home
Total Visiters: 
''ഇങ്ങേത്തലയ്ക്കലെ ഓണം ''-കാസര്‍ഗോഡന്‍ ഓണവിശേഷങ്ങള്‍
6 years ago ..
''ഓണത്തെ കുറിച്ചുള്ള എന്‍റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് തുമ്പപ്പൂവുകളില്‍ നിന്നാണ്.തീവണ്ടിയാപ്പീസിലേക്ക് ഒലിച്ചുപോകുന്ന മൂരിവണ്ടി ചക്രങ്ങളുടെ പാടുകള്‍ വീണ നിരത്തിനിരുവശവും നെല്‍വയലുകളായിരുന്നു.ചിങ്ങം പിറക്കുന്നതോടെ നിരത്തിന്‍റെ അരികുകളില്‍ തുമ്പ കണ്ണ് തുറക്കുന്നു. അന്ന് ഞാന്‍ ചെറിയ കുട്ടിയായിരുന്നു.തുമ്പപ്പൂക്കളേയും , പൂക്കള്‍ക്ക് മുകളില്‍ തത്തിക്കളിക്കുന്ന കണ്ണാടിച്ചിറകുകളുള്ള തുമ്പികളെയും അത്ഭുതത്തോടെ നോക്കി നിന്നകാലം'........-'ഓര്‍മ്മയിലെ ഓണം'-എം. മുകുന്ദന്‍)) ))
   
    സ്മൃതിപഥങ്ങളിലേക്ക് ഓര്‍മ്മകളുടെ പൂക്കൂടകളുമേന്തി വീണ്ടും ഓണം വിരുന്നെത്തുകയായി. കള്ളവും ചതിവുമില്ലാതിരുന്ന നല്ല കാലത്തിന്‍റെ ഓര്‍മ്മകള്‍ക്കൊപ്പം മലയാളികള്‍ ഒരുങ്ങുകയായി ഐശ്വര്യത്തിന്‍റെ പൊന്നോണത്തെ വരവേല്‍ക്കാന്‍., ചിങ്ങം പിറന്നപ്പോള്‍ തന്നെ ഓണത്തെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.എന്നാല്‍ യഥാര്‍ത്ഥ ആഘോഷം തുടങ്ങുന്നത് അത്തം നാള്‍ തൊട്ടാണ്. അത്തം പിറന്ന് പത്താംനാള്‍ തിരുവോണം.അന്ന് വന്നെത്തുന്ന വലിയൊരു സങ്കലപ്പത്തിന്‍റെ പ്രതീകമായ,പ്രജാക്ഷേമ തത്പരനായിരുന്ന മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ഓരോ മലയാളിയും. ഓണം ഓരോ മലയാളിക്കും ഗൃഹാതുരതയുണര്‍ത്തുന്ന നന്മയുടെ ഉത്സവം തന്നെയാണ്.
    ചിങ്ങമാസം പിറന്നാല്‍ സവിശേഷമായ ചില ചടങ്ങുകള്‍ വടക്കന്‍ കേരളത്തില്‍ കാണാം.അതിലൊന്നാണ് ചിങ്ങവെള്ളം വയ്ക്കല്‍ .
   
    ചിങ്ങ വെള്ളം-
    ...............................
   
    ചിങ്ങമാസത്തിലെ ദിനചര്യയാണ്‌ ചിങ്ങവെള്ളം വയ്ക്കുകയെന്നത് .മറ്റ് പല ചടങ്ങുകളും പോയ്‌ മറഞ്ഞുവെങ്കിലും പലവീടുകളിലും ഇന്നും ഈ പതിവുണ്ട്. എല്ലാ ദിവസവും കിണറില്‍ നിന്നും ആദ്യം എടുക്കുന്ന വെള്ളം കിണ്ടിയിലോ,മുരുടയിലോ എടുത്ത് പടിഞ്ഞാറ്റയില്‍ വയ്ക്കുന്നു. ഇതിന് മുകളില്‍ വാഴയില കീറിവച്ചോ,താളില വച്ചോ അതില്‍ തുമ്പപ്പൂവിടുകയും ചെയ്യുന്നു. ചിങ്ങ വിശുദ്ധിയുടെ പ്രതീകമായിട്ടാണ്‌ ചിങ്ങവെള്ളത്തെ കാണുന്നത്. ചിങ്ങവെള്ളം എടുത്ത് വച്ചശേഷം മാത്രമേ കിണറിലെ വെള്ളം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കൂ...
   
