home
Total Visiters: 
രാമായണം: ചില ഓര്‍മ്മച്ചിത്രങ്ങള്‍
7 years ago ..
കര്‍ക്കിടത്തിന്റെ കറുത്തദിനങ്ങളില്‍ വീട്ടുവരാന്തയിലെ തൂണോടുചേര്‍ന്നിരുന്ന് വല്യമ്മ (അമ്മയുടെ അമ്മ) ശ്രുതിമധുരമായി ആലപിച്ചിരുന്ന രാമായണം അറിഞ്ഞോ അറിയാതോയോ ലയിച്ചാസ്വദിച്ച ഒരു ബാല്യകാലം ഓര്‍മയിലുണ്ട്. ഇടവേളകളില്‍ രാമായണത്തിലെ കഥാസന്ദര്‍ഭങ്ങള്‍ ആകാംക്ഷജനിപ്പിക്കും വിധം, സരളമായി പറഞ്ഞുതരുമ്പോള്‍ കുട്ടികളായ ഞങ്ങള്‍ വല്യമ്മയ്ക്ക് ചുറ്റുമിരിക്കും. കള്ളനും പിടിച്ചുപറിക്കാരനുമായ രത്‌നാകരന്‍ പിന്നീട് വാല്മീകിയായി തീര്‍ന്നതും കാടിന്റെ വന്യവും ശാന്തവും ഭീതിദവുമായ അന്തരീക്ഷത്തില്‍ സീത-രാമ-ലക്ഷ്ണന്മാര്‍ നടത്തിയ വനവാസവും, പത്തുതലയും ഇരുപത് കൈകളുമുള്ള രാവണനുമെല്ലാം ഞങ്ങളുടെ മനസ്സില്‍ പുതിയ ഭാവനാലോകങ്ങള്‍ തുറന്നിട്ടു. ഇന്നത്തെ കാലത്തിന്റെ വര്‍ണ്ണപ്പൊലിമകളോ, ആടയാഭരണങ്ങളോ, വിനോദോപാധികളോ ഇല്ലാതിരുന്ന അക്കാലം കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് നന്മയുടെ ജീവിതപാഠങ്ങള്‍ സമ്മാനിച്ചത് വീട്ടിലും നാട്ടിലുമുണ്ടായിരുന്ന വാമൊഴിക്കഥകളും പുസ്തകങ്ങളുമായിരുന്നു.
   
    രാമായണത്തിലെ കഥകള്‍ പിന്നീട് പല രൂപത്തില്‍ മുന്നിലെത്തി. ചെറുപുസ്തകങ്ങളായും, പ്രസിദ്ധമായ ടെലിവിഷന്‍ പരമ്പരയായുമെല്ലാം... ഞങ്ങള്‍ക്ക് പ്രിയങ്കരമായിരുന്ന പൂമ്പാറ്റ അമര്‍ചിത്രകഥാരൂപത്തില്‍ രാമായണകഥയും കഥാപാത്രങ്ങളും എണ്ണമറ്റ പുസ്തകങ്ങളിലായി വിരുന്നെത്തി. എത്രയെത്ര കൈകളിലൂടെയാണ് ഒരു ചിത്രകഥ പുസ്തകം അന്ന് മാറിമാറി സഞ്ചരിച്ചതും വായിക്കപ്പെട്ടതും...! ഭാവനയില്‍ മാത്രം കണ്ടിരുന്ന കഥാപാത്രങ്ങള്‍ ചരിത്രരൂപത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ വായിക്കാനുള്ള താല്പര്യം ഏറി. ആറുമാസം കൂര്‍ക്കം വലിച്ചുറങ്ങുന്ന കുംഭകര്‍ണന്‍, നീണ്ടവാല്‍ ചുരുട്ടിയുയര്‍ത്തി വച്ച് അതിന്മേല്‍ ഇരിപ്പുറപ്പിച്ച ഹനുമാന്‍ - വാലറ്റത്തെ തീ കൊണ്ട് ലങ്കാദഹനം നടത്തിയവന്‍, പുഷ്പകവിമാനം, ബ്രഹ്മാസ്ത്രം, ആഗ്നേയാസ്ത്രം, മഹര്‍ഷിയുടെ ശാപങ്ങള്‍, അപൂര്‍വ്വമായ ശാപമോക്ഷങ്ങള്‍, പല രൂപഭാവങ്ങളിലുള്ള രാക്ഷസന്മാര്‍ അങ്ങനെയെത്രയെത്ര.... കുട്ടിക്കാലത്തിന്റെ കുസൃതികളെയും കുതൂഹലങ്ങളെയും തൃപ്തിപ്പെടുത്തിയിരുന്ന ഈ കഥകളും കഥാപാത്രങ്ങളും പില്‍ക്കാല സാഹിത്യാസ്വാദനത്തിന് അടിത്തറയായി എന്നു തന്നെ വേണം പറയാന്‍.
   
