home
Total Visiters: 
അധ്യയന വര്‍ഷാരംഭത്തിന് ദിവസങ്ങള്‍ മാത്രം;സ്കൂള്‍ വിപണി ഉണര്‍ന്നു തുടങ്ങി
5 years ago ..
കാലിക്കടവ് :മധ്യ വേനലവധിക്ക് വിട നല്‍കി അക്ഷരമുറ്റമുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രം.ജൂണ്‍ രണ്ടിനാണ് ഇത്തവണ അധ്യയന വര്‍ഷം ആരംഭിക്കുന്നത് .പുതിയ ക്ലാസ്സിലേക്കും,വിദ്യാലയത്തിലെക്കുമൊക്കെ പോകാന്‍ പുത്തന്‍ കുടയും, ബാഗുമൊക്കെ തേടി കുട്ടികളും രക്ഷിതാക്കളുമെല്ലാം എത്തിത്തുടങ്ങിയതോടെ സ്കൂള്‍ വിപണികള്‍ സജീവമായിത്തുടങ്ങി. വര്‍ണ്ണക്കുടകളും,ബാഗുകളും ഒക്കെയായി കടകള്‍ ഒരുങ്ങിയതോടെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം കച്ചവടം പൊടിപൊടിക്കുകയാണ് . ഉല്‍പ്പന്ന വൈവിധ്യങ്ങളും,വിലക്കുറവുമൊക്കെ പറഞ്ഞ് കച്ചവടക്കാര്‍ ഉപഭോക്താക്കളെ കടകളിലേക്ക് മാടിവിളിക്കുന്നു.കാര്‍ട്ടൂണ്‍മയമാണ് വിപണിയിലെത്തിയ ബാഗുകളിലെല്ലാം.വന്‍ തുക നല്‍കി പരസ്യങ്ങള്‍ നല്‍കുന്നതിന് പകരം ടെലിവിഷനിലൂടെ കുട്ടികളുടെ മനംകവര്‍ന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ പതിച്ചാണ് ബാഗുകള്‍ ഏറെയും എത്തിയിരിക്കുന്നത് . ബെന്‍ ടെന്നും, മിക്കി മൌസും,ഡോറയും, സ്പൈഡര്‍മാനുമെല്ലാം കണ്ടാല്‍ തന്നെ കുട്ടികള്‍ ബാഗുകള്‍ കയ്യിലെടുക്കുകയാണ് .ഒന്ന്, രണ്ടു ക്ലാസുകളിലെ കുട്ടികള്‍ക്കായുള്ള ഡോള്‍ ബാഗുകളാണ് ഇത്തവണ വിപണിയിലെ പ്രധാന ആകര്‍ഷണം . 150 രൂപ മുതല്‍ മുകളിലോട്ടാണ് ബാഗുകളുടെ വില . പ്രമുഖ കമ്പനികളുടെ ബാഗുകള്‍ വേണമെങ്കില്‍ ചുരുങ്ങിയത് 350 രൂപയെങ്കിലും നല്‍കണം
    കുട വിപണിയിലും ഇപ്പോള്‍ കുട്ടികളുടെ തിരക്കാണ് .കറുത്ത കുടകളേക്കാള്‍ കളര്‍ക്കുടകളോടാണ് കുട്ടികള്‍ക്ക് പ്രിയം.കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കുടയിലും എത്തിയിട്ടുണ്ട്.കണ്ണും,മൂക്കും,ചെവിയുമെല്ലാം ഉള്ള കുടകളും ഉണ്ട്. വളഞ്ഞ കാലുള്ള കളര്‍ക്കുടകളോടാണ് ചെറിയ കുട്ടികള്‍ക്ക് ഇഷ്ടം.150 മുതല്‍ 300 രൂപവരെ വിലയുണ്ട് ഒരുവിധം നല്ല കുടകള്‍ക്ക്. എന്ത് തന്നെയായാലും ഒരു മഴക്കാലെത്തെക്ക് മാത്രമേ കുട്ടികള്‍ ഒരു കുട ഉപയോഗിക്കൂ എന്നറിയാവുന്നതിനാല്‍ 150 നും 200 നും ഇടയില്‍ വിലയുള്ള കുടകളാണ് കൂടുതലായി വിറ്റ് പോകുന്നത് . വിവിധ കമ്പനികളുടെ നോട്ടു ബുക്കുകളും,പേനയും,പെന്‍സിലും എല്ലാം വിപണിയില്‍ സുലഭമായുണ്ട് .മിക്ക വിദ്യാലയങ്ങളും യൂണിഫോം അവിടെ നിന്ന് തന്നെ വിതരണം ചെയ്യുന്നതിനാല്‍ യൂണിഫോം വിപണിയില്‍ വലിയ തിരക്കില്ല
    കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉലപ്പന്നങ്ങള്‍ക്ക് പത്തുശതമാനം വരെ വിലവര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത് .അത് കൊണ്ട് തന്നെ അധ്യയന വര്‍ഷാരംഭം പല രക്ഷിതാക്കള്‍ക്കും നെഞ്ചിടിപ്പിന്റെതാകുന്നു.
.



dd


.....................................

.. ..