home
Total Visiters: 
കറുപ്പും വെളുപ്പും തേടി കര്‍ക്കടകത്തിലൂടെ...
7 years ago ..
എഴുതുന്നത് കര്‍ക്കടത്തെക്കുറിച്ചാണ് എന്നതുകൊണ്ടുതന്നെ അല്‍പം പിറകില്‍ നിന്നും തുടങ്ങാം. പഞ്ഞക്കര്‍ക്കടം, കള്ളക്കര്‍ക്കടകം എന്നൊക്കെപ്പറഞ്ഞ് എഴുതിത്തുടങ്ങിയാല്‍ പുതുതലമുറയില്‍പ്പെട്ടവര്‍ അത് അത്ര പെട്ടെന്ന് സമ്മതിച്ചുതരണമെന്നില്ലല്ലോ? മലയാളത്തിലെ അവസാനമാസമാണ് കര്‍ക്കടകം. കടന്നുപോകാന്‍ ഏറെ പ്രയാസമുള്ള മാസമെന്ന് പഴമക്കാരുടെ പക്ഷം. തിമിര്‍ത്ത് പെയ്യുന്ന മഴയാണ് കര്‍ക്കടകത്തിന് കറുത്തമുഖം നല്‍കുന്നത്. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ 'മഴ' ഏറ്റവുമധികം 'പ്രാക്കലുകള്‍' കേള്‍ക്കുന്ന മാസം. അത് അങ്ങനെയാണല്ലോ? വേനല്‍ മുഴുവന്‍ മഴയ്ക്കായി പ്രാര്‍ത്ഥിക്കും. മഴ വന്നാല്‍ പിന്നെ ഇതൊന്ന് പോയാല്‍ മതിയെന്നാശിക്കും. കുഞ്ഞുണ്ണിമാഷ് പറഞ്ഞതു പോലെ 'ഏറിയാലും കുറ്റം കുറഞ്ഞാലും കുറ്റം'. കര്‍ക്കടമാസത്തില്‍ മനവും മാനവും മൂടിക്കെട്ടി ഒരു പെയ്ത്തുണ്ട്. തുള്ളിയലച്ചു പെയ്യുന്ന മഴയില്‍ മുറ്റത്ത് പോലും കാലുകുത്താന്‍ പാടാണ്. പക്ഷെ, പുറത്തെ മഴപ്പാട്ട് കേട്ട് മൂടിപ്പുതച്ചുറങ്ങുന്ന കര്‍ക്കടകരാത്രികളുടെ സുഖം എഴുതിയും പറഞ്ഞും അറിയിക്കാനാവില്ലല്ലോ?
   
    രാമായണമാസമാണ് കര്‍ക്കടകം. മഴയുടെ ഇരമ്പലുകള്‍ക്കപ്പുറം രാമായണത്തിന്റെ ശീലുകള്‍ ഉയര്‍ന്നു കേള്‍ക്കുന്ന മാസം. ചെറുപ്പത്തില്‍ കുറച്ചുകാലം പാടിനോക്കിയിട്ടുണ്ട്. പിന്നീട ആ ശ്രമം നടത്തിയതേയില്ല. അല്ലെങ്കിലും പഴയതലമുറയില്‍പ്പെട്ടവരുള്ള വീടുകളില്‍ നിന്നുമാത്രമാണല്ലോ ഇന്ന് രാമായണവായന കേള്‍ക്കുന്നത്.
   
    പേടിപ്പെടുത്തുന്ന ഓര്‍മ്മകളായി എത്രയോ കര്‍ക്കടകരാത്രികള്‍ മനസ്സിലുണ്ട്. ആര്‍ത്തലച്ചു പെയ്യുന്ന മഴതന്നെ പേടിപ്പെടുത്തിക്കൊണ്ടേയിരിക്കും. ഇതിനിടയില്‍ ആരൊക്കെയോ പറഞ്ഞു കേള്‍പ്പിച്ച ഭൂതപ്രേതകഥകള്‍ എത്രയോ രാത്രികളില്‍ ഉറക്കം കെടുത്തിയിട്ടുണ്ട്. 'അരയില്‍ കെട്ടിയ കരിമ്പടനൂലില്‍ മുറുകെ പിടിച്ച് രാമനാമം ചൊല്ലിയാല്‍ പിന്നെ ഭൂതങ്ങളും പ്രേതങ്ങളും അടുത്തുവരില്ല അതായിരുന്നു അക്കാലത്തെ വിശ്വാസം. കര്‍ക്കടകം പതിനെട്ടിന് വേണ്ടി ഒരു കാത്തിരിപ്പാണ്. അന്ന് ദൈവങ്ങള്‍ കണ്ണുതുറക്കും. എല്ലാ അഴുക്കുകളേയും അടിച്ചുകൂട്ടി അങ്ങ് ദൂരെക്കളയും... ''മാരിമാറ്റല്‍'' - അതാണ് പേര്. പിന്നെ ഭയപ്പെടാനില്ല.
   
