home
Total Visiters: 
വീത് കുന്നും, പിലിക്കോട്ടുകാരുടെ കുന്നുമ്മല്‍ തെയ്യവും
5 years ago ..
കാലിക്കടവ് : ദൈവം വാഴുന്ന കുന്നാണ്‌ പിലിക്കോട്ടെ വീത്കുന്ന്. കൈകൂപ്പി തൊഴുതുനില്‍ക്കാന്‍ ഈശ്വരചൈതന്യവും, കണ്ണെടുക്കാതെ നോക്കി നില്‍ക്കാന്‍ പ്രകൃതി സൌന്ദര്യവും നിറഞ്ഞു നില്‍ക്കുന്ന ദേവസ്ഥാനമാണ് ഇവിടം. ദേശാധിപത്യം വഹിക്കുന്ന രയരമംഗലം ഭഗവതി ക്ഷേത്രത്തിനു കീഴിലാണ് വീത്കുന്ന് വിഷ്ണു മൂര്‍ത്തി ക്ഷേത്രം. പിലിക്കോട്ടെ കാവല്‍ക്കാര്‍ അടിയന്തിരാദി കര്‍മ്മങ്ങള്‍ നടത്തുന്ന ഈ ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളാല്‍ സമ്പന്നമാണ്.കാലിക്കടവില്‍ നിന്നും അല്‍പം പടിഞ്ഞാറ് മാറി വറക്കോട്ട് വയലോട് ചേര്‍ന്നാണ് ഈ ദേവസ്ഥാനം സ്ഥിതിചെയ്യുന്നത്.
   
    കുന്നുമ്മല്‍ തെയ്യം:
   
    എല്ലാവര്‍ഷവും തുലാമാസം 22 നാണ് വീതുകുന്നില്‍ തെയ്യമെത്തുക. പിലിക്കോട്ടുകാര്‍ക്ക് ഇത് കുന്നുമ്മല്‍ തെയ്യമാണ്‌...,പിലിക്കോട് രയരമംഗലം ക്ഷേത്രത്തിന് സമീപത്തുള്ള വടക്കേന്‍ വാതിലില്‍ നിന്നും ദൂരങ്ങള്‍ താണ്ടിയെത്തി വിഷ്ണുമൂര്‍ത്തിയുടെ തെയ്യക്കോലം വീത്കുന്ന് കയറുന്ന ദിനത്തില്‍ ഇവിടുത്തെ ഗ്രാമീണ ജനതയും കുന്നിന്‍ മുകളിലെത്തും. നടപ്പന്തലിലെത്തി വിഷ്ണുമൂര്‍ത്തിയില്‍ നിന്നും വരപ്രസാദമായ മഞ്ഞള്‍കുറിയും, സര്‍വൈശ്വര്യങ്ങളും ഏറ്റുവാങ്ങാന്‍.........,....കുന്നിന്‍ മുകളില്‍ തെയ്യങ്ങള്‍ കെട്ടാറില്ല. രയരമംഗലം ഭഗവതി ക്ഷേത്രത്തിന്‍റെ വടക്കെനടയായ വടക്കേന്‍ വാതില്‍ക്കലില്‍ അഗ്നി പ്രവേശം നടത്തിയ തെയ്യക്കോലമാണ് കുന്നിന്‍ മുകളിലേക്ക് വന്നെത്തുന്നത്.
    ആ ചടങ്ങുകള്‍ ഇങ്ങനെ....
    തുലാം 22 ന് രാവിലെ വടക്കേംവാതിലില്‍ വിഷ്ണുമൂര്‍ത്തി അഗ്നി പ്രവേശം നടത്തും. അതിനു ശേഷം വാദ്യമേളങ്ങളുടെയും, ആര്‍പ്പു വിളികളുടെയും അകമ്പടിയോടെ ദൂരങ്ങള്‍ക്കിപ്പുറമുള്ള വീതുകുന്നിലേക്ക് വന്നെത്തും. അപ്പോഴേക്കും തെയ്യത്തിന്‍റെ വീതുകുന്നു കയറ്റം കാണാന്‍ ഭക്തര്‍ കാത്തിരിപ്പുണ്ടാകും... ഈ തെയ്യം രാത്രി എട്ടു മണിയോട് കൂടി മാത്രമേ കുന്നിറങ്ങുകയുള്ളൂ. രാവിലെ അഗ്നി പ്രവേശം നടത്തിയ വിഷ്ണുമൂര്‍ത്തി രാത്രിവരെ ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കുന്ന ദേവസ്ഥാനം മറ്റെവിടെയും ഇല്ലതാനും.
   
