home
Total Visiters: 
വാഴകൃഷിയില്‍ വിളവെടുപ്പ് തുടങ്ങി
3 years ago ..
കാലിക്കടവ്: പഠനത്തിനൊപ്പം പിലിക്കോട്ടെ കുട്ടികള്‍ നട്ടുവളര്‍ത്തിയ വാഴകൃഷിയില്‍ വിളവെടുപ്പ് തുടങ്ങി. ഹരിത ജീവനം എന്ന പേരിലാണ് പിലിക്കോട് സി. കൃഷ്ണന്‍ നായര്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍. എസ്. എസ് യൂണിറ്റ് പാതയോരത്ത് വാഴകൃഷി നടത്തിയത്. പോയ വര്‍ഷങ്ങളില്‍ നടത്തിയ കൃഷിയില്‍ നൂറുമേനി വിളവ്‌ ലഭിച്ചതിന്‍റെ പ്രചോദനവുമായാണ് ഇത്തവണ കൂടുതല്‍ വാഴകള്‍ നട്ട് കൃഷി ഊര്‍ജിതപ്പെടുത്തിയത്. കന്നുകള്‍ നട്ടത് മുതല്‍ കണ്ണിലെ കൃഷ്ണമണിപോലെ കുട്ടികള്‍ വാഴകളെ കാത്ത് പോന്നു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു കൃഷിക്കുള്ള ജലസേചനം. വേനല്‍ കടുത്തത്‌ കാരണം ഇത്തവണ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും വെള്ളം എത്തിക്കേണ്ടി വന്നു. വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലുമെല്ലാം വാഴകളെ പരിപാലിക്കാന്‍ കുട്ടികള്‍ ഊഴമിട്ടെത്തി. എട്ടു മാസത്തെ അധ്വാനം വിളവെടുത്തു തുടങ്ങിയതിന്റെ സന്തോഷത്തിലാണ് കുട്ടികള്‍. രണ്ടു വര്‍ഷം മുമ്പ് വാഴക്കുലകള്‍ വിറ്റ് കിട്ടിയ കാശ് കൊണ്ടാണ് ദേശീയ അവാഡ് വരെ നേടിയ ദൈവസൂത്രം എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വിളവില്‍ നിന്നും ലഭിച്ച തുകയുപയോഗിച്ച് എലിപ്പനി ബാധിച്ച് മരണപ്പെട്ട മാണിയാട്ടെ യു. കെ നാരായണന്‍റെ കുടുംബത്തിന്‍റെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ്‌ കുട്ടികള്‍ ഏറ്റെടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം സ്കൂള്‍ പി.ടി.എ പ്രസിഡന്റ് വി.വി നാരായണന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ പി.സി ചന്ദ്രമോഹനന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ കെ.പി പ്രകാശന്‍ സംസാരിച്ചു
.



dd


.....................................

.. ..