home
Total Visiters: 
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിടം ശിലയിലൊതുങ്ങി
5 years ago ..

    ചെറുവത്തൂര്‍: ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിട നിര്‍മ്മാണം ശിലാസ്ഥാപനത്തില്‍ ഒതുങ്ങി. കരാര്‍ തുകയില്‍ ഉന്നതാധികാര സമിതിയുടെ അംഗീകാരം വൈകുന്നതാണ് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് തടസ്സമാകുന്നത്. വര്‍ഷങ്ങളായി ചെറുവത്തൂരില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓഫീസിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിനായി കുട്ടമത്ത് നഗറില്‍ കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ശിലാസ്ഥാപനം നടത്തിയത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നബാര്‍ഡിന് സമര്‍പ്പിച്ച പദ്ധതി പ്രകാരം ആര്‍ ഐ ഡി എഫ് സ്പെഷല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിട നിര്‍മ്മാണത്തിന് തുക വകയിരുത്തിയത്. കുട്ടമത്ത് നഗറിലുള്ള കെ സി നായര്‍ സ്മാരക ട്രസ്റ്റ് കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം സൌജന്യമായി നല്‍കുകയും ചെയ്തു. എന്നാല്‍ കെട്ടിടനിര്‍മ്മാണത്തിനായുള്ള എസ്റ്റിമേറ്റ് തുകയേക്കാള്‍ കരാര്‍ തുക വര്‍ധിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതിക്ക് മുമ്പാകെ രേഖകള്‍ എത്തിയെങ്കിലും മാസങ്ങളായി കമ്മറ്റി ചേരാത്തതിനെ തുടര്‍ന്ന് രേഖകള്‍ പരിഗണിക്കാതെ കിടക്കുകയാണ്. നടപടികള്‍ യഥാസമയം മുന്നോട്ട് നീങ്ങിയിരുന്നുവെങ്കില്‍ കെട്ടിടനിര്‍മ്മാണം ഇപ്പോള്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. ഇനിയും കരാര്‍ തുകയ്ക്കുള്ള അംഗീകാരം വൈകുകയാണെങ്കില്‍ നബാര്‍ഡില്‍ നിന്നും തുക ലഭിക്കാതെ വരുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ പറഞ്ഞു. പ്രശ്നത്തില്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണ് നിലവില്‍ വിദ്യാഭ്യാസ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടന്നതോടെ വര്‍ഷങ്ങളായി അനുഭവിച്ചു വരുന്ന ദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഓഫീസ് ജീവനക്കാരും, അധ്യാപക സമൂഹവും. ഉപജില്ലയിലെ വിദ്യാലയങ്ങളുടെയെല്ലാം പ്രവര്‍ത്തനം നിയന്ത്രിക്കുന്ന പ്രധാന ഓഫീസിന്റെ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നും എല്ലാവരും ആവശ്യപ്പെടുന്നു
.



dd


.....................................

.. ..