home
Total Visiters: 
ഇന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിയുയരും
3 years ago ..

   
    ചെറുവത്തൂര്‍: മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ഇന്ന് പരിസമാപ്തി. കണ്‍നിറയെ കാണാന്‍, കണ്ടുതൊഴാന്‍ അമ്മ തമ്പുരാട്ടിയിന്ന് ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സന്നിധിയില്‍ തിരുനടനം ചെയ്യും. ഉച്ചയ്ക്ക് 12.20 നും 12.50 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിയുയരുക. ഈ ദര്‍ശന സൌഭാഗ്യം തേടി ഭക്തജന സഞ്ചയം ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തും. നിശ്ചയിച്ചുറപ്പിച്ച മുഹൂര്‍ത്തത്തില്‍ ക്ഷേത്രത്തിന്റെ കന്നിമൂലയിലെ കൈലാസക്കല്ലിനരികിലാണ് മുച്ചിലോട്ടമ്മയുടെ തിരുമുടിയുയരുക. ചീനിക്കുഴല്‍ സംഗീതത്തിന്റെയും, വീക്ക് ചെണ്ടയുടേയും അകമ്പടിയോടെ മണങ്ങിയും, നിവര്‍ന്നും അമ്മ അവതാരനടനമാടും. ഭഗവതിയുടെ പ്രദക്ഷിണവഴിയില്‍ ഭക്തരുടെ ഓംകാര നാദമുയരും. മൂന്ന്‍ പ്രദക്ഷിണങ്ങള്‍ക്ക് ശേഷം മുച്ചിലോട്ട് ഭഗവതിയുടെ മണിക്കിണര്‍ നോട്ടവും ഭക്തര്‍ക്ക് ദര്‍ശന സായൂജ്യമാകും. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് ശ്രീകോവിലിന്റെ ഇശാനകോണിലുള്ള കിണറിലേക്ക് തിരുമുടി നിവര്‍ന്ന ഭഗവതി എത്തി നോക്കുന്നതാണ് മണിക്കിണര്‍ നോട്ടമെന്ന ചടങ്ങ്. ഈ വേളയില്‍ കിണറിലെ വെള്ളമുയര്‍ന്ന്‍ ധവളാഭപൂണ്ട് കാണപ്പെടുമെന്നാണ് വിശ്വാസം. നിത്യകന്യകയായ മുച്ചിലോട്ട് ഭഗവതിയുടെ താലികെട്ടുകല്ല്യാണമാണ് പെരുങ്കളിയാട്ടം. കല്ല്യാണച്ചടങ്ങിനായി സര്‍വാലങ്കാര വിഭൂഷിതയായി തമ്പുരാട്ടി എത്തുമ്പോള്‍, കാര്‍മികത്വം വഹിക്കേണ്ട അന്തിത്തിരിയന് വാലായ്മയുണ്ടെന്ന അശരീരി അന്തരീക്ഷത്തില്‍ മുഴങ്ങുന്നതോടെ തമ്പുരാട്ടിയുടെ കല്ല്യാണം മുടങ്ങും. പിന്നെ അടുത്ത പെരുങ്കളിയാട്ടംവരെ തമ്പുരാട്ടിയുടെ കാത്തിരിപ്പെന്നാണ് വിശ്വാസം. മനോദുഃഖം താങ്ങാനാകാതെ ശിവഭജനം ചെയ്ത് തീക്കുഴില്‍ ചാടി ആത്മാഹൂതി ചെയ്യുകയും,പിന്നീട് ശിവ ശക്തികളുടെ അനുഗ്രഹത്താല്‍ ദൈവീകതയിലേക്ക് ഉയരുകയും ചെയ്ത സാത്വിക ദേവതയാണ് മുച്ചിലോട്ട് ഭഗവതി എന്നാണ് വിശ്വാസം. ക്ഷേത്ര സന്നിധിയില്‍ ഇന്ന് മേലേരി കയ്യേല്‍ക്കല്‍ ചടങ്ങും നടക്കും. പുലര്‍ച്ചെ അഞ്ച് മുതല്‍ പുലിയൂര്‍ കണ്ണന്‍ ദൈവം, നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി,പുലിയൂര്‍ കാളി, രക്തചാമുണ്ടി, മടയില്‍ ചാമുണ്ടി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തും
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..