശിവക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നു. ക്ഷേത്രം കഴകക്കാരന്‍, മാരാര്‍ എന്നിവരാണ് കാഴ്ചവസ്തുക്കളുമായി കരിവെള്ളൂരിലേക്ക് പോകുന്നത്. ദേവിയുടെ ഭര്‍തൃസ്ഥാനമാണ് ശിവന്. ഇതോടെ പരപ്പ, ചെറുനിലം, കാനം-കരക്കേരു, നഞ്ചല്‍, മടിവയല്‍ എന്നീ വയലുകളില്‍ കൊയ്ത്തു തുടങ്ങും. കൊയ്യാന്‍ വയലുകള്‍ കുറവെങ്കിലും ഈ അനുഷ്ഠാനം മുറതെറ്റാതെ നടക്കുന്നു. കാവല്‍ക്കാരെ കുറിച്ചറിയാന്‍ വായിക്കുക 'ചൂട്ടുവെട്ടം' തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട് ഫോട്ടോ : ഭാഗ്യനാഥ്
കാലിക്കടവ്:തെയ്യാട്ടക്കാരന്റെ സങ്കടങ്ങളും,തെയ്യത്തിന്റെ പ്രത്യേകതകളും നിറയുന്ന ഡോക്യുമെന്‍ററിയാണ് 'മേലേരി '. ഇന്‍സെറ്റ് തൃക്കരിപ്പൂരിനു വേണ്ടി അമീറലി ഒളവറയും,വി കെ അനില്‍കുമാറും ചേര്‍ന്നാണ് ഇത് തയ്യാറാക്കിയത് .കുഞ്ഞാര പെരുവണ്ണാനെപോലെ തെയ്യം കെട്ടി പൊള്ളി മുട്ടിനു താഴെ കാല്‍ മുറിച്ചു മാറ്റേണ്ടി വന്നവരുടെ കഥകള്‍ ഇതില്‍ ദൃശ്യവല്ക്കരിക്കുന്നുണ്ട് .തൃശ്ശൂരില്‍ നടന്ന ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഫോക് ഇനത്തില്‍ ഏറ്റവും നല്ല ഡോക്യുമെന്‍ററിയായി 'മേലേരി 'തിരഞ്ഞെടുക്കപ്പെട്ടു.മേലേരി എന്നാല്‍ തീക്കുണ്ഡം എന്നാണ് അര്‍ത്ഥം. വിഷ്ണുമൂര്‍ത്തിയുടെ ഒറ്റക്കോലമാണ് മേലേരിയിലേക്ക് ചാടുക.നാനാദിക്കുകളില്‍ നിന്നും ശേഖരിച്ച വിറകുകള്‍ കുത്തനെ കൂട്ടിയാണ് മേലേരി ഒരുക്കുന്നത്.നാള്‍മരം മുറിക്കല്‍ ചടങ്ങാണ് ഇതിനു ആദ്യം നടക്കുന്നത്.ചെമ്പകം,പുളി,പ്ലാവ് എന്നിവയാണ് മേലേരിക്കായി ഉപയോഗിക്കുക.ഈ ചടങ്ങുകളെല്ലാം ഡോക്യുമെന്‍ററിയില്‍ കാണാം.തെയ്യക്കാരന്റെ വിഷമാവസ്തയാണ് മേലേരി പങ്കുവയ്ക്കുന്നത്.ഒറ്റക്കോലം അഗ്നിസ്നാനം നടത്തുമ്പോള്‍ ശരീരത്തില്‍ പൊള്ളലേല്‍ക്കാത്ത ഭാഗം നന്നേ കുറവാണ്.ഒറ്റയൊലി എന്ന തിരിയോല ചുറ്റ് അരയില്‍ മുറുക്കും.മേലേരിയില്‍ ചാടുമ്പോള്‍ ഇതില്‍ പിടിച്ചാണ് വലിക്കുക.പിടി വിട്ടാല്‍ എല്ലാം തീരും.ഇങ്ങനെ ഉപജീവനത്തിനായി തെയ്യക്കോലമണിഞ്ഞ് ഒടുവില്‍ നിത്യരോഗികളായ നിരവധിപേര്‍ ഇവിടെ നരകിച്ചു കഴിയുന്നുണ്ടെന്ന് മേലേരി ഓര്‍മ്മപ്പെടുത്തുന്നു. തയ്യാറാക്കിയത്;ബാലന്‍
ചെറുവത്തൂര്‍: ഗ്രാമീണ ജനതയുടെ ഓണശീലങ്ങളില്‍ നിന്നും പടിയിറങ്ങാത്ത അനുഷ്ടാന കാഴ്ചയായി ചെറുവത്തൂര്‍ കാരിയില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഇഡുവില്‍ അമ്പെയ്ത്ത് തുടങ്ങി. കാസര്‍ഗോഡ്‌ ജില്ലയിലെ ചില ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട്‌ ഇഡു എന്ന മണ്‍തിട്ടകള്‍ കാണാമെങ്കിലും അമ്പെയ്ത്ത് നടക്കുന്ന ഇടം ഇവിടം മാത്രമാണ്. ഉത്രാടം,തിരുവോണം, അവിട്ടം ദിനങ്ങളിലാണ് ഇവിടെ അമ്പെയ്ത്ത് നടക്കുന്നത്. കാലം മാറിയെങ്കിലും പരമ്പരാഗത രീതിയില്‍ തന്നെയാണ് ഇന്നും ഇവിടെ ഈ ചടങ്ങ് നടക്കുന്നത്. പൊതിച്ച തേങ്ങ വെള്ളത്തില്‍ കുതിര്‍ത്ത് അതിന്റെ ചിരട്ട പൊട്ടിച്ചെടുത്ത കാമ്പാണ് ഇഡുവില്‍ ലക്ഷ്യമായി വയ്ക്കുന്നത്. മുള കൊണ്ടുണ്ടാക്കിയ വില്ലും, കുരുത്തോലയുടെ ഈര്‍ക്കില്‍ കൊണ്ടുണ്ടാക്കിയ വില്ലുമാണ്‌ അമ്പെയ്ത്തിനായി ഉപയോഗിക്കുന്നത്. ഇരുന്നാണ് അമ്പെയ്ത്ത്.ലക്ഷ്യത്തില്‍ അമ്പ്‌ തറക്കുന്നില്ലെങ്കില്‍ ദൂരം കുറച്ചു കൊണ്ട് വരുന്നു. ഇഡു വെന്ന തുളു വാക്കിനര്‍ത്ഥം 'ലക്‌ഷ്യം 'എന്നാണ്. ഗ്രാമീണ സമൂഹത്തിലെ അമ്പെയ്ത്ത് പരിശീലന കേന്ദ്രങ്ങളാണ് ഇഡുകള്‍. പിലിക്കോട് രയരമംഗലം വടക്കേം വാതില്‍ക്കല്‍, ചെറുവത്തൂര്‍ കൊവ്വല്‍ എന്നിവിടങ്ങളില്‍ ഇഡു കാണാം. പിലിക്കോട് അത്തം നാളിലും, ഓണനാളിലും കാമ്പ് കെട്ടാറുണ്ടെങ്കിലും അമ്പെയ്യാന്‍ ആരും എത്താറില്ല. തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട് ഫോട്ടോ: ഭാഗ്യനാഥ്
കരപ്പാത്ത്: പൊന്നു വിളഞ്ഞിരുന്ന പാടങ്ങള്‍ പൊന്‍വിലയുള്ള നാണ്യവിളകള്‍ കയ്യടക്കി തുടങ്ങിയെങ്കിലും പതിവ് തെറ്റാത്ത കാര്‍ഷികാനുഷ്ഠാനമായി പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ പുത്തരി നടന്നു. രാവിലെ 10 .31 നും 11 .18 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു ചടങ്ങുകള്‍. വറക്കോടന്‍ കാവല്‍ക്കാര്‍ മുഹൂര്‍ത്തത്തില്‍ 'പുതിയഅരി ' ക്ഷേത്രത്തിലേക്ക് കയറ്റി. തുടര്‍ന്ന് ക്ഷേത്രത്തിലെത്തിയ ഭക്തരെല്ലാം കൊടിയിലയില്‍ പുതിയ അരി ഏറ്റുവാങ്ങി. പ്രദേശത്തെ വീടുകളിലും പുത്തരി ചടങ്ങുകള്‍ നടന്നു. അവല്‍, വെല്ലം, കക്കിരി, പഴം, കുരുമുളക്, തവരയില എന്നിവയും, ക്ഷേത്രത്തില്‍ നിന്നും ലഭിച്ച പുതിയ അരിയും ചേര്‍ത്തു അവലുണ്ട ഉണ്ടാക്കി. ആക്രാണം എന്നാണു ഇതിനെ വിളിക്കുക. റേഷനരി കൊണ്ടാണെങ്കിലും ഒരുനുള്ള് പുതിയ അരി ഇട്ടുകൊണ്ടാണ് വീടുകളില്‍ ഇന്ന് ചോറ് ഉണ്ടാക്കുക. പേരിനു മാത്രം നടക്കുന്ന ചടങ്ങായി മാറുകയാണ് പുത്തരിയും. പിലിക്കോട്ടും പരിസര പ്രദേശങ്ങളിലും നെല്ല് പാകമാകാത്തതിനാല്‍ പയ്യന്നൂരില്‍ നിന്നാണ് ഇത്തവണ നെല്ല് എത്തിച്ചത്
കാലിക്കടവ്: കാലിക്കടവ് കരക്കക്കാവ്ഭഗവതി ക്ഷേത്രത്തിലെ വിഷ്ണുമൂര്‍ത്തിയുടെ വെളിച്ചപ്പാടനായ മീത്തലെ പുരയില്‍ കറുത്തമ്പുവിന് ജന്മശതാബ്ധിയുടെ നിറവ്. ക്ഷേത്രത്തിലെ പതിനഞ്ചു കളിയാട്ടങ്ങളില്‍ സാനിധ്യമാകാനുള്ള ദൈവാനുഗ്രഹം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ ദേവനര്‍ത്തകന്‍. ക്ഷേത്രത്തിലെ നാല് ഊരുകളില്‍ ഒന്നായ കണ്ണങ്കൈ ഊരില്‍ നിന്നാണ് 27 വര്‍ഷം പൂരത്തിന് കുടപിടിച്ച കറുത്തമ്പു വെളിച്ചപ്പാടനായി നിയോഗിക്കപ്പെടുന്നത്. അന്‍പത്തിയഞ്ചാം വയസ്സിലായിരുന്നു ഈ ആചാരപ്പെടല്‍. തുടര്‍ന്നിങ്ങോട്ട്‌ ക്ഷേത്രത്തിലെ പ്രധാനചടങ്ങുകളൊന്നും മുടക്കിയിട്ടില്ല എന്നതാണ് ഇദ്ദേഹത്തിന്റെ ദൈവ നിയോഗം. അടിയന്തിരം, കര്‍ക്കടകം 18, നിറ, പുത്തരി എന്നിങ്ങനെ ക്ഷേത്രത്തിലെ എല്ലാ വിശേഷ ദിവസങ്ങളിലും ഇദ്ദേഹത്തിന്റെ മുഖ്യസാനിധ്യമുണ്ട്. ഇക്കഴിഞ്ഞ കളിയാട്ടത്തിന്റെ വരവറിയിച്ചു കൊണ്ട് ഗ്രാമങ്ങള്‍ തോറുമുള്ള ഏളത്തു യാത്രയിലും പ്രായം തടസ്സമാകാതെ ഇദ്ദേഹം ഭക്തര്‍ക്ക്‌ അനുഗ്രഹം ചൊരിഞ്ഞു. ദൈവനിയോഗവും, നൂറിന്റെ വരപ്രസാദവുമായി കാല്‍ചിലമ്പും, അരമണിയും, തലയില്‍ ചുവന്നപട്ടും, നെറ്റിയില്‍ സ്വര്‍ണ്ണ നെറ്റിപ്പട്ടവും കെട്ടി, ശരീരത്തില്‍ മഞ്ഞളും, ചന്ദനവും കലര്‍ന്ന കുറികളും വരച്ച്, കയ്യില്‍ വാളും, പരിചയുമേന്തി കറുത്തമ്പു വെളിച്ചപ്പാടന്‍ ഭക്തര്‍ക്ക്‌ അനുഗ്രഹം ചൊരിയുന്നു. ഗുണം വരണം... ഗുണം വരണം... ഗുണം വരണേ.... തയ്യാറാക്കിയത്:ബാലന്‍ ഫോട്ടോ :അനീഷ്‌ ഫോക്കസ്
First <<  1 2 3 4 5 6 7   >> Last