home
Total Visiters: 
വിവരാവകാശ ബോധവത്കരണവുമായി നേരറിവ്
5 years ago ..

   
    ചെറുവത്തൂര്‍:വിവരാവകാശ നിയമ ബോധവത്കരണവുമായി നേരറിവുകള്‍ എന്ന നാടകം ശ്രദ്ധേയമാകുന്നു. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ സഹകരണത്തോടെ തയ്യാറാക്കിയ നാടകം ഉദിനൂര്‍ ജ്വാലാ തിയറ്റേഴ്‌സ് ആണ് അരങ്ങിലെത്തിക്കുന്നത്. ഭവനവായ്‌പ എടുക്കുന്നതിനായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങുന്ന കുഞ്ഞിരാമന്‍ എന്ന നാട്ടിന്‍പുറത്തുകാരന്റെ ദൈന്യതകളും വേവലാതികളും നാടകം ഹൃദയ സ്‌പര്‍ശിയായി വരച്ചുകാട്ടുന്നു. ഓഫീസിന്‌ പുറത്തെ കമ്മീഷന്‍ ഏന്റുമാരും ഒരു വിഭാഗം ജീവനക്കാരുമെല്ലാം പരിഹസിച്ച്‌ പറഞ്ഞയക്കുന്ന കുഞ്ഞിരാമന്‌ ഒടുവില്‍ വിവരാവകാശ നിയമം തുണയാകുന്നതാണ്‌ നടകത്തിന്റെ പ്രമേയം. ഭയന്ന്‌ വിറച്ച്‌ തലകുനിച്ചല്ല അവകാശ ബോധത്താല്‍ ഉയര്‍ത്തിപ്പിടിച്ച ശിരസുമായാണ്‌ ഓഫീസുകളില്‍ കയറി ചെല്ലേണ്ടത്‌ എന്ന പാഠം ഓര്‍മിപ്പിക്കുകയാണ്‌ നാടകം. പതിവ്‌ ബോധവല്‍ക്കരണ നാടകങ്ങളുടെ ശൈലികള്‍ പൂര്‍ണമായും മാറ്റി എഴുതുന്നതാണ്‌ നേരവറികളുടെ അവതരണ രീതി. സ്‌റ്റേജിലും തെരുവിലും അവരിപ്പിക്കാവുന്ന രീതിയിലാണ്‌ നാടകം തയ്യാറാക്കിയിട്ടുള്ളത്‌. നിരവധി അമേച്വര്‍ നാടങ്ങളിലൂടെ ഉത്തര കേരളത്തിലെ ശ്രദ്ധേയമായ സമിതിയായ ജ്വാല തിയറ്റേഴ്‌സ്‌ ഇതിന്‌ മുമ്പും എയ്‌ഡ്‌സ്‌ ബോധവല്‍ക്കരണം, ലഹരി വിരുദ്ധ ബോധവല്‍ക്കരണം എന്നിങ്ങനെ സാമൂഹ്യ പ്രതിബദ്ധതയോടെ നാടകം അവതരിപ്പിച്ചിട്ടുണ്ട്‌. പി വി മഹേഷ്‌കുമാറിന്റെ രചനക്ക്‌ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌ മാധ്യപ്രവര്‍ത്തകനും യുവ സംവിധായകനുമായ വിജിന്‍ദാസ്‌ കിനാത്തിലാണ്‌. വയനാട്‌, കാസര്‍കോട്‌ എന്നിവിടങ്ങളിലെ അവതരണത്തിന്‌ ശേഷം തിരുവനന്തപുരത്ത്‌ അവതരണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്‌. ജില്ലയിലെ പതിനഞ്ചോളം കേന്ദ്രങ്ങളില്‍ വിവിധ സംഘടനകളുടെ സഹായത്തോടെ നാടകം അവതരിപ്പിക്കും. ഈ പ്രമേയം ടെലിഫിലിമായി ചിത്രീകരിച്ച്‌ കേരളത്തിലുടനീളം പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ സമിതി. പി സത്യനാഥന്‍, ടി വി സുധീര്‍കുമാര്‍, പി വി മഹേഷ്‌കുമാര്‍, അരവിന്ദ്‌, സി എം സുരേഷ്‌കുമാര്‍, അനീഷ്‌, സനൂപ്‌ചന്ദ്രന്‍, നിധീഷ്‌, വിപിന്‍, കലേഷ്‌, കൃഷ്‌ണപ്രസാദ്‌ എന്നിവര്‍ വേഷമിടുന്ന നാടകത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്‌ പി പി ജയനാണ്‌.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..