    രാമായണം ആരുടെ യാത്രയാണ്? രാമന്റെതോ? അതോ സീതയുടെയോ? അത് ദശരഥന്റെ കൂടി യാത്രയല്ലേ? ഒരര്‍ത്ഥത്തില്‍ രാമായണം അതിലെ സര്‍വ്വ കഥാപാത്രങ്ങളും ചേര്‍ന്നുള്ള ഒരു സര്‍ഗയാനമാണ്. കൊട്ടാരക്കെട്ടിനകത്തെ സുഭിക്ഷതകളില്‍ നിന്ന് വനാന്തരത്തിലെ ഇല്ലായ്മകളിലേക്ക്, അന്തപ്പുരത്തിലെ സമൃദ്ധിയില്‍ നിന്ന് ശിംശപാവൃക്ഷച്ചുവട്ടിലെ ശോകാര്‍ദ്രമായ ഏകാന്തതയിലേക്ക്, യാഗാഗ്നിയില്‍ നിന്ന് സരയുവിലേക്ക്, മിഥിലയില്‍ നിന്ന് അയോധ്യയിലേക്കും, ലങ്കയിലേക്കും തിരിച്ചും. എത്രയെത്ര യാത്രകളാണ് രാമായണത്തില്‍! രാമായണം യാത്രകളുടെ പുസ്തകം തന്നെ!
    മനുഷ്യരാണോ രാമായണത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍? അല്ലെന്ന് ഞാന്‍ പറയും. മനുഷ്യര്‍ മാത്രമല്ല. മനുഷ്യരേക്കാള്‍ സ്‌നേഹവും ആത്മാര്‍ത്ഥതയും സമര്‍പ്പണ മനോഭാവവും പ്രകടിപ്പിക്കുന്ന എത്രയെത്ര ജന്തുക്കളാണ് രാമായണത്തില്‍...! സീതാപഹരണം നടത്തിയ രാവണനെ തടഞ്ഞുകൊണ്ട് മരണം വരിക്കുന്ന ജഡായുവിനെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. സൂര്യനിലേക്ക് പറന്നുപൊങ്ങി ചിറകുകരിഞ്ഞ സമ്പാതി ജഡായുവിന്റെ ജ്യേഷ്ഠനാണ്. മഹേന്ദ്രാചലത്തില്‍ ഒറ്റയ്‌ക്കൊരു ഗുഹയില്‍ കഴിഞ്ഞിരുന്ന സമ്പാതിയാണ് രാമനാമജപത്താല്‍ തിരിച്ചുകിട്ടിയ ചിറകുമായി ലങ്കയിലെ സീതയുടെ സ്ഥാനം കാണിച്ചുകൊടുത്തത്. ഹനുമാന്‍ ഉള്‍പ്പെടെയുള്ള വാനരശ്രേഷ്ഠന്മാര്‍ക്കും വാനരപ്പടയ്ക്കുമെല്ലാം രാമാണയ കഥയില്‍ നിര്‍ണ്ണായക സ്ഥാനം തന്നെയുണ്ട്.
   
    ദശരഥന്റെ ശരിയായ പേര് നേമി എന്നാണ്. ഒരേ സമയം പത്തുദിക്കിലേക്കും തേരോടിക്കാന്‍ കെല്പുള്ളവന്‍. അപ്രതീക്ഷിതമായ ആഘാതങ്ങളാല്‍ കണ്ണീരുണങ്ങാത്ത കണ്ണുകളുമായി നില്‍ക്കേണ്ടി വന്നവന്‍. വനയാത്രയ്ക്കിടയില്‍ പറ്റിയ അശ്രദ്ധമൂലം പുത്രദുഃഖത്താല്‍ മരിക്കുമെന്ന ശാപവുമായി തിരിച്ചെത്തിയവന്‍. ദേവാസുര യുദ്ധഭൂമിയില്‍ രഥചക്രത്തിന്റെ ആണി ഊരിത്തെറിച്ചപ്പോള്‍ രക്ഷപ്പെടുത്തിയ കൈകേയിക്ക് കൊടുക്കേണ്ടിവന്ന വരങ്ങള്‍ ജീവിത ദുരന്തത്തിലേക്ക് നയിക്കുമെന്ന് അറിയാതെ പോയവന്‍...
   
    രാമായണത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ നിന്ന് ചിതറിയ കുറെ ചിത്രങ്ങളാണ് മുകളില്‍ കുറിച്ചിട്ടത്. സംഘര്‍ഷാത്മകവും, മത്സരാധിഷ്ഠിതവും, സ്വാര്‍ത്ഥഭരിതവുമായ പുതുകാല ജീവിതത്തിന്റെ കാഴ്ചകള്‍ രാമായണത്തിന്റെ വരികള്‍ക്കിടയില്‍ നമുക്ക് വായിക്കാനാവും. മനുഷ്യാവസ്ഥയെ സൂക്ഷ്മ വിശകലനങ്ങള്‍ക്ക് വിധേയമാക്കുന്ന രാമായണകാവ്യം പല കോണുകളില്‍ നിന്ന് സ്വതന്ത്രമായി വായിക്കാനുള്ള സര്‍ഗപരിശ്രമങ്ങള്‍ എല്ലാവരില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്.
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..