home
Total Visiters: 
എ കെ ജി മയ്യിച്ചയുടെ ചുരുളന്‍ വള്ളമൊരുങ്ങി
5 years ago ..

    ചെറുവത്തൂര്‍: ഉത്തരമലബാറിലെ ജലോത്സവങ്ങളില്‍ ആവേശത്തുഴയെറിയാന്‍ തേജസ്വിനിക്കരയിലേക്ക് ഒരു ചുരുളന്‍ വള്ളംകൂടി. മയ്യിച്ച എകെജി ക്ലബ്ബിന്റെ ചുരുളന്‍ വള്ളം ആഗസ്റ്റ്‌ പത്തിന് നീരണിയും. ക്ലബ്ബ് പ്രവര്‍ത്തകരുടെയും പ്രദേശ വാസികളുടെയും ഏറെക്കാലമായുള്ള ആഗ്രഹമാണ് സാക്ഷാത്കരിച്ചിരിക്കുന്നത്. ആഞ്ഞിലി മരം ഓരിയിലെ പ്രത്യേകം നിര്‍മിച്ച നിര്‍മാണ പുരയില്‍ എത്തിച്ച് ആര്‍ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള എട്ട് ജോലിക്കാരുടെ സഹായത്തോടെ വള്ളം പണി ആരംഭിച്ചു. മൂന്ന് മാസം നീണ്ട ശ്രമഫലമായാണ് വള്ളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. പൂര്‍ണമായും ആഞ്ഞിലി തടിയില്‍ തീര്‍ത്ത ഈ വള്ളത്തിന് ആറ് ലക്ഷം രൂപയാണ് നിര്‍മ്മാണ ചിലവ്. ഇരുപത്തിമൂന്നു കോലാണ് വള്ളത്തിന്റെ നീളം. ഇരുപത്തഞ്ച് പേര്‍ക്ക് തുഴയാനുള്ള വള്ളമാണിത്. ഓരിയില്‍ നിന്നും നിര്‍മ്മിച്ച്‌ തേജസ്വിനിക്കരയിലേക്കെത്തുന്ന മൂന്നാമത്തെ വള്ളമാണിത്. എന്നാല്‍ കാവുംചിറ കൃഷ്ണപ്പിള്ള ക്ലബ്ബായിരുന്നു പൂര്‍ണ്ണമായി തദ്ദേശീയമായി ആദ്യമായി വള്ളം നിര്‍മ്മിച്ചത്. അതിനുപിന്നാലെ എ കെ ജി പോടോതുരുത്തിയും ഇവിടെവച്ചുതന്നെ വള്ളമൊരുക്കി. ഇവയുടെ നിര്‍മ്മാണത്തിനും ചുക്കാന്‍ പിടിച്ചത് ആര്‍ രാജേന്ദ്രന്‍ തന്നെയായിരുന്നു. തേജസ്വിനി പുഴയില്‍നടക്കാറുള്ള വള്ളം കളി, കുപ്പം വള്ളംകളി തുടങ്ങി ഉത്തരമലബാറില്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ ആവേശത്തോടെ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് എ കെ ജി ക്ലബ്ബംഗങ്ങള്‍. ആദ്യകാലത്ത് തേജസ്വിനിയിലെ ഉത്തരമലബാര്‍ ജലോത്സവത്തില്‍ സജീവ സാന്നിധ്യമായിരുന്നു ഈ ടീം. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവര്‍ മത്സര രംഗത്ത് ഉണ്ടായിരുന്നില്ല. പുതിയ ചുരുളന്‍ വള്ളം നീറ്റിലിറങ്ങുന്നതോടെ തീവ്ര പരിശീലനം നടത്തി മികച്ച ടീമിനെ വാര്‍ത്തെടുക്കാനാണ്‌ ക്ലബ്ബംഗങ്ങളുടെ തീരുമാനം. തിരുവോണ നാളില്‍ ചെറുവത്തൂര്‍ കിഴക്കേമുറിയില്‍ വിക്ടര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് തേജസ്വിനിയില്‍ കിഴക്കേമുറിയില്‍ മലബാര്‍ ജലോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. മത്സരവള്ളം കളിയില്‍ ഇവിടെ പുതിയ ചുരുളന്‍ വള്ളത്തില്‍ എ കെ ജി ടീം അരങ്ങേറ്റം കുറിക്കും.ആഗസ്റ്റ്‌ പത്തിന് മയ്യിച്ചയില്‍ നടക്കുന്ന ചടങ്ങില്‍ പി. കരുണാകരന്‍ എം പി വള്ളത്തിന്റെ നീറ്റിറക്കം ഫ്ലാഗ് ഓഫ്‌ ചെയ്യും.
    പടം: മയ്യിച്ച എ കെ ജി ക്ലബ്ബിന് വേണ്ടി നിര്‍മ്മിച്ച ചുരുളന്‍ വള്ളം
.



dd


.....................................

.. ..