home
Total Visiters: 
ഇന്ദുചൂഡന്‍ സ്റ്റൈലില്‍ മെസ്സി, കുട്ടയില്‍ ബോളുമായി സ്കൊളാരി;ഫേസ്ബുക്കില്‍ പോസ്റ്റിംഗ് യുദ്ധം
5 years ago ..

    കാലിക്കടവ്: 24 വര്‍ഷം......നീണ്ട ഇരുപത്തിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഞങ്ങള്‍ എത്തിയിരിക്കുന്നു. ചില കളികള്‍ കാട്ടികൊടുക്കാനും, ചിലരെ പഠിപ്പിക്കാനും ........ ഒടുവില്‍ മുണ്ടുടുത്ത് മെസ്സിയെത്തി തകര്‍പ്പന്‍ ഡയലോഗുമായി ഇന്ദുചൂഡന്‍ സ്റ്റൈലില്‍....ലോകകപ്പ് ഫുട്ബോള്‍ കലാശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ ശേഷിക്കെ സോഷ്യല്‍ മീഡിയകളില്‍ ആരാധകരുടെ പോസ്റ്റിംഗ് യുദ്ധം മുറുകുകയാണ്. ലൂസേഴ്സ് ഫൈനലിലും ബ്രസീല്‍ പരാജയപ്പെട്ടതോടെ കൂടുതല്‍ കുത്തും ബ്രസീല്‍ ആരാധകര്‍ക്ക് നേരെയാണ്. കുട്ടനിറയെ ബോളുകളുമായി പോകുന്ന സ്കൊളാരിയാണ് ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത്. വയറും നിറഞ്ഞു,കുട്ടയും നിറഞ്ഞു വാ മക്കളെ നമുക്ക് പോകാം എന്ന് അടിക്കുറിപ്പും. ഈ തോല്‍വികൂടിയായതോടെ ബ്രസീല്‍ ആരാധകര്‍ക്ക് ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ വകയില്ലതായി. ചുരുങ്ങിയ വാക്കുകളില്‍ കുറിക്കുകൊള്ളുന്ന ഡയലോഗുകളാണെങ്കില്‍ അത്തരം പോസ്റ്റുകള്‍ നവമാധ്യമങ്ങ്ളില്‍ വൈറലായി പടരും. ഈ ലോകകപ്പ് കാലത്ത് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞത്‌ ഇത്തരത്തിലുള്ള ആയിരക്കണക്കിന് പോസ്റ്റുകളാണ്‌. മിനുട്ടുകള്‍ക്കുള്ളില്‍ വിരിയുന്ന പലഭാവനകളും ചിരിക്കുള്ള വകനല്‍കുന്നതായിരുന്നു. ലോകകപ്പ്‌ ഫുട്ബോള്‍ ആരംഭിക്കുന്നതിന് മാസങ്ങള്‍ മുന്‍പ് തന്നെ ഫേസ് ബുക്കിലെ സുഹൃത്തുക്കളില്‍ പലരും ഇഷ്ടടീമുകളുടെ പക്ഷം പിടിച്ചിരുന്നു. ടീമുകള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നുള്ള പോസ്റ്റുകളായിരുന്നു ആദ്യമെത്തിയത്. പിന്നീടത് പരസ്പരമുള്ള വെല്ലുവിളിയായി.ഒടുവില്‍ ജര്‍മ്മനിയും, അര്‍ജന്റീനയും മാത്രം ലോകകപ്പില്‍ ബാക്കിയാകുമ്പോള്‍ പുറത്തായ ടീമുകള്‍ക്ക് നേരെ പരിഹാസകൂരമ്പ് തൊടുക്കുകയാണ് അര്‍ജന്റീന ,ജര്‍മ്മനി ആരാധകര്‍..ഇത് കൂടുതലായും ഏറ്റുവാങ്ങുന്നതാകട്ടെ ബ്രസീല്‍ ആരാധകരും. ബ്രസീല്‍ ജര്‍മ്മനിയോട് പരാജയപ്പെട്ടപ്പോഴാണ് ഏറ്റവും കൂടുതല്‍ പോസ്റ്റുകള്‍ എത്തിയത്. അമ്മേ...ഞങ്ങളിതാ എത്തി, ചോറില്‍ വെള്ളമൊഴിക്കേണ്ട... ബ്രസീല്‍ താരങ്ങളായ ലൂയിസും ഫ്രഡും ,ഒസ്‌കാറും മൊബൈല്‍ ഫോണില്‍ വീട്ടിലേക്കു വിളിച്ചുപറയുന്ന ഫോട്ടോ പോസ്റ്റ്‌ മിനുട്ടുകള്‍ക്കുള്ളില്‍ ഫേസ്ബുക്കിലൂടെ പറന്നു. ബ്രസീല്‍ വലയിലേക്ക് ഏഴാമതും ജര്‍മ്മനി ഗോള്‍ തൊടുത്തപ്പോള്‍ അടുത്ത പോസ്റ്റും എത്തി. റഫറിക്ക് കൂടി അവസരം നല്കണം എന്നതായിരുന്നു കമന്റ്. ബ്രസീല്‍ തോല്‍ക്കുന്നതും അര്‍ജന്റീന ജയിക്കുന്നതും വല്ലപ്പോഴും നടക്കുന്ന പ്രതിഭാസമാണെന്ന നേരിയ ബ്രസീല്‍ പ്രതിരോധം ഇപ്പോള്‍ പോസ്റ്റുകള്‍ക്കിടയില്‍ കാണാം. ഏതായാലും കൊണ്ടും കൊടുത്തും ലോകകപ്പ് ആവേശം വാനോളമുയര്‍ത്തിയ ചര്‍ച്ചകള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ സമാപനമാകും. നാട്ടില്‍ പുതിയ വിഷയങ്ങളുണ്ടാകും. നവമാധ്യമങ്ങള്‍ അത് ഏറ്റെടുക്കും.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..