home
Total Visiters: 
കളിചിരി വര്‍ത്തമാനങ്ങളുമായി കുട്ട്യോളും കൂട്ടുകാരും ഒത്തുചേര്‍ന്നു
5 years ago ..

    കാലിക്കടവ്: ആട്ടവും പാട്ടും ,കഥയും കളികളും നിറഞ്ഞപ്പോള്‍ കുട്ട്യോളും കൂട്ടുകാരും കുട്ടികള്‍ക്ക് മധുരമുള്ള അവധിക്കാല അനുഭവമായി. പുത്തിലോട്ട് ജനകീയ വായനശാല ആന്റ് ഗ്രന്ഥാലയമാണ് നാല്‍പ്പത്തിമൂന്നാം വാര്‍ഷികാഘോഷ ഭാഗമായി കുട്ടികള്‍ക്കായി വേറിട്ടൊരു അവധിക്കാല വിരുന്നൊരുക്കിയത്. വര്‍ഷങ്ങളായി കുട്ടിക്യാമ്പുകളില്‍ സജീവ സാന്നിധ്യമറിയിക്കുന്ന എട്ടുപേരാണ് കുട്ടികള്‍ക്കൊപ്പം കൂട്ട്കൂടാനെത്തിയത്. കൃഷ്ണകുമാര്‍ പള്ളിയത്ത്, പ്രവിരാജ് പാടി എന്നിവര്‍ മലയാള മധുരവും, കുട്ടിപ്പാട്ടുകളുടെ ഈണവും പകര്‍ന്നപ്പോള്‍, ബാലചന്ദ്രന്‍ എരവില്‍,വിനയന്‍ പിലിക്കോട് എന്നിവര്‍ ഉണര്‍ത്തുകളികളുടെ ആവേശം നിറച്ചു. അനില്‍കുമാര്‍ എടാട്ടുമ്മല്‍,ഭാസ്കരന്‍ കൊയങ്കര എന്നിവര്‍ ഒരുക്കിയ ശാസ്ത്ര പരീക്ഷണങ്ങള്‍ കുരുന്നുകളെ വിസ്മയ ലോകത്തേക്ക് ആനയിച്ചു. ഷൈജു ബിരിക്കുളം, മനേഷ് ലാല്‍ എന്നിവര്‍ നാടന്‍ പാട്ടുകളുടെ മധുരം പകര്‍ന്നു നല്‍കി. പുത്തിലോട്ട് വായനശാലാ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന ഒത്തുചേരലില്‍ നൂറോളം കുട്ടികള്‍ പങ്കെടുത്തു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി രമണി ഉദ്ഘാടനം ചെയ്തു. ഇ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. എം പി ശ്രീമണി, ടി വി രാജന്‍, പി വി ബിജു എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് നയിക്കാനെത്തിയ അധ്യാപകരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ ഗ്രാമങ്ങളിലെങ്ങും കുട്ടിക്യാമ്പുകള്‍ സജീവമായിരുന്നു . കൊഴ്തൊഴിഞ്ഞ പാടങ്ങളും , ഒഴിഞ്ഞ പറമ്പുകളും കളിസ്ഥലങ്ങളാക്കി കളിച്ചുല്ലസിച്ചിരുന്ന അവധിക്കാലം വര്‍ത്തമാനകാല ബാല്യങ്ങള്‍ക്ക്‌ നഷ്ടമാവുന്നു എന്ന വിലാപങ്ങള്‍ ഒരു പരിധിവരെ മറികടക്കുകയായിരുന്നു ഇത്തരം ക്യാമ്പുകള്‍. ക്ലബ്ബുകള്‍ , സന്നദ്ധ സംഘടനകള്‍, വിദ്യാലയങ്ങള്‍, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാമാണ് ഇത്തരം ക്യാമ്പുകള്‍ക്ക് ആതിഥ്യമരുളിയത് .നാടന്‍ പാട്ടുകള്‍,അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍ കളികള്‍ ,പരിസ്ഥിതി പഠനം,യാത്രകള്‍ എന്നിവയെല്ലാം ക്യാമ്പുകളില്‍ വിഭവങ്ങളായിരുന്നു .അവധിക്കാല ക്ലാസ്സുകള്‍ ഉണ്ടെങ്കിലും ക്യാമ്പുകളിലെല്ലാം കുട്ടികളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു .കൂട്ടുകൂടാനും കൂട്ടായ്മ്മയോടെ കളിക്കാനും ലഭിക്കുന്ന അവസരത്തെ ഏറെ താത്പര്യത്തോടെയാണ് കുട്ടികള്‍ സ്വീകരിച്ചതെന്ന് ക്യാമ്പുകള്‍ ഒരുക്കിയ സംഘാകര്‍ പറയുന്നു . ഇവിടങ്ങളില്‍ നിന്നും ലഭിച്ച മികച്ച അനുഭവങ്ങളുമായി കുട്ടികള്‍ ഇനി അക്ഷര മുറ്റത്തേക്ക്. ഞായറാഴ്ചയാണ് അവധിക്കാല ക്യാമ്പുകള്‍ക്ക് സമാപനമാകുന്നത്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..