    ആവശ്യത്തിന് പണമെടുത്ത് ഉപയോഗിക്കാന്‍ ബാങ്ക് അക്കൗണ്ടുകളോ എ.ടി.എം. കൗണ്ടറുകളോ ഒന്നും ഇല്ലാതിരുന്ന കാലത്ത് പണിയില്ലെങ്കില്‍ പിന്നെ പട്ടിണി' അതായിരുന്നു സ്ഥിതി. അതുകൊണ്ടുകൂടിയാണ് കര്‍ക്കടകം പഞ്ഞക്കര്‍ക്കടവും, കള്ളക്കര്‍ക്കടവും ഒക്കെയായി മാറിയത്. ഇതെഴുതുന്ന ഞാന്‍ പുതുതലമുറയുടെ കണ്ണിയായതിനാല്‍ പറഞ്ഞുകേട്ട, വായിച്ചറിഞ്ഞ പലരുടെയും ജീവിതാനുഭവങ്ങളാണ് കര്‍ക്കടകത്തിലെ കഷ്ടതകള്‍ക്ക് സാക്ഷ്യം. നര്‍ത്തകരത്‌നം കൊടക്കാട് കണ്ണന്‍ പെരുവണ്ണാന്റെ 'ചിലമ്പിട്ട ഓര്‍മ്മകള്‍' എന്ന ആത്മകഥയില്‍ കുട്ടമത്ത് എ. ശ്രീധരന്‍മാസ്റ്റര്‍ കുറിച്ചിട്ട വരികള്‍ ഇങ്ങനെ.
   
