home
Total Visiters: 
ഷാജിമാസ്റ്ററുടെ വരകളില്‍ സ്കൂള്‍ ചുമരുകളിനി ജീവചരിത്രം പറയും
5 years ago ..

   
   
   
    ചെറുവത്തൂര്‍: പഠനത്തില്‍ വിദ്യാലയത്തിലെ ചുമരുകള്‍ക്കും കാര്യമായ പങ്കുവഹിക്കാനാകുമെന്ന് കാടങ്കോട് ഗവ:ഫിഷറീസ് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചിത്രകലാ അധ്യാപകനായ കെ ആര്‍. ഷാജി പറയും. ഇദ്ദേഹമിത് വെറുതെ പറയുന്നതല്ലെന്ന് വിദ്യാലയത്തിലെത്തി ചുമരുകളിലേക്ക് നോക്കിയാല്‍ വ്യക്തമാകും. ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായി സ്കൂള്‍ ചുമരുകളില്‍ വരച്ചുവെക്കുകയാണ് ഷാജി മാസ്റ്റര്‍. സ്വാതന്ത്ര്യ സമര സേനാനികള്‍, സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍, ശാസ്ത്രജ്ഞര്‍, കവികള്‍,കായിക താരങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ എന്നും ഓര്‍ത്തുവയ്ക്കേണ്ട പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളും ,അവരുടെ ജീവിതവഴികളുമാണ് ഓരോ ചുമരിലും അടയാളപ്പെടുത്തുന്നത്. ഡോ. സലിംഅലി, രവീന്ദ്രനാഥ ടാഗോര്‍, സ്വാമി വിവേകാനന്ദന്‍, ഐന്‍സ്റ്റീന്‍, വയലാര്‍ എന്നിവരുടെ ചിത്രങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇരുപത് ചിത്രങ്ങളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. ഒഴിവ് സമയങ്ങളിലും അവധി ദിവസങ്ങളിലുമായി വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് ഷാജി മാസ്റ്റര്‍ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. മികവുറ്റ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളെ കുട്ടികള്‍ തിരിച്ചറിയാതെ പോകരുതെന്ന ചിന്തയില്‍ നിന്നാണ് ചുമര്‍ചിത്രങ്ങള്‍ എന്ന ആശയത്തിലേക്ക് ഷാജിമാസ്റ്റര്‍ എത്തുന്നത്. സഹാധ്യാപകരുടെ സഹായത്തോടെ വരയ്ക്കേണ്ട വ്യക്തികളെ തീരുമാനിക്കുകയും, അവരുടെ ജീവചരിത്രം ശേഖരിക്കുകയും ചെയ്തു. ഓരോരുത്തരും ശ്രദ്ധനേടിയ മേഖല, നല്‍കിയ സംഭാവനകള്‍, ജീവിതകാലം, അംഗീകാരങ്ങള്‍ എന്നിവയാണ് ചിത്രത്തിനൊപ്പം എഴുതിച്ചേര്‍ക്കുന്നത്. മുഴുവന്‍ ചുവരുകളിലും ചിത്രങ്ങള്‍ നിറയുമ്പോള്‍ ചുമരുകളില്‍ ജീവചരിത്രമെഴുതിയ വിദ്യാലയമായി കാടങ്കോട് ജിഎഫ്‌വിഎച്ച്എസ് മാറും . സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജനാര്‍ദനനും സഹാധ്യാപകരും ഈ ഉദ്യമത്തിന് ഷാജിമാസ്റ്റര്‍ക്ക് പൂര്‍ണ്ണപിന്തുണ നല്‍കുന്നു . രംഗപടം, ശില്‍പനിര്‍മാണം തുടങ്ങിയ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച നീലേശ്വരം സ്വദേശിയായ ഈ അധ്യാപകന്‍ 22 വര്‍ഷമായി ചിത്രകലാ അധ്യാപകനായി സേവനം നടത്തുകയാണ്. നേരത്തെ സ്കൂള്‍ വളപ്പില്‍ വ്യത്യസ്തങ്ങളായ ശില്പങ്ങളും ഇദ്ദേഹം ഒരുക്കിയിരുന്നു. ആഗസ്റ്റ്‌ മാസത്തോടെ ചുമര്‍ ചിത്രരചന പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഷാജിമാസ്റ്റര്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..