    ''കോട്ടാള'' ഓര്‍മ്മപ്പൂക്കള്‍ നിറയുന്ന ഇലക്കൊട്ട-
    ............................................................................................... ഗ്രാമീണ ജീവിതത്തിലൂടെ കടന്നുവന്ന ഏതൊരാളുടെയും ഓണത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ തുടങ്ങുക 'തുമ്പപ്പൂവില്‍ നിന്നും 'അതിറുത്തുനിറച്ച കൊട്ടാളകളില്‍ നിന്നുമാണ്. പ്ലാവില ,താളില ,ആലില എന്നിവ ഉപയോഗിച്ചാണ് കൊട്ടാള 'ഉണ്ടാക്കുക . ഇലകള്‍ ചേര്‍ത്തു വെച്ച് ഈര്‍ക്കില്‍ കൊണ്ട് തുന്നിചെര്‍ത്തുണ്ടാക്കുന്ന ഈ പൂക്കൂടകളിലും വൈവിധ്യമുണ്ട്. പ്ലാവില കൊട്ടാളകളാണ് രൂപഭംഗിയില്‍ മുന്‍പില്‍. ചെടികളില്‍ നിന്നും ചെടികളിലേക്ക് പൂക്കള്‍ തേടി പറന്നു നടക്കുന്ന പൂമ്പാറ്റകളെപ്പോലെ പൂക്കളിറുക്കാന്‍ ഓടിനടക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ അപൂര്‍വമായതോടെ കൊട്ടാളയും ഓര്‍മ്മക്കൂട മാത്രമാവുകയാണ്.
    ഐശ്വര്യത്തിന്റെ കൃഷ്ണപ്പാട്ട്-
    ....................................................................
   
