home
Total Visiters: 
അങ്ങനെ ആ പേരുണ്ടായി ....
6 years ago ..
(പിലിക്കോട്ടെ സ്ഥലനാമങ്ങളിലൂടെ)
    സ്ഥലങ്ങളുടെ കിടപ്പ്, പ്രദേശത്ത്‌ കൂടുതലായി കാണപ്പെടുന്ന സസ്യ -ജന്തു വൈവിധ്യങ്ങള്‍, ആരാധനാമൂര്‍ത്തികള്‍, വിശ്വാസങ്ങള്‍, ഐതീഹ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് സ്ഥലനാമങ്ങള്‍ മിക്കതും രൂപപ്പെട്ടത്. പിലിക്കോട്ടെ ഓരോ പ്രദേശത്തിനും ആ പേര് എങ്ങനെയുണ്ടായി എന്നൊരു അന്വേഷണം നടത്തുകയാണ് ഇവിടെ.
    ആദ്യം പിലിക്കോട് നിന്നു തന്നെ തുടങ്ങുന്നു. പുലികളുടെ ആവാസകേന്ദ്രമായിരുന്ന കാടുകള്‍ ഉണ്ടായിരുന്നത് കൊണ്ട് ഈ പ്രദേശം അറിയപ്പെട്ടിരുന്നത് പുലിക്കാട് എന്നാണ്. കാലാന്തരത്തില്‍ ഇത് പുലിക്കോടും, പിന്നീടത്‌ പിലിക്കോടും ആയി. പഞ്ചായത്തിലെ ഇന്നത്തെ പ്രധാന വാണിജ്യ കേന്ദ്രമാണ് കാലിക്കടവ്. കൃഷി ആവശ്യാര്‍ത്ഥം കന്നുകാലികളെ തോട് കടത്താനുള്ള കടവുണ്ടായിരുന്നതിനാലാണ് ഈ സ്ഥലം കാലിക്കടവ് എന്നറിയപ്പെടുന്നത്.കാലിക്കടവിന്റെ തൊട്ടു വടക്കുള്ള പ്രദേശമാണ് 'പടുവളം'.പഴയ കാലത്ത് നിരവധി പോരാട്ടങ്ങള്‍ നടന്നിരുന്ന പടക്കളമാണ് പിന്നീട് പടുവളമായത്.
    കലം എരിച്ചെടുക്കുന്ന സ്ഥലം എന്ന അര്‍ത്ഥത്തിലാണ് 'എരവില്‍ എന്ന സ്ഥലത്തിനു ആ പേര് വന്നത്. ചെറുവത്തൂര്‍ പഞ്ചായത്തിന്റെയും, പിലിക്കോട് പഞ്ചായത്തിന്റെയും അതിര്‍ത്തി പ്രദേശമാണ് 'മട്ടലായി '' സമതലത്തില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന പ്രദേശമാണിത്. ഇങ്ങനെയുള്ള സ്ഥലത്തെ 'മീട്ടാല്‍ 'എന്നാണ് വിളിക്കുന്നത്‌. മീട്ടാലില്‍ നിന്നും കയറാനും, ഇറങ്ങാനും വഴിയുള്ള സ്ഥലം എന്ന അര്‍ത്ഥത്തിലാണ് മട്ടലായി എന്ന പേര് വന്നത്. വറക്കോട്ട് വയലാണ് പിലിക്കോട്ടെ മറ്റൊരു പ്രദേശം. രയരമംഗലം ക്ഷേത്രത്തിലെ ആചാരക്കാരായ കാവല്‍ക്കാരില്‍ പ്രധാനിയായ 'വറക്കോടന് ആധിപത്യമുള്ള വയല്‍ പ്രദേശം പിന്നീട് 'വറക്കോട്ട് വയലായി. മല്ലന്മാര്‍ താമസിച്ചിരുന്ന സ്ഥലമാണ് 'മല്ലക്കര 'എന്നറിയപ്പെടുന്നത് പിലിക്കോട് ഗവ: യു .പി സ്കൂളിനോട് ചേര്‍ന്നാണ് ഈ സ്ഥലം. എരവിലിനോട് ചേര്‍ന്നാണ് പുത്തിലോട്ട് ഗ്രാമം. അന്നുവരെ കണ്ടെത്താതിരുന്ന പുതിയതലം അഥവാ പുത്തന്‍തലമാണ് പിന്നീട് പുത്തിലോട്ടായത്. പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളാണ് കൊടക്കാട്, വെങ്ങപ്പാറ, പൊള്ളപ്പൊയില്‍ എന്നിവ. കൊടപ്പനകളുടെ കാടുള്ള സ്ഥലം എന്ന അര്‍ത്ഥത്തിലാണ് കൊടക്കാടിനു ആ പേര് വന്നത്. വേങ്ങമരങ്ങള്‍ ധാരാളമായി ഉണ്ടായിരുന്ന പാറയാണ്‌ വെങ്ങപ്പാറ ആയത്. ഒരു വിളവും ഇല്ലാത്ത പൊള്ളയായ പ്രദേശം പൊള്ളപ്പൊയില്‍ ആയി. മാണിയാട്ടാണ് പഞ്ചായത്തിന്റെ തെക്കന്‍ ഭാഗം. മഞ്ഞ വീട്ടില്‍ മാണിയമ്മയുടെ പേരില്‍ അറിയപ്പെടുന്ന പ്രദേശമാണിത്. അതായത് മാണി വാണ നാട് മാണിയാടായി.
    നമ്മുടെ ഗ്രാമത്തിന്റെ പൈതൃകമാണ് ഓരോ സ്ഥല നാമങ്ങളിലൂടെയും വെളിവാകുന്നത്. സ്ഥലനാമങ്ങളെ കുറിച്ചുള്ള പഠനം സമൂഹത്തിന്റെ പരിണാമങ്ങളെയും, ജീവിതരീതികളെയും പ്രതിഫലിപ്പിക്കുന്നവയാണ്‌. അന്വേഷണ കുതൂകിയായ ഏതൊരാള്‍ക്കും തേടിപോകാവുന്ന വിജ്ഞാനഖനിയാണ് സ്ഥലനാമങ്ങള്‍...
   
    തയ്യാറാക്കിയത്‌ : വിനയന്‍ പിലിക്കോട്‌
    ഫോട്ടോ: ശരത്ത് പുത്തിലോട്ട്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..