home
Total Visiters: 
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ചോര്‍ന്നൊലിക്കുന്നു; ജീവനക്കാര്‍ ദുരിതത്തില്‍
5 years ago ..

    ചെറുവത്തൂര്‍: ദേശീയപാതയോരത്തെ വാടക കെട്ടിടത്തിലാണ് കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലമായി ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പ്രവര്‍ത്തനം. മഴകനത്തു പെയ്താല്‍ കെട്ടിടത്തിനു മുന്നില്‍ വെള്ളം നിറയും. ഈ പുഴ നീന്തിക്കടന്നു വേണം ജീവനക്കാര്‍ക്ക് ഓഫീസിലെത്താന്‍. എന്നാല്‍ ഓഫീസിനുള്ളില്‍ എത്തിയാല്‍ അവസ്ഥ ഇതിലും പരിതാപകരമാണ്. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ മുട്ടോളമുണ്ടാകും വെള്ളം. ഇത് ബക്കറ്റ് ഉപയോഗിച്ച് കോരിമാറ്റിവേണം ജീവനക്കാര്‍ക്ക് കസേരകളില്‍ ഒന്നിരിക്കാന്‍. ചോര്‍ന്നൊലിച്ച് മഴയില്‍ കുതിരുകയാണ് ഇവിടെ നിരവധി ഫയലുകള്‍. ഉപജില്ലയിലെ വിദ്യാലയങ്ങളുടെയെല്ലാം പ്രവര്‍ത്തനം നിയന്ത്രിക്കുന്ന പ്രധാന ഓഫീസിനാണ് ഈ ദുരവസ്ഥ. ഓഫീസിനു സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിനായി കുട്ടമത്ത് നഗറില്‍ കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ശിലാസ്ഥാപനം നടത്തിയിരുന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നബാര്‍ഡിന് സമര്‍പ്പിച്ച പദ്ധതി പ്രകാരം ആര്‍ ഐ ഡി എഫ് സ്പെഷല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കെട്ടിട നിര്‍മ്മാണത്തിന് 29.5 ലക്ഷം വകയിരുത്തിയിരിരുന്നു. കുട്ടമത്ത് നഗറിലുള്ള കെ സി നായര്‍ സ്മാരക ട്രസ്റ്റാണ് കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം സംഭാവന ചെയ്തത്. എന്നാല്‍ കരാര്‍ തുകയില്‍ അംഗീകാരം വൈകുന്നതിനെ തുടര്‍ന്ന് കെട്ടിട നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. കരാര്‍ തുക 42 ലക്ഷമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതിക്ക് മുമ്പാകെ രേഖകള്‍ എത്തിയെങ്കിലും മാസങ്ങളായി കമ്മറ്റി ചേരാത്തതിനെ തുടര്‍ന്ന് രേഖകള്‍ പരിഗണിക്കാതെ കിടക്കുകയാണ്.
    പടം 1 - ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഫയലുകള്‍ മഴയില്‍ കുതിര്‍ന്ന നിലയില്‍
    പടം 2- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിടത്തിനായി സ്ഥാപിച്ച ശിലാഫലം കാടുകയറിയ നിലയില്‍



dd


.....................................

.. ..