home
Total Visiters: 
ഈ ചിത്രങ്ങള്‍ പറയും കാര്യങ്കോട് പാലത്തിന്റെ ചരിത്രം
5 years ago ..

    ചെറുവത്തൂര്‍: തേജസ്വിനി പുഴയാല്‍ വേറിട്ട്‌ നിന്നിരുന്ന ചെറുവത്തൂര്‍ - നീലേശ്വരം പ്രദേശങ്ങളെ ബന്ധിപ്പിച്ച് കാര്യങ്കോട് പാലം വന്നത് ജില്ലയുടെ ഗതാഗത സംവിധാനങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. പാലം നിര്‍മ്മാണ കാലഘട്ടത്തിലെ ഓര്‍മ്മകള്‍ ഉയര്‍ത്തുകയാണ് 1963 ല്‍ പൊതുമരാമത്ത് വകുപ്പ് പ്രസിദ്ധീകരിച്ച കാര്യങ്കോട് പാലം ഉദ്ഘാടന സ്മരണിക. കാര്യങ്കോട്ടെ പി വി രാജുവിന്റെ കയ്യിലാണ് 51 വര്‍ഷം മുമ്പ് പാലം ഉദ്ഘാടന വേളയില്‍ പുറത്തിറക്കിയ സ്മരണികയുള്ളത്. ഇദ്ദേഹത്തിന്റെ പിതാവ് പരേതനായ കടവത്ത് അമ്പാടിയായിരുന്നു ഈ പുസ്തകം നശിച്ചു പോകാതെ സൂക്ഷിച്ചു വെച്ചത്. പാലം നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടം മുതലുള്ള വിവരണങ്ങളും, നിര്‍മ്മാണ വേളയിലുള്ള ചിത്രങ്ങളും പുസ്തകത്തിലുണ്ട്. മരപ്പലകകള്‍ കൊണ്ടുണ്ടാക്കിയ താത്കാലിക സംവിധാനത്തിലുടെ നിര്‍മ്മാണ സാമഗ്രികള്‍ കടത്തുന്ന തൊഴിലാളികളുടെ ഫോട്ടോയും, നിര്‍മ്മാണം പൂര്‍ത്തിയായ ശേഷമുള്ള ഫോട്ടോയുമെല്ലാം ഇതിലുണ്ട്. രാമഞ്ചിറയിലെ ചങ്ങാടത്തില്‍ കൂടിയായിരുന്നു പാലം വരുന്നതിനു മുമ്പ് ജനങ്ങള്‍ നീലേശ്വരത്തേക്കും,ചെറുവത്തൂര്‍ ഭാഗത്തേക്കും യാത്ര ചെയ്തിരുന്നത്. അന്നത്തെ ഏക ഹൈസ്കൂള്‍ ആയിരുന്ന നീലേശ്വരം രാജാസിലേക്ക് പോകുന്നവരും,ചന്തയിലേക്ക് സാധനങ്ങള്‍ കൊണ്ട് പോകുന്നവരുമാണ് അന്ന് പ്രധാനമായും ഈ വഴി ഉപയോഗപ്പെടുത്തിയിരുന്നത്. തേജസ്വിനിയുടെ ഇരുകരകളിലും പണ്ടുകാലം മുതല്‍ തന്നെ റോഡുണ്ടായിരുന്നു. 196 മീറ്റര്‍ നീളമുള്ള പാലം 1963 ഏപ്രില്‍ പതിനാലിനാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. മൂന്ന്‍ വര്ഷം കൊണ്ടാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറായിരുന്നു ഉദ്ഘാടകന്‍. ഉത്തരമലബാറില്‍ ദേശീയപാത കടന്നു പോകുന്ന പ്രധാന റോഡ്‌ പാലങ്ങളില്‍ ഒന്നായ ഈ കാര്യങ്കോട് പാലം ഇന്ന് അപകടാവസ്ഥയിലാണ്. എന്തായാലും പഴമക്കാരുടെ ഓര്‍മ്മകളില്‍ മാത്രമുള്ള പാലം നിര്‍മ്മാണ കാഴ്ചകള്‍ മായാത്ത കാഴ്ചകളായി നിലനില്‍ക്കുന്ന ഈ പുസ്തകം അമൂല്യ നിധിയായി സൂക്ഷിച്ചു വച്ചിരിക്കുകയാണ് രാജുവിപ്പോള്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..