home
Total Visiters: 
കൂട്ടായ്മയുടെ നിവേദ്യമായി കരക്കക്കാവിലെ 'ഉണ്ടുലിങ്ങ' അപ്പം
7 years ago ..
കാലമാറ്റത്തിലും മാറാതെ പരമ്പരാഗതരീതിയില്‍ പിലിക്കോട് കരക്കക്കാവ്‌ ഭഗവതീക്ഷേത്രത്തില്‍ 'ഉണ്ടുലിങ്ങ' അപ്പമൊരുക്കല്‍ എല്ലാവര്‍ഷവും വൃശ്ചിക സംക്രമ ദിനത്തിലാണ് ഏറെ സവിശേഷതകളുള്ള ഈ അപ്പമൊരുക്കുന്നത്. പുന്നെല്ലിന്‍ അരി ഉരലും ഉലക്കയും ഉപയോഗിച്ചാണ് പൊടിച്ചെടുക്കുന്നത്. സംക്രമദിനത്തില്‍ പുലര്‍ച്ചെ തന്നെ ഇതാരംഭിക്കുന്നു. ക്ഷേത്രത്തിന്റെ നാല് ഊരുകളായ കരക്കേരു, മല്ലക്കര, കണ്ണങ്കൈ, അരയാക്കീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വാല്യക്കാരും, സ്ത്രീകളും അപ്പനിര്‍മ്മാണത്തിനായി ക്ഷേത്രത്തിലെത്തും. ക്ഷേത്രത്തിലെ കൂട്ടായ്ക്കാര്‍ വീടുകളില്‍ നിന്നും ശേഖരിച്ച നെല്ലാണ് അരിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഏറെ ശ്രമകരമായ ജോലിയാണ് ഉരലില്‍ അരി പൊടിച്ചെടുക്കുകയെന്നത്. ഇങ്ങനെ പൊടിച്ച്‌ എടുക്കുന്ന അരി കുഴച്ചെടുത്ത് അതില്‍ പഴം ശര്‍ക്കര എന്നിവ ചേര്‍ത്താണ് ചെരുവയുണ്ടാക്കുന്നത്. വലിയ വട്ടലങ്ങളില്‍ ചെറിയ ഉരുളകളാക്കിയ മാവ്‌ ചുട്ടെടുക്കുന്നു. ഉറപ്പേറിയ അപ്പമായതിനാല്‍ ഇത് കടിച്ചുപൊട്ടിക്കാന്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ കടിച്ചാല്‍ പൊട്ടാത്ത അപ്പമെന്നും ഇതറിയപ്പെടുന്നു. രാത്രിയില്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കെല്ലാം അപ്പം വിതരണം ചെയ്യും. ക്ഷേത്ര നടത്തിപ്പുകാരായ കൂട്ടായ്ക്കാരുടെ മാറ്റവും വൃശ്ചിക സംക്രമദിനത്തിലാണ് നടക്കുക.
   
    ഫോട്ടോ: അജേഷ്‌ കരക്കേരു
   
   
.



dd


.....................................

.. ..