    'വര്‍ഷകാലത്ത് പണ്ടൊക്കെ തെയ്യക്കാര്‍ അനുഭവിച്ച വിഷമം പറഞ്ഞറിയിക്കാന്‍ സാധ്യമല്ല. അച്ഛന്റെ വൈദ്യവൃത്തികൊണ്ട് എന്റെ കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞുപോയിരുന്നു. എന്നാല്‍ മറ്റുപലരും പെടുന്ന പാട് കണ്ടറിഞ്ഞതാണ്. ഈ യാതനയ്ക്ക് തെല്ലൊരാശ്വാസമണയ്ക്കുന്നത് കര്‍ക്കടകത്തിലെ ആടിയും വേടനുമാണ്...
    ആടിയും വേടനുമെന്നാല്‍ കര്‍ക്കടകതെയ്യങ്ങള്‍. ഇടവം പാതികഴിഞ്ഞാല്‍ പിന്നെ തെയ്യക്കാലമല്ല. വറുതിപിടിമുറുക്കുന്ന ആടിമാസത്തില്‍ ഒരുപാടുപേര്‍ക്ക് ആശ്വാസമാണ് ഈ കുട്ടിത്തെയ്യങ്ങള്‍. കര്‍ക്കടകത്തിലെ ദുരിതമകറ്റാന്‍ ഐശ്വര്യവുമായി എത്തുന്നുവെന്ന വിശ്വാസത്തില്‍, പടിഞ്ഞാറ്റയില്‍ വിളക്കുവെച്ച് എതിരേല്‍ക്കുന്ന വീട്ടുകാര്‍ക്ക് തെയ്യങ്ങളുടെ സാന്നിധ്യം നല്‍കുന്ന ആശ്വാസം ചെറുതല്ല. ഭക്ത്യാദരപൂര്‍വ്വം നല്‍കുന്ന ദക്ഷിണ തെയ്യക്കാര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ലെന്നതിന് പെരുവണ്ണാന്റെ വാക്കുകള്‍ തന്നെ മതിയല്ലോ? കൊച്ചുകുട്ടികള്‍ വേണം തെയ്യംകെട്ടാന്‍. ആടികെട്ടുന്നതിന് വണ്ണാന്‍ സമുദായത്തില്‍ പെട്ടവരും, വേടന്‍കെട്ടുന്നത് മലയന്‍ സമുദായത്തില്‍പ്പെട്ടവരുമാണ്. കര്‍ക്കടകം പതിനാറാം നാള്‍തൊട്ട് മാസാവസാനം വരെയാണ് ആടിയാട്ടത്തിന്റെ കാലം. കര്‍ക്കടകസംക്രമദിനം തൊട്ട് ഏതാണ് ആ മാസം മുഴുവന്‍ വേടന്‍തെയ്യം കെട്ടിയാടുന്നു. പാശുപതാസ്ത്രത്തിന് വേണ്ടി തപസ്സുചെയ്യുന്ന അര്‍ജ്ജുനന് മുന്നില്‍ ശ്രീപരമേശ്വരനും, പാര്‍വ്വതിയും വേടനും, വേടത്തിയുമായി പ്രത്യക്ഷമായ കഥയാണ് രണ്ട് തെയ്യങ്ങളുടെയും പശ്ചാത്തലം. നില്‍ക്കാതെ പെയ്യുന്ന മഴയിലും വാദ്യത്തിന്റെ അകമ്പടിയോടെ വീടുകള്‍ തോറും കയറിയിറങ്ങുന്ന കുട്ടിത്തെയ്യങ്ങളെ ചെറുവത്തൂരും, നീലേശ്വരത്തുമൊക്കെ ഇപ്പോഴും കാണാറുണ്ട്. എന്തുതന്നെയായാലും ഉയര്‍ന്ന സാമൂഹിക ബോധമുള്ള ആരോ ക്രമപ്പെടുത്തിയതാവണം തെയ്യക്കാലമല്ലാത്ത മഴക്കാലത്തെ ഈ കുട്ടിത്തെയ്യങ്ങള്‍.
    തെയ്യവിശേഷത്തില്‍ നിന്നും കര്‍ക്കടത്തിലേക്ക് തന്നെവരാം. കര്‍ക്കടത്തിലെ കറുത്തവാവിന് മറ്റുവാവുകള്‍ക്കുള്ളതിനേക്കാള്‍ പ്രാധാന്യമുണ്ട്. ദക്ഷിണയാനത്തിലെ ആദ്യ അമാവാസിയില്‍ മരിച്ചുപോയവര്‍ ഭൂമിയിലെ ബന്ധുക്കളെക്കാണാന്‍ വരുമെന്നാണ് വിശ്വാസം. ഭൂമിയിലേക്കുള്ള കടത്തുകൂലി തിരികെ വരുമ്പോള്‍ തരാമെന്ന് പറഞ്ഞാണ് മരിച്ചവര്‍ ഇങ്ങോട്ട് വരുന്നതെന്ന് ചെറുപ്പത്തില്‍ ആരോ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ട്. അതിനാണത്രേ കള്ളും വാവടയുമൊക്കെ നല്‍കി അവരെ സ്വീകരിക്കുന്നത്.
   
