home
Total Visiters: 
ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ഉദിനൂരില്‍ തുടങ്ങി
5 years ago ..
കാലിക്കടവ്: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് ഉദിനൂരില്‍ തുടക്കമായി. മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി അംഗം ഡോ.ഹമീദ് ധാബോല്‍ക്കര്‍ ഉദ്ഘാടനം ചെയ്തു. ഒരുഭാഗത്ത് വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി കൈവരിക്കുകയും മറുഭാഗത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉള്‍പ്പെടെയുള്ള അശാസ്ത്രീയ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന പ്രവണത സമൂഹത്തില്‍ കൂടിവരികയാണെന്ന് അദ്ദേഹം പറഞ്ഞു . ശാസ്ത്രത്തെ അശാസ്ത്രീയതയ്ക്കുവേണ്ടി ഉപയോഗിക്കുന്നവരും അതിനെ ഉപയോഗപ്പെടുത്തുന്നവരും സമൂഹത്തില്‍ ഏറിവരികയാണ്. ഇതിന് പിന്നില്‍ ലാഭമുണ്ടാക്കുകയെന്നത് മാത്രമാണ് ലക്ഷ്യം. ഇതിനെതിരെ ഉയരുന്ന ചെറു ശബ്ദങ്ങളെപ്പോലും ഇല്ലാതാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതിന് ഉദാഹരണമാണ് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച തന്റെ പിതാവ് ഡോ. നരേന്ദ്ര ധാബോല്‍ക്കറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിഷത് സംസ്ഥാന പ്രസിഡന്റ് ഡോ.എന്‍.കെ ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ, ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതി ജനറല്‍ സെക്രട്ടറി ആശ മിശ്ര, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എ.എം ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.പതിനാല് ജില്ലകളില്‍നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ അടുത്തകാലത്തായി വ്യാപകമായിട്ടുള്ള അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരുന്നതിനായുള്ള ജനകീയ മെമ്മോറാണ്ടം ഡോ.കെ.എന്‍ ഗണേഷ് അവതരിപ്പിക്കും. മെയ് 10 ന് വൈകുന്നേരം ആറിന് സുസ്ഥിര ഊര്‍ജ്ജ വികസനത്തിനായുള്ള ലോക സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ജി.മധുസൂദനന്‍ പിള്ള ഐഎഎസ് ഈ വര്‍ഷത്തെ പി.ടി ഭാസ്‌കര പണിക്കര്‍ സ്മാരക പ്രഭാഷണം നടത്തും. കേരളത്തിന് ഒരു സമഗ്ര ഊര്‍ജ്ജ പരിപാടി എന്നതാണ് വിഷയം. ചടങ്ങില്‍ പരിഷത് പ്രസിദ്ധീകരിക്കുന്ന ഇമാഗസിന്റെ പ്രകാശനം നിര്‍വഹിക്കും. മൂന്നാം ദിവസം രാവിലെ 10.30ന് വാക്‌സിനേഷന്‍ വിവാദങ്ങളും വസ്തുതകളും എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. കെ.വിജയകുമാര്‍ ക്ലാസെടുക്കും.
    കേരള വികസന പരിപ്രേഷ്യം രേഖ, സംഘടനാ രേഖ, പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്ക്, ഭാവി പ്രവര്‍ത്തന രേഖ എന്നിവയുടെ അവതരണവും ചര്‍ച്ചയുമാണ് സമ്മേളന നടപടി ക്രമങ്ങള്‍. വേണം മറ്റൊരു കേരളം കാമ്പേയിനിന്റെ ഭാഗമായി നടത്തിയ കേരള വികസന കോണ്‍ഗ്രസില്‍ രൂപപ്പെടുത്തിയ സുസ്ഥിരതയിലും സാമൂഹ്യ നീതിയിലുമൂന്നിയ വികസന സമീപനങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. അന്ധ വിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്ര ബോധത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന വിപുലമായ പ്രവര്‍ത്തന പരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കും.dd


.....................................

.. ..