home
Total Visiters: 
ജനമൈത്രി പോലീസ് തുണയായി;അവശനിലയില്‍ കഴിഞ്ഞ യുവാവിന് പുതുജീവിതം
5 years ago ..

    ചെറുവത്തൂര്‍: ബസ്റ്റോപ്പില്‍ അവശനിലയില്‍ കണ്ടയുവാവിന് ജനമൈത്രി പോലീസിന്റെ സഹായഹസ്തം. കര്‍ണ്ണാടക സ്വദേശി ശിവയോഗിക്കാണ് പോലീസ് തുണയായത്. നാല് ദിവസമായി ചെറുവത്തൂര്‍ കുളം ബസ്റ്റോപ്പില്‍ അവശനിലയില്‍ കഴിയുകയായിരുന്നു കര്‍ണ്ണാടക ഹുബ്ലി സ്വദേശിയായ ശിവയോഗി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ്‌ ചന്തേര സ്റ്റെഷനില്‍ നിന്നുള്ള ജനമൈത്രി പോലീസുകാര്‍ ഇയാള്‍ക്കരികിലേക്ക് എത്തുന്നത്. ഏതോദുര്‍ബല നിമിഷത്തില്‍ വീട് വിട്ടിറങ്ങിയ ഈ യുവാവ് മാസങ്ങളോളം തെരുവില്‍ അലഞ്ഞാണ് ചെറുവത്തൂരില്‍ എത്തിയത്. താടിയും മുടിയുമെല്ലാം ജടപിടിച്ചനിലയിലായിരുന്നു. കുളിച്ചിട്ടും നാളുകളായി. പോലീസുകാരെ കണ്ടപ്പോള്‍ ആദ്യ ആവശ്യം ഭക്ഷണം വേണമെന്നതായിരുന്നു. എന്നാല്‍ ഭക്ഷണത്തിനു മുമ്പ് താടിയും, മുടിയും കളഞ്ഞു കുളിക്കണം എന്നുപറഞ്ഞപ്പോള്‍, അതിനു കൊതിക്കുന്ന മനസായിരുന്നു ശിവയോഗിയുടെത്. സമീപത്തെ ബാര്‍ബര്‍ ഷോപ്പിലെത്തി താടിയും മുടിയും കളഞ്ഞപ്പോള്‍ തന്നെ ഈ യുവാവിന്റെ മുഖവും മനവും തെളിഞ്ഞു. കുളിച്ചു നല്ലവസ്ത്രങ്ങള്‍ ധരിച്ച് വയറുനിറച്ചും ഭക്ഷണം കഴിച്ചപ്പോള്‍ ശിവയോഗി മനസ്സിലുള്ള ആഗ്രഹം പോലീസുകാരോട് പറഞ്ഞു. എങ്ങനെയെങ്കിലും നാട്ടിലെത്തണം. ഒടുവില്‍ ഇദ്ദേഹത്തെ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റെഷനില്‍ എത്തിച്ച്, മംഗലാപുരത്തെക്കുള്ള വണ്ടിയില്‍ കയറ്റിയാണ് പോലീസുകാര്‍ മടങ്ങിയത്. ചന്തേര എസ് ഐ ചന്ദ്രഭാനു, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ഭാസ്കരന്‍ ,സന്തോഷ്‌, രാധാകൃഷ്ണന്‍ ,പ്രസാദ് എന്നിവരാണ് സ്നേഹം നിറഞ്ഞ മനസ്സുമായി ഈ യുവാവിനരികില്‍ എത്തിയത്.
    ഫോട്ടോ,റിപ്പോര്‍ട്ട് -അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..