home
Total Visiters: 
കാലിക്കടവ്: അത്യന്താധുനിക സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കളിക്കോപ്പുകളുടെ വൈവിധ്യങ്ങള്‍ ഒരുക്കുമ്പോഴും ഉത്സവപറമ്പുകളിലെ കളിച്ചന്തകള്‍ക്ക് പ്രിയമൊട്ടും കുറവില്ല. നെടുകെയും കുറുകെയും കെട്ടിവെച്ച മുളങ്കമ്പുകളില്‍ തൂങ്ങിയാടുന്ന ബലൂണുകളും മറ്റു കളിപ്പാട്ടങ്ങളുമെല്ലാം നിറയുമ്പോഴാണ് ഉത്സവപ്പറമ്പുകളില്‍ ഉത്സവ പ്രതീതി നിറയുന്നത്. കച്ചവട സ്ഥാപനങ്ങള്‍ ഇത്രയേറെ വ്യാപകമാല്ലാതിരുന്ന കാലത്ത്കേവലം കളിപ്പാട്ടങ്ങളില്‍ ഒതുങ്ങുന്നതായിരുന്നില്ല ഉത്സവപ്പറമ്പുകളിലെ ചന്തകള്‍. ചട്ടിയും, ചൂലും, ചെരുപ്പുമെല്ലാം ഗ്രാമീണജനത തെരഞ്ഞെടുത്തിരുന്നത് ഉത്സവ ചന്തകളില്‍ നിന്നാണ്. എന്നാല്‍ ഇന്ന് ചന്തകളെന്നാല്‍ കളിപ്പാട്ടക്കടകളും, ഫാന്‍സി കടകളും മാത്രമായി. കാലത്തിനൊത്തു മാറിതന്നെയാണ് കളിപ്പാട്ട വൈവിധ്യങ്ങളുമായുള്ള ചന്തക്കാരുടെ വരവ്. സാധാരണ പാവകളും, കാറുകളുമൊന്നും ഇപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടത്രേ. ടെലിവിഷന്‍ ചാനലുകളിലെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും, അമാനുഷിക കഥാപാത്രങ്ങളുടെയും പേരുകളെഴുതിയ കളിപ്പാട്ടങ്ങളാണെങ്കില്‍ അത് ചൂടപ്പം പോലെ വിറ്റ് പോകുമെന്ന് കച്ചവടക്കാര്‍ പറയുന്നു. ബെന്‍ടെന്നും, മിസ്റ്റര്‍ ബീനുമൊക്കെ കൊച്ചു കുട്ടികള്‍ വരെ ചോദിച്ചു വാങ്ങുന്നു. കുട്ടികള്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും ഇത്തരം ചന്തകള്‍ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കുപ്പിവളകളും, കല്ലമാലകളും, കണ്‍മഷിയുമെല്ലാം നിരത്തിവച്ച ഫാന്‍സി കടകളും ഉത്സവ പറമ്പുകളില്‍ സജീവമാണ്. കുടുംബത്തോടൊപ്പം ഉത്സവത്തിനെത്തിയാല്‍ ചന്തകളില്‍ നിന്നും എന്തെങ്കിലുമൊന്ന് തിരഞ്ഞെടുക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് തന്നെയാണ് മനസ്സില്‍ കുറിച്ചിട്ട ഉത്സവ ദിനങ്ങളില്‍ ഉത്സവപ്പറമ്പുകള്‍ തേടിയെത്താന്‍ ചന്തക്കാരെ പ്രേരിപ്പിക്കുന്നതും. തയ്യാറാക്കിയത് : വിനയന്‍ പിലിക്കോട് ഫോട്ടോ :അനീഷ്‌ ഫോക്കസ്
കാലിക്കടവ്: രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനികക്യാമ്പുകളില്‍ നിന്നും വെളിച്ചം വീശിയിരുന്ന "സെര്‍ച്ച് ലൈറ്റ്" ഇപ്പോള്‍ തമ്പില്‍ നിന്നും വെളിച്ചം വീശുന്നു. കാലിക്കടവില്‍ നടക്കുന്ന ബോംബെ സര്‍ക്കസ്സിലാണ് ചരിത്രത്തിന്‍റെ ഭാഗമായ ഈ വെളിച്ചമുള്ളത്. 1939 മുതല്‍ 45 വരെ നടന്ന ലോക മഹായുദ്ധകാലത്ത് വിമാനങ്ങളുടെ ഗതിനിര്‍ണയത്തിനായാണ്‌ ഇതുപയോഗിച്ചിരുന്നത്. യുദ്ധം അവസാനിച്ചപ്പോള്‍ ഈ ലൈറ്റ് ഇന്ത്യന്‍ പട്ടാളക്കാരുടെ കൈകളിലെത്തി. കൊല്‍ക്കത്തയില്‍ ലേലത്തിന് വച്ചപ്പോഴാണ് സര്‍ക്കസ്സ് കമ്പനിക്കാര്‍ ഇത് സ്വന്തമാക്കിയത്. 60 വര്‍ഷം മുന്‍പായിരുന്നു ഇത്. കാര്‍ബണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സെര്‍ച്ച് ലൈറ്റിന്‍റെ വെളിച്ചം 40 കിലോമീറ്റര്‍ അകലെ വരെ എത്തുമത്രേ. പഴയകാലത്ത് സര്‍ക്കസ്സ് കമ്പനികള്‍ക്ക് ഇത്തരം ലൈറ്റുകള്‍ അത്യാവശ്യമായിരുന്നു. പ്രചരണത്തിന് ഇത്രയേറെ സൌകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് ഈ സെര്‍ച്ച് ലൈറ്റിന്റെ വെളിച്ചം കണ്ടാണത്രെ സര്‍ക്കസ്സ് നടക്കുന്ന വിവരം ആളുകള്‍ അറിഞ്ഞിരുന്നത്. ഇന്ന് അനൌണ്‍സ്മെന്റും, പോസ്റ്ററുകളും, പത്രപരസ്യങ്ങളും ഒക്കെയായെങ്കിലും പഴമ കൈവിടാത്ത സര്‍ക്കസ്സുകാര്‍ ഇന്നും ഈ വെളിച്ചം ഇന്നും തെളിയിക്കുന്നു.