    ചിങ്ങമാസം വന്നാല്‍ ആലാപന ഭംഗിയോടെ ഹൈന്ദവ ഭവനങ്ങളിലും,ക്ഷേത്രങ്ങളിലും കൃഷ്ണപ്പാട്ടിന്‍റെ ഈണമുയരും. കൃഷ്ണ ഭഗവാന്‍റെ അവതാര ലീലകള്‍ പാടിപ്പുകഴ്ത്തുകയാണ് കൃഷ്ണപ്പാട്ടിലൂടെ. കര്‍ക്കടകത്തിലെ രാമായണം സന്ധ്യാസമയങ്ങളില്‍ ആണെങ്കില്‍ പ്രഭാതങ്ങളിലാണ് കൃഷ്ണപ്പാട്ട് പാരായണം.മലയാളത്തിലെ ഉത്തമകാവ്യങ്ങളില്‍ വച്ച് എല്ലാം കൊണ്ടും അദ്വിതീയ സ്ഥാനമാണ് ചെറുശ്ശേരി നമ്പൂതിരിയാല്‍ രചിക്കപ്പെട്ടു എന്ന് കരുതുന്ന കൃഷ്ണപ്പാട്ടിനുള്ളത്. ഭാഷയിലെ ഭക്തി കാവ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൃഷ്ണപ്പാട്ട് ഒരു കാലത്ത് ഒട്ടുമിക്ക പാരായണം ചെയ്തിരുന്നു.പിലിക്കോട് ഗ്രാമത്തില്‍ പലവീടുകളിലും,ചില ക്ഷേത്രങ്ങളിലും ഇപ്പോഴും പതിവ് തെറ്റിക്കാതെ കൃഷ്ണലീലകള്‍ പാടിപ്പുകഴ്ത്തുന്നു. ചിങ്ങമാസം മുഴുവനും ഈ പാരായണം തുടരുന്നു
    വടക്കന്‍ കേരളം സ്പെഷല്‍ നോണ്‍ വെജ് ഓണസദ്യ-
    ......................................................................................... വടക്കായാലും ,തെക്കായാലും ഓണസദ്യ കെങ്കേമമായിരിക്കും . കാര്‍ഷികോത്സവമായ ഓണത്തിന്‌ തെക്കുള്ളവര്‍ക്കു വെജിറ്റബിള്‍ സദ്യയാണെങ്കില്‍,വടക്കുള്ളവര്‍ക്ക് സദ്യ നോണ്‍വെജ് ആണ് .അതുകൊണ്ട് തന്നെ മറുനാടന്‍ കോഴിക്കച്ചവടക്കാര്‍ക്ക് നമ്മുടെ ഓണക്കാലം അത്യുഗ്രന്‍ സീസണാണ്.ലോഡുകണക്കിന് കോഴികളാണ് തമിഴ്നാട്,കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും കണ്ണൂര്‍,കാസര്‍ഗോഡ്‌ ജില്ലകളില്‍ എത്തുക .ഉത്രാട ദിനത്തില്‍ തന്നെ കോഴിക്കച്ചവടം പൊടിപൊടിക്കും .സ്ഥിരം കോഴിക്കടകള്‍ക്ക് പുറമേ നിരവധി താല്‍ക്കാലിക കോഴിക്കടകളും ഇവിടങ്ങളില്‍ തുറക്കും .കോഴിക്ക് പുറമേ മത്സ്യക്കച്ചവടവും സജീവമാകും ചുരുക്കിപറഞ്ഞാല്‍ ഓണസദ്യയെ കുറിച്ച് കേട്ടാല്‍ തെക്കുള്ളവരും വടക്കുള്ളവരും പരസ്പരം അദ്ഭുതം കൂറും.എന്നാല്‍ മത്സ്യ -മാംസാദികള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഓണസദ്യ ഒരുക്കുന്നരും വടക്കന്‍ കേരളത്തില്‍ ഉണ്ട്
    ഓണപ്പൂക്കളം ചിങ്ങം മുഴുവന്‍ -
    ..........................................................
    തെക്കന്‍ കേരളത്തില്‍ അത്തം മുതലാണ്‌ പൂക്കളമെങ്കില്‍ വടക്കന്‍ കേരളത്തില്‍ ചിങ്ങം ഒന്ന് മുതല്‍ തന്നെ പൂവിട്ടു തുടങ്ങി.ചിങ്ങം ഒന്ന് മുതല്‍ അത്തം നാള്‍ വരെ തുമ്പപ്പൂവും,വീട്ടുതൊടികളിലെ പൂക്കളും മാത്രമാകും പൂക്കളത്തിലുണ്ടാവുക.അത്തംനാള്‍ മുതല്‍ പൂക്കളത്തിന്‍റെ വലുപ്പവും,പൂക്കളുടെ എണ്ണവും കൂടും.ഉത്രാടം,ഓണം ദിവസങ്ങളില്‍ തീര്‍ക്കുന്നതായിരിക്കും ഏറ്റവും മനോഹരമായ പൂക്കളം.ഒരു കാലത്ത് നാട്ടുപൂക്കള്‍ മാത്രമായിരുന്നു പൂക്കളങ്ങള്‍ക്ക് ചന്തമേകിയിരുന്നത് എങ്കില്‍ ഇന്നാസ്ഥാനം മറുനാടന്‍ പൂക്കള്‍ കൈയടക്കി
    ആഘോഷരീതികള്‍ വൈവിധ്യമെങ്കിലും ഓണം നന്മയുടെ നിറവ് പകരുന്ന ആഘോഷം തന്നെ .................
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..