home
Total Visiters: 
വിധിയുടെ വേദനകള്‍ക്ക് ചെക്ക്; വീല്‍ചെയറിലിരുന്ന് ഗോപാലന്‍ കരുക്കള്‍ നീക്കി
5 years ago ..

    ചെറുവത്തൂര്‍: മുപ്പത് വര്‍ഷമായി വീടിനുള്ളിലെ മുറികള്‍ മാത്രമായിരുന്നു ഗോപാലന്റെ ലോകം. അപകടത്തിലൂടെ ശരീരം തളര്‍ന്നപ്പോഴും ഇഷ്ട വിനോദമായ ചെസ് കൈവിടാതെ കാത്തു. ഒടുവില്‍ വിധിയെ തോല്‍പ്പിച്ച മനസ്സുമായി പിലിക്കോട് പടുവളത്തെ എം വി ഗോപാലന്‍( 54 ) വീണ്ടും മത്സരവേദിയില്‍ കരുക്കള്‍ നീക്കി. ജില്ലാ ചെസ് അസോസിയേഷന്‍ പിലിക്കോട് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിച്ച ഉത്തരമേഖല ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് നിറഞ്ഞ സന്തോഷത്തോടെ ഇദ്ദേഹം മത്സരിക്കാനെത്തിയത്. മുപ്പത് വര്‍ഷം മുമ്പ് വരെ ചെസ് മത്സരവേദികളിലെ സജീവ സാന്നിധ്യമായിരുന്നു പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം ഫാമിലെ കാഷ്വല്‍ ലേബര്‍ കൂടിയായിരുന്ന ഗോപാലന്‍. ജോലിക്കിടയില്‍ ഇതുപത്തി നാലാം വയസ്സില്‍ സംഭവിച്ച അപകടമാണ് ഇദ്ദേഹത്തിന്റെ ശരീരത്തെ തളര്‍ത്തിയത്. തെങ്ങില്‍ നിന്നും താഴേക്ക് വീണ് സാരമായി പരിക്കേറ്റതോടെ വര്‍ഷങ്ങളോളം കിടപ്പിലായി. വീല്‍ചെയറില്‍ സഞ്ചരിക്കമെന്നായത്തോടെ വീണ്ടും ചെസിന്റെ ലോകത്തെത്തി. വീട്ടിലെത്തുന്ന സുഹൃത്തുക്കള്‍ക്കും, വീട്ടുകാര്‍ക്കുമൊപ്പം കളിയില്‍ മുഴുകി. ചെസ് മത്സരത്തില്‍ പങ്കെടുക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഇതിനിടയിലാണ് വീടിനു സമീപത്ത് ഉത്തരമേഖല ചെസ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്. മത്സരത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ പടുവളത്തെ പാട്യം ക്ലബ്ബ് പ്രവര്‍ത്തകര്‍ പ്രത്യേക വാഹനത്തില്‍ മത്സര വേദിയില്‍ എത്തിക്കുകയായിരുന്നു. അരയ്ക്ക് താഴെ ചലന ശേഷിയില്ലാത്തതിനാല്‍ വീല്‍ചെയറിലിരുന്ന് മത്സരിക്കാന്‍ സംഘാടകര്‍ സൗകര്യം ഒരുക്കിയിരുന്നു. മത്സരത്തില്‍ അഞ്ചാം റൌണ്ട് വരെ എത്തുകയും ചെയ്തു. സംഘാടകര്‍ പ്രത്യേക ഉപഹാരം നല്‍കി അനുമോദിക്കുകയും ചെയ്തു.
    ഫോട്ടോ -അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..