സ്ത്രീകളുടെ സൌന്ദര്യ സങ്കല്‍പ്പത്തില്‍ കണ്‍മഷിക്ക് അന്നും ഇന്നും ഒരേ തൂക്കമാണ്. പക്ഷെ കാലമാറ്റത്തില്‍ നാടന്‍കണ്‍മഷി മാറി കൃത്രിമക്കൂട്ടുകള്‍ എത്തി. ഈ മാറ്റത്തോടെ ''മയി '' എന്ന നാടന്‍കണ്ണെഴുത്ത് മഷി കാണാമറയത്തേക്ക്... ഒരുകാലത്ത് വീടുകളില്‍ വച്ചായിരുന്നു കണ്‍മഷി നിര്‍മിച്ചിരുന്നത്. ആദ്യം വിളക്കില്‍ നല്ലെണ്ണ ഒഴിച്ച് തിരിതെളിയിക്കും. തുളസി നീരിലിട്ട് കാറ്റില്‍ ഉണക്കിയെടുക്കുന്ന തിരശ്ശീലയാണ് തിരിയായി ഉപയോഗിക്കുന്നത്. തിരി തെളിയിച്ച ശേഷം പുറം ഭാഗത്ത് ചാണകമെഴുകിയ ചെറിയ മണ്‍പാത്രം അതിനുമുകളിലേക്ക് കമിഴ്ത്തി വയ്ക്കുന്നു. ഈ പാത്രം മഷിക്കുടുക്ക എന്ന പേരിലാണ് അറിയപ്പെടുന്നത്. തിരിയില്‍ നിന്നും ഉയരുന്ന പുക മഷിയോടിന്റെ ഉള്‍ഭാഗത്ത് നിറയുന്നു. ഈ മഷി നവജാതശിശുക്കള്‍ക്കും ഗര്‍ഭിണികള്‍ക്കും നയനാരോഗ്യത്തിന് നല്ലതത്രേ. ചുരുക്കം ചില വീടുകളില്‍ മാത്രം മാഷിക്കുടുക്കയ്ക്കുള്ളില്‍ ഇന്നും നടന്‍ കണ്‍മഷിയുടെ പുക നിറയുന്നു. ഫോട്ടോ-: അനീഷ്‌ ഫോക്കസ്
കാലിക്കടവ്: വയലുകള്‍ മണ്ണിട്ട് പോവുകയും, യന്ത്രങ്ങള്‍ കടന്നു വരികയും ചെയ്തതോടെ മറ്റു പല വയല്‍ക്കാഴ്ച്ചകള്‍ക്കൊപ്പം ''കറ്റതല്ലലും'' മറയുന്നു. കൊയ്ത്തും, മെതിയുമെല്ലാം ഒരു കാലത്ത് കര്‍ഷകരുടെ ആഘോഷമായിരുന്നു. കൊയ്തെടുക്കുന്ന നെല്‍ചെടികള്‍ വയലില്‍ വച്ചുതന്നെ കറ്റകെട്ടി തച്ചെടുക്കുമായിരുന്നു. വിശാലമായ വയലുകള്‍ ഉണ്ടായിരുന്നതിനാല്‍ കല്ലില്‍ കറ്റകള്‍ അടിച്ച് നെല്ല് വേര്‍തിരിച്ചെടുക്കുന്ന ''കറ്റതല്ലല്‍ '' ദിവസങ്ങളോളം നീണ്ടുനില്‍ക്കും. ഏറെ ആയാസകരമായ ജോലിയാണിത്. ഇന്ന് ഒരോര്‍ത്തര്‍ക്കുമുള്ള വയലുകളുടെ വിസ്തൃതി കുറഞ്ഞു വന്നതോടെ പാടങ്ങളില്‍ വച്ച് അധികമാരും കറ്റ തല്ലാറില്ല. തൊഴിലാളികളെ കിട്ടാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം. ആവശ്യത്തിനു തൊഴിലാളികളെ കിട്ടാത്തതിനാല്‍ നാട്ടിന്‍പുറങ്ങളില്‍ പോലും പലയിടത്തും മെതിയന്ത്രങ്ങള്‍ വന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ വയല്‍ക്കാഴ്ചയും ഓര്‍മ്മയിലേക്ക്.... പുതു തലമുറയ്ക്ക് നാടന്‍ പാട്ടിനോപ്പമുള്ള ചലനങ്ങള്‍ മാത്രമാവുകയാണ് കറ്റതല്ലല്‍ എന്നത്. അറിയില്ലെങ്കിലും പലരും ആവേശത്തോടെ പാടും കറ്റ തല്ലലെങ്ങനെടി മോതിരക്കുറത്തി കറ്റ തല്ലലിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ...
