home
Total Visiters: 
പാടത്തിറങ്ങി കൃഷിപാഠമറിഞ്ഞ് കുട്ടികള്‍
5 years ago ..

    ചെറുവത്തൂര്‍ :ഞാറു നടീല്‍ ഉത്സവമാക്കി കൃഷിയുടെ പുതിയ പാഠങ്ങള്‍ പഠിച്ച് കുട്ടികള്‍. തിമിരി മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് പാഠം പഠിക്കാന്‍ പാടത്തിറങ്ങിയത്. തിമിരി വയലില്‍ അര ഏക്കറോളം സ്ഥലത്ത് ഞാറു നടീല്‍ പൂര്‍ത്തിയായി. തിമിരി കൊട്ടുമ്പുറം ധര്‍മശാസ്താ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ അധീനതയിലുള്ള വയലുകളിലാണ് ഹരിതസേനയുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയിരിക്കുന്നത്. നാടന്‍ നെല്‍വിത്തായ ഉമയാണ് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. ഗ്രാമത്തിലെ പ്രായം ചെന്ന കര്‍ഷകരും നാട്ടുകാരും ഉള്‍പെടെയുള്ളവര്‍ കുട്ടികള്‍ക്കൊപ്പം വയലിലിറങ്ങി. അന്യംനിന്ന് പോകുന്ന കാര്‍ഷിക സംസ്‌കൃതിയെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം നെല്‍കൃഷിയില്‍ ഇവര്‍ക്ക് നേരിട്ട് ഇടപെടാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്ര കമ്മിറ്റിയുടെ സഹകരണത്തോടെ വയലിലെ കൃഷി കുട്ടികളുടേതാക്കി മാറ്റിയത്. ചെളി നിറഞ്ഞ പാടത്ത് കര്‍ഷക വേഷം ധരിച്ചെത്തിയ കുട്ടികള്‍ നിറഞ്ഞ ആവേശത്തോടെയാണ് ഞാറുകള്‍ ഒന്നൊന്നായി പറിച്ച് നട്ടത്. ഒപ്പം പഴയകാലത്ത് കൃഷിജോലി ചെയ്യുന്നവര്‍ വിശപ്പകറ്റിയിരുന്ന ചക്കകൊണ്ടുള്ള വിഭവമാണ് ഇടവേള സമയത്ത് കുട്ടികള്‍ക്ക് വിളമ്പിയത്. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജനാര്‍ദനന്‍ ഞാറു നടീല്‍ ഉദ്ഘാടനം ചെയ്തു. എം പി വി ജാനകി അധ്യക്ഷയായി. ടി വി പ്രഭാകരന്‍, എ വി ശ്രീനിവാസന്‍, ടി ശശിധരന്‍, പി ബേബിക്കുട്ടി, നാരായണന്‍, പി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ടി വി ലക്ഷ്മണന്‍, മണികണ്ഠന്‍ എന്നിവര്‍ കൃഷി പരിപാലന രീതികള്‍ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കി. മുതിര്‍ന്ന കര്‍ഷകരുടെ സഹായത്തോടെ വിളവെടുപ്പ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും അവധി ദിവസങ്ങളില്‍ കുട്ടികള്‍ വയലുകളില്‍ കാര്‍ഷിക വൃത്തിക്കായി എത്തും.
   
.



dd


.....................................

.. ..