    കാര്‍ഷികസമൃദ്ധികാംക്ഷിച്ച് കര്‍ക്കടകമാസത്തില്‍ ഇല്ലം നിറയുണ്ട്. നിറയുടെ തലേന്നാള്‍ നിറയോലത്തിന്നുള്ള ഇലകള്‍ തേടി നാടാകെ ഒരു നടത്തം, പണ്ട് ഞങ്ങള്‍ കുട്ടികള്‍ക്ക് പതിവുണ്ട്. കയ്യാലപ്പള്ളകളില്‍ നിന്നും വെള്ളിലയും, പൊലുവള്ളിയും സൂത്രവള്ളിയും കിട്ടും. ആലില, അരയാലില, പ്ലാവില, മാവില, നെല്ലിയില, മുളയില എന്നിവയും സംഘടിപ്പിക്കണം. പിന്നെ വട്ടപ്പലത്തിന്റെ ഇലയില്‍ ഈ ഇലകളെല്ലാം ചുരുട്ടിവച്ച് തെങ്ങിന്‍പാന്തം കൊണ്ട് കെട്ടി നിറയോലമുണ്ടാക്കണം. നിറദിവസം രാവിലെ അമ്പലത്തില്‍ നിന്നും കതിര് വാങ്ങി മുഹൂര്‍ത്തത്തിന് വീട്ടില്‍ കെട്ടേണ്ടിടത്തെല്ലാം കെട്ടിയാല്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. ''നിറനിറാപൊലിപൊലി''. ഇന്നും കാതുകളില്‍ മുഴങ്ങും പോലെ. ഇന്ന് കയ്യാലകള്‍ കല്‍മതിലിന് വഴിമാറുകയും, കുന്നുകള്‍ ലോറികളിലേറിപ്പോവുകയും ചെയ്തപ്പോള്‍ നിറയോലത്തില്‍ നിന്നും ഊര്‍ന്ന് പോയത് കേവലം ഇലകളും, വള്ളികളും മാത്രമല്ലല്ലോ? 'കര്‍ക്കടത്തില്‍ മരുന്നുസേവിച്ചാല്‍ കല്‍പാന്തം സുഖം' എന്നത് ആയുര്‍വേദശാന്തി മന്ത്രം. ഇന്നത് കേള്‍ക്കുന്നത് സുഖചികിത്സാകേന്ദ്രങ്ങളുടെ പരസ്യങ്ങളില്‍ നിന്നാണ്. ഞവരക്കിഴിയും, പിണ്ഡസ്വേദവുമെല്ലാം വേണമെങ്കില്‍ ആ ചിലവ് സാധാരണക്കാരന് ചിന്തിക്കാന്‍ പോലുമാവില്ല എന്നതാണ് സത്യം. ആരോഗ്യത്തിനുള്ള മരുന്നുകഞ്ഞിയും കര്‍ക്കടക്കഞ്ഞിപ്പാക്കറ്റുകളായി വിപണിയിലെത്തിക്കഴിഞ്ഞുവല്ലോ? തിരക്കിനിടയില്‍ ആശാളിയുലുവയും, ശതകുപ്പയും, കുറുന്തോട്ടിയുമെല്ലാം ചേര്‍ത്ത് കഞ്ഞിയുണ്ടാക്കാന്‍ ആര്‍ക്കാണ് നേരം.
   
    പെയ്യുന്ന മഴ കനപ്പെട്ടെങ്കിലും, കര്‍ക്കടകത്തില്‍ പത്തുണക്കുണ്ടെന്നാണ് പറച്ചില്‍. അതായത് ഇടയ്ക്ക് വെയിലുദിക്കും. വിറക് കീറി ഉണക്കുന്നതും, നെല്ല് പുഴുങ്ങി ഉണക്കുന്നതുമെല്ലാം ഈ വെയിലിലാണ്. ചിരിച്ചെത്തുന്ന ചിങ്ങത്തിനായുള്ള ഒരുക്കുക്കൂട്ടലുകള്‍.
   
    കര്‍ക്കടകം തീരുന്ന ദിവസം വലിയ സന്തോഷമാണ്. നാളെ പൂവിട്ട് തുടങ്ങണം. പ്ലാവിലക്കോട്ടാളകളില്‍ തുമ്പപ്പൂക്കള്‍ നുള്ളിയെടുക്കുന്നത് വെളുത്ത പ്രഭാതത്തിന് സ്വാഗതമോതാന്‍ കൂടിയാണ്... കര്‍ക്കടകത്തിന്റെ ദുര്‍ഘടത്തിനൊടുവില്‍ വന്നെത്തുന്ന ശ്രാവണപൂര്‍ണിമയെ വരവേല്‍ക്കാന്‍...... എല്ലാം എഴുതിത്തീര്‍ന്നപ്പോള്‍ മനസ്സില്‍ വലിയൊരു സംശയം.
    കര്‍ക്കടകത്തിന്റെ നിറം കറുപ്പാണോ....
    അതോ കറുപ്പും വെളുപ്പും കലര്‍ന്നതാണോ?
   
    തയ്യാറാക്കിയത്‌:; വിനയന്‍ പിലിക്കോട്
Name:   vikasullalath
a nallanalukal oru ormamathram innathy thalamurakalkkanniyam
Posted on:   2012-07-30 20:28:39
First <<  1   >> Last
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..