കാലിക്കടവ്: ഇന്നത്തെ ഷട്ടറുകളുടെ മുന്‍ഗാമിയാണ് ''നിരപ്പലകകള്‍''. ഒരുകാലത്ത് എല്ലാ കടകള്‍ക്കും അടച്ചുറപ്പേകിയിരുന്നത് നിരപ്പലകകളാണ്. ഓടിട്ട കെട്ടിടങ്ങള്‍ മാറി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വന്നതോടെയാണ് നിരപ്പലകകള്‍ അപ്രത്യക്ഷമായി തുടങ്ങിയത്. ഷട്ടറിനെ പോലെ വലിച്ചു താഴ്ത്താനോ, ഉയര്‍ത്താനോ പറ്റാത്തതാണ് ഇവ. ദീര്‍ഘചതുരാകൃതിയിലുള്ള വീതികുറഞ്ഞ പലകകള്‍ ഒന്നിനൊന്നോട് ചേര്‍ത്തു വയ്ക്കണം. ഓരോ പലകയ്ക്കും നിശ്ചിത സ്ഥാനമുണ്ട്. ഒരു പലകയുടെ സ്ഥാനം മാറിയാല്‍ കുഴങ്ങുകയും ചെയ്യും. അതുകൊണ്ട് തന്നെ ഓരോ പലകയ്ക്കും നമ്പറുകള്‍ എഴുതിവയ്ക്കുകയും ചെയ്യും. നടുഭാഗത്തായിരിക്കും നിരപ്പലകകളുടെ പൂട്ട്‌. പൂട്ടും, താക്കോലും ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമാണ്. പലകകള്‍ ചേര്‍ത്തുവച്ച് കടയടക്കുക എന്നത് അല്‍പ്പം ശ്രമകരമായ ജോലിയാണ്. കാലത്തിനൊത്ത് മാറാത്ത പഴയ തലമുറയില്‍ പെട്ടവര്‍ നടത്തുന്ന ചുരുക്കം ചില കടകള്‍ക്ക് മുന്നില്‍ മാത്രം ഇന്നും നിരപ്പലകകള്‍ കാണാം. ഫോട്ടോ: ധനേഷ് പിലിക്കോട്
ചെറുവത്തൂര്‍: വര്‍ഷങ്ങളായി കടത്തുതോണിയെ ആശ്രയിച്ചു കഴിഞ്ഞവരാണ് ചെറുവത്തൂര്‍ അച്ചാംതുരുത്തി ദ്വീപ് നിവാസികള്‍. ഒരുകാലത്ത് മറുകരയെത്താന്‍ ഇവിടത്തുകാര്‍ക്ക് കടത്തു തോണി മാത്രമായിരുന്നു ആശ്രയം. പുഴക്കുകുറുകെ പാലം വന്നതോട് കൂടി കടത്തുകാരന്റെ പണിയും പോയി. കുഞ്ഞോളങ്ങളില്‍ ആടിയുലഞ്ഞു നില്‍ക്കുന്ന കടത്തുതോണി മാത്രം ബാക്കിയായി. കയറാനും,തുഴയാനും ആളില്ലാതെ............ ഫോട്ടോ ;രണ്‍ധീര്‍ ഒ.പി.ടി
കരപ്പാത്ത്: ചിക്കിചികഞ്ഞു നടക്കാന്‍ നാടന്‍ കോഴികള്‍ ഇല്ലാതായി തുടങ്ങിയതോടെ മലയാളികളുടെ വീട്ടുമുറ്റങ്ങളില്‍ നിന്നും ഉയരുന്നത് മറുനാടന്‍ കോഴികളുടെ ''കൂകല്‍'. നല്ല നാടന്‍ അരിപിടക്കൊഴിയും, അങ്കവാലന്‍ പൂവന്‍കോഴിയുമൊന്നും എങ്ങും കാണാനില്ല. തമിഴ്നാട്ടിലെ നാമക്കല്‍ഫാമുകളില്‍ വിരിയിച്ചെടുത്ത ഗിരിരാജനും, ടര്‍ക്കിയും, ഗിനിയുമൊക്കെയാണ് ഇന്ന് ഗ്രാമീണരുടെ വളര്‍ത്തുകോഴികള്‍. ഗിരിരാജന്‍ കോഴികള്‍ ഏതാനും വര്‍ഷം മുന്‍പ് തന്നെ ഇവിടെ എത്തിയിരുന്നു. നമ്മുടെ ചുറ്റുപാടുകളില്‍ ഇണങ്ങി വളരുമെന്നതിനാലും, ധാരാളം മുട്ടകള്‍ ലഭിക്കുമെന്നതിനാലും ഇവിടെയുള്ളവര്‍ക്ക് ഈ കോഴികള്‍ എളുപ്പത്തില്‍ പ്രിയപ്പെട്ടതായി മാറുകയും ചെയ്തു. എന്നാല്‍ കോഴികളോടുള്ള മലയാളികളുടെ പ്രിയം കണ്ടറിഞ്ഞ തമിഴ്നാട്ടുകാര്‍ മറ്റിനം കോഴികളെ കൂടി വ്യാപകമായി