home
Total Visiters: 
മുണ്ട്യയില്‍ കളിയാട്ട കലവറ നിറയും;ജൈവ പച്ചക്കറികളാല്‍
3 years ago ..
കാലിക്കടവ്: കളിയാട്ടത്തിന് കലവറ നിറയ്ക്കാന്‍ മറുനാടന്‍ പച്ചക്കറികള്‍ വേണ്ടെന്ന് തടിയന്‍കൊവ്വലുകാര്‍. ഇതിനായി നാട്ടുകാര്‍ വയലില്‍ വിത്തിട്ടു. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഉദിനൂര്‍ തടിയന്‍കൊവ്വല്‍ മുണ്ട്യയില്‍ നടക്കുന്ന കളിയാട്ടത്തിന് ഭക്ഷണമൊരുക്കാനാണ് നാട്ടുകൂട്ടായ്മയില്‍ കൃഷിയൊരുങ്ങുന്നത്. മൂന്നുദിവസമായി പതിനായിരത്തോളം പേര്‍ക്കാണ് ഇവിടെ സദ്യയൊരുക്കുന്നത്. സദ്യയ്ക്കാവശ്യമായ പച്ചക്കറി വിഭവങ്ങളാണ് നാട്ടുകാരുടെ സഹകരണത്തോടെ വിളയിച്ചെടുക്കുക. ഇതിനായി 50 സെന്റ് വയലില്‍ നിലമൊരുക്കി വിത്തുപാകി. നീലേശ്വരം കാര്‍ഷിക കോളേജ് ഫാം മാനേജര്‍ പി വി സുരേന്ദ്രനാണ് വയലില്‍ വിത്തിറക്കി ഉദ്ഘാടനം ചെയ്തത്. അടുത്തവര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന കളിയാട്ടത്തിന് മുമ്പായി ഇവിടെ മത്തന്‍, കുമ്പളം, വെള്ളരി, വഴുതിന, ചേന തുടങ്ങിയ വിഭവങ്ങള്‍ വിളവെടുപ്പിന് പാകമാകുമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. പൂര്‍ണമായും ജൈവരീതിയാണ് പിന്തുടരുക. പത്തുപേര്‍ വീതമുള്ള വിവിധ സംഘങ്ങളായാണ് കൃഷി പരിപാലത്തിന് നേതൃത്വം നല്‍കുക. കൃഷിവകുപ്പ് മുഖേന ഗുണമേന്മയുള്ള വിത്തുകളും ജൈവ വളവും ലഭ്യമാക്കാനും സംഘാടകര്‍ ശ്രമിക്കുന്നുണ്ട്. വിത്തുഗ്രാമം പദ്ധതിയിലൂടെ ഗുണമേന്മയുള്ള വെണ്ടയും ചേനയും ഉല്‍പാദിപ്പിച്ച് ശ്രദ്ധേയരായ തടിയന്‍കൊവ്വലിലെ നാട്ടുകാര്‍ നല്ല പച്ചക്കറികളുമായി കലവറ നിറയ്ക്കാനാണ് ഒരുങ്ങുന്നത്. പടന്ന കൃഷി അസിസ്റ്റന്റ് കെ സതീശന്‍, പഞ്ചായത്തംഗം എം സുമതി, ടി രാഘവന്‍, സി ടി കൃഷ്ണന്‍, വി വി ഭാസ്കരന്‍, എ ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
.



dd


.....................................

.. ..