home
Total Visiters: 
ഉത്തരകേരളത്തില്‍ അപൂര്‍വമായി മാത്രം കെട്ടിയാടുന്ന തെയ്യക്കോലമാണ് വൈരജാതന്‍. ദക്ഷയാഗ കഥയിലെ വീരഭദ്രന്‍ തന്നെയാണ് വൈരജാതനായും അറിയപ്പെടുന്നത്. സതീദേവിയെ പിതാവായ ദക്ഷന്‍ യാഗശാലയില്‍ നിന്നും ആട്ടിപ്പുറത്താക്കുകയുണ്ടായി. അപമാനം സഹിക്കാനാവാതെ സതീദേവി യാഗാഗ്നിയില്‍ ചാടി മരിച്ചു. വിവരമറിഞ്ഞ ശിവന്‍ കോപം കൊണ്ട് ജ്വലിച്ചു. അപ്പോള്‍ ശിവന്റെ നെറ്റി ക്കണ്ണില്‍ നിന്നും ഒരു ഉഗ്രമൂര്‍ത്തി ഉറഞ്ഞു ചാടി. ദക്ഷനെയും കൂട്ടരെയും വകവരുത്തിയ ആ ഉഗ്രമൂര്‍ത്തിയാണ് വൈരജാതന്‍. വൈരത്തില്‍ നിന്നും ജനിച്ചത്‌ കൊണ്ടാണ് വൈരജാതന്‍ എന്ന് പേര് വന്നത്. കേരളത്തിന്റെ വടക്ക് ഭാഗത്ത് പണ്ട് അള്ളടസ്വരൂപം എന്ന പേരില്‍ ഒരു രാജവംശം ഉണ്ടായിരുന്നു. അള്ളടം നാട് ഭരിച്ചു മുടിച്ചിരുന്ന എട്ടു ദുഷ്പ്രഭുക്കന്‍മാരില്‍ നിന്നും പടവെട്ടി രാജ്യം പിടിക്കാന്‍ സാമൂതിരിക്കൊലോത്തു നിന്നും വന്ന വീരരായിരുന്നു ക്ഷേത്രപാലകന്‍, വൈരജാതന്‍, വേട്ടയ്ക്കൊരുമകന്‍, എന്നിവര്‍. അള്ളടം നാട്ടിലെ അള്ളോന്‍, മന്നന്‍ തുടങ്ങിയ അഹങ്കാരികളായ നാടുവാഴികളെ വധിച്ച് രാജ്യത്തെ രക്ഷപ്പെടുത്തിയ ശേഷം, വൈരജാതന്‍ ചെറുവത്തൂര്‍ തറയിലെ ഒരു നായര്‍ തറവാട്ടില്‍ എത്തി. പിന്നീട് ആ തറവാട് വൈരജാത ക്ഷേത്രമായി... പിലിക്കോട് രയരമംഗലം കൊട്ടുമ്പുറം, തൃക്കരിപ്പൂര്‍, നീലേശ്വരം പട്ടേന എന്നിവിടങ്ങളിലും മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ ഈ തെയ്യം കെട്ടിയാടാറുണ്ട്. റിപ്പോര്‍ട്ട്: വിനയന്‍ പിലിക്കോട്‌
വ്രതശുദ്ധിയുടെയും ആത്മസമര്‍പ്പണത്തിന്റെയും വഴിയിലൂടെ പുണ്യം തേടുന്ന റമദാന്‍ മാസമാണിത്.പ്രാര്‍ഥനാനിരതമായ നാളുകള്‍. വിശപ്പും, ദാഹവും ലൌകിക പ്രചോദനകളും വെടിഞ്ഞ് ദൈവചിന്തയിലും ദാനധര്‍മ്മങ്ങളിലും മുഴുകി കഴിയുന്ന വിശ്വാസികള്‍ക്ക് പാപമോചനത്തിന്റെ പുണ്യമാസമാണ് റമദാന്‍. ഈ മാസത്തില്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് എഴുപതിരട്ടി പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. റമദാന്‍ വ്രതം അവസാനപത്തില്‍ എത്തിയതോടെ മാനത്തു പൊന്‍പിറ കാണുന്ന സന്തോഷസുദിനത്തിനായി കാത്തിരിക്കുകയാണ് വിശ്വാസികള്‍. റിപ്പോര്‍ട്ട്: ബാലന്‍