ഇവിടേയ്ക്ക് എത്തിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മുതലാണ്‌ ഗിനി,ടര്‍ക്കി ഇനങ്ങള്‍ വ്യാപകമായി ഗ്രാമങ്ങളിലേക്ക് എത്തിയത്. മഴക്കാലമൊഴിച്ച് മറ്റെല്ലാകാലവും തമിഴ് നാട്ടില്‍ നിന്നുള്ള കോഴി വില്പ്പനക്കാരെ നമ്മുടെ ഗ്രാമങ്ങളില്‍ കാണാം. ഏതെങ്കിലും ഒരുസ്ഥലം കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ കോഴി വില്‍പ്പന. ഇരുചക്ര വാഹനങ്ങളിലാണ് ഇവര്‍ കോഴികളുമായി വീടുകളില്‍ എത്തുന്നത്. ചുരുക്കി പറഞ്ഞാല്‍ അരിയും, പച്ചക്കറികളും, പൂവും മാത്രമല്ല അരുമകളായി വളര്‍ത്തുന്ന കോഴികള്‍ക്ക് വേണ്ടിയും മറുനാട്ടുകാരുടെ ലോറി കാത്തിരിക്കാം. തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട്
കാലിക്കടവ്: കത്തി, കത്രിക എന്നിവയ്ക്ക് മൂര്‍ച്ച കൂടാനുണ്ടോ.... എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് നാട്ടിടവഴികളിലൂടെ, യന്ത്രവും തോളിലേറ്റി നടന്നുവരുന്ന മൂര്‍ച്ച കൂട്ടുകാരെ ഇപ്പോള്‍ കാണാറില്ല. ഉണ്ടെങ്കില്‍ അത് പേരിനു മാത്രം. ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഈരംഗത്തുള്ളവര്‍ മറ്റു തൊഴിലുകളിലേക്ക് ചേക്കേറിയപ്പോള്‍ പരമ്പരാഗത തൊഴില്‍ വിശ്വാസവുമായി നടക്കുന്നവര്‍ ഇന്ന് അപൂര്‍വ്വം. ബീഡി വ്യവസായം വ്യാപകമായിരുന്ന കാലമായിരുന്നു മൂര്‍ച്ച കൂട്ടുകാരുടെ സുവര്‍ണ കാലം. അക്കാലത്ത് പ്രതിദിനം ഒരു നിശ്ചിത വരുമാനം ഇവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ബീഡി വ്യവസായം പ്രധിസന്ധിയിലേക്ക് നീങ്ങിയതോടെ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാനാവാതെയായി. പല തരത്തിലുള്ള കറിക്കത്തികള്‍ ചെറിയ വിലയ്ക്ക് സുലഭമായി ലഭിച്ചു തുടങ്ങിയതോടെ വീടുകളില്‍ നിന്നുള്ള വരുമാനവും നിലച്ചു. പ്രതീക്ഷയോടെ മൂര്‍ച്ച കൂട്ടുകാര്‍ പിലിക്കോട്ടെ വീടുകളില്‍ കയറി ഇറങ്ങുകയാണ്.ഈ ഓണക്കാലത്തെങ്കിലും വിശപ്പടക്കാമെന്ന പ്രതീക്ഷയോടെ........... തയ്യാറാക്കിയത്:ബാലന്‍ ഫോട്ടോ: ശരത്ത് പുത്തിലോട്ട്
കാലിക്കടവ്: പരാജയമെന്ന് കരുതിയ പാതയോരകൃഷി ഒടുവില്‍ പച്ച പിടിക്കുന്നു. കാലം നോക്കി അനുയോജ്യമായ വിള കൃഷിചെയ്‌താല്‍ ദേശീയ പാതയോരത്തും പൊന്ന് വിളയും എന്ന് തെളിയുകയാണ് പാതയോരത്ത് നടക്കുന്ന വിളവെടുപ്പിലൂടെ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് 'ഹരിതയോരം 'എന്ന പേരില്‍ പാതയോരകൃഷി എന്ന ആശയം നടപ്പിലാക്കിയത്. തുടക്കത്തില്‍ കുടുംബശ്രീ യൂണിറ്റുകളും, സ്ക്കൂളുകളും, പുരുഷ സ്വയം സഹായസംഘങ്ങളും