home
Total Visiters: 
തെയ്യച്ചമയങ്ങള്‍ (തെയ്യപ്പെരുമ ഭാഗം -2 )
7 years ago ..
കാലത്തിന്‍റെ കുത്തൊഴുക്കിലും വടക്കന്‍ കേരളത്തിലുള്ളവര്‍ നെഞ്ചോട്‌ ചേര്‍ത്ത്പിടിക്കുന്ന അനുഷ്ഠാനകലാരൂപമാണ് തെയ്യം. രൂപത്തിലും, സങ്കല്‍പ്പത്തിലും വ്യത്യസ്തമാണ് തെയ്യങ്ങള്‍ ഓരോന്നും. ഓരോ തെയ്യവും അരങ്ങില്‍ എത്തുമ്പോള്‍ നിറയുന്നത് വ്യത്യസ്തങ്ങളായ കലകളുടെ സമ്മേളനമാണ്‌. നൃത്തവും, വാദ്യവും, ഗീതവും, ചിത്രകലയും, ശില്പകലയും എല്ലാം തെയ്യത്തില്‍ സമ്മേളിക്കുന്നു. ചമയങ്ങളാണ് തെയ്യത്തിന് രൂപ ഭംഗി പകരുന്നത്. "മുക്കാല്‍ ചമയവും കാല്‍ കോലവും" എന്നൊരു ചൊല്ലുതന്നെയുണ്ട്. തെയ്യത്തെ ആകര്‍ഷകമാക്കുന്ന ചമയങ്ങളെ അണിയലങ്ങള്‍ എന്നാണ് വിളിക്കുക. മരം, ലോഹം, കവിടി, തുണി, പീലിത്തുണ്ട്, കുരുത്തോല, വാഴപ്പോള, പൂവ്, മുള തുടങ്ങിയവ കൊണ്ടാണ് അണിയലങ്ങള്‍ നിര്‍മ്മിക്കുക. കവുങ്ങിന്‍ പാള, ലോഹങ്ങള്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ച്, ചിത്ര പണികള്‍ ചെയ്ത പൊയ്മുഖങ്ങളും ചില തെയ്യങ്ങള്‍ ധരിക്കാറുണ്ട്. വൈവിധ്യമാര്‍ന്ന ഒടകളും, മുടികളും വ്യത്യസ്തങ്ങളായ ആകൃതിയിലും, നിറത്തിലുമുള്ള അണിയലങ്ങളും തെയ്യത്തിനുണ്ട്.
   
    തിരിയോല (കുരുത്തോല )കൊണ്ടുള്ള അണിയലങ്ങലാണ് ഒലി, അരയോട എന്നിവ. വാഴത്തട കൊണ്ട് അരയോടത്തട്ട് കെട്ടി കുരുത്തോലയും, തെങ്ങിന്‍പാന്തവും, ഈര്‍ക്കിലും കൊണ്ടാണ് അരയോടയുണ്ടാക്കുക. ഇത് ഏറെ ശ്രമകരമായ ജോലിയാണ്. കൈകള്‍ക്ക് പലതരം കൈക്കരു, കാലുകള്‍ക്ക് കാക്കരു, ശിരോലങ്കാരമായി തലച്ചമയങ്ങളും, മുടിയും... ഇങ്ങനെപോകുന്നു അണിയലങ്ങള്‍. ഇതില്‍ പലതും മുന്‍കൂട്ടി തയ്യാറാക്കുന്നവയാണ്. ഓലച്ചമയങ്ങള്‍ ഓരോ തെയ്യത്തിനും അനുസരിച്ച് അതാത് കളിയാട്ട സ്ഥലങ്ങളില്‍ നിന്നും നിര്‍മ്മിച്ചെടുക്കും. തെയ്യങ്ങള്‍ ഭംഗിയുള്ള അണിയലങ്ങള്‍ അണിയണമെന്നത് കളിയാട്ടം നടത്തുന്നവരുടെ ആവശ്യമാണ്‌. അതുകൊണ്ട് തന്നെ ഓരോ വര്‍ഷത്തേക്കും ആവശ്യമായ അണിയലങ്ങള്‍ തെയ്യക്കാലമാല്ലാത്ത കന്നിമാസത്തില്‍ ഒരുക്കിയെടുക്കും. ഇതിനായി വൈദഗ്ധ്യം നേടിയ കലാകാരന്മാര്‍ തെയ്യക്കാര്‍ക്കിടയിലുണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമായി മറ്റു വിഭാഗക്കാര്‍ നിര്‍മ്മിച്ച്‌ നല്‍കുന്ന അണിയലങ്ങലുമുണ്ട്. തെയ്യച്ചമയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഓട്ടുകരുക്കള്‍, ചിലമ്പ്, പറ്റും പാടകം, തലപ്പാളി, വെള്ളോട്ട് പട്ടം, വിവിധതരം മിന്നുകള്‍ എന്നിവ തെയ്യക്കാര്‍ക്ക് നിര്‍മ്മിച്ച്‌ നല്‍കുന്നത് മൂശാരിമാരാണ്. വെള്ളിത്തലപ്പാളിയും, വെള്ളിപ്പൂവും നിര്‍മ്മിച്ച്‌ നല്‍കുന്നത് തട്ടാന്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. തെയ്യച്ചമയങ്ങളിലൂടെയുള്ള ചെറിയൊരു കടന്നുപോക്കുമാത്രമാണ് ഇവിടെ നടത്തിയത്..... (തുടരും )
.



dd


.....................................

.. ..