ഭക്തരെ സമ്പത്തിച്ചിടത്തോളം പുണ്യദിനമാണ് അഷ്ടമിരോഹിണി.ഈ ദിനത്തില്‍ വടക്കന്‍ കേരളത്തിലെ പല വീടുകളിലും കൃഷ്ണനെ വരവേല്‍ക്കുന്ന ചടങ്ങുണ്ട്.അഷ്ടമി രോഹിണി ദിനം രാവിലെ തന്നെ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും.ക്ഷേത്ര ദര്‍ശനവും ,ഒരുനേരം മാത്രം അരിയാഹാരം കഴിച്ചുള്ള വ്രതവും. കൃഷ്ണന്റെ പിറന്നാള്‍ ദിനത്തിലെ പുണ്യമായി കണക്കാക്കുന്നു. ചിങ്ങം പിറന്നത്‌ മുതല്‍ പ്രഭാതങ്ങളില്‍ നടക്കുന്ന കൃഷ്ണപ്പാട്ട് പാരായണം ഈ ദിനത്തില്‍ രാത്രിവരെ നീളും. സന്ധ്യയാകുന്നതോടെ കത്തിച്ചുവെച്ച നിലവിളക്കിനും, കൃഷ്ണവിഗ്രഹത്തിനും മുന്നില്‍ പൂക്കളം ഒരുക്കും. തുമ്പയും മറ്റു നാട്ടുപൂക്കളും ഉപയോഗിച്ചായിരിക്കും പൂക്കളമിടുക.ഇതിനരികിലായി വാഴയിലയിലോ, പാത്രത്തിലോ ആയി കൃഷ്ണന് പാല്‍പ്പായസം വിളമ്പും. അതിനു ശേഷം വീടിനു മുന്‍ ഭാഗത്തുനിന്നും പടിഞ്ഞാറ്റയില്‍ ഒരുക്കിയ പൂക്കളത്തിന് അരികില്‍ വരെ തറയില്‍ 'ചേടികൊണ്ട് ഉണ്ണിക്കണ്ണന്റെ കാല്പാടുകള്‍ വരയ്ക്കും. കൈപ്പത്തി ചുരുട്ടിപിടിച്ച് വെള്ളത്തില്‍ കലക്കിയ ചേടിയില്‍ മുക്കിയാണ് കാലുകള്‍ വരയ്ക്കുക.ഇതിനു ശേഷം പടിഞ്ഞാറ്റയുടെ വാതിലുകള്‍ പാതിചാരിവെക്കും. ഈ സമയം കൃഷ്ണപ്പാട്ട് പാരായണം ഉച്ചസ്ഥായിയിലാകും.ഇതിനിടയില്‍ കൃഷ്ണ ഭഗവാന്‍ വീട്ടിലെത്തുമെന്നാണ് വിശ്വാസം.
മാരിപെയ്യുന്ന കള്ളകര്‍ക്കടകത്തിനു അറുതിയുമായി പൊന്നിന്‍ ചിങ്ങം പിറന്നു ..ഇത് മലയാളത്തിന്റെ വസന്തകാലം പാടങ്ങളില്‍ വിളഞ്ഞു നില്‍ക്കുന്ന നെല്‍ക്കതിര്‍ ... പറമ്പുകളില്‍ തുമ്പയും ,മുക്കുറ്റിയും ,തൊട്ടാവാടിയും ....മലയാളിക്ക് നഷ്ട്ടപ്രതാപത്തിന്റെ നനുത്ത ഓര്‍മ്മകളുമായി കടന്നെത്തുന്ന 'ഓണത്തിന്റെ ' സാന്നിധ്യം കൊണ്ടാണ് ചിങ്ങം പ്രാധാന്യമര്‍ഹിക്കുന്നത്‌ .പുതു കാലത്തിന്റെ പുതുമോടികള്‍ക്കൊപ്പം വയലുകള്‍ മറഞ്ഞു തുടങ്ങിയതോടെ ഓണം വിളവെടുപ്പുത്സവം എന്ന സങ്കല്പം മാത്രം ബാക്കിയാകുന്നു .ഇങ്ങനെയൊക്കെയാണെങ്കിലും ഓരോമലയാളിക്കും ഓണം നന്മയുടെ ഉത്സവം തന്നെയാണ് .അതുകൊണ്ട് തന്നെ പ്രതീക്ഷയുടെ പൂക്കാലവും കൊണ്ട് മുറതെറ്റാതെ പടികടന്നെത്തുന്ന ചിങ്ങത്തെ മലയാളികള്‍ സന്തോഷത്തോടെ വരവേല്‍ക്കുന്നു .ഓണാഘോഷത്തിന് നമ്മുടെ നാടും ഒരുങ്ങുകയാണ് ..ഓണവിശേഷങ്ങള്‍ അറിയിക്കാന്‍ പോസ്റ്റ്‌ പെട്ടിയും ഒരുങ്ങി കഴിഞ്ഞു .