സജീവമായി തന്നെ പാതയോരത്ത് കൃഷിയിറക്കി. വാഴ, കപ്പ, ചേന തുടങ്ങിയവയെല്ലാമായിരുന്നു പാതയോര കൃഷിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കൃത്യമായി ജലസേചനം നടത്താന്‍ സൌകര്യമില്ലാത്തതിനാല്‍ പലരും കൃഷി പാതിവഴില്‍ ഉപേക്ഷിച്ചു. വാഴയും, ചേനയും പലയിടത്തും കരിഞ്ഞുണങ്ങി. ചുരുക്കം ചിലര്‍ മാത്രമാണ് കൃഷിക്ക് വെള്ളവും, വളവും നല്‍കി പരിചരിച്ചത്. പക്ഷെ ജൂണ്‍ മാസത്തില്‍ മഴ എത്തിയതോടെ നശിച്ചു എന്ന് കരുതിയ കാര്‍ഷിക വിളകളില്‍ പലതും തളിര്‍ത്തു, തഴച്ചു വളര്‍ന്നു. ഇപ്പോള്‍ കാലിക്കടവിനും നീലേശ്വരത്തിനും ഇടയില്‍ പലസ്ഥലത്തും ഈ ഹരിതകാന്തി കാണാം. വാഴകള്‍ പലയിടത്തും കുലച്ചു വരുന്നതേയുള്ളൂ. എന്നാല്‍ കപ്പയുടെ വിളവെടുപ്പ് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. നല്ല വിളവ്‌ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കൃഷിയിറക്കിയവര്‍. വിളവെടുത്ത കപ്പ റോഡരികില്‍ നിന്നുതന്നെ തൂക്കി വില്‍ക്കുകയായിരുന്നു. വേനല്‍ക്കാലം കഴിഞ്ഞ്, മഴയുടെ തുടക്കത്തില്‍ കൃഷിയിറക്കിയാല്‍ പാതയോര കൃഷി എന്ന ആശയം മികച്ചതാണെന്നാണ് ഇപ്പോഴത്തെ കാഴ്ചകള്‍ തെളിയിക്കുന്നത്. കപ്പയും, വാഴയുമാണ് അനുയോജ്യമായ കാര്‍ഷിക വിലകളെന്നും തെളിഞ്ഞു കഴിഞ്ഞു. തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട് ഫോട്ടോ: വിജേഷ് ചന്തേര
കരപ്പാത്ത്: പൂജാമുറികളുടെ വിശുദ്ധിയും, വൃത്തിയും കാത്തുപോന്ന ചൂതുമാച്ചിയും (ചൂത് ചൂലുകള്‍ ) ഓര്‍മ്മയിലേക്ക്. ഒരു കാലത്ത് ഓരോ വീട്ടിലും ചൂത് മാച്ചികള്‍ക്ക് സ്ഥാനമുണ്ടായിരുന്നു. വീട്ടകവും, മുറ്റവും അടിച്ചു വൃത്തിയാക്കാന്‍ ഈര്‍ക്കില്‍ മാച്ചികള്‍ ഉപയോഗിക്കുമ്പോള്‍, പടിഞ്ഞാറ്റ (പൂജാമുറി) വൃത്തിയാക്കാനാണ് ചൂതുമാച്ചികള്‍ ഉപയോഗിച്ചിരുന്നത്. പാറപ്പുറത്ത് കാണുന്ന 'ചൂത് പുല്ലുകള്‍' കൊണ്ടാണ് ഇത്തരം ചൂലുകള്‍ ഉണ്ടാക്കുന്നത്‌. ഈ പുല്ലുകള്‍ ഉപയോഗിച്ച് ചൂലുകള്‍ ഉണ്ടാക്കാന്‍ പ്രത്യേകം കരവിരുതും, കഴിവും ആവശ്യമാണ്‌. പിലിക്കോട് പാറയില്‍ ഒരു കാലത്ത് ചൂത് പുല്ലുകള്‍ നിറഞ്ഞു നിന്നിരുന്നു. ഇതിന്റെ പരിസര പ്രദേശങ്ങളില്‍ ഇത്തരം ചൂലുകള്‍ ഉണ്ടാക്കാന്‍ വൈദഗ്ധ്യം നേടിയവര്‍ നിരവധിയുണ്ടായിരുന്നു. ഇവര്‍ നിര്‍മ്മിച്ചെടുക്കുന്ന ചൂത് ചൂലുകള്‍ വീടുകള്‍ തോറും കൊണ്ട് നടന്നു വില്‍ക്കുകയായിരുന്നു പതിവ്. എന്നാല്‍ വീടുകളുടെ മോഡി കൂടിയതോടെയാണ് ചൂത് മാച്ചികള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞത്‌. പൂജാമുറിയിലെ ചാണകമെഴുകിയ നിലം മാറി മാര്‍ബിളും, ഗ്രാനൈറ്റും ഇടം പിടിച്ചതോടെ ഈ മാച്ചികള്‍ വീടുകളില്‍ നിന്നും പടിക്ക് പുറത്തായി. പഴമ കൈ വിടാത്ത ചുരുക്കം വീടുകളില്‍ മാത്രം ഇന്നും പടിഞ്ഞാറ്റയുടെ മൂലയില്‍ ചൂതുമാച്ചി കാണാം. ഇവിടെയും ഇത് എത്രനാള്‍ കാണുമെന്ന് ആര്‍ക്കറിയാം.... തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട് ഫോട്ടോ: വിജേഷ് ചന്തേര
കരപ്പാത്ത്: പത്താം നമ്പര്‍ മുണ്ടുടുത്ത് പാടങ്ങളില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ ഒരു കാലത്തെ ഗ്രാമീണകാഴ്ചയായിരുന്നു. എന്നാല്‍ ലുങ്കിയും, ടീഷര്‍ട്ടുമൊക്കെയായി കര്‍ഷകന്റെ വേഷം മാറിയപ്പോള്‍, ഓര്‍മ്മയിലേക്ക് മറയുകയാണ്, ഒരുകാലത്തെ കര്‍ഷകന്റെ അടയാളമായിരുന്ന പത്താം നമ്പര്‍ മുണ്ട്. സാധാരണ തോര്‍ത്തു മുണ്ടിനേക്കാള്‍ നീളവും, വീതിയും അല്പം കൂടുതലാണ് ഈ മുണ്ടിന്. ഉടുത്തു കഴിഞ്ഞാല്‍ മുട്ടോളമെത്തും. അരയില്‍ ഉറച്ചു നില്‍ക്കും എന്നതിനാലും, ഇടയ്ക്കിടെ മടക്കി കുത്തണ്ട എന്നതിനാലും പാടത്തെ പണിക്കു അനുയോജ്യമായ വേഷമാണിത്. ഷര്‍ട്ടിടാതെ പത്താം നമ്പര്‍ മുണ്ടുമുടുത്ത് നടക്കുന്ന പഴയ തലമുറയില്‍ പെട്ടവരെ അപൂര്‍വമായി മാത്രം നമ്മുടെ നാട്ടിടവഴികളില്‍ കാണാറുണ്ട്‌. ഗ്രാമീണനെയ്ത്ത് ശാലകളില്‍ നെയ്തെടുക്കുന്നവയാണ് ഇത്തരം മുണ്ടുകള്‍. ആവശ്യക്കാര്‍ ഏറെ ഉണ്ടായതിനാല്‍ ഒരുകാലത്ത് പത്താംനമ്പര്‍ മുണ്ടുകള്‍ മാത്രം നെയ്തിരുന്ന നെയ്ത്തുശാലകള്‍ ഏറെ ഉണ്ടായിരുന്നു നമ്മുടെ നാട്ടിന്‍പുറങ്ങളില്‍. ഇന്ന് ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇത്തരം മുണ്ടുകള്‍ നെയ്യുന്നത് അതും ആരെങ്കിലും നേരത്തെ ആവശ്യപ്പെട്ടാല്‍ മാത്രം. റിപ്പോര്‍ട്ട്: വിനയന്‍ പിലിക്കോട്‌ ഫോട്ടോ: അനീഷ്‌ ഫോക്കസ്‌
കാലിക്കടവ്: വരും കാല ബാല്യങ്ങള്‍ക്കും നാട്ടു മാമ്പഴങ്ങളുടെ മാധുര്യം പകരാന്‍ കാലിക്കടവില്‍ വളരുന്നത്‌ പതിനഞ്ചു നാട്ടുമാവുകള്‍. കരക്കേരു നന്മ പുരുഷ സ്വയം സഹായസംഘത്തിന്റെ പരിചരണത്തിലാണ് ഈ നന്മ മരങ്ങള്‍ വളരുന്നത്‌. മൂന്നു വര്‍ഷം മുമ്പാണ് സംഘം പ്രവര്‍ത്തകര്‍ കാലിക്കടവ് - കരക്കക്കാവ് റോഡരികില്‍ നാട്ടുമാവിന്‍ തൈകള്‍ നട്ടത്. ആഘോഷപൂര്‍വ്വം മരത്തൈകള്‍ നട്ട് പിന്നീട് തിരിഞ്ഞു നോക്കാത്ത കഥയല്ല ഇവിടെ കണ്ടത്. ആദ്യം മാവിന്‍ തൈകള്‍ക്കെല്ലാം വേലി കെട്ടി സംരക്ഷണം നല്‍കി. വെള്ളം നനയ്ക്കാന്‍ എല്ലാ ദിവസവും സംഘം പ്രവര്‍ത്തകര്‍ എത്തി. മാവിന്‍ തൈകള്‍ തഴച്ചു വളര്‍ന്നു. എന്നാല്‍ രണ്ടുവര്‍ഷം