    വരപ്രസാദം ഏറ്റുവാങ്ങി പ്രകൃതിയുടെ സൌന്ദര്യം കണ്ട്:-
   
   
    തെയ്യം കാണാന്‍ കുന്നുകയറിയാല്‍ അത്ര പെട്ടെന്നൊന്നും ആരും തിരിച്ചിറങ്ങാറില്ല.'' തണല്‍ വിരിച്ചു നില്‍ക്കുന്ന ആല്‍മരങ്ങള്‍, അതിനിടയില്‍ കെട്ടിയൊരുക്കി വച്ചിരിക്കുന്ന കളിച്ചന്തകള്‍, കുന്നിന്‍ പള്ളകളില്‍ ഇളം കാറ്റേറ്റിരിക്കാന്‍ വളര്‍ന്നു വരുന്ന തണല്‍ മരങ്ങള്‍.......'',... ആരെയും പിടിച്ചിരുത്തും ഈ കാഴ്ചകളെല്ലാം. കുന്നിന്‍ മുകളില്‍ നിന്ന് നോക്കിയാല്‍ നാലുപാടു നിന്നും ഹരിത ഭംഗി കണ്ണുകളില്‍ നിറയും. നോക്കെത്താ ദൂരത്തോളം നീണ്ടു പരന്നു കിടക്കുന്ന നെല്‍വയലുകള്‍, തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍, തിങ്ങി നില്‍ക്കുന്ന കേരഭംഗി, പടിഞ്ഞാറ് മാനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അറബിക്കടല്‍ വാക്കുകള്‍ക്കതീതമാണ് വീത്കുന്നില്‍ നിന്നുള്ള ഈ കാഴ്ചകളെല്ലാം...നാട്ടിലെ പരിസ്ഥിതി സ്നേഹികളും, പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളുമൊക്കെ ചേര്‍ന്നാണ് വീത് കുന്നില്‍ വനവത്കരണം നടപ്പിലാക്കിയത്. നട്ടതില്‍ തൊണ്ണൂറ് ശതമാനം മരങ്ങളും വളര്‍ന്ന് വലുതായിരിക്കുന്നു. നെല്ലിമരങ്ങളാണ് കൂടുതല്‍.., ഇതില്‍ ഒട്ടു മിക്കതും കായ്ച്ച്‌ നില്‍ക്കുന്നു. മരങ്ങള്‍ വളര്‍ന്നതോടെ നിരവധി പക്ഷികളും ഇവിടേക്ക് ചേക്കേറിയിരിക്കുന്നു.എല്ലാം കൊണ്ടും മനം നിറയ്ക്കുന്ന കാഴ്ചകള്‍ ഇവിടെ നിറയുന്നു.
   
   
    വിസ്മയമായി കുന്നിന്‍ മുകളിലെ കിണര്‍
   
    കുന്നിന്‍ മുകളില്‍ കുന്നോളം ആഴമുള്ള ഒരു കിണറുണ്ട്. ഏത് വേനലിലും വറ്റാത്ത ശുദ്ധജലം ലഭിക്കുന്ന ഈ കിണര്‍ എന്നും എല്ലാവര്‍ക്കും ഒരു വിസ്മയമാണ്.ക്ഷേത്രത്തില്‍ അടിയന്തിരാദി കര്‍മ്മങ്ങള്‍ക്കുള്ള വെള്ളം ഈ കിണറില്‍ നിന്നാണെടുക്കുന്നത്. കുന്നിന്‍ താഴ്വരയിലെ കിണറുകളില്‍ വെള്ളം വറ്റിയാലും ഈ കിണറില്‍ ജലം സമൃദ്ധമായിരിക്കും.
   
    ഈവര്‍ഷത്തെ കളിയാട്ടം നവംബര്‍ 6,7 തീയ്യതികളില്‍
   
    പിലിക്കോട് രയരമംഗലം വടക്കേന്‍ വാതില്‍ വീത്കുന്ന് വിഷ്ണു മൂര്‍ത്തി ക്ഷേത്ര കളിയാട്ട മഹോത്സവം നവമ്പര്‍686,7 6,7 തിയ്യതികളില്‍ നടക്കും. 6 ന് വൈകുന്നേരം വടക്കെന്‍വാതിലില്‍ കളിയാട്ടം കൂടും. രാത്രിയില്‍ പടുവളത്തില്‍ പരദേവത മൂവരായ വിഷ്ണുമൂര്‍ത്തി, അങ്കക്കുളങ്ങര ഭഗവതി, രക്ത ചാമുണ്ഡി എന്നി തെയ്യങ്ങളുടെ തോറ്റങ്ങളും, പനിയന്‍ തെയ്യവും നടക്കും. 7 നു രാവിലെ 8 .30 ന് വടക്കേന്‍ വാതില്‍ക്കല്‍ വിഷ്ണുമൂര്‍ത്തിയുടെ അഗ്നി പ്രവേശം. അങ്കക്കുളങ്ങര ഭഗവതി, രക്ത ചാമുണ്ഡി എന്നി തെയ്യങ്ങളും അരങ്ങിലെത്തും. തുടര്‍ന്ന്11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ വീത്കുന്ന് കയറ്റം.
   
    പ്രസാദമായി ഇത്തവണ അന്നദാനവും
    തെയ്യം കുന്നു കയറിയാല്‍ പിന്നെ വീത്കുന്നിലേക്ക് ഭക്തരുടെ ഒഴുക്കാണ്. വിഷ്ണുമൂര്‍ത്തിയുടെ ദര്‍ശനം തേടിയെത്തുന്ന ഭക്തര്‍ക്ക്‌ ഇതാദ്യമായി ഇത്തവണ അന്നദാനവും നടക്കും.കുന്നിന് താഴെ ഇതിനായുള്ള സൗകര്യം ഒരുക്കിക്കഴിഞ്ഞു. 6 ന് രാവിലെ പത്തുമണിക്ക് പടുവളം പടക്കളത്തില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്രയും നടക്കും.ഏഴിന് വിഷ്ണുമൂര്‍ത്തി വീത് കുന്ന് കയറുന്നതോടെ അന്നദാനം ആരംഭിക്കും.
   
    ക്ഷേത്രങ്ങളിലേക്കുള്ള വഴി
    രയരമംഗലം വടക്കേന്‍ വാതില്‍-....,,,പിലിക്കോട് തോട്ടം ഗേറ്റ് ബസ്റ്റോപ്പില്‍ നിന്നും പടന്ന റോഡിലൂടെ നടന്നെത്താവുന്ന ദൂരം
    വീത്കുന്ന്; കാലിക്കടവില്‍ നിന്നും പടുവളത്തില്‍ നിന്നും പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിന് അരികിലൂടെ നടന്നെത്താവുന്ന ദൂരം.
   
   
    തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട്
   
    ഫോട്ടോ: അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..