home
Total Visiters: 
വിശ്വാസക്കാഴ്ചയായി കുഞ്ഞരയാല്‍ത്തറ
7 years ago ..
പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ നിന്നും എച്ചിക്കുളങ്ങര ശ്രീ നാരായണപുരം ക്ഷേത്രത്തിലേക്കുള്ള ആറാട്ട്‌വഴിയില്‍ കാലിക്കടവ് പറമ്പത്താണ്കു ഞ്ഞരയാല്‍ത്തറ. വര്‍ഷങ്ങള്‍ പഴക്കമുണ്ടെങ്കിലും അധികമൊന്നും വളരാത്ത അരയാല്‍മരം ഉള്ളതു കൊണ്ടാണ് ഇങ്ങനെയൊരു പേര് വന്നത്. ഇതിനുപിന്നില്‍ ഒരു വിശ്വാസ കഥയുണ്ട്.
   
    ദയരന്‍ എന്ന രാജാവിന്റെ രാജ്യമായിരുന്നു ഇന്നത്തെ പിലിക്കോട് ഉള്‍പ്പെടുന്ന പ്രദേശം. ഒരിക്കല്‍ ഒരസുരന്‍ ഈ രാജ്യാതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കടന്നു. കുന്നിന്‍ പ്രദേശങ്ങള്‍ താവളമാക്കിയ അസുരന്‍ രാജ്യത്തിനെതിരെ പലതരത്തിലുള്ള അക്രമങ്ങള്‍ തുടങ്ങി. രാജകൊട്ടാരത്തിന്റെ ഇരുഭാഗങ്ങളായ വീതുകുന്നിലും, മല്ലക്കരയിലും താവളമുറപ്പിക്കുകയും ചെയ്തു.തന്റെ സൈനീകരുടെ സ്വൈര്യസഞ്ചാരത്തിനും. പരിശീലനത്തിനും വേണ്ടി വറക്കോട്ട് വയലിലെ വിളഭൂമി മുഴുവന്‍ അസുരന്‍ നശിപ്പിച്ചു. പൊറുതിമുട്ടിയ ജനങ്ങള്‍ ദേവിയെ അഭയം പ്രാപിച്ചു. മദ്യപാനിയായിരുന്ന അസുരനെ എരവിലിലെ ദേവര്‍കുന്നില്‍ (ഇന്ന് ഈ കുന്ന് കുഴി മാത്രമായി ) വച്ച് വകവരുത്താന്‍ ദേവി നിശ്ചയിച്ചു. ദേവര്‍കുന്നില്‍ നിന്ന് നോക്കിയപ്പോള്‍ മൂക്കറ്റം മദ്യപിച്ച അസുരന്‍ പാലക്കുന്ന് ഉപ്പെരിയാലില്‍ നിന്നും നടന്നു നീങ്ങുന്നതാണ് കണ്ടത്. ശ്രീനാരായണപുരം ക്ഷേത്രക്കാട്ടില്‍ നിന്നും ദേവിയും അസുരനും തമ്മില്‍ എശലുണ്ടായി. ആ സ്ഥലമാണ്‌ 'എച്ചിക്കാവ്'. തുടര്‍ന്ന് രാപ്പകല്‍ ഭേദമില്ലാതെ ഘോരയുദ്ധം നടന്നു. ഒടുവില്‍ പടക്കളത്തില്‍ (ഇന്നത്തെ പടുവളം) വച്ച് അസുരന്‍ മരിച്ചു വീണു. ഇവിടെ നിന്ന് ശവവും പേറി ദേവി പടയുറപ്പിച്ച 'പാടോര്‍ ചുണ്ട് ' എന്ന സ്ഥലത്തെത്തി. ഇവിടെ നിന്ന് ശവം വലിച്ചെറിഞ്ഞു. ചെന്ന് വീണത്‌ കുഞ്ഞരയാല്‍ത്തറയിലായിരുന്നു. അന്ന് പൂരമായിരുന്നു. ജനങ്ങള്‍ ഏറെ സന്തോഷിച്ച ദിവസം. ഇന്നും പൂരംകുളിനാളില്‍ രയരമംഗലത്തുനിന്നുള്ള ആറാട്ടെഴുന്നള്ളത്തിലെ മുച്ചിലോടിയും, അച്ഛന്മാരും, ദേവിവിഗ്രഹവും കുഞ്ഞരയാല്‍ തറയിലൂടെ കടന്നുപോകും. ആറാട്ട്‌ കഴിയുന്നതുവരെ ഇവിടെ വെള്ളരിക്കയില്‍ ദീപം കത്തിച്ചു വയ്ക്കും. വിശ്വാസം പോലെ ഈ അരയാല്‍ ഇന്നും കുഞ്ഞരയാലായി നിലകൊള്ളുന്നു.
   
    തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട്
   
    ഫോട്ടോ: വിജേഷ് ചന്തേര
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..