home
Total Visiters: 
ശശി വയലിലെത്തിയാല്‍ ചങ്ങാതിമാര്‍ പറന്നെത്തും
5 years ago ..
കാലിക്കടവ് :കൊടക്കാട് കളത്തേരയിലെ വി ശശി വയലുകളില്‍ പുല്ലരിയാന്‍ എത്തിയാല്‍ മൂന്ന്ചങ്ങാതിമാര്‍ പറന്നെത്തും. കരിയാക്കകള്‍ എന്നുവിളിക്കുന്ന കാക്കത്തമ്പുരാട്ടിമാരാണ് ശശിയോട് കൂട്ടുകൂടാനെത്തുന്നത്. സ്വതന്ത്രമായി പറന്നു നടക്കുന്ന ഈ പക്ഷികളുടെ മനുഷ്യചങ്ങാത്തം എല്ലാവരിലും കൌതുകം നിറയ്ക്കുകയാണ്. കൊടക്കാട് പള്ളികണ്ടം വയലിലാണ് ഈ പക്ഷികളുടെ മനുഷ്യചങ്ങാത്തം വേറിട്ട കാഴ്ചയാകുന്നത്. കൊടക്കാട് കളത്തേരയിലെ വി. ശശിക്കാണ് മൂന്ന് പക്ഷികളെ ചങ്ങാതിമാരായി കിട്ടിയിരിക്കുന്നത്. ഏതാണ്ട് ഒരു മാസം മുന്‍പാണ് കാക്കത്തമ്പുരാട്ടിമാര്‍ ശശിയുമായി കൂട്ടുകൂടാനെത്തുന്നത്. പശുക്കള്‍ക്ക് നല്‍കാന്‍ വയലില്‍ പുല്ലരിഞ്ഞെടുക്കാന്‍ എത്തിയതായിരുന്നു ഇദ്ദേഹം. ആദ്യം ഒരു പക്ഷി ചുമലില്‍ പറന്നു വന്നിരുന്നു. ആദ്യമൊന്ന് അമ്പരന്നുവെങ്കിലും ഉപദ്രവമൊന്നും ചെയ്യാത്തതിനാല്‍ പക്ഷികളെ ഭയപ്പെടുത്താന്‍ മുതിര്‍ന്നില്ല. അധികം വൈകാതെ അടുത്തയാളും പറന്നെത്തി തലയില്‍ ഇരിപ്പുറപ്പിച്ചു. പിന്നാലെ കുഞ്ഞുമെത്തി ഇപ്പോള്‍ വലിയ ചങ്ങാതിമാരായിരിക്കുകയാണ് എല്ലാവരും. ഓലക്കൊട്ടയുമായി പുല്ലരിയാന്‍ എത്തുന്ന ശശിയെ ദൂരെനിന്നും കാണുമ്പോള്‍ തന്നെ പറവചങ്ങാതിമാര്‍ വയല്‍പ്പരപ്പുകളിലേക്ക് പറന്നിറങ്ങും. പിന്നെ ഇടം വലം ചുമലുകളില്‍ ഗമയിലങ്ങനെയിരിക്കും. ഇടയ്ക്ക് പുല്ലുകള്‍ അരിഞ്ഞുമാറ്റുമ്പോള്‍ കിട്ടുന്ന ചെറിയ പ്രാണികളെ അകത്താക്കുകയും ചെയ്യും. ശശി പാടത്ത് നിന്നും മടങ്ങും വരെ കൂട്ടുകാര്‍ കൂടെത്തന്നെയുണ്ടാകും. ഇതേവയലില്‍ നിരവധിപേര്‍ പുല്ലരിഞ്ഞെടുക്കാന്‍ എത്താറുണ്ടെങ്കിലും മറ്റാരെയും പക്ഷികള്‍ക്ക് അത്ര ബോധിച്ചിട്ടില്ല. ശശിയോട് മാത്രം ഇത്ര സ്നേഹം കാട്ടുന്നതിന് പിന്നിലെ രഹസ്യവും പിടികിട്ടുന്നില്ല. വളര്‍ത്തുമൃഗങ്ങളെ ഏറെ സ്നേഹിക്കുന്ന ശശിയിപ്പോള്‍ പുതിയ കൂട്ടുകാര്‍ക്കൊപ്പം നിറഞ്ഞ സന്തോഷത്തിലാണ്
.



dd


.....................................

.. ..