കരപ്പാത്ത്:ഭക്തിയുടെ നിറവാര്‍ന്ന അന്തരീക്ഷത്തില്‍ പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ 'നിറയുത്സവം 'നടന്നു .ഞായറാഴ്ച രാവിലെ 7 .15 നും 8 .35 നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തിലായിരുന്നു ചടങ്ങുകള്‍.നമ്പൂതിരി ,കഴകക്കാരന്‍ ,വറക്കോടന്‍ കാവല്‍ക്കാര്‍ എന്നിവര്‍ വടക്കേംവാതിലില്‍ നിന്നും കതിരുകള്‍ ക്ഷേത്രത്തില്‍ എത്തിച്ചു .വാദ്യ മേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇത് .തുടര്‍ന്ന് ക്ഷേത്രത്തില്‍ നിറച്ചശേഷം കതിരുകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്തു .നിരവധി ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു .. വായിക്കുക .നിറ വിശ്വാസവും ചടങ്ങുകളും .. കാര്‍ഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടു കര്‍ക്കടക മാസത്തില്‍ നടക്കുന്ന കാര്‍ഷിക അനുഷ്ടാനമാണ് നിറ. നെല്‍വയലുകള്‍ക്കൊപ്പം നിറയും പലയിടങ്ങളിലും ഓര്‍മ്മ മാത്രമാവുകയാണ് .കൊയ് ത്തിനു -മുന്നോടിയായാണ് ഇല്ലവും വല്ലവും നിറയ്ക്കുക .ഓരോ സ്ഥലത്തും അവിടെയുള്ള ക്ഷേത്രം ,കാവുകള്‍ -എന്നിവയുമായി ബന്ധപ്പെട്ടാണ് നിറ' നടക്കുക .ആദ്യം ജ്യോതിഷി എത്തി നിറയുടെ ദിവസം നിശ്ചയിക്കുന്നു .'നിറ കല്പിക്കല്‍' എന്നാണ് ഇതറിയപ്പെടുന്നത്.നിറ ദിവസത്തിന്റെ തലേദിവസം- 'കതിര്‍ വയ്ക്കും ' ആണ്ടക്കണ്ടം എന്നറിയപ്പെടുന്ന പ്രത്യേകം വയലില്‍ നിന്നും കാഞ്ഞിര ഇല കൂട്ടിപ്പിടിച്ച്‌ അറിഞ്ഞെടുക്കുന്ന നെല്‍കതിരുകള്‍ ക്ഷേത്ര പരിസരത്തെ പ്രത്യേകം തറയില്‍ കൊണ്ട് വയ്ക്കും .കതിരുവെക്കുന്നതറ 'എന്നാണ് ഇതറിയപ്പെടുന്നത് .ഈ കതിര് നിറദിവസം രാവിലെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ ക്ഷേത്രത്തില്‍ എത്തിക്കുന്നു .വാദ്യമേളങ്ങലോടെ 'കതിര്' എത്തിക്കുന്ന സ്ഥലങ്ങളും ഉണ്ട് . ക്ഷേത്രത്തില്‍ നിറച്ചശേഷം ഈ കതിര് എത്തിയ എല്ലാവര്‍ക്കുമായി പകുത്തു നല്‍കുന്നു .ഈ കതിര്‍ നിറയോലത്തില്‍ വച്ച് നിറ നിറ പൊലി പൊലി ....എന്ന് പറഞ്ഞ് കാഞ്ഞിരമരത്തിലും- കിനരിലും ,പടിഞ്ഞാറ്റയിലും ,പത്തായത്തിലും എല്ലാം കെട്ടുന്നു .ആലില ,അരയാലില ,കാഞ്ഞിരയില മാവില ,പ്ലാവില ,മുളയില ,വെള്ളില ,പോളിവല്ലി',സൂത്രവള്ളി ,എന്നിവയെല്ലാം വട്ടപ്പലത്തിന്റെ ഇലയില്‍ പൊതിഞ്ഞ്‌' തെങ്ങിന്‍ പാന്തം 'കൊണ്ട് കെട്ടിയാണ് നിറയോലം ഉണ്ടാക്കുക .വരുന്ന വര്‍ഷത്തേക്കുള്ള ഐശ്വര്യം കാംക്ഷിക്കുകയാണ് ഇതിലൂടെ .....
First <<  1 2 3 4 5 6 7   >> Last