home
Total Visiters: 
അരനൂറ്റാണ്ടിന്റെ വീര്‍പ്പുമുട്ടലിനൊടുവില്‍ എടക്കി പുഴ സ്വതന്ത്രയായി
5 years ago ..
പടന്ന : ബണ്ടുകള്‍ കെട്ടി നിശ്ചലമാക്കപ്പെട്ട ഓരി എടക്കി പുഴ അര നൂറ്റാണ്ടിനു ശേഷം വീണ്ടും കവ്വായിക്കായലിനോട് ചേര്‍ന്നു. എടക്കി പുഴയും കവ്വായിക്കായാലും ഒന്നുചേരുന്ന ആഹ്ലാദ മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ ഗ്രാമമൊന്നാകെ ഒഴുകിയെത്തി. തൃക്കരിപ്പൂര്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍ ഷട്ടര്‍ തുറന്നതോടെയാണ് സ്വാതന്ത്ര്യത്തിന്റെ ആഴങ്ങളിലേക്ക് എടക്കി പുഴ വീണ്ടും ഒഴുകിതുടങ്ങിയത്. ഒരു നാടിന്റെ രണ്ടുവര്‍ഷത്തെ അധ്വാനത്തിനാണ് ശുഭ പര്യവസാനമായിരിക്കുന്നത്. മധുരം വിതരണം ചെയ്താണ് പുഴകള്‍ ഒന്നാകുന്ന സന്തോഷമുഹൂര്‍ത്തത്തെ ഇവിടുത്തുകാര്‍ ആഘോഷമാക്കിമാറ്റിയത്.
    സഞ്ചാരത്തിന് വഴികളില്ലാതിരുന്ന കാലത്ത്, കൃത്യമായി പറഞ്ഞാല്‍ 58 വര്‍ഷങ്ങള്‍ക്കുമുമ്പാണ് പടന്ന പഞ്ചായത്തിലെ പുല്ലൂര് മാടിലെ ചെറുതുരുത്തുകളിലേക്ക് ബണ്ട് നിര്‍മ്മിച്ചത്. കാലം ചെന്നപ്പോള്‍ കവ്വായിക്കായലില്‍ അങ്ങിങ്ങായി ഉയര്‍ന്ന ബണ്ടുകളുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്ക് കണക്കില്ലാതായി. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ചത്തുപൊന്തുന്ന മീനുകള്‍, അസഹ്യമായ ദുര്‍ഗന്ധം, കൊതുകുകടി, വ്രണങ്ങളായിമാറുന്ന ചൊറിച്ചില്‍ എന്നിങ്ങനെ നീണ്ടു പുഴയെ തടഞ്ഞു നിര്‍ത്തിയതിന്റെ വിപത്തുകള്‍. പലരും വീടുപേക്ഷിക്കേണ്ടി വരുമെന്ന അവസ്ഥയിലാണ് പുഴയുടെ പുനര്‍ജനിയെക്കുറിച്ച് ഒരു നാട് ചിന്തിച്ചുതുടങ്ങിയത്.
    ജില്ലാ പഞ്ചായത്തിന്റെയും പടന്ന പഞ്ചായത്തിന്റെയും 11 ലക്ഷം രൂപയുപയോഗിച്ച് ആദ്യം അഞ്ചുമീറ്റര്‍ നീളത്തില്‍ പാലം നിര്‍മിച്ചു. പിന്നീട് ഒന്നര വര്‍ഷത്തിനുശേഷം ജലനിധിയുടെയും പഞ്ചായത്തിന്റെയും 30 ലക്ഷം രൂപയുപയോഗിച്ച് എടക്കിപ്പുഴയില്‍നിന്ന് കവ്വായി കായലിലേക്ക് ചാല് നിര്‍മിച്ചു. . നൂറുമീറ്റര്‍ നീളമുള്ള ചാലിന് മൂന്നുമീറ്റര്‍ വീതിയും ആഴവും ഉണ്ട്. ഇരുഭാഗവും പ്രതലഭാഗവും കോണ്‍ക്രീറ്റ് ചെയ്ത ചാലിലൂടെ വള്ളങ്ങള്‍ക്കും കടന്നുപോകാനാകും. ഒഴുക്കിന്റെ ഗതി നിയന്ത്രിക്കാന്‍ ഷട്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. കായല്‍മത്സ്യങ്ങളുടെ ആവാസകേന്ദ്രമായിരുന്ന എടക്കിപ്പുഴയ്ക്ക് കവ്വായി പുഴയുമായുള്ള ബന്ധം ഇല്ലാതായതോടെ കായലിലെ പല ജൈവവൈവിധ്യങ്ങളും ഇല്ലാതായി. പുഴയില്‍ നിന്നും സമൃദ്ധമായി ലഭിച്ചിരുന്ന മത്സ്യങ്ങള്‍ പലതും ഇല്ലാതായി എന്നത് ഇവിടുത്തെ മത്സ്യത്തൊഴിലാളികളെയും വിഷമത്തിലാക്കി.പുഴ വീണ്ടും ഒഴുകിതുടങ്ങിയതോടെ പുഴയുടെ പഴയ സമൃദ്ധി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, എ വി ലീന, കെ ഷൈജു, പി സി സുബൈദ, പി കെ ഫൈസല്‍, കെ പി കൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ഈ സന്തോഷ വേളയില്‍ പങ്കുചേരാന്‍ എത്തിയിരുന്നുdd


.....................................

.. ..