home
Total Visiters: 
വിശ്വാസത്തിന്‍റെ നെറുകയില്‍'' വീത്കുന്ന്''
6 years ago ..
കാലിക്കടവ്: ദൈവം വാഴുന്ന കുന്നാണ്‌ പിലിക്കോട്ടെ വീത്കുന്ന്. കൈകൂപ്പി തൊഴുതുനില്‍ക്കാന്‍ ഈശ്വരചൈതന്യവും, കണ്ണെടുക്കാതെ നോക്കി നില്‍ക്കാന്‍ പ്രകൃതി സൌന്ദര്യവും നിറഞ്ഞു നില്‍ക്കുന്ന ദേവസ്ഥാനമാണ് ഇവിടം. ദേശാധിപത്യം വഹിക്കുന്ന രയരമംഗലം ഭഗവതി ക്ഷേത്രത്തിനു കീഴിലാണ് വീത്കുന്ന് വിഷ്ണു മൂര്‍ത്തി ക്ഷേത്രം. പിലിക്കോട്ടെ കാവല്‍ക്കാര്‍ അടിയന്തിരാദി കര്‍മ്മങ്ങള്‍ നടത്തുന്ന ഈ ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളാല്‍ സമ്പന്നമാണ്.
   
    കുന്നുമ്മല്‍ തെയ്യം:
   
    എല്ലാവര്‍ഷവും തുലാമാസം 22 നാണ് വീതുകുന്നില്‍ ഉത്സവം. പിലിക്കോട്ടുകാര്‍ക്ക് ഇത് കുന്നുമ്മല്‍ തെയ്യമാണ്‌. ദൂരങ്ങള്‍ താണ്ടിയെത്തി വിഷ്ണുമൂര്‍ത്തിയുടെ തെയ്യക്കോലം വീത്കുന്ന് കയറുന്ന ദിനത്തില്‍ ഇവിടുത്തെ ഗ്രാമീണ ജനതയും കുന്നിന്‍ മുകളിലെത്തും. നടപ്പന്തലിലെത്തി വിഷ്ണുമൂര്‍ത്തിയില്‍ നിന്നും വരപ്രസാദമായ മഞ്ഞള്‍കുറിയും, സര്‍വൈശ്വര്യങ്ങളും ഏറ്റുവാങ്ങാന്‍.... കുന്നിന്‍ മുകളില്‍ തെയ്യങ്ങള്‍ കെട്ടാറില്ല. രയരമംഗലം ഭഗവതി ക്ഷേത്രത്തിന്‍റെ വടക്കെനടയായ വടക്കേന്‍ വാതില്‍ക്കലില്‍ അഗ്നി പ്രവേശം നടത്തിയ തെയ്യക്കോലമാണ് കുന്നിന്‍ മുകളിലേക്ക് വന്നെത്തുന്നത്. ആ ചടങ്ങുകള്‍ ഇങ്ങനെ.... തുലാം 22 ന് രാവിലെ വടക്കേംവാതിലില്‍ വിഷ്ണുമൂര്‍ത്തി അഗ്നി പ്രവേശം നടത്തും. അതിനു ശേഷം വാദ്യമേളങ്ങളുടെയും, ആര്‍പ്പു വിളികളുടെയും അകമ്പടിയോടെ ദൂരങ്ങള്‍ക്കിപ്പുറമുള്ള വീതുകുന്നിലേക്ക് വന്നെത്തും. അപ്പോഴേക്കും തെയ്യത്തിന്‍റെ വീതുകുന്നു കയറ്റം കാണാന്‍ ഭക്തര്‍ കാത്തിരിപ്പുണ്ടാകും... ഈ തെയ്യം രാത്രി എട്ടു മണിയോട് കൂടി മാത്രമേ കുന്നിറങ്ങുകയുള്ളൂ. രാവിലെ അഗ്നി പ്രവേശം നടത്തിയ വിഷ്ണുമൂര്‍ത്തി രാത്രിവരെ ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കുന്ന ദേവസ്ഥാനം മറ്റെവിടെയും ഇല്ല...
   
    വരപ്രസാദം ഏറ്റുവാങ്ങി പ്രകൃതിയുടെ സൌന്ദര്യം കണ്ട്:-
   
   
    തെയ്യം കാണാന്‍ കുന്നുകയറിയാല്‍ അത്ര പെട്ടെന്നൊന്നും ആരും തിരിച്ചിറങ്ങാറില്ല. തണല്‍ വിരിച്ചു നില്‍ക്കുന്ന ആല്‍മരങ്ങള്‍, അതിനിടയില്‍ കെട്ടിയൊരുക്കി വച്ചിരിക്കുന്ന കളിച്ചന്തകള്‍, കുന്നിന്‍ പള്ളകളില്‍ ഇളം കാറ്റേറ്റിരിക്കാന്‍ വളര്‍ന്നു വരുന്ന തണല്‍ മരങ്ങള്‍.... ആരെയും അല്‍പനേരം പിടിച്ചിരുത്തും ഈ കാഴ്ചകളെല്ലാം. കുന്നിന്‍ മുകളില്‍ നിന്ന് നോക്കിയാല്‍ നാലുപാടു നിന്നും ഹരിത ഭംഗി കണ്ണുകളില്‍ നിറയും. നോക്കെത്താ ദൂരത്തോളം നീണ്ടു പരന്നു കിടക്കുന്ന നെല്‍വയലുകള്‍,തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍,തിങ്ങി നില്‍ക്കുന്ന കേരഭംഗി, പടിഞ്ഞാറ് മാനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അറബിക്കടല്‍ വാക്കുകള്‍ക്കതീതമാണ് ഈ കാഴ്ചകളെല്ലാം...
   
    ഈവര്‍ഷത്തെ കളിയാട്ടം 7 ,8 തീയ്യതികളില്‍
   
    പിലിക്കോട് രയരമംഗലം വടക്കേന്‍ വാതില്‍ക്കല്‍ വീത്കുന്ന് കളിയാട്ട മഹോത്സവം നവമ്പര്‍ 7, 8 തിയ്യതികളില്‍ നടക്കും. 8 നു രാവിലെ 8 .30 നു വടക്കേന്‍ വാതില്‍ക്കല്‍ വിഷ്ണുമൂര്‍ത്തിയുടെ അഗ്നി പ്രവേശം. 11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ വീത്കുന്ന് കയറ്റം.
   
    തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട്
   
    ഫോട്ടോ: അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..