home
Total Visiters: 
വരവിളിയുയരാറായി അണിയലങ്ങള്‍ ഒരുങ്ങുകയായി
5 years ago ..

    കാലിക്കടവ് : ആരാധനാ മൂര്‍ത്തികളായ പരദൈവങ്ങള്‍ അനുഗ്രഹങ്ങള്‍ ചൊരിയാനെത്തുന്ന കളിയാട്ടക്കാലത്തിനായി ഉത്തരമലബാര്‍ ഒരുങ്ങുന്നു. കന്നിമാസമെത്തിയതോടെ തുലാമാസത്തില്‍ ആരംഭിക്കുന്ന അടുത്ത കളിയാട്ടക്കാലത്തിനായി അണിയലങ്ങള്‍ (തെയ്യചമയങ്ങള്‍) ഒരുക്കുന്ന തിരക്കിലാണ് തെയ്യം കലാകാരന്‍മാര്‍. വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടാതെ തെയ്യം സക്രിയമാകണമെങ്കില്‍ നാട്ടരങ്ങില്‍ ഭക്തരുടെ മനം നിറയ്ക്കുന്ന രൂപ ഭംഗിയോടെ കോലങ്ങള്‍ അവതരിക്കണം. ചിലവേറുമെങ്കിലും കുടുംബ വഴിയായി കിട്ടിയ ആചാരത്തെ സാധനതെറ്റാതെ കൊണ്ട് നടക്കാന്‍ തന്നെയാണ് തെയ്യക്കാരായ എല്ലാ സമുദായങ്ങളും ശ്രമിക്കുന്നത്. അണിയലങ്ങള്‍ ഒരുക്കുന്നതിനായി ഏതെങ്കിലും ഒരു വീട് കേന്ദ്രീകരിച്ച് ഒത്തുചേര്‍ന്നിരിക്കുകയാണ് തെയ്യം കലാകാരന്‍മാര്‍. രൂപത്തിലും, സങ്കല്‍പ്പത്തിലും വ്യത്യസ്തമാണ് തെയ്യങ്ങളോരോന്നും. ഓരോ തെയ്യവും അരങ്ങിലെത്തുമ്പോള്‍ നിറയുന്നത് വ്യത്യസ്തങ്ങളായ കലകളുടെ സമ്മേളനമാണ്‌. നൃത്തവും, വാദ്യവും, ഗീതവും, ചിത്രകലയും, ശില്പകലയുമെല്ലാം തെയ്യത്തില്‍ സമ്മേളിക്കുന്നു. എന്നാല്‍ ചമയങ്ങളാണ് തെയ്യത്തിന് രൂപഭംഗി പകരുന്നത്. മരം, ലോഹം, കവിടി, തുണി, പീലിത്തുണ്ട്, കുരുത്തോല, വാഴപ്പോള, പൂവ്, മുള തുടങ്ങിയവ കൊണ്ടാണ് അണിയലങ്ങള്‍ ‍ നിര്‍മ്മിക്കുക. വൈവിധ്യമാര്‍ന്ന ഒടകളും, മുടികളും വ്യത്യസ്തങ്ങളായ ആകൃതിയിലും, നിറത്തിലുമുള്ള അണിയലങ്ങളും തെയ്യത്തിനുണ്ട്. കൈകള്‍ക്ക് പലതരം കൈക്കരു, കാലുകള്‍ക്ക് കാക്കരു, ശിരോലങ്കാരമായി തലച്ചമയങ്ങളും, മുടിയും... ഇങ്ങനെപോകുന്നു അണിയലങ്ങള്‍‍. ഇതില്‍ ഓലച്ചമയങ്ങള്‍ ഒഴിച്ച് മറ്റുള്ളവയാണ് ഇപ്പോള്‍ ഒരുക്കുന്നത്. ഓലച്ചമയങ്ങള്‍ ഓരോ തെയ്യത്തിനും അനുസരിച്ച് അതാത് കളിയാട്ട സ്ഥലങ്ങളില്‍ നിന്നും നിര്‍മ്മിച്ചെടുക്കും. തെയ്യങ്ങള്‍ ഭംഗിയുള്ള അണിയലങ്ങള്‍ അണിയണമെന്നത് കളിയാട്ടം നടത്തുന്നവരുടെ ആവശ്യമാണ്‌. ഇത് തയ്യാറാക്കുന്നതിനായി വൈദഗ്ധ്യം നേടിയ കലാകാരന്മാര്‍ തെയ്യക്കാര്‍ക്കിടയിലുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് അണിയല നിര്‍മ്മാണം. തുലാം പത്തിനാണ് കളിയാട്ടക്കാലം ആരംഭിക്കുകയെങ്കിലും തുലാം ഒന്നിന് തന്നെ കര്‍ഷകതെയ്യങ്ങള്‍ അരങ്ങിലെത്തും.
    പടം - അണിയലങ്ങള്‍ ഒരുക്കുന്ന ചെറുവത്തൂര്‍ പുതിയകണ്ടത്തെ ഗംഗാധരന്‍ എരമംഗലന്‍
.



dd


.....................................

.. ..