പ്രായമായപ്പോള്‍ ഇതില്‍ നാല് തൈകള്‍ സമൂഹ വിരുദ്ധര്‍ വെട്ടിമാറ്റി. ഇതിനെതിരെ ഗ്രാമം ഒന്നടങ്കം പ്രതിഷേധിച്ചു. ഇതിനിടയിലും വെട്ടിമാറ്റപ്പെട്ട തൈകള്‍ക്ക് പുനര്‍ജനിയേകാനുള്ള ശ്രമത്തിലായിരുന്നു സംഘം പ്രവര്‍ത്തകര്‍. ശേഷിക്കുന്ന ഭാഗത്തെ, പ്ലാസ്റ്റിക് കവര്‍ കൊണ്ട് കെട്ടി മഴവെള്ളം ഇറങ്ങാതെ കാത്തുവച്ചു. ഈ പ്രകൃതി സ്നേഹികളുടെ സ്നേഹ പരിചരണങ്ങള്‍ക്കൊടുവില്‍ ഇവ വീണ്ടും തളിര്‍ത്തു തുടങ്ങി. ഇന്ന് എല്ലാ തൈകളും ചെറിയ മരമായി മാറിക്കഴിഞ്ഞു. ഒരുകാലത്ത് നമ്മുടെ നാട്ടില്‍ സുലഭമായിരുന്നതും എന്നാല്‍ ഇന്ന് കിട്ടാക്കനിയാകുന്നതും ആയ ഗോമാങ്ങ, കപ്പ മാങ്ങ, പുളിയന്‍ മാങ്ങ .. എന്നിവയെല്ലാമുണ്ട് ഇക്കൂട്ടത്തില്‍. നമുക്കെല്ലാം വേണ്ടിയാണ് ഇവര്‍ ഇങ്ങനെ പരിശ്രമിക്കുന്നത്.. ഇതുപോലെ എത്ര പേര്‍ കാണും ഇന്ന് നമ്മുടെ സമൂഹത്തില്‍? നന്മയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പോസ്റ്റ്‌പെട്ടിയുടെ ഭാവുകങ്ങള്‍... തയ്യാറാക്കിയത് :വിനയന്‍ പിലിക്കോട് ഫോട്ടോ :വിജേഷ് ചന്തേര
ചന്തേര: കുരുന്നു മനസ്സുകളില്‍ ആസ്വാദനത്തിന്റെ പുതിയതലവും, ഒപ്പം കൌതുകവും നിറയ്ക്കുകയാണ് ''ചങ്ങാത്തം'' കുട്ടിക്കവിതാ പുസ്തകം. റിട്ടേര്‍ഡ് അധ്യാപികയായ ചന്തേരയിലെ എം. ടി. പി നഫീസത്ത്‌ ടീച്ചറുടെതാണ് രചനകള്‍. കുട്ടികള്‍ക്കിഷ്ട്ടപ്പെട്ട പൂവും, പൂമ്പാറ്റയും, അണ്ണാരക്കണ്ണനുമെല്ലാം കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നു. കുട്ടികള്‍ക്ക് സ്വന്തമായി വായിക്കാവുന്നതും, ഈണത്തില്‍ പാടാവുന്നതുമാണ് ഓരോ കവിതയും. നോര്‍ത്ത് തൃക്കരിപ്പൂര്‍ എ. എല്‍. പി സ്കൂളില്‍ ദീര്‍ഘകാലം അധ്യാപികയായിരുന്നു ഇവര്‍. ഔദ്യോഗിക ജീവിതത്തിനു ശേഷം കുട്ടികള്‍ക്കായുള്ള രചനകളുടെ ലോകത്താണ് ഒരുപാട് കാലം കുട്ടികളുടെ മനസ്സ് തൊട്ടറിഞ്ഞ ഈ അധ്യാപിക. കൈരളി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
ഒരുകാലത്ത് അതിരുകളുടെ അടയാളങ്ങളായിരുന്നു കയ്യാലകള്‍. കാലമാറ്റത്തില്‍ അതിര്‍ത്തികള്‍ ഉറപ്പിക്കാന്‍ കല്‍മതിലുകള്‍ ഉയര്‍ന്നു പൊങ്ങിയതോടെ കാഴ്ചയില്‍ നിന്നും മറയുകയാണ് മണ്‍കയ്യാലകള്‍. മണ്ണ് കൊണ്ടുണ്ടാക്കുന്ന കയ്യാലകള്‍ കേവലം അതിരുകള്‍ മാത്രമായിരുന്നില്ല. വലിയൊരു ആവാസവ്യവസ്ഥ കൂടിയായിരുന്നു അത്. പഴയ കാലത്ത് പറമ്പുകളുടെ ഏതെങ്കിലും ഒരു അതിര്‍ത്തിയിലെങ്കിലും മണ്‍ കയ്യാലകള്‍ ഉണ്ടായിരുന്നു. ഈ കയ്യാല വര്‍ഷാവര്‍ഷം മണ്ണുകൊണ്ട് ഉറപ്പിച്ചു കൊണ്ടിരിക്കും. വീടിനു മുന്‍ഭാഗത്തെ കയ്യാലയാണെങ്കില്‍ അതില്‍ പലതരം ചെടികള്‍ നിറഞ്ഞു നില്‍ക്കുമായിരുന്നു.