home
Total Visiters: 
എപ്പൊഴും അരികിലുണ്ട് സാന്ത്വനത്തിന്റെ കൈകള്‍
3 years ago ..
കാലിക്കടവ് : രോഗം തളര്‍ത്തിയ മനസ്സുമായി വീടിനുള്ളില്‍ ഒതുങ്ങിയവര്‍ക്കരികിലേക്ക് രണ്ടു വര്‍ഷം മുമ്പാണ് അവരെത്തിതുടങ്ങിയത്. മാണിയാട്ട് പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍. കടുത്ത വേദനകളും, ആരോഗ്യം ക്ഷയിച്ച മനസ്സുമായി കഴിയുന്നവര്‍ക്കിടയില്‍ സാന്ത്വന സ്പര്‍ശവുമായി സ്തുത്യര്‍ഹ സേവനം നടത്തുകയാണ് ഈ കൂട്ടായ്മ. 45 പേര്‍ സ്വന്തം വരുമാനത്തിന്റെ ഒരു വിഹിതം മാറ്റിവച്ചാണ് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഏകദിന ഗൃഹസന്ദര്‍ശനത്തിലൂടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മാണിയാട്ട്, തെക്കേ മാണിയാട്ട്,തിരുനെല്ലിക്കൊവ്വല്‍, ചന്തേര എന്നിവിടങ്ങളിലെ അറുന്നൂറോളം വീടുകളില്‍ സന്ദര്‍ശനം നടത്തി കിടപ്പിലായ രോഗികള്‍, വൈകല്യം ബാധിച്ചവര്‍, എഴുപത്തഞ്ച് വയസുപിന്നിട്ടവര്‍ എന്നിവരുടെ കണക്കുകള്‍ ശേഖരിച്ചു.നിരന്തര സന്ദര്‍ശനം ആവശ്യമുള്ള 25 കുടുംബങ്ങളെ കണ്ടെത്തി. ആ വീടുകളിലേക്ക് ആശ്വാസത്തിന്റെ വാക്കുകളും, സഹായവുമായി പതിവ് തെറ്റാതെ സൊസൈറ്റി പ്രവര്‍ത്തകര്‍ എത്തുന്നു. കട്ടില്‍, വാട്ടര്‍ ബെഡ്, വീല്‍ ചെയറുകള്‍ എന്നിങ്ങനെ സഹായങ്ങള്‍ നിരവധി പേരിലേക്ക് നീണ്ടു. എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതല്‍ 10 വരെ സൊസൈറ്റി ഓഫീസില്‍ നടക്കുന്ന ബി. പി പരിശോധന ക്യാമ്പ്, ആദ്യ ഞായറാഴ്ച രാവിലെ 7 മുതല്‍ 10 വരെ നടക്കുന്ന ഷുഗര്‍ പരിശോധന ക്യാമ്പ് എന്നിവ 200 പേരോളം പ്രയോജനപ്പെടുത്തുന്നു. ആരോഗ്യ പ്രവര്‍ത്തകരെത്തിയാണ് പരിശോധന നടത്തുന്നത്. അത്യാഹിതത്തില്‍ പെടുന്നവര്‍ക്ക് ഉപയോഗപ്പെടുന്ന തരത്തില്‍ 45 അംഗങ്ങളുടെ വീടുകളിലും ഫസ്റ്റ് എയിഡ് ബോക്സും ഒരുക്കിയിട്ടുണ്ട്. വ്യത്യസ്ത വിഷങ്ങളില്‍ നടന്നു വരുന്ന ബോധവത്കരണ പരിപാടികളും ശ്രദ്ധേയമാണ്. ക്യാന്‍സറിന്റെ കാര്യകാരണങ്ങള്‍ തേടി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ജീവിത രീതിയെയും, ഭക്ഷണ രീതിയെയും കുറിച്ച് ശ്രദ്ധേയമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. പ്രവര്‍ത്തനത്തില്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ പ്രദേശത്തെ ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുകയാണ്. പദ്ധതി കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം
    ചെയ്തു.



dd


.....................................

.. ..