നീല കോളാമ്പികള്‍ കൂടുതലായും വളര്‍ന്നിരുന്നത് കയ്യാലപ്പുറത്തായിരുന്നു. വര്‍ഷം തോറും നടന്നു വരുന്ന 'നിറ'യ്ക്ക് വേണ്ടുന്ന പൊലിവള്ളിയും, സൂത്രവള്ളിയും പടര്‍ന്നിരുന്നതും ഇതിനുമുകളിലായിരുന്നു. അതുകൊണ്ട് തന്നെ അനുഷ്ടാനപരമായ ബന്ധം കൂടി ഈ മണ്‍ തിട്ടകള്‍ക്കുണ്ടായിരുന്നു. കയ്യാലകള്‍ മറഞ്ഞു തുടങ്ങിയതോടെ നീലകോളാമ്പിയും, കള്ളിമുള്ളുമെല്ലാം ഇന്ന് അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. നെടുകെയും, കുറുകെയും കമ്പുകള്‍ കെട്ടിയുണ്ടാക്കുന്ന വേലികളും ഇന്ന് അപ്രത്യക്ഷമാവുകയാണ്. ചന്തം കുറഞ്ഞ കയ്യാലകള്‍ വീടിന്റെ ചന്തം കുറയ്ക്കുമെന്ന ധാരണയില്‍ മാന്തിയെടുക്കപ്പെടുമ്പോള്‍ മറയുന്നത് വലിയൊരു ആവാസവ്യവസ്ഥയും. ഒപ്പം ഗ്രാമീണതയുടെ അടയാളവും കൂടിയാണ്. തയ്യാറാക്കിയത്‌: വിനയന്‍ പിലിക്കോട്‌ ഫോട്ടോ: വിജേഷ്‌ ചന്തേര
കാലിക്കടവ്: ശവ്വാല്‍ മാസപ്പിറവിക്ക് മുന്നോടിയായി മൊഞ്ചത്തിമാരുടെ കൈകളില്‍ മൈലാഞ്ചി ചേല് നിറയും. മൈലാഞ്ചിയിടലിന്റെ ആവേശ കാഴ്ചകളില്‍ നിന്നും പടിയിറങ്ങുകയാണ് നാടന്‍ മൈലാഞ്ചിചെടികള്‍ തേടിയുള്ള യാത്ര. മൈലാഞ്ചി പാക്കറ്റുകള്‍ വിപണിയില്‍ സുലഭമായതോടെ ഗ്രാമങ്ങളില്‍ നിന്ന് പോലും മൈലാഞ്ചി തേടിയുള്ള യാത്ര ഇന്ന് ഫാന്‍സികടകളിലെക്കാണ്. മൈലാഞ്ചിയിടല്‍ എന്നത് പരസ്പരബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ചടങ്ങ് കൂടിയാണ്. പഴയകാലത്ത് മൈലാഞ്ചി പറിച്ച് എടുക്കല്‍ ഒരാഘോഷമായിരുന്നു. പറിച്ചെടുത്ത മൈലാഞ്ചി ഇലകള്‍ അരച്ച് പാകപ്പെടുത്തിയെടുത്താണ് കൈകളില്‍ അണിഞ്ഞിരുന്നത്. ഇത് ശ്രമകരമായ ഒരു ജോലിയായിരുന്നു. മൈലാഞ്ചി ഇലകള്‍ മൂപ്പെത്താത്ത അടക്കയും ചേര്‍ത്ത്‌ അമ്മിക്കല്ലിലാണ് അരച്ചെടുക്കുക. അരച്ചെടുത്ത മൈലാഞ്ചി കൂട്ട് പാകമാകാന്‍ പിന്നെയും ഒരുദിവസം കൂടി കാത്തിരിക്കണം. ഈ മൈലാഞ്ചി ചാന്ത് കൈകളില്‍ അണിയിക്കാന്‍ അല്പം കരവിരുതും വേണമായിരുന്നു. എന്നാല്‍ ഇന്ന് ഇതിനായി കരവിരുതിന്റെ ആവശ്യമൊന്നും ഇല്ല. വ്യത്യസ്ത ഡിസൈനുകള്‍ വിപണിയില്‍ സുലഭമാണ് .മൈലാഞ്ചി ടൂബുകളും ഇഷ്ടം പോലെ വിപണിയില്‍ എത്തിയിട്ടുണ്ട്. എല്ലാം വിപണിയില്‍ ലഭിക്കുമ്പോള്‍ മൈലാഞ്ചി ഇല പരിചെടുക്കാനും അരയ്ക്കാനുമൊക്കെ ആര്‍ക്കാണ് സമയം. എങ്കിലും ഇലകള്‍ നിറച്ചു കാത്തിരിക്കുകയാണ് നാട്ടിന്‍പുറങ്ങളിലെ മൈലാഞ്ചി ചെടികള്‍. തയ്യാറാക്കിയത്‌: വിനയന്‍ പിലിക്കോട്‌
First <